കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എന്റെ വെബ്‌സൈറ്റിലും ഫേസ്ബുക്ക് പേജിലും കടന്നുകയറാന്‍ -ഹാക്ക് ചെയ്യാന്‍ -ആരോ ചിലര്‍ തുടര്‍ച്ചയായി ശ്രമിക്കുന്നുണ്ട്. വെബ്‌സൈറ്റിലും ഫേസ്ബുക്കിലും ബഹുതല സുരക്ഷ ഇപ്പോള്‍ത്തന്നെ ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ അതു നടക്കില്ല എന്നുറപ്പ്. പക്ഷേ, ശ്രമം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. എനിക്കു കിട്ടുന്ന സന്ദേശങ്ങളനുസരിച്ച് ഡബ്ലിന്‍, ദുബായ്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നൊക്കെ എന്റെ പാസ്‌വേര്‍ഡ് മാറ്റാന്‍ ശ്രമിക്കുന്നുണ്ട്. മൊബൈല്‍ ഫോണിലും ഇ-മെയിലിലും വെരിഫിക്കേഷന്‍ കോഡുമായി വരുന്ന സന്ദേശങ്ങള്‍ നിറഞ്ഞിരിക്കുന്നു. അത്ര എളുപ്പമല്ല, കടന്നുകയറല്‍. നമ്മുടെ സ്വന്തം എത്തിക്കല്‍ ഹാക്കിങ് വിദഗ്ദ്ധനായ ഹേമന്ത് ജോസഫ് ഇത് പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എങ്കിലും മുന്‍കരുതലായി ബാക്കപ്പ് എടുത്തു വെച്ചു.
ഹാക്കിങ്ങിന്റെ വിവിധ വശങ്ങള്‍ മനസ്സിലാക്കാന്‍ ഗൂഗിളില്‍ ഒന്നു പരതി. ചില കുറിപ്പുകള്‍ വായിച്ചു, ബോദ്ധ്യപ്പെട്ടു, പഠിക്കാന്‍ ശ്രമിച്ചു. ഈ വായനയ്ക്കിടെയാണ് തൃഷ്‌നീത് അറോറ എന്ന ചെറുപ്പക്കാരന്‍ എന്റെ മുന്നിലേക്ക് ഇടിച്ചുകയറി വന്നു നിന്നത്. 23 വയസ്സുള്ള ഇവനെ ഇപ്പോള്‍ എല്ലാവരും വിളിക്കുന്നത് ‘ഇന്ത്യയുടെ മാര്‍ക്ക് സുക്കര്‍ബര്‍ഗ്’ എന്നാണ്. ആരാണ് തൃഷ്‌നീത് അറോറ? എങ്ങനെയാണ് ഇത്രയും ചെറുപ്രായത്തില്‍ അവന്‍ ശതകോടീശ്വരനായത്? 1993 നവംബര്‍ 2ന് പഞ്ചാബിലെ ലുധിയാനയിലാണ് തൃഷ്‌നീതിന്റെ ജനനം. ഇപ്പോള്‍ ഇന്ത്യയിലെ മാതാപിതാക്കള്‍ തങ്ങളുടെ മക്കള്‍ക്കുള്ള മാതൃകാപുരുഷനായി ഈ പയ്യന്‍സിനെ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. പക്ഷേ, എട്ടാം ക്ലാസ്സില്‍ ‘തോറ്റവനെ’ മാതൃകയാക്കാനാണ് തങ്ങള്‍ നിര്‍ദ്ദേശിക്കുന്നതെന്ന് പല മാതാപിതാക്കള്‍ക്കും അറിയില്ല!!!
തൃഷ്‌നീത് ഒരു സാധാരണ കുട്ടി തന്നെയായിരുന്നു, അവന് 11 വയസ്സുള്ളപ്പോള്‍ അച്ഛന്‍ ഒരു കമ്പ്യൂട്ടര്‍ വാങ്ങിക്കൊടുക്കുന്നതു വരെ. ‘ബുദ്ധിയുള്ള’ ആ യന്ത്രത്തോട് അവന് അഭിനിവേശമായി. അത് അഴിച്ചുപണിഞ്ഞും തിരിച്ചുപണിഞ്ഞും പരീക്ഷണങ്ങള്‍ നടത്തി. ക്രമേണ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയറിന്റെ അടിസ്ഥാനതത്ത്വങ്ങള്‍ സ്വായത്തമാക്കിത്തുടങ്ങി. യൂ ട്യൂബ് ആയിരുന്നു അവന്റെ ഗുരു. താന്‍ പുതിയതായി പഠിച്ച വിവരങ്ങള്‍ എഴുതിയിടാന്‍ ബ്ലോഗും തുടങ്ങി. അതോടെ പാഠപുസ്തകങ്ങള്‍ ഉള്‍പ്പെടെ മറ്റൊന്നിലും തൃഷ്‌നീതിന് ശ്രദ്ധയില്ലാതെയായി. അവന്റെ രക്ഷിതാക്കളെ ഇത് ആശങ്കാകുലരാക്കി. അവന്റെ സുഹൃത്തുക്കള്‍ കളിയാക്കി ചിരിച്ചു. എട്ടാം ക്ലാസ്സിലെ സ്‌കൂള്‍ പരീക്ഷയില്‍ തോറ്റത് അനന്തരഫലം!!! ഒമ്പതാം ക്ലാസ് പഠനം നടന്നില്ല. ഒടുവില്‍ കറന്‍സ്‌പോണ്‍ഡന്‍സ് മുഖേന പത്താം ക്ലാസ് പരീക്ഷയെഴുതി കടന്നുകൂടി. പന്ത്രണ്ടാം ക്ലാസ്സും അങ്ങനെ തന്നെ.
തൃഷ്‌നീതിന് 16 വയസ്സുള്ളപ്പോള്‍ തന്നെ വീട്ടില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള ചണ്ഡിഗഢിലേക്ക് പറിച്ചുനടപ്പെട്ടു. പക്ഷേ, അവന് കൂസലില്ലായിരുന്നു. മുഴുവന്‍സമയവും കമ്പ്യൂട്ടറിനു മുന്നില്‍ കുത്തിയിരുന്നു, അതിനെക്കുറിച്ചു പഠിച്ചു. ബി.ടെക്കിനു പഠിക്കുന്ന ചില സുഹൃത്തുക്കളുടെ സഹായത്തോടെ പലതും മനസ്സിലാക്കി. മനസ്സിലാക്കിയ കാര്യങ്ങള്‍ പരീക്ഷിച്ച് പുതിയവ കണ്ടെത്തി. കമ്പ്യൂട്ടര്‍ ഹാക്കിങ്ങിലേക്ക് തൃഷ്‌നീതിന്റെ ശ്രദ്ധ തിരിഞ്ഞത് യാദൃച്ഛികമായാണ്. ഹാക്കിങ്ങിനെക്കുറിച്ച് അന്താരാഷ്ട്ര തലത്തില്‍ എഴുതപ്പെട്ട പുസ്തകങ്ങള്‍ തപ്പിപ്പിടിച്ച് അവന്‍ വായിച്ചുപഠിച്ചു. ക്രമേണ അവന്‍ ഈ രംഗത്തൊരു വേന്ദ്രനായി മാറി. ഇന്ന് അന്താരാഷ്ട്ര തലത്തില്‍ ഹാക്കിങ്ങിനെക്കുറിച്ച് എഴുതപ്പെട്ടിട്ടുള്ള 3 പ്രധാന പുസ്തകങ്ങള്‍ തൃഷ്‌നീതിന്റേതാണ് -Hacking TALK with Trishneet Arora, The Hacking Era, Hacking With Smart Phones. ഈ പുസ്തകങ്ങള്‍ വായിച്ച വിദഗ്ദ്ധര്‍, ചെറുപ്രായത്തില്‍ തന്നെ തൃഷ്‌നീത് ഈ മേഖലയില്‍ കൈവരിച്ചിട്ടുള്ള അപാരമായ അറിവില്‍ അത്ഭുതം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ ആത്മവിശ്വാസമാണ് ഹാക്കര്‍മാരില്‍ നിന്നു രക്ഷിക്കുന്ന സൈബര്‍ സുരക്ഷ പ്രദാനം ചെയ്യുന്ന ഒരു കമ്പനിക്കു തുടക്കമിടാന്‍ അവന്‍ തീരുമാനിച്ചത്, 2012ല്‍.
ലുധിയാനയിലെ ചെറിയ ഓഫീസില്‍ തുടങ്ങിയ കമ്പനി ഇപ്പോള്‍ പ്രവര്‍ത്തനകേന്ദ്രം ചണ്ഡിഗഢിലേക്കു മാറ്റി. ദുബായിലും വേരുറപ്പിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഇന്ത്യയിലെ ഒട്ടുമിക്ക വന്‍കിട കമ്പനികളുടെയും സൈബര്‍ സുരക്ഷ ഉറപ്പാക്കുന്നത് തൃഷ്‌നീത് നേതൃത്വം നല്‍കുന്ന ടി.എ.സി. സെക്യൂരിറ്റി സൊല്യൂഷന്‍സ് എന്ന കമ്പനിയാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, റാല്‍സണ്‍ -ഇന്ത്യ, അമൂല്‍, ഐ.സി.ഐ.സി.ഐ. ബാങ്ക്, പഞ്ചാബ് പൊലീസ്, ഗുജറാത്ത് പൊലീസ്, ഇന്റര്‍നാഷണല്‍ ട്രാക്ടേഴ്‌സ് ലിമിറ്റഡ് (സൊനാലിക), ഏവണ്‍ സൈക്കിള്‍സ് എന്നിവ ഉദാഹരണം. പട്ടികയില്‍ ഏറ്റവും ശ്രദ്ധേയമായ പേര് സി.ബി.ഐ. എന്ന സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍! റിലയന്‍സ് തിരഞ്ഞെടുത്തു എന്നതു മാത്രം മതി തൃഷ്‌നീതിന്റെ വില മനസ്സിലാകാന്‍. ഐ.ഐ.ടികള്‍ അടക്കം ഇന്ത്യയിലെ മികച്ച ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ പഠിക്കുന്ന മിടുക്കരായ വിദ്യാര്‍ത്ഥികളുടെ സ്വപ്‌നമായി മാറിയിരിക്കുന്നു ടി.എ.സിയിലെ ജോലി.
ഇന്ത്യയിലെ ഏറ്റവും മികച്ച 10 എത്തിക്കല്‍ ഹാക്കര്‍മാരുടെ പട്ടിക മൈക്രോസോഫ്റ്റ് സോഷ്യല്‍ ഫോറം തയ്യാറാക്കിയപ്പോള്‍ മൂന്നാം സ്ഥാനക്കാരന്‍ തൃഷ്‌നീത് അറോറ ആയിരുന്നു. അങ്കിത് ഫാഡിയ, സണ്ണി വഗേല എന്നിവരാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍. പ്രാസംഗികന്‍, എഴുത്തുകാരന്‍, സൈബര്‍ ക്രൈം കണ്‍സള്‍ട്ടന്റ്, കുറ്റാന്വേഷകന്‍ -ഇതെല്ലാമാണ് സ്‌കൂളിലെന്നും പിന്‍ബെഞ്ചില്‍ മാത്രമിരുന്ന് ശീലമുള്ള ഈ നാണംകുണുങ്ങി ഇന്ന്.
സ്‌കൂളില്‍ ഉയര്‍ന്ന മാര്‍ക്കു വാങ്ങാന്‍ മക്കളെ നിര്‍ബന്ധിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന മാതാപിതാക്കള്‍ക്കുള്ള വലിയ മറുപടിയാണ് തൃഷ്‌നീത് അറോറ. ഓരോ കുഞ്ഞിനും അവന്റേതായ കഴിവുകളുണ്ടാവും. അതു കണ്ടെത്തി പ്രോത്സാഹിപ്പിച്ചാല്‍ അവന്‍ ഉയരങ്ങള്‍ കീഴടക്കും. എന്നാല്‍, കഴിവുകള്‍ മുളയിലേ നുള്ളി അവനെ തങ്ങളുടെ വഴിക്ക് ബലമായി നടത്തിക്കാന്‍ ശ്രമിക്കുന്ന മാതാപിതാക്കള്‍ പരാജിതരാവുമെന്നുറപ്പ്.
ടി.എ.സി. സെക്യൂരിറ്റി സൊല്യൂഷന്‍സ് അതിവേഗം വളരുകയാണ്. സാമ്പത്തിക വര്‍ഷത്തിന്റെ ഓരോ പാദത്തിലും ശരാശരി 25 മുതല്‍ 30 വരെ ശതമാനം വളര്‍ച്ച. എന്നാല്‍, തൃഷ്‌നീത് ഇപ്പോഴും പഠിക്കുകയാണ്, വിദൂരവിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ -ബാച്ചിലര്‍ ഓഫ് കമ്പ്യൂട്ടര്‍ സയന്‍സ് രണ്ടാം വര്‍ഷം!!