HomeGOVERNANCEയു.എ.ഇ. സഹായം...

യു.എ.ഇ. സഹായം വരുന്ന വഴി

-

Reading Time: 3 minutes

യു.എ.ഇയില്‍ നിന്നുള്ള സഹായം സ്വീകരിക്കുന്നതു സംബന്ധിച്ച് വിവാദവും സംശയവും ഇപ്പോള്‍ ശക്തി പ്രാപിക്കുന്നു. വിവാദം എന്നു പറയുമ്പോള്‍ അത് ആരെങ്കിലും ബോധപൂര്‍വ്വം സൃഷ്ടിച്ചതു തന്നെയാവുമല്ലോ! കേന്ദ്ര സര്‍ക്കാര്‍ 500 കോടി മാത്രം പ്രഖ്യാപിച്ചപ്പോള്‍ യു.എ.ഇ. വൈസ് പ്രസിഡന്റും ദുബായ് സുല്‍ത്താനുമായ സുല്‍ത്താന്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം 700 കോടി പ്രഖ്യാപിച്ചതിനെ മനസ്സാക്ഷിയുള്ള മലയാളികള്‍ ശ്ലാഘിക്കുന്നു. എന്നാല്‍, ഈ സഹായം ലഭിക്കാതെ പോകണേ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന ‘മലയാളികള്‍’ ഉണ്ട് എന്നു പറയാതെ വയ്യ.

സുല്‍ത്താന്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം

മോന്‍ ചത്താലും വേണ്ടില്ല മരുമകളുടെ കണ്ണീര്‍ കണ്ടാല്‍ മതിയെന്ന നയമുള്ള ടീമുകള്‍ ഇവിടെ സജീവമാണ്. പക്ഷേ, യു.എ.ഇ. സഹായം സംബന്ധിച്ച് ആശങ്ക വേണ്ട എന്നു തന്നെയാണ് എന്റെ വിശ്വാസം. വിശ്വാസം രക്ഷിക്കുമെന്നു പറയുന്നത് ശരിയാണോ എന്നു പരീക്ഷിക്കാനുള്ള അവസരം എന്തിനു കളയണം?

എന്റെ വിശ്വാസത്തിനു പ്രധാന കാരണം ദുബായ് സുല്‍ത്താന്‍ സഹായം പ്രഖ്യാപിച്ചപ്പോള്‍ അതിനെ ആദ്യം സ്വാഗതം ചെയ്തവരില്‍ ഒരാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് എന്നതാണ്. ഇന്ത്യയിലെയും യു.എ.ഇയിലെയും ജനങ്ങള്‍ തമ്മിലുള്ള പ്രത്യേക ബന്ധത്തിനു തെളിവാണ് യു.എ.ഇ. സുല്‍ത്താന്റെ നടപടിയെന്നായിരുന്നു മോദിയുടെ വിലയിരുത്തല്‍. ഇനി സഹായം വേണ്ടെന്നു പറയാന്‍ മോദിക്ക് ഉളുപ്പുണ്ടാവില്ലേ?


നരേന്ദ്ര മോദി സര്‍ക്കാര്‍ 2016ല്‍ പുറപ്പെടുവിച്ച ദേശീയ ദുരന്ത നിവാരണ പദ്ധതിയുടെ 145-ാം പേജില്‍ വിദേശ സഹകരണം സംബന്ധിച്ച് വ്യക്തമായി പറയുന്നുണ്ട്. അന്താരാഷ്ട്ര സഹകരണം എന്ന തലക്കെട്ടുള്ള ആ പേജില്‍ വിഭാഗം 9.2 ആയി ഇങ്ങനെ എഴുതിയിരിക്കുന്നു.

9.2 Accepting Foreign Assistance
As a matter of policy, Government of India does not issue any appeal for foreign assistance in the wake of a disaster. However, if the national government of another country voluntarily offers assistance as a goodwill gesture in oslidarity with the disaster victins, the Central Government may accept the offer. The Ministry of Home Affairs, Government of India, which is primarily responsible for reviewing foreign offers of assistance and channelizing the same. In consultation with the concerned State Government, the MHA will assess the response requirements that the foreign teams can provide.

9.2 വിദേശ സഹായ സ്വീകരണം
ഒരു നയമെന്ന നിലയില്‍, ഏതെങ്കിലും ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിദേശ സഹായത്തിനുള്ള അഭ്യര്‍ത്ഥന ഭാരത സര്‍ക്കാര്‍ പുറപ്പെടുവിക്കാറില്ല. എന്നിരുന്നാലും, ദുരന്തത്തിന് ഇരയായവരോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപനവും സദ്പ്രവര്‍ത്തിയുമെന്ന നിലയില്‍ ഏതെങ്കിലും രാജ്യത്തെ സര്‍ക്കാര്‍ സ്വമേധയാ സഹായം പ്രഖ്യാപിച്ചാല്‍ കേന്ദ്ര സര്‍ക്കാര്‍ ആ സഹായം സ്വീകരിച്ചേക്കാം. വിദേശ സഹായം അവലോകനം ചെയ്യാനും അത് ഇവിടെയെത്തിക്കാനും ചുമതലയുള്ള വിദേശകാര്യ മന്ത്രാലയവുമായി ആഭ്യന്തര മന്ത്രാലയം ഇതിനായി യോജിച്ചു പ്രവര്‍ത്തിക്കണം. ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ച് ആഭ്യന്തര മന്ത്രാലയം വിദേശ സഹായം ലഭ്യമാക്കാനുള്ള കാര്യങ്ങള്‍ ചെയ്യും.

ഇതനുസരിച്ചാണ് ഇപ്പോഴത്തെ പ്രവര്‍ത്തനം. അല്ലാതെ ചിലരൊക്കെ പറയുമ്പോലെ 2004ല്‍ യു.പി.എ. സര്‍ക്കാര്‍ പ്രഖ്യാപിച്ച വിദേശ നയമനുസരിച്ചൊന്നുമല്ല. കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചാല്‍ യു.എ.ഇ. സഹായം വരിക തന്നെ ചെയ്യും. മോദിയുടെ നന്ദി പ്രകാശനം കേന്ദ്രത്തിന്റെ അംഗീകാരം തന്നെയായി കരുതാം. അല്പമെങ്കിലും മാന്യത അവശേഷിക്കുന്നുണ്ടെങ്കില്‍ ഇത് മാറ്റിപ്പറയില്ല. അതിനാല്‍ത്തന്നെയാണ് യു.എ.ഇ. സഹായം വിവാദമാക്കേണ്ടതില്ല എന്നു പറയുന്നത്.

ഇനി യു.എ.ഇ. സഹായം മുടക്കണമെന്ന് ഇവിടെ നിന്നാരെങ്കിലും തുനിഞ്ഞിറങ്ങിയാല്‍ പിന്നെ ഒന്നും പറയാനില്ല. ഇറങ്ങില്ല എന്നൊന്നും പറയാനാവില്ല. പക്ഷേ, ആര് ഇറങ്ങിയാലും പ്രശ്നമില്ല, അത് പരസ്യമായി ഇറങ്ങണം എന്നൊരഭ്യര്‍ത്ഥന മാത്രമേയുള്ളൂ. നമുക്കൊന്ന് അറിഞ്ഞിരിക്കാമല്ലോ.

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights