ഖാണ്ഡഹാറിലെ കിര്‍ക ഷരീഫിലാണ് പരിശുദ്ധ മുഹമ്മദിന്റെ മേലങ്കി സൂക്ഷിച്ചിരിക്കുന്നത്. പ്രവാചകന്‍ അണിഞ്ഞിരുന്നത് എന്നു വിശ്വസിക്കപ്പെടുന്ന ഈ മേലങ്കി അഫ്ഗാനിസ്ഥാനില്‍ എത്തിച്ചത് 1747ല്‍ ഈ രാജ്യം സ്ഥാപിച്ച അഹ്മദ് ഷാ ദുറാനി തന്നെയാണ്. അഫ്ഗാനിസ്ഥാനിലെ പഴയ രാജാവ് സഹീര്‍ ഷാ മുതല്‍ അടുത്ത കാലം വരെ അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റായിരുന്ന അഷ്റഫ് ഗനി വരെ പ്രധാനപ്പെട്ട നേതാക്കളെല്ലാം മേലങ്കിയെ വണങ്ങി അനുഗ്രഹവും മാര്‍ഗ്ഗദര്‍ശനവും തേടിയിട്ടുണ്ട്. പക്ഷേ, ഒരാള്‍ മാത്രമേ ആ മേലങ്കി എടുത്തണിയാന്‍ ധൈര്യം കാട്ടിയിട്ടുള്ളൂ!! അത് മുല്ല മുഹമ്മദ് ഒമറാണ്!! താലിബാന്റെ സ്ഥാപകനായ ഒമര്‍!!
1996ലാണ് പ്രവാചകന്റെ മേലങ്കി ദേവാലയത്തില്‍ നിന്നു പുറത്തെടുത്ത് വലിയൊരു ആള്‍ക്കൂട്ടത്തിനു മുന്നില്‍ വെച്ച് ഒമര്‍ അണിഞ്ഞത്. അതു കണ്ട കുറെപേര്‍ ബോധരഹിതരായി. മറ്റുള്ളവര്‍ ആവേശത്തോടെ വിളിച്ചു -അമീര്‍ അല്‍-മു ‘മിനിന്‍. വിശ്വാസികളുടെ പടത്തലവന്‍ അല്ലെങ്കില്‍ വിശ്വാസികളുടെ രാജകുമാരന്‍ എന്നൊക്കെയാണ് ഇതിനര്‍ത്ഥം. അവിടെ അരങ്ങേറുന്ന ‘വിശുദ്ധ’ യുദ്ധത്തിന്റെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി ഒമര്‍ ആ നിമിഷത്തില്‍ മാറി. അങ്ങനെ ആര്‍ജ്ജിച്ച ജനപിന്തുണയുടെ ബലത്തില്‍ രാജ്യം ഏതാണ്ട് പൂര്‍ണ്ണമായി കൈപ്പിടിയിലൊതുക്കുകയും തീവ്രനിലപാടുള്ള താലിബാന്‍ എന്ന പ്രസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും സര്‍വ്വാധികാരിയായ അമീറായി മാറുകയും ചെയ്തു.
* * *
താലിബാന്‍ കാബൂള്‍ കീഴടക്കി. അമേരിക്കയുടേത് അടക്കമുള്ള വിദേശസൈന്യങ്ങള്‍ പൂര്‍ണ്ണമായി പിന്മാറി. 20 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അഫ്ഗാനിസ്ഥാന്‍ വീണ്ടും താലിബാന്‍ ഭരണത്തിനു കീഴിലാവുകയാണ്. മതാന്ധത ബാധിച്ച കൊടുംഭീകരന്മാരാണ് അവര്‍. മനുഷ്യത്വം എന്നത് അവര്‍ക്ക് തൊട്ടുതീണ്ടിയിട്ടില്ല. പുതിയതായി രൂപം കൊണ്ട സര്‍ക്കാരിന്റെ ഘടന നോക്കിയാല്‍ തന്നെ അതു ബോദ്ധ്യപ്പെടും. സര്‍ക്കാരിലെ 14 അംഗങ്ങള്‍ ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ ഭീകര കരിമ്പട്ടികയിലുള്ളവരാണ്. പ്രധാനമന്ത്രി മുല്ല മുഹമ്മദ് ഹസ്സന്‍ അഖുന്ദ് മുതല്‍ തുടങ്ങുന്നു ഭീകരരുടെ നിര. ഉപപ്രധാനമന്ത്രിമാരായ മുല്ല അബ്ദുള്‍ ഗനി ബറാദര്‍, മൗലവി അബ്ദുള്‍ സലാം ഹനാഫി, ആഭ്യന്തരമന്ത്രി സിറാജ്ജുദ്ദീന്‍ ഹഖാനി എന്നിവരും കരിമ്പട്ടികയിലെ പ്രധാനികള്‍ തന്നെ.
അഭയാര്‍ത്ഥി മന്ത്രി ഖലീല്‍ ഹഖാനി, പ്രതിരോധ മന്ത്രി മുല്ല യാക്കൂബ്, വിദേശ മന്ത്രി മുല്ല അമീര്‍ ഖാന്‍ മുതാഖി, വിദേശ സഹമന്ത്രി ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്സായി എന്നിരും കരിമ്പട്ടകയില്‍പ്പെട്ടവര്‍. അമേരിക്ക ഗ്വാണ്ടനാമോ തടവറയിലാക്കിയിരുന്ന ഭീകരരായ ‘താലിബാന്‍ ഫൈവ്’ എന്ന സംഘത്തിലെ നാലു പേരും മന്ത്രിമാരായി. വിവര സാംസ്കാരിക മന്ത്രി ഖൈറുള്ള ഖൈറുള്ള ഖൈറാഖ്വ, അതിര്‍ത്തി ഗോത്രവിഷയ മന്ത്രി മുല്ല നൂറുള്ള നൂറി, പ്രതിരോധ സഹമന്ത്രി മുല്ല മുഹമ്മദ് ഫസീല്‍, രഹസ്യാന്വേഷണ ഡയറക്ടര്‍ മുല്ല അബ്ദുള്‍ ഹഖ് വസിഖ് എന്നിവര്‍ സര്‍ക്കാരിലുണ്ട്. സംഘത്തിലെ അഞ്ചാമന്‍ മുഹമ്മദ് നബി ഒമറി അടുത്തിടെ ഖോസ്ത് പ്രവിശ്യാ ഗവര്‍ണ്ണറായി സ്ഥാനമേറ്റിരുന്നു. 1998ല്‍ മസാര്‍-ഇ-ഷെരീഫില്‍ ഉസ്ബെക്, താജിക്, ഷിയ, ഹസാരെ വംശജരെ കൂട്ടക്കൊല ചെയ്യുന്നതിനു നേതൃത്വം നല്കിയവരാണ് നൂറിയും ഫസീലും. ഈ സംഘം സമാധാനകാംക്ഷികളായ അഫ്ഗാനികള്‍ക്കു മാത്രമല്ല, മാനവരാശിക്കു തന്നെ ഭീഷണിയാണ്. ഇന്ത്യക്കെതിരായ ഭീകരരുടെ പോരാട്ടത്തിന് ശക്തമായ ഒരു കേന്ദ്രം കൂടി ഉയര്‍ന്നുവരുന്നു എന്നതിനാല്‍ തന്നെ താലിബാന്റെ തിരിച്ചുവരവ് നമുക്ക് ഒട്ടും ആശാസ്യമല്ല. താലിബാന്റെ ചരിത്രം അതാണു പറയുന്നത്.
പഷ്തോ ഭാഷയില്‍ താലിബാന്‍ എന്ന വാക്കിന് വിദ്യാര്‍ത്ഥി അഥവാ തേടുന്നവന്‍ എന്നാണ് അര്‍ത്ഥം. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള സോവിയറ്റ് പിന്മാറ്റത്തിന്റെ തുടര്‍ച്ചയായി 1990കളുടെ തുടക്കത്തില്‍ വടക്കന്‍ പാകിസ്താനിലാണ് താലിബാന്‍ രൂപമെടുത്തത്. സൗദി അറേബ്യയുടെ സാമ്പത്തിക സഹായത്തോടെ അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ക്കായി അവിടെ പ്രവര്‍ത്തിച്ചിരുന്ന മദ്രസ്സകളിലായിരുന്നു പഷ്തൂണ്‍ വംശജര്‍ക്ക് മേല്‍ക്കൈയുള്ള ഈ പ്രസ്ഥാനത്തിന്റെ ആവിര്‍ഭാവം. സുന്നി ഇസ്ലാമിന്റെ തീവ്രനിലപാടുകള്‍ പിന്തുടര്‍ന്ന സംഘടന അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം കൈവശപ്പെടുത്താന്‍ പോരാട്ടം തുടങ്ങി. ഇസ്ലാമിക നിയമം നടപ്പാക്കുക വഴി രാജ്യത്ത് സ്ഥിരത കൈവരുത്തും എന്നായിരുന്നു അവരുടെ വാഗ്ദാനം. സോവിയറ്റ് പിന്മാറ്റത്തിന്റെ തുടര്‍ച്ചയായി മുജാഹിദ്ദീനുകള്‍ തമ്മിലുള്ള ചേരിപ്പോര് രൂക്ഷമായതില്‍ സഹികെട്ടിരിക്കുകയായിരുന്ന അഫ്ഗാനികള്‍ക്ക് അഴിമതിക്കും നിയമവാഴ്ചയില്ലായ്മയ്ക്കുമെതിരെ സംസാരിച്ച പുതിയ കൂട്ടര്‍ സ്വീകാര്യരായി തോന്നി. എന്നാല്‍, താലിബാന്റെ ചെമ്പു തെളിയാന്‍ അധികം പോകേണ്ടി വന്നില്ല.
ഇന്ന് ലോകം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന പേരുകളില്‍ ഒന്നാണ് താലിബാന്‍. ഭീകരതയുടെ പര്യായമാണത്. മനുഷ്യര്‍ക്കും മനുഷ്യത്വത്തിനും ഭീഷണിയായ അല്‍ ഖ്വെയ്ദ എപ്പോഴൊക്കെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടോ അപ്പോഴെല്ലാം താലിബാന്റെ പേരും ഒപ്പമുണ്ടായിരുന്നു. ഇപ്പോള്‍ ഒരു രാജ്യം തന്നെ അവര്‍ പിടിച്ചടക്കിയിരിക്കുന്നു. തങ്ങളുടേതായ നിയമങ്ങള്‍ ഇനി ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കും. വെറും നിയമങ്ങളല്ല, കിരാത നിയമങ്ങള്‍. ഭരണഘടന -അങ്ങനെ ഒന്നുണ്ടെങ്കില്‍ -അവര്‍ തിരുത്തിയെഴുതും. ആയിരക്കണക്കിനടി മുകളില്‍ നിന്നു താഴെ വീണു മരിക്കുമെന്ന് അറിയാമായിരുന്നിട്ടും രക്ഷപ്പെടുന്നെങ്കില്‍ രക്ഷപ്പെടട്ടെ എന്നു കരുതി വിമാനത്തില്‍ പറ്റിപ്പിടിച്ചുകയറിയിരിക്കാന്‍ മനുഷ്യര്‍ തയ്യാറാവുന്നുവെങ്കില്‍ അതിനു കാരണം അങ്ങനെ മരിക്കുന്നതിനെക്കാള്‍ ഭീകരമാണ് താലിബാന്റെ ഇരയാവുന്ന അവസ്ഥ എന്നതിനാല്‍ തന്നെയാണ്.
1994ല്‍ മുല്ല ഒമറിന്റെ നേതൃത്വത്തില്‍ ഖാണ്ഡഹാര്‍ പിടിച്ചെടുത്തുകൊണ്ടാണ് താലിബാന്റെ രംഗപ്രവേശം. 1995 ആയപ്പോഴേക്കും അഫ്ഗാനിസ്ഥാനിലെ 15 പ്രവിശ്യകള്‍ അവരുടെ നിയന്ത്രണത്തിലായി. ഹെറാത്ത് നഗരവും പിടിച്ചെടുത്തു. എന്നാല്‍, കാബൂള്‍ കീഴടക്കാനുള്ള അവരുടെ ശ്രമം വിജയിച്ചില്ല. എങ്കിലും അവര്‍ പിന്മാറിയില്ല. തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവില്‍ 1996 സെപ്റ്റംബര്‍ 26ന് മുല്ല ഒമറിന്റെ നേതൃത്വത്തില്‍ താലിബാന്‍ സര്‍ക്കാര്‍ അഫ്ഗാനിസ്ഥാനില്‍ അധികാരത്തിലേറി. ഇസ്ലാമിക നിയമത്തിന്റെ കടുത്ത വ്യാഖ്യാനങ്ങൾ അധിഷ്ഠിതമാക്കി അവർ ഒരു ഇസ്ലാമിക് എമിറേറ്റ് പ്രഖ്യാപിച്ചു. താലിബാന്‍ സ്ഥാപകനായ മുല്ല ഒമർ തന്നെ രാജ്യത്തിന്റെ ഭരണത്തലവനായി എന്നു പറയേണ്ടതില്ലല്ലോ. മറ്റ് മുജാഹിദ്ദീൻ ഗ്രൂപ്പുകൾ രാജ്യത്തിന്റെ വടക്ക് ഭാഗത്തേക്ക് പിൻവാങ്ങി. മുന്‍ പ്രസിഡന്റ് മുഹമ്മദ് നജീബുള്ളയെ തെരുവില്‍ പരസ്യമായി തൂക്കിക്കൊന്നതോടെ താലിബാന്‍ എന്താണെന്ന് ലോകത്തിന് പതിയെ മനസ്സിലായി.
1980കളിൽ സോവിയറ്റ് സൈന്യത്തെ നേരിടാന്‍ അമേരിക്ക ആളും അര്‍ത്ഥവും നല്‍കി വളര്‍ത്തിയെടുത്ത മുജാഹിദ്ദീന്‍ സംഘത്തില്‍ നിന്നുള്ളവരാണ് ആദ്യകാലത്ത് താലിബാനിലെത്തിയത്. താലിബാന്‍ അംഗങ്ങളില്‍ ഭൂരിഭാഗവും പഷ്തൂണ്‍ ഗോത്രത്തില്‍പ്പെട്ടവരാണ്. ഇതിനു പുറമേ തൊട്ടടുത്ത ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുള്ള ഉസ്ബെക്കുകള്‍, താജിക്കുകള്‍, ചെച്ചെനുകള്‍, അറബികള്‍, പഞ്ചാബികള്‍ തുടങ്ങിയവരും താലിബാനിലുണ്ട്.
1996ല്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ച താലിബാന്‍ മതനിയമം എന്ന പേരില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. അതില്‍ ഭൂരിഭാഗവും സ്ത്രീകള്‍ക്കെതിരെയുള്ളവയായിരുന്നു. സ്ത്രീകള്‍ തല മുതല്‍ കാല്‍ വരെ മറയുന്ന വസ്ത്രം ധരിക്കണമെന്നതായിരുന്നു ഒന്നാമത്തെ വ്യവസ്ഥ. പഠിക്കുന്നതിനോ ജോലി ചെയ്യുന്നതിനോ അവര്‍ക്ക് അനുമതിയുണ്ടായിരുന്നില്ല. കുടുംബത്തിലെ പുരുഷന്‍ ഒപ്പമില്ലാതെ പുറത്തിറങ്ങി സഞ്ചരിക്കാനും സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. സ്ത്രീകൾ നടന്നുപോകുന്ന ശബ്ദം കേൾക്കരുത്, ഹൈ ഹീൽസ് ഷൂസ് ധരിക്കരുത്, സ്ത്രീകൾ സംസാരിക്കുമ്പോൾ ശബ്ദം അപരിചിതർ കേൾക്കരുത്, തെരുവുകളിൽ നിന്നു നോക്കിയാൽ കെട്ടിടത്തിലെ സ്ത്രീകളെ കാണരുത്, താഴെ നിലയിലെയും ഒന്നാം നിലയിലെയും ജനാലകൾ മറച്ചുവയ്ക്കണം,. സ്ത്രീകള്‍ ബാൽക്കണികളിൽ കയറി നിൽക്കരുത് എന്നിങ്ങനെ പലവിധം നിയന്ത്രണങ്ങള്‍. സ്ത്രീകൾക്ക് അവരുടെ ചിത്രങ്ങള്‍ എടുക്കുന്നതിനും, പത്രം, പുസ്തകം, കടകൾ, വീടുകൾ എന്നിവയില്‍ പ്രദർശിപ്പിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി. സ്ഥലനാമങ്ങളിൽനിന്ന് ‘വനിത’ എന്ന് അർത്ഥം വരുന്നവയെല്ലാം മാറ്റി.
സിനിമ, ടെലിവിഷന്‍, സംഗീതം, ഇസ്ലാമികം അല്ലാത്ത ആഘോഷങ്ങള്‍ എന്നിവയെല്ലാം തടയപ്പെട്ടു. റേഡിയോ, ടി.വി., പൊതുപരിപാടികൾ എന്നിവയിൽ സ്ത്രീകള്‍ പങ്കെടുക്കരുത് എന്നും വ്യവസ്ഥ വെച്ചു. ശരി അത്ത് നിയമത്തിന്റെ കര്‍ശനമായ പതിപ്പാണ് താലിബാന്‍ നടപ്പാക്കിയത്. പ്രാകൃതമായ ശിക്ഷാവിധികള്‍ താലിബാന്‍ പരസ്യമായി നടപ്പാക്കി. മോഷണക്കുറ്റം ആരോപിക്കപ്പെട്ടവരുടെ കൈ വെട്ടി. ചാട്ടവാറടികളും വധശിക്ഷയും ജനക്കൂട്ടത്തിനു മുന്നില്‍ നടപ്പാക്കപ്പെട്ടു. കാബൂളിലെ ഗാസി സ്റ്റേഡിയം ഇതിന്റെ കേന്ദ്രമായി മാറി.
തങ്ങള്‍ മുന്നോട്ടുവെച്ച വ്യവസ്ഥകള്‍ ‘ലംഘിച്ച’ സ്ത്രീകളെ അതിക്രൂരമായാണ് താലിബാന്‍ ശിക്ഷിച്ചിട്ടുള്ളത്. അവയിൽ പലതും രാജ്യാന്തര തലത്തിൽ വലിയ വാർത്തയായി. പൊതുസ്ഥലത്തു വെച്ചുള്ള ക്രൂരമായ മര്‍ദ്ദനമാണ് താലിബാന്റെ പതിവ് ശിക്ഷ. വ്യഭിചാരക്കുറ്റം ചുമത്തപ്പെട്ട സ്ത്രീക്ക് പൊതുസ്ഥലത്തു കല്ലേറാണു കിട്ടുക. നെയിൽ പോളിഷ് ഇട്ടുവെന്ന പേരില്‍ 1996 ഒക്ടോബറിൽ ഒരു സ്ത്രീയുടെ വിരൽ വെട്ടിക്കളഞ്ഞതു വലിയ വാർത്തയായിരുന്നു. മതനിയമങ്ങൾക്ക് അനുസൃതമായി വസ്ത്രം ധരിച്ചില്ലെന്നാരോപിച്ച് 1996 ഡിസംബറിൽ കാബുളിൽ 225 സ്ത്രീകളെ കൂട്ടത്തോടെ ചാട്ടയ്ക്കടിച്ചു. ഭർത്താവിനെ കൊലപ്പെടുത്തിയെന്ന കുറ്റത്തിന് ഏഴു മക്കളുടെ അമ്മയായ സര്‍മീനയെ കാബൂളിലെ ഗാസി സ്റ്റേഡിയത്തില്‍ 30,000 കാഴ്ചക്കാരുടെ മുന്നിൽവെച്ചാണ് 1999 നവംബര്‍ 16ന് കൊലപ്പെടുത്തിയത്. ശിക്ഷ നടപ്പാക്കുന്നതിനു മുമ്പ് മൂന്നു വർഷം ഇവരെ തടവിലിട്ടു പീഡിപ്പിച്ചു. പക്ഷേ, അവർ ഒരിക്കലും കുറ്റം സമ്മതിച്ചിരുന്നില്ല.
ഭര്‍തൃവീട്ടിലെ പീഡനങ്ങള്‍ സഹിക്കാനാവാതെ രക്ഷപ്പെട്ട ആയിഷ ബീബിയെന്ന പെണ്‍കുട്ടിയെ താലിബാന്‍കാര്‍ പിടികൂടി ചെവികളു മൂക്കും മുറിച്ചുമാറ്റിയ ശേഷം മലനിരകളില്‍ ഉപേക്ഷിച്ചത് ലോകത്തെ ഞെട്ടിച്ചു. ഭാഗ്യം കൊണ്ടു മാത്രമാണ് അവള്‍ ജീവനോടെ രക്ഷപ്പെട്ടത്. ജോലിക്കു പോയിരുന്ന സ്ത്രീകളെ അതുപേക്ഷിക്കാന്‍ താലിബാന്‍ നിര്‍ബന്ധിച്ചിരുന്നു. അതിനു വഴങ്ങാത്തവരെ നിഷ്കരുണം വെടിവെച്ചുകൊന്നു. 2010 ജൂലൈയില്‍ കൊല്ലപ്പെട്ട 22കാരിയായ ഹൊസൈയുടെ അനുഭവം ഉദാഹരണം. താലിബാന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ല എന്നതിന്റെ പേരില്‍ കൊല്ലപ്പെട്ടവരില്‍ ഇന്ത്യന്‍ എഴുത്തുകാരിയായ സുഷ്മിത ബാനര്‍ജിയും ഉള്‍പ്പെടുന്നു. അഫ്ഗാന്‍കാരനായ ഭര്‍ത്താവ് ജാന്‍ബാസ് ഖാനൊപ്പം അവര്‍ ഇന്ത്യയില്‍ നിന്ന് അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലെ ഖരാനയില്‍ തിരിച്ചെത്തയ ഉടനെ 2013 സെപ്റ്റംബര്‍ 4നായിരുന്നു ഇത്. 1989ല്‍ വിവാഹത്തിനു ശേഷം അഫ്ഗാനിസ്താനിലെത്തിയ അവര്‍ 1995ല്‍ രണ്ടു തവണ താലിബാന്റെ വധശ്രമത്തില്‍ നിന്നു രക്ഷപ്പെട്ടിരുന്നു. താലിബാനില്‍ നിന്നു രക്ഷപ്പെട്ടതിനെപ്പറ്റി 1997ല്‍ അവരെഴുതിയ കാബൂളിവാലാര്‍ ബംഗാളി ബൌ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് 2003ല്‍ മനീഷ കൊയ്രാള നായികയായി എസ്കേപ് ഫ്രം താലിബാന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രം പിറന്നത്. സുഷ്മിത രചിച്ച താലിബാനി അത്യാചാര്‍ –ദേശെ ഒ ബിദേശെ, മുല്ലാ ഒമര്‍ താലിബാന്‍ ഒ അമി, ഏക് ബോര്‍നൊ മിഥ്യ നോയ്, സഭ്യതര്‍ ശേഷ് പുണ്യബനി എന്നീ പുസ്തകങ്ങളില്‍ താലിബാന്റെ യഥാര്‍ത്ഥ മുഖം കോറിയിട്ടിട്ടുണ്ട്.
പൈതൃകമെന്ന നിലയില്‍ അമൂല്യമായ സംസ്കാരിക കലാരൂപങ്ങള്‍ ഒട്ടുമിക്കവും ഇസ്ലാമിനു കീഴില്‍ ദൈവനിന്ദയാണെന്ന പേരില്‍ താലിബാന്‍ തച്ചുതകര്‍ത്തു. ബാമിയനിലെ ബുദ്ധ പ്രതിമകള്‍ തന്നെയാണ് ഇതിന് ഏറ്റവും വലിയ ഉദാഹരണം. ആറാം നൂറ്റാണ്ടു മുതല്‍ തലയുയര്‍ത്തി നിന്നിരുന്ന ഈ പ്രതിമകള്‍ ആഴ്ചകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് താലിബാന്‍ തച്ചുതകര്‍ത്തത്. രണ്ടു പതിറ്റാണ്ടിന് ശേഷം താലിബാൻ ഭരണം വീണ്ടുമെത്തുമ്പോള്‍ പഴയതെല്ലാം ആവര്‍ത്തിക്കുക തന്നെ ചെയ്യും. അല്ലെങ്കില്‍ അവര്‍ താലിബാനാവില്ല. അഫ്ഗാനിലെ സ്ത്രീകളുടെ അവകാശങ്ങൾക്ക് ഒരു വിലയും ലഭിക്കില്ല എന്നു തന്നെയാണ് അവിടെ നിന്നുള്ള സൂചനകള്‍. സ്ത്രീകള്‍ നിലവില്‍ വഹിച്ചു വന്ന ഉദ്യോഗങ്ങള്‍ അവരുടെ ബന്ധുവായ പുരുഷന് ഉറപ്പാക്കുമെന്ന പ്രഖ്യാപനം മാത്രം മതി കാര്യങ്ങളുടെ പോക്ക് മനസ്സിലാവാന്‍. ഇക്കഴിഞ്ഞ ജൂലൈ 12ന് ഫര്യാബ് പ്രവിശ്യയില്‍ താലിബാന്‍കാര്‍ ഒരു യുവതിയെ തല്ലിക്കൊല്ലുകയും അവരുടെ വീടിന് തീയിടുകയും ചെയ്തു. അമേരിക്കന്‍ സേനാപിന്മാറ്റം പൂര്‍ത്തിയായ ശേഷം ഓഗസ്റ്റില്‍ ബാള്‍ക്ക് പ്രവിശ്യയിലും ഒരു യുവതിയെ താലിബാന്‍കാര്‍ വെടിവെച്ചു കൊന്നു. ശരീരത്തില്‍ ഇറുകിപ്പിടിച്ചു കിടക്കുന്ന വസ്ത്രം ധരിച്ചു, പുറത്തിറങ്ങിയപ്പോള്‍ ബന്ധുവായ പുരുഷന്‍ ഒപ്പമില്ലായിരുന്നു എന്നിവയായിരുന്നു അവരുടെ കുറ്റങ്ങള്‍. അഫ്ഗാനിസ്ഥാനില്‍ ജീവിക്കണമെങ്കില്‍ താലിബാനെ അനുസരിച്ചേ മതിയാകൂ. ചട്ടങ്ങൾ ലംഘിച്ചാൽ ക്രൂരമായ ശിക്ഷാനടപടികളാണ് സ്ത്രീകളെ കാത്തിരിക്കുന്നത്.
നേരത്തേ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്നപ്പോള്‍ പാകിസ്താന്‍ ഉള്‍പ്പെടെ നാലു രാജ്യങ്ങള്‍ മാത്രമാണ് അവരെ അംഗീകരിച്ചിരുന്നത്. ഐക്യരാഷ്ട്ര സഭയും മറ്റു രാജ്യങ്ങളും കാബൂളിന്റെ വടക്കുഭാഗത്തുള്ള പ്രവിശ്യകള്‍ കൈവശമുണ്ടായിരുന്ന താലിബാന്‍ വിരുദ്ധ ഗ്രൂപ്പുകളുടെ സര്‍ക്കാരിനെയാണ് അംഗീകരിച്ചിരുന്നത്. അമേരിക്കയും ഐക്യരാഷ്ട്രസഭയും താലിബാനെതിരെ ഉപരോധവും ഏർപ്പെടുത്തിയിരുന്നു. എങ്കിലും തങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ അവര്‍ തോന്നിയപോലെ ഭരിച്ചു, അമേരിക്കയില്‍ ഭീകരാക്രമണം ഉണ്ടാവുന്നതു വരെ.
2001 സെപ്റ്റംബര്‍ 11ന് അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ഗോപുരങ്ങള്‍ ഭീകരാക്രമണത്തില്‍ തകര്‍ക്കപ്പെട്ടു. അമേരിക്കന്‍ പ്രതിരോധ ആസ്ഥാനമായ പെന്റഗണിനു നേരെയും ആക്രമണമുണ്ടായി. നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടു. ഈ ആക്രമണം ആസൂത്രണം ചെയ്തു നടപ്പാക്കിയ കൊടും ഭീകരന്‍ ഉസാമ ബിന്‍ ലാദന് ഒളിവില്‍ കഴിയാന്‍ താലിബാന്‍ ഇടം നല്‍കിയത് അമേരിക്കയെ ചൊടിപ്പിച്ചു. ജോര്‍ജ്ജ് ബുഷിന്റെ നിര്‍ദ്ദേശപ്രകാരം ലാദനെ വകവരുത്താന്‍ യു.എസ്. പ്രത്യേകസേന അഫ്ഗാനിസ്ഥാനിലെത്തി. അധികം വൈകാതെ താലിബാന്‍, അല്‍ ഖ്വെയ്ദ ഒളിത്താവളങ്ങളില്‍ അമേരിക്ക വ്യോമാക്രമണം തുടങ്ങി. 2001 ഡിസംബറോടെ മിക്കവാറുമെല്ലാ താലിബാന്‍ നേതാക്കളും അഫ്ഗാനിസ്ഥാന്‍ വിട്ട് പാകിസ്താനിലേക്ക് ഓടിപ്പോകാന്‍ നിര്‍ബന്ധിതരായി. അമേരിക്കയുടെ മേല്‍നോട്ടത്തില്‍ ഡിസംബര്‍ 22ന് ഹമീദ് കര്‍സായി അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റായി സ്ഥാനമേറ്റതോടെ അവിടെയുള്ള താലിബാന്‍ ബാധ അക്ഷരാര്‍ത്ഥത്തില്‍ ഒഴിവായി, താല്‍ക്കാലികമായിട്ടാണെങ്കിലും. ജനങ്ങള്‍ക്ക് സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാന്‍ ഒരിക്കല്‍ക്കൂടി അവസരമൊരുങ്ങി.
വിദേശ സൈനിക സാന്നിദ്ധ്യം ബലപ്രയോഗത്തിലൂടെ കൈവരുത്തിയ സമാധാനകാലം അഫ്ഗാനിസ്ഥാനില്‍ അധികകാലം നീണ്ടുനിന്നില്ല. 2003 ആയപ്പോഴേക്കും ബുഷിന്റെ സൈനികതാല്പര്യം ഇറാഖിലേക്കു മാറി. അമേരിക്കയുടെ ശ്രദ്ധ ഇറാഖില്‍ കേന്ദ്രീകരിച്ചപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ വീണ്ടും തലപൊക്കി. ആഭ്യന്തര യുദ്ധം രൂക്ഷമായി. 2006ല്‍ സദ്ദാം ഹുസൈനെ തൂക്കിലേറ്റിയതോടെ അമേരിക്കയുടെ ഇറാഖ് താല്പര്യം കുറഞ്ഞുവെങ്കിലും അഫ്ഗാനിസ്ഥാനിലെ സ്ഥിതി മാറ്റമില്ലാതെ തുടര്‍ന്നു. ബുഷിനെത്തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റായ ബരാക് ഒബാമ 2009ല്‍ 17,000 സൈനികരെക്കൂടി അഫ്ഗാനിസ്ഥാനിലേക്കു നിയോഗിച്ചതോടെ താലിബാന്‍ കുറച്ചൊക്കെ പിന്മാറാന്‍ നിര്‍ബന്ധിതരായി. അപ്പോഴേക്കും അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സൈനികരുടെ സാന്നിദ്ധ്യം 38,000 ആയി വര്‍ദ്ധിച്ചിരുന്നു.
അഫ്ഗാനിസ്ഥാനില്‍ അനന്തമായി തുടരുന്നത് അഭികാമ്യമാവില്ലെന്ന് യു.എസ്. ബുദ്ധികേന്ദ്രങ്ങള്‍ ക്രമേണ വിലയിരുത്തിത്തുടങ്ങി. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായതോടെ ഈ ചിന്ത ശക്തിപ്രാപിച്ചു. താലിബാനുമായി യു.എസ്. ഭരണകൂടം ചര്‍ച്ച തുടങ്ങി. 2020 ഫെബ്രുവരി 29ന് ദോഹയില്‍ നടന്ന ചര്‍ച്ചയില്‍ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള യു.എസ്. സേനാ പിന്മാറ്റത്തിനു കരാര്‍ ഒപ്പിട്ടു. പാശ്ചാത്യസൈനികരെ ആക്രമിക്കരുത്, അൽ ഖ്വെയ്ദ അടക്കമുള്ള ഭീകരസംഘടനകൾക്ക് അഭയം കൊടുക്കരുത് എന്നീ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണു സേനാപിന്മാറ്റ കരാർ ട്രംപ് ഭരണകൂടം താലിബാനുമായി ഉണ്ടാക്കിയത്. ഡിസംബര്‍ 2ന് അഫ്ഗാന്‍ -താലിബാന്‍ സമാധാന കരാര്‍ ഒപ്പിട്ടു. അതോടെ അഫ്ഗാനികളുടെ ജീവിതത്തിന്റെ കാര്യത്തില്‍ തീരുമാനമായി.
ഈ സമയം അമേരിക്കയില്‍ ഭരണമാറ്റമുണ്ടായി. ട്രംപിനെ പിന്തള്ളി ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായി. പക്ഷേ, അഫ്ഗാന്‍ നിലപാടില്‍ പ്രകടമായ മാറ്റമുണ്ടായില്ല. സെപ്റ്റംബര്‍ 11നകം യു.എസ്. സൈന്യം അഫ്ഗാനിസ്ഥാന്‍ വിടുമെന്ന് ജോ ബൈഡന്‍ ഏപ്രില്‍ 14ന് പ്രഖ്യാപിച്ചു. പിന്മാറ്റം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടതോടെ അഫ്ഗാന്‍ സുരക്ഷാകാര്യങ്ങളില്‍ യു.എസ്. ചെലുത്തിയിരുന്ന ജാഗ്രതയില്‍ കുറവുവന്നു. ഇത് അവസരമാക്കി മാറ്റിയ താലിബാന്‍ പോരാട്ടം ശക്തമാക്കി മുന്നേറി. എല്ലാം അടിച്ചമര്‍ത്തി.
താലിബാന്റെ ശേഷി എന്താണെന്നു തിരിച്ചറിഞ്ഞു തന്ത്രങ്ങൾ ആവിഷ്കരിക്കാൻ കഴിയാതെപോയി എന്നതാണ് അഫ്ഗാന്‍ സേനയ്ക്കു പറ്റിയ വലിയ പിശക്. 85,000 യുദ്ധസജ്ജരായ ഭടന്മാർ താലിബാനുണ്ടെന്നാണു നാറ്റോയുടെ കണക്ക്. ഗറില്ല യുദ്ധമുറയാണ് അവർ പ്രയോഗിക്കുന്നത്. അഫ്ഗാൻ സൈന്യത്തിൽ 3 ലക്ഷം പേരുണ്ടായിരുന്നു. വ്യോമസേനയും അത്യാധുനിക ആയുധങ്ങളുമുണ്ടായിരുന്നു. പക്ഷേ, അഴിമതി നിറഞ്ഞ നേതൃത്വവും കുറഞ്ഞ ശമ്പളത്തില്‍ അതൃപ്തരായ പടയുമായിരുന്നു ആ സൈന്യത്തിന്റെ കാതല്‍. യുദ്ധമുഖത്തു താലിബാനുമായി പൊരുതാനുള്ള ഇച്ഛാശക്തി അവർ ഒരിക്കലും ആർജ്ജിച്ചില്ല. മാത്രവുമല്ല സേനയിലെ പലരും താലിബാൻ അനുഭാവികളുമായിരുന്നു. യു.എസ്. സേനാപിന്മാറ്റം ആരംഭിച്ചതിനു പിന്നാലെ തന്നെ താലിബാന്‍ പടയ്ക്കിറങ്ങി. വീരസ്വര്‍ഗ്ഗത്തിലെ ഹൂറികളെ ലക്ഷ്യമിട്ടു പൊരുതുന്ന താലിബാനികള്‍ക്കു മുന്നില്‍ പട്ടിണി കൈമുതലാക്കിയ കൂലിപ്പട്ടാളക്കാരന്‍ എങ്ങനെ പിടിച്ചുനില്‍ക്കാനാണ്! രാജ്യത്തിന്റെ മിക്കവാറും മേഖലകളില്‍ അഫ്ഗാന്‍ സൈനികര്‍ ഒരു ചെറുത്തുനില്പുമില്ലാതെ താലിബാനു കീഴടങ്ങി. പലയിടത്തും അവര്‍ ആയുധമുപേക്ഷിച്ചു പിന്തിരിഞ്ഞോടി.
2014 മുതല്‍ അഫ്ഗാന്‍ സേനയെ പരിശീലിപ്പിക്കുന്ന ജോലിയിലായിരുന്നു യു.എസ്. സൈന്യം. തങ്ങള്‍ പരിശീലിപ്പിക്കുന്നവരെ കുറിച്ച് നല്ല ധാരണ പരിശീലിപ്പിക്കുന്നവര്‍ക്കുണ്ടാവുമല്ലോ. ആത്മവിശ്വാസമോ പോരാട്ടവീര്യമോ ഇല്ലാത്ത ഒരു സൈന്യത്തെയാണ് തങ്ങള്‍ പരിശീലിപ്പിക്കുന്നതെന്ന് അവര്‍ക്ക് അറിയാമായിരുന്നു. താലിബാനുമായി പോരാട്ടമുണ്ടായാല്‍ അഫ്ഗാന്‍ സേന യുദ്ധം ജയിക്കുമെന്ന വിശ്വാസം യഥാര്‍ത്ഥത്തില്‍ അമേരിക്കയ്ക്ക് ഉണ്ടായിരുന്നില്ല എന്നു വേണം കരുതാന്‍. അതിനാല്‍ത്തന്നെയാവണം താലിബാനുമായി നേരിട്ട് സമാധാനക്കരാറുണ്ടാക്കാന്‍ അമേരിക്ക ഇറങ്ങിത്തിരിച്ചത്. ഭീകരസംഘടനകളുടെ പട്ടികയിലായിരുന്ന താലിബാനുമായി ചർച്ചയ്ക്ക് 2018ൽ യു.എസ്. തയ്യാറായി എന്നത് ശ്രദ്ധേയമാണ്. അതിന്റെ അപകടം വളരെ വലുതാണ്. കഴിഞ്ഞ 20 വർഷം സഖ്യസേനയ്ക്കു വേണ്ടി ജോലി ചെയ്ത അഫ്ഗാൻകാരെ അടക്കം, തങ്ങളെ വിശ്വസിച്ച എല്ലാവരെയും പൊടുന്നനെ കൈവിട്ടു മുങ്ങുകയാണ് യു.എസ്. ചെയ്തത്. 20 വർഷത്തിനുശേഷം താലിബാൻ രണ്ടാമതും വരുമ്പോൾ സംഭവിച്ച പ്രധാനമാറ്റം, നയതന്ത്രതലത്തിൽ അവർ ഒരു കക്ഷിയായി ഉയർന്നു എന്നതാണ്.
താലിബാന്‍ ഒട്ടും മാറിയിട്ടില്ല. ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ ഡാനിഷ് സിദ്ധിഖി, അഫ്ഗാനിസ്ഥാന്‍ ഹാസ്യാവതാരകന്‍ നാസര്‍ മുഹമ്മദ് എന്നിവരുടെ കൊലപാതകങ്ങളും അഫ്ഗാന്‍ സൈനികരുടെ മൃതദേഹങ്ങള്‍ തെരുവിലൂടെ വലിച്ചിഴയ്ക്കുന്ന കാഴ്ചകളും ഇതിനു തെളിവാണ്. എന്നാല്‍, അഫ്ഗാനിസ്ഥാനിലെ ഇപ്പോഴത്തെ അവസ്ഥയെ സ്വാതന്ത്ര്യമെന്നൊക്കെ ചിലര്‍ വിശേഷിപ്പിക്കുന്നുണ്ട്. അതിവിശേഷ ചിന്താശേഷിയുള്ളവര്‍ക്കു മാത്രമേ അതു സാധിക്കൂ. യഥാര്‍ത്ഥത്തില്‍ എരിതീയില്‍ നിന്ന് വറചട്ടിയിലേക്കു വീഴുന്ന അവസ്ഥയല്ലേ അഫ്ഗാന്‍ ജനതയ്ക്കുണ്ടായിരിക്കുന്നത്? കൊടും സ്വാതന്ത്ര്യനിഷേധത്തിലേക്ക്, മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത നരാധമന്മാരുടെ പിടിയിലകപ്പെടുന്നതിനെ എങ്ങനെയാണ് സ്വാതന്ത്ര്യം എന്നു വിശേഷിപ്പിക്കുക? എങ്ങോട്ടും രക്ഷപ്പെട്ടോടാന്‍ കഴിയാതെ ഏതു നിമിഷവും കടന്നുവരാവുന്ന മരണത്തെ പേടിച്ച് കലയും സാഹിത്യവും വിദ്യാഭ്യാസവും സിനിമയുമടക്കം എല്ലാം നിഷേധിക്കപ്പെട്ട ജനതയെ നോക്കി ‘അവര്‍ സ്വതന്ത്രരാണ്’ എന്നു പറയുന്നതിലും വലിയ അശ്ലീലം വേറെ എന്താണുള്ളത്? അഫ്‌ഗാൻ ജനതക്ക് ലഭിച്ചത് സ്വാതന്ത്ര്യമല്ല, മതഭീകരരുടെ കീഴിലെ അടിച്ചമർത്തലാണ്.