HomeGOVERNANCEഅച്ഛന്‍ തന്നെ...

അച്ഛന്‍ തന്നെയാണ് വലുത്, വളര്‍ത്തച്ഛനല്ല

-

Reading Time: 6 minutes

ജന്മം നല്‍കിയ അച്ഛനുള്ള സ്ഥാനം എന്തായാലും വളര്‍ത്തച്ഛനുണ്ടാവില്ല. യഥാര്‍ത്ഥ അച്ഛന് മാറിനില്‍ക്കേണ്ടി വരുമ്പോള്‍ ആ സ്ഥാനത്തു നിന്ന് കര്‍ത്തവ്യങ്ങള്‍ നിറവേറ്റുന്ന വളര്‍ത്തച്ഛനും ബഹുമാനം അര്‍ഹിക്കുന്നുണ്ട്. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിന് ഇത്തരത്തില്‍ രണ്ട് അച്ഛന്മാരുണ്ട്. ജന്മം നല്‍കിയ നായനാരും വളര്‍ത്തിയ കരുണാകരനും. നായനാര്‍ ജന്മം നല്‍കിയതുകൊണ്ടാണല്ലോ കരുണാകരന് വളര്‍ത്താന്‍ അവസരം കിട്ടിയത്. അതുകൊണ്ട് നായനാര്‍ ഒരു പടി മുന്നില്‍. ടെക്‌നോപാര്‍ക്കിന്റെ പിതൃത്വം ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ദീര്‍ഘകാലമായി ഐ.ടി. വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്ന ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എനിക്കിതില്‍ നിന്നു മാറിനില്‍ക്കാനാവില്ല.

Technopark

കുറച്ചു ദിവസം മുമ്പ് ചര്‍ച്ച ചെയ്യേണ്ടതായിരുന്നു ഈ വിഷയമെങ്കിലും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡല പര്യടനത്തിലായിരുന്നതിനാല്‍ എഴുത്ത് നടന്നില്ല. വി.എസ്.അച്യുതാനന്ദനും പിണറായി വിജയനുമെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നതിനെക്കുറിച്ച് ധാരാളം ട്രോളുകള്‍ കണ്ടു. കമ്പ്യൂട്ടറിനെ എതിര്‍ത്തവരുടെ കമ്പ്യൂട്ടര്‍ പ്രണയം എന്നാണ് പ്രധാന വിമര്‍ശനം. എതിര്‍പക്ഷത്തുള്ള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഒരു കാലത്ത് കമ്പ്യൂട്ടര്‍ വിരുദ്ധ സമരം നയിച്ചിട്ടുണ്ടെന്ന കാര്യം വിമര്‍ശകര്‍ സൗകര്യപൂര്‍വ്വം മറന്നുവെന്നത് വേറെ കാര്യം. ശരിയാണ്, സി.പി.എമ്മുകാര്‍ കമ്പ്യൂട്ടറിനെ എതിര്‍ത്തിട്ടുണ്ട്. തത്ത്വദീക്ഷയില്ലാത്ത കമ്പ്യൂട്ടര്‍ ഉപയോഗം വരുത്തിവെയ്ക്കുന്ന തൊഴില്‍ നഷ്ടത്തെ ഒരു തൊഴിലാളിവര്‍ഗ്ഗ പാര്‍ട്ടി എതിര്‍ക്കുക തന്നെ വേണം. ആ എതിര്‍പ്പുകൊണ്ട് ഒരു പരിധി വരെ ഗുണമാണ് ഉണ്ടായിട്ടുള്ളത് എന്നാണ് എന്റെ പക്ഷം. കമ്പ്യൂട്ടര്‍ പഠനം ഇത്ര വ്യാപകമാകാന്‍ സി.പി.എമ്മിന്റെ ആ എതിര്‍പ്പ് കാരണമായി എന്ന് പിന്നീടുള്ള വിലയിരുത്തലില്‍ മനസ്സിലാക്കാം. കമ്പ്യൂട്ടര്‍ പ്രചരിപ്പിക്കാന്‍ പിന്നീട് ഏറ്റവുമധികം മുന്‍കൈയെടുത്തതും സി.പി.എം. തന്നെ.

പത്രപ്രവര്‍ത്തകനെന്ന നിലയില്‍ എന്റെ കമ്പ്യൂട്ടര്‍ അനുഭവം പത്രസ്ഥാപനവുമായി ബന്ധപ്പെടുത്തിയാണ്. കമ്പ്യൂട്ടറിന്റെ ആവിര്‍ഭാവം ഒരു പത്രസ്ഥാപനത്തിലെ ജീവനക്കാരില്‍ ഉണ്ടാക്കിയ തൊഴില്‍നഷ്ട ഭീതിയും അതിനെ മറികടക്കാന്‍ സ്വീകരിക്കപ്പെട്ട നടപടികളും ഞാന്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച മാതൃഭൂമിയിലെ അനുഭവം ആധാരമാക്കി പറയാം. പണ്ട് പത്രത്തിന്റെ പേജ് തയ്യാറാക്കിയിരുന്നത് ടൈപ്പ് സെറ്റ് ചെയ്ത് അളവെടുത്ത് ബ്ലോക്കുണ്ടാക്കിയും മറ്റുമൊക്കെയാണ്. അങ്ങനെ ടൈപ്പുകള്‍ സെറ്റു ചെയ്യാനും ബ്ലോക്ക് എടുക്കാനുമൊക്കെ പ്രത്യേകം വിഭാഗങ്ങളും ജീവനക്കാരുമുണ്ടായിരുന്നു. അപ്പോഴാണ് കമ്പ്യൂട്ടറില്‍ വാര്‍ത്തകള്‍ ടൈപ്പ് ചെയ്‌തെടുത്ത് കൂടുതല്‍ മിഴിവോടെ പേജ് തയ്യാറാക്കുന്ന ഫോട്ടോ കമ്പോസിങ് എന്ന സംവിധാനം വരുന്നത്. കമ്പ്യൂട്ടറില്‍ നിന്ന് ഔട്ട്പുട്ട് ചെയ്യുന്ന പേജ് നേരെ പ്ലേറ്റായി പുറത്തുവരികയും അത് പ്രസ്സില്‍ ലോഡ് ചെയ്ത് അച്ചടിക്കുകയും ചെയ്യുന്ന രീതി. അതോടെ ടൈപ്പ് സെറ്റിങ്, ബ്ലോക്ക് മേക്കിങ് തുടങ്ങി പല വിഭാഗങ്ങളിലെയും ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന സ്ഥിതിയായി. ആശങ്ക വ്യാപകമായി. ജീവനക്കാര്‍ ആവലാതിയുമായി മാനേജിങ് ഡയറക്ടര്‍ എം.പി.വീരേന്ദ്ര കുമാറിനെ കണ്ടു. ഒരു സോഷ്യലിസ്റ്റായ വീരേന്ദ്ര കുമാറിന് ജീവനക്കാരുടെ ആശങ്ക മനസ്സിലായി. പുതിയ സംവിധാനത്തിലേക്കു മാറുന്നതിലൂടെ ഒരാള്‍ക്കു പോലും തൊഴില്‍നഷ്ടമുണ്ടാവില്ലെന്ന് അദ്ദേഹം ഉറപ്പുനല്‍കി. പഴയ ജീവനക്കാര്‍ക്ക് പുതിയ സാങ്കേതികവിദ്യയില്‍ പരിശീലനം നല്‍കാന്‍ മാനേജിങ് ഡയറക്ടര്‍ ഉത്തരവായി. അതു പിന്നെ മാതൃഭൂമിയില്‍ ഒരു പതിവായി. പുതിയ സാങ്കേതികവിദ്യ നടപ്പാക്കുമ്പോഴെല്ലാം നിലവിലുള്ള ജീവനക്കാര്‍ക്ക് പരിശീലനം നല്‍കിയ അത് ഉപയോഗിക്കാന്‍ പ്രാപ്തരാക്കുന്ന തീര്‍ത്തും മാനുഷികമായ രീതി. പുതിയ മാനേജ്‌മെന്റ് രീതികള്‍ക്ക് ആധിപത്യമുള്ള ശ്രേയാംസ് കുമാറിന്റെ ഭരണകാലത്ത് ഇനി എത്രനാള്‍ കൂടി ആ മാനുഷിക രീതികള്‍ അവിടെ നിലനില്‍ക്കും എന്നെനിക്കറിയില്ല.

ഞാന്‍ ഇപ്പോള്‍ മാതൃഭൂമിയിലില്ല. അവിടെ നിലനില്‍ക്കുന്ന, അല്ലെങ്കില്‍ നിലനിന്നിരുന്ന നന്മകള്‍ക്ക് ഒരു പരിധി വരെ കാരണം സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷം സാമൂഹിക ജീവിതത്തില്‍ വരച്ചിട്ട രേഖകളാണ്. അക്കാലത്ത് വീരേന്ദ്ര കുമാര്‍ ഇടതുപക്ഷത്തായിരുന്നു എന്നതും പ്രത്യേകം സ്മരണീയം. ഒരു തൊഴിലാളിക്ക് തൊഴില്‍നഷ്ടമുണ്ടാക്കുന്നാവരുത് പുതിയ സാങ്കേതികവിദ്യ എന്ന നിര്‍ബന്ധബുദ്ധി ഇടതുപക്ഷത്തിനുണ്ടായിരുന്നു. കമ്പ്യൂട്ടറിനോട് അതായിരുന്നു നിലപാട്. കൊയ്ത്ത് യന്ത്രത്തോടും അതു തന്നെ. ഇത് പുരോഗതിയുടെ അപ്പോസ്തലന്മാര്‍ക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ല. പക്ഷേ, സി.പി.എമ്മിന്റെ നയം നിമിത്തം ജീവിതം രക്ഷപ്പെട്ട പാവപ്പെട്ട തൊഴിലാളികള്‍ക്ക് അതല്ല അഭിപ്രായം.

കമ്പ്യൂട്ടര്‍ വിരുദ്ധന്മാര്‍ എന്ന ആക്ഷേപം സി.പി.എം. നേരിട്ടത് തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തു എന്ന അവകാശവാദവുമായിട്ടാണ്. എന്നാല്‍, ടെക്‌നോപാര്‍ക്ക് കെ.കരുണാകരന്റെ സൃഷ്ടിയാണെന്ന് യു.ഡി.എഫുകാര്‍ അവകാശപ്പെടുന്നു. സത്യമെന്താണ്? 25 വര്‍ഷം പഴക്കമുള്ള ഈ കഥ ഇപ്പോഴത്തെ തലമുറയ്ക്ക് അറിയണമെന്നില്ല. ഇ.കെ.നായനാര്‍ എന്ന മുഖ്യമന്ത്രിയെയും അറിയില്ലായിരിക്കാം. അന്ന് ആ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രധാന ഉദ്യോഗസ്ഥന്‍ ഇന്ന് യു.ഡി.എഫ്. പാളയത്തില്‍ പ്രധാന പദവി വഹിക്കുന്നു എന്നതുകൊണ്ട് മാത്രം പദ്ധതി യു.ഡി.എഫിന്റേതാവുന്നില്ല. എല്‍.ഡി.എഫ്. ആസൂത്രണം ചെയ്തു നടപ്പാക്കിയ പദ്ധതി യു.ഡി.എഫിന്റെ കാലത്താണ് ഉദ്ഘാടനം ചെയ്തതെന്നു മാത്രം. കമ്പ്യൂട്ടര്‍ സമരവും ടെക്‌നോപാര്‍ക്കുമെല്ലാം കുഴഞ്ഞുമറിഞ്ഞു കിടക്കുമ്പോള്‍ ആശയക്കുഴപ്പം നീക്കാനുള്ള ഒരു ശ്രമമാണ് ഇവിടെ. ഒരു സര്‍ക്കാര്‍ തുടക്കം കുറിക്കുന്ന പദ്ധതികള്‍ പൂര്‍ത്തീകരിക്കാനുള്ള ഭാഗ്യം പലപ്പോഴും അടുത്ത തവണ അധികാരത്തില്‍ വരുന്ന എതിര്‍മുന്നണി സര്‍ക്കാരിനു ലഭിക്കുന്ന പതിവാണ് കേരളത്തില്‍ കണ്ടു വരുന്നത്. ഉദ്ഘാടനം ചെയ്തു എന്നതുകൊണ്ട് പദ്ധതിയുടെ പിതൃത്വം അവരുടേതാവുന്നില്ല. ആ പദ്ധതിയുടെ യഥാര്‍ത്ഥ അവകാശി അതിനു രൂപം നല്‍കി പ്രാരംഭനടപടികള്‍ സ്വീകരിച്ചവര്‍ക്കു തന്നെയാണ്.

ഇ.കെ.നായനാര്‍
ഇ.കെ.നായനാര്‍

1987ല്‍ അധികാരമേറ്റ നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് ടെക്‌നോപാര്‍ക്കിനുള്ള നടപടികള്‍ തുടങ്ങുന്നത്. ടെക്‌നോപാര്‍ക്കിലേക്ക് നായനാര്‍ എത്തിയതുമായി ബന്ധപ്പെട്ട് ധാരാളം കഥകളുണ്ട്. ആ കഥകള്‍ മാത്രം മതി ഈ പദ്ധതിയെ എല്‍.ഡി.എഫിന്റെ അക്കൗണ്ടിലാക്കാന്‍. നായനാര്‍ സര്‍ക്കാരില്‍ കെ.ആര്‍.ഗൗരിയമ്മയായിരുന്നു വ്യവസായ മന്ത്രി. സര്‍ക്കാരിന്റെ വ്യാവസായിക ഉപദേഷ്ടാവായിരുന്നു കെ.പി.പി.നമ്പ്യാര്‍. അദ്ദേഹമാണ് സിലിക്കണ്‍വാലി, സിംഗപ്പൂരിലെ ടെക്‌നോളജി പാര്‍ക്ക് എന്നിവയുടെ മാതൃകയില്‍ ഒരു സ്ഥാപനമെന്ന നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. ഗൗരിയമ്മയുടെ പിന്തുണയോടെ ഡോ.എം.പി.നായര്‍, എന്‍.ടി.നായര്‍, എ.കെ.നായര്‍, എം.ആര്‍.നാരായണന്‍ തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് അദ്ദേഹം കാര്യങ്ങള്‍ മുന്നോട്ടുനീക്കി. തുടര്‍ന്ന് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കാനുള്ള ചുമതല ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസിനെ ഏല്പിച്ചു. സിംഗപ്പൂര്‍ പാര്‍ക്കിനെ അടിസ്ഥാനമാക്കിയായിരുന്നു രൂപരേഖ. സി-ഡാക്കിലെ ഉദ്യോഗസ്ഥനായിരുന്ന ജി.വിജയരാഘവന്‍ ഈ ഘട്ടത്തിലാണ് പദ്ധതിയുമായി ബന്ധപ്പെടുന്നത്. ഇദ്ദേഹം ഇന്ന് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ആസൂത്രണ ബോര്‍ഡ് അംഗമാണ്. ടെക്‌നോപാര്‍ക്കിലെ യു.ഡി.എഫ്. അവകാശവാദത്തിന് പ്രധാന കാരണവും ഇതു തന്നെ.

ആദ്യത്തെ ആവേശത്തിനു ശേഷം ക്രമേണ പാര്‍ക്കിന്റെ നടപടികള്‍ മന്ദഗതിയിലായി. നമ്പ്യാര്‍ തുടക്കമിട്ട ഫയല്‍ സെക്രട്ടേറിയറ്റിന്റെ ഏതോ മൂലയില്‍ പൊടിപിടിച്ചു കിടന്നു. ഈ സമയത്താണ് 1989ല്‍ മുഖ്യമന്ത്രി നായനാരും സംഘവും അമേരിക്കന്‍ സന്ദര്‍ശനത്തിനു പുറപ്പെട്ടത്. മന്ത്രിമാരായ ഗൗരിയമ്മ, ബേബി ജോണ്‍, ഉദ്യോഗസ്ഥരായ കെ.പി.പി.നമ്പ്യാര്‍, ജി.വിജയരാഘവന്‍ എന്നിവരും ഒപ്പം പോയി. സിലിക്കണ്‍ വാലിയിലെ ആപ്പിള്‍ കമ്പ്യൂട്ടര്‍ ഫാക്ടറിയില്‍ നായനാര്‍ സംസാരിച്ച അജ്ഞാതയായ മദാമ്മയാണ് ടെക്‌നോപാര്‍ക്കിന്റെ മാതാവ് എന്നു വേണമെങ്കില്‍ പറയാം. മദാമ്മയോട് നായനാര്‍ രണ്ടു ചോദ്യങ്ങളാണ് ചോദിച്ചത്. രണ്ടും ചോദിക്കാന്‍ പാടില്ലാത്തവ എന്ന ഗണത്തില്‍ സമൂഹം പെടുത്തിയിട്ടുള്ളവ. പക്ഷേ, നായനാരല്ലേ. എന്തും ചോദിക്കും. ഇതായിരുന്നു ചോദ്യങ്ങള്‍ -‘ഹൗ ഓള്‍ഡ് ആര്‍ യു? ഹൗ മച്ച് സാലറി?’ മദാമ്മ കൃത്യമായി തന്നെ ഉത്തരം നല്‍കി ‘പ്രായം 42. ശമ്പളം 12 ഡോളര്‍.’ ശമ്പളം കേട്ടപ്പോള്‍ നായനാര്‍ക്ക് പുച്ഛം ‘ഡോ, ഇത് നമ്മടെ നാട്ടിലെക്കാളും കുറവാണല്ലോ?’ ‘സര്‍, ഇത് മാസശമ്പളമല്ല. ഒരു മണിക്കൂറിലെ വേതനമാണ്’ -വിശദീകരണം ഉടനെ വന്നു. നായനാരുടെ പുച്ഛം അമ്പരപ്പിനു വഴിമാറി -‘ഇതു നമ്മുടെ ചീഫ് സെക്രട്ടറിയുടെ ശമ്പളത്തെക്കാള്‍ കൂടുതലാണല്ലോ!’ അവിടെത്തന്നെ അദ്ദേഹം തീരുമാനിച്ചു. നമ്പ്യാരോടു ചോദിച്ചു -‘ഡോ, ഇതുപോലൊരെണ്ണം നമുക്കും തുടങ്ങിയാലെന്താ?’ അവിടെ ടെക്‌നോപാര്‍ക്കിന് ഔദ്യോഗിക തുടക്കമായി. വാച്ചുകളെ പ്രണയിച്ചിരുന്ന നായനാര്‍ക്ക് ബോധപൂര്‍വ്വമല്ലെങ്കിലും ഉണ്ടായ ടെക്‌നോളജി കൗതുകം.

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്ന വാക്കുപോലും പരിചിതമല്ലാതിരുന്ന കാലത്താണ് നമ്പ്യാരുടെ നിര്‍ദേശങ്ങളിലേക്ക് അമേരിക്കയില്‍ നിന്ന് നായനാര്‍ പറന്നിറങ്ങിയത്. പിന്നെ, എല്ലാം വേഗത്തിലായിരുന്നു. പഴയ ഫയലിനു വീണ്ടും ജീവന്‍ വെച്ചു. കേരള സര്‍വ്വകലാശാലയ്ക്കു കീഴില്‍ ഈ സ്ഥാപനം ആരംഭിക്കണമെന്നായിരുന്നു നമ്പ്യാരുടെ നിര്‍ദ്ദേശം. സര്‍വ്വകലാശാലയുടേതായി കഴക്കൂട്ടത്ത് വൈദ്യന്‍കുന്നില്‍ കാടുപിടിച്ചു കിടന്ന 50 ഏക്കര്‍ സ്ഥലം ഇതിനായി കണ്ടെത്തി. കമ്പ്യൂട്ടര്‍ പാര്‍ക്കിനായി സര്‍വ്വകലാശാലയുടെ സ്ഥലം വിട്ടുകൊടുക്കുന്നതിനെതിരെ സിന്‍ഡിക്കേറ്റില്‍ വന്‍ എതിര്‍പ്പുണ്ടായി. എന്നാല്‍, പാര്‍ക്ക് സ്ഥാപിക്കാനുള്ള തീരുമാനം സി.പി.എമ്മിന്റേതാണെന്നും അതു നടപ്പാക്കിയേ മതിയാകൂ എന്നും മന്ത്രി ഗൗരിയമ്മ കര്‍ക്കശനിലപാട് സ്വീകരിച്ചു. സിന്‍ഡിക്കേറ്റിലെ സി.പി.എം. അംഗങ്ങളായ ജി.സുധാകരനും കെ.വി.ദേവദാസും മുന്‍കൈയെടുത്ത് പ്രതിസന്ധി പരിഹരിച്ചു. ടെക്‌നോപാര്‍ക്ക് സ്ഥാപിക്കുന്നതിലെ ഏറ്റവും പ്രധാനപ്പെട്ട നാഴികക്കല്ല് ഈ സ്ഥലമെടുപ്പായിരുന്നു. ഈ സ്ഥലം കിട്ടിയില്ലെങ്കില്‍ പദ്ധതി നടക്കില്ലായിരുന്നു എന്നതുറപ്പ്.

1990 ജൂലൈ 28ന് ഇലക്ട്രോണിക്‌സ് ടെക്‌നോളജി പാര്‍ക്ക്‌സ് കേരള എന്ന സ്ഥാപനം ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തു. നമ്പ്യാരുടെ ഓഫീസിന്റെ മൂലയിലുള്ള സോഫയായിരുന്നു ടെക്‌നോപാര്‍ക്കിന്റെ ആദ്യ ഓഫീസ്. 11 ജീവനക്കാരുമായിട്ടായിരുന്നു തുടക്കം. ഇതില്‍ ജി.വിജയരാഘവന്‍, കെ.ജി.സതീഷ് കുമാര്‍, എം.വാസുദേവന്‍, കെ.രാമചന്ദ്രന്‍, കെ.സി.ചന്ദ്രശേഖരന്‍ നായര്‍, ചിത്ര, ഗീത, ജെയ്‌സമ്മ എന്നിവര്‍ എനിക്കു പരിചയമുള്ളവര്‍. കെ.സി.ചന്ദ്രശേഖരന്‍ നായര്‍ അടുത്ത സുഹൃത്തുമാണ്. ആദ്യം സ്‌പെഷല്‍ ഓഫീസറായിരുന്ന വിജയരാഘവന്‍ പിന്നീട് ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി. 1991 മാര്‍ച്ച് 31ന് മുഖ്യമന്ത്രി ഇ.കെ.നായനാര്‍ ടെക്‌നോപാര്‍ക്കിനു ശിലയിട്ടു. ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയതിന്റെ തിളക്കവുമായിട്ടായിരുന്നു ശിലാസ്ഥാപനം. സര്‍ക്കാരിന്റെ കാലാവധി അപ്പോള്‍ നാലു വര്‍ഷമേ ആയിരുന്നുള്ളൂ. എന്നാല്‍, ജില്ലാ കൗണ്‍സിലില്‍ ലഭിച്ച വന്‍ വിജയം സംസ്ഥാന ഭരണത്തിലേക്കും നീട്ടിയെടുക്കാന്‍ സി.പി.എം. തീരുമാനിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടത്താനുള്ള ആ തീരുമാനം ശരിയായിരുന്നു താനും. പക്ഷേ, ഒരു ദുരന്തം എല്ലാ കണക്കുകൂട്ടലും തെറ്റിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ 1991 മെയ് 21ന് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പുത്തൂരിലുണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടു. തുടര്‍ന്ന് ആഞ്ഞടിച്ച സഹതാപതരംഗത്തിനു മുന്നില്‍ നായനാരുടെ സദ്ഭരണ നേട്ടങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. വോട്ടെടുപ്പ് ദിവസം ഓരോ കവലയിലും കോണ്‍ഗ്രസ്സുകാര്‍ സ്ഥാപിച്ച രാജീവ് ഗാന്ധിയുടെ ഛായാചിത്രവും വിളക്കും വോട്ടായി പെട്ടിയില്‍ വീണു. യു.ഡി.എഫ്. അധികാരത്തിലേറിയത് ഫലം. കെ.കരുണാകരന്‍ മുഖ്യമന്ത്രി. രാജീവ് ഗാന്ധി ജീവിച്ചിരുന്നെങ്കില്‍ ഇന്ത്യയുടെയും കേരളത്തിന്റെയും ചരിത്രം മറ്റൊന്നായേനെ.

കെ.കരുണാകരന്‍
കെ.കരുണാകരന്‍

ടെക്‌നോപാര്‍ക്ക് പദ്ധതി മുന്നോട്ടു കൊണ്ടുപോകാന്‍ യു.ഡി.എഫ്. തീരുമാനിച്ചുവെങ്കിലും എല്‍.ഡി.എഫ്. നിയമിച്ച ഉദ്യോഗസ്ഥരെ മാറ്റണമെന്ന് കടുത്ത സമ്മര്‍ദ്ദമുണ്ടായി. ഇക്കാര്യം പരിശോധിച്ചു വേണ്ടതു ചെയ്യാന്‍ വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയെ മുഖ്യമന്ത്രി കരുണാകരന്‍ ചുമതലപ്പെടുത്തി. വിജയരാഘവനെയും സംഘത്തെയും വിളിച്ചുവരുത്തി കുഞ്ഞാലിക്കുട്ടി കാര്യങ്ങള്‍ ആരാഞ്ഞു. മന്ത്രിയെ കാര്യങ്ങള്‍ പറഞ്ഞു ബോദ്ധ്യപ്പെടുത്തുന്നതില്‍ ഉദ്യോഗസ്ഥര്‍ വിജയിച്ചു. അതോടെ പദ്ധതി മുന്‍നിശ്ചയപ്രകാരം മുന്നോട്ടു നീങ്ങി. ആദ്യം പാര്‍ക്ക് സെന്റര്‍ പൂര്‍ത്തിയായി. പിന്നാലെ, പമ്പയും പെരിയാറും തലപൊക്കി. കേരളത്തിലെ നദികളുടെ പേരുകള്‍ കെട്ടിടങ്ങള്‍ക്കിടാന്‍ ആദ്യമേ തീരുമാനമായിരുന്നു. വേഗത്തില്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍മാണത്തിന്റെ പല ഘട്ടങ്ങളിലും പുറംജോലി കരാര്‍ നല്‍കി. ടെക്‌നോപാര്‍ക്കിലെ സൗകര്യങ്ങളും സംവിധാനങ്ങളും ഉറപ്പാക്കാന്‍ അവശ്യ സേവന നിയമത്തിനു കീഴിലാക്കി. രജിസ്റ്റര്‍ ചെയ്യുന്ന കമ്പനിക്ക് അന്നുതന്നെ ടെലിഫോണ്‍ കണക്ഷന്‍ നല്‍കി ടെക്‌നോപാര്‍ക്ക് ചരിത്രം കുറിച്ചു. ബ്രഹ്മ, നെസ്റ്റ് തുടങ്ങിയ കമ്പനികള്‍ ആദ്യമെത്തി. ടെക്‌നോപാര്‍ക്കിന്റെ പദ്ധതി രൂപരേഖ തയ്യാറാക്കിയ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസാണ് ഇവിടെയെത്തിയ ആദ്യ വന്‍കിട കമ്പനി. 1995 നവംബര്‍ 18ന് പ്രധാനമന്ത്രി പി.വി.നരസിംഹറാവു ടെക്‌നോപാര്‍ക്ക് രാജ്യത്തിനു സമര്‍പ്പിച്ചു. അമേരിക്കയില്‍ നിന്ന് നായനാര്‍ പകര്‍ത്തിയത് കരുണാകരന്‍ പൂര്‍ത്തിയാക്കി. ടെക്‌നോപാര്‍ക്ക് എന്ന കുഞ്ഞിന്റെ അച്ഛന്‍ നായനാര്‍ തന്നെ, കരുണാകരന്‍ വളര്‍ത്തിയെന്നു മാത്രം.

നായനാരുടെ ഒരു കഥ കൂടി പറഞ്ഞ് അവസാനിപ്പിക്കാം. 1996ല്‍ അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയായി. ഇത്തവണ വിദേശയാത്ര ജര്‍മനിയിലേക്കായിരുന്നു. തിരിച്ചുവന്ന ദിവസമാണ് കോഴിക്കോട് പ്ലാനറ്റോറിയം ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന പ്രസംഗത്തില്‍ നായനാര്‍ പറഞ്ഞത് -‘അവിടൊക്കെ ആകെ മാറിപ്പോയെഡോ. കാല്‍ക്കുലേറ്ററിലാ ഇപ്പോള്‍ എല്ലാവരും സംസാരിക്കുന്നേ. നമ്മളൊക്കെ വീട്ടിലും ഓഫീസിലുമൊക്കെ ഫോണിലല്ലേ സംസാരിക്കുന്നത്? അവിടെ കാറില്‍ പോകുമ്പോള്‍ കാല്‍ക്കുലേറ്ററില്‍ സംസാരിക്കാം. അപ്പോ ഞാനും ആ കാല്‍ക്കുലേറ്ററില്‍ കൂടി സംസാരിച്ചു. ഇവിടെയും വരുമായിരിക്കും. ഇല്ലേല്‍ നമുക്ക് കൊണ്ടുവരണം.’ നമ്മുടെ രാജ്യത്ത് അന്ന് പ്രചാരത്തില്‍ ഇല്ലാതിരുന്ന മൊബൈല്‍ ഫോണിനെക്കുറിച്ചാണ് നായനാര്‍ പറഞ്ഞത്. സംസാരിക്കാന്‍ പറ്റുന്ന കാല്‍ക്കുലേറ്റര്‍ കിട്ടുമോ എന്നറിയാന്‍ അദ്ദേഹം കുറെക്കാലം അന്വേഷിച്ചു നടന്നു. നായനാരുടെ ഭരണകാലത്തു തന്നെ കേരളത്തില്‍ മൊബൈല്‍ ഫോണ്‍ വന്നുവെന്നത് വേറെ കാര്യം. ‘സംസാരിക്കുന്ന കാല്‍ക്കുലേറ്റര്‍’ സംവിധാനം കൊണ്ടുവരുന്ന കമ്പനികള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും മുഖ്യമന്ത്രി നേരിട്ടിടപ്പെട്ട് ചെയ്തുകൊടുക്കുകയും ചെയ്തു.

LATEST insights

TRENDING insights

1 COMMENT

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights