HomeGOVERNANCE3,343 എന്നാല്...

3,343 എന്നാല്‍ നാലര ലക്ഷം!!

-

Reading Time: 3 minutes

3,343 എന്ന് അക്കത്തിലെഴുതിയാല്‍ എങ്ങനെ വായിക്കും എന്ന് ചോദ്യം.
നാലര ലക്ഷം എന്നുത്തരം!!
ഏതു തലതിരിഞ്ഞ കണക്കുമാഷാണ് ഇതു പഠിപ്പിക്കുന്നത് എന്ന് അടുത്ത ചോദ്യം.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നുത്തരം!!!!

തന്റെ സര്‍ക്കാരിന്റെ കാലത്ത് കേരളത്തില്‍ 4,37,282 വീടുകള്‍ നിര്‍മ്മിച്ചുവെന്നാണ് ഉമ്മന്‍ ചാണ്ടി അവകാശപ്പെടുന്നത്. അവകാശവാദങ്ങള്‍ക്ക് രേഖാപരമായ പിന്‍ബലം വേണം. ആ പിന്‍ബലം തേടിപ്പോകുമ്പോള്‍ 4,37,282 എന്നത് വെറും 3,343 ആയി മാറുന്നു.

രേഖ തപ്പിയെടുക്കാന്‍ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. നിയമസഭയില്‍ നിന്നു തന്നെ കിട്ടി. സഭയില്‍ പറയുന്നത് ഉമ്മന്‍ ചാണ്ടി തന്നെയാവുമ്പോള്‍ പിന്നെ അവിശ്വസിക്കേണ്ട കാര്യമില്ലല്ലോ. യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നതിനു തൊട്ടുമുമ്പ് ചേര്‍ന്ന പതിനാറാം നിയമസഭാ സമ്മേളന വേളയില്‍ 2016 ഫെബ്രുവരി 24ന് അന്നത്തെ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ഒരു ചോദ്യം ഉന്നയിച്ചിരുന്നു. യു.ഡി.എഫ്. സര്‍ക്കാര്‍ 5 വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ പദ്ധതികളിലൂടെ എത്ര പേര്‍ക്ക് പാര്‍പ്പിടം നല്‍കി എന്നായിരുന്നു പ്രധാന ചോദ്യം. ഇപ്പോഴും പാര്‍പ്പിടമില്ലാത്ത കുടുംബങ്ങള്‍ എത്രയെന്ന് വ്യക്തമാക്കാമോ എന്നായിരുന്നു മറ്റൊരു ചോദ്യം.

ദോഷം പറയരുതല്ലോ, ഉമ്മന്‍ ചാണ്ടി കൃത്യമായും വ്യക്തമായും മറുപടി നല്‍കി. തന്റെ സര്‍ക്കാരിന്റെ കാലത്ത് 3,343 വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം നിയമസഭയെയും കോടിയേരി ബാലകൃഷ്ണനെയും അറിയിച്ചു. ഇത് വിശദമായിത്തന്നെ പരിശോധിക്കാം. അതിനു മുതിരുമ്പോള്‍ ഒരു കാര്യം മനസ്സിലുണ്ടാവണം -ഇപ്പോള്‍ ഒരു വീടിന് നല്‍കുന്നത് 4 ലക്ഷമാണെങ്കില്‍ ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് അത് 2 ലക്ഷം മാത്രമായിരുന്നു.

യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് കോഴിക്കോട് ബംഗ്ലാദേശ് കോളനിയിലെ കുടുംബങ്ങളെ പുനരധിസിപ്പിക്കാന്‍ 218 വീടുകള്‍ പണിതു. സാഫല്യം ഭവന പദ്ധതിയില്‍ ലക്ഷ്യമിട്ട 216 ഫ്ലാറ്റുകളില്‍ 48 ഫ്ലാറ്റുകള്‍ പൂര്‍ത്തിയായി. സുരക്ഷ ഭവന പദ്ധതിയില്‍ 698 വീടുകളും പണിതുയര്‍ത്തി. ഇന്നൊവേറ്റീവ് (അത്താണി) ഭവന പദ്ധതിയില്‍ 188 ഫ്ലാറ്റുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാപ്പോള്‍ 48 എണ്ണം നിര്‍മ്മാണം പുരോഗമിക്കുകയായിരുന്നു. എം.എന്‍. ലക്ഷം വീട് പുര്‍നിര്‍മ്മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2,191 വീടുകള്‍ പണിതുയര്‍ത്തി.

ഇതിനു പുറമെ വേറെ ചില കാര്യങ്ങള്‍ കൂടി നിയമസഭയില്‍ നല്‍കിയ മറുപടിയിലുണ്ട്. സന്നദ്ധ സംഘടനകള്‍, സര്‍ക്കാരിതര സംഘടനകള്‍, സുമനസ്സുകള്‍ എന്നിവരുടെ പിന്തുണയോടെ 2 ലക്ഷം രൂപ സബ്സിഡി ലഭ്യമാക്കുന്ന ഗൃഹശ്രീ ഭവന പദ്ധതിയില്‍ 2,734 വീടുകള്‍ക്ക് അനുമതി നല്‍കി. എന്നാല്‍ ഇത് പൂര്‍ത്തിയായോ ഇല്ലയോ എന്നു സംബന്ധിച്ച് വ്യക്തമായി ഒന്നും പറയുന്നില്ല. എം.എന്‍. ലക്ഷം വീട് അറ്റകുറ്റപ്പണി ചെയ്യുന്ന പദ്ധതിയില്‍ 772 വീടുകള്‍ ഉള്‍പ്പെടുത്തി. വീടിന്റെ അറ്റകുറ്റപ്പണികള്‍ ചെയ്യാന്‍ 10,000 രൂപ മാത്രം അനുവദിക്കുന്ന പദ്ധതിയാണിത്. വീട് പൂര്‍ണ്ണമായും നിർമ്മിക്കുന്നതല്ല.

പത്രപ്രവര്‍ത്തകരുടെ വീടിന് സബ്സിഡി അനുവദിച്ചതും ഉമ്മന്‍ ചാണ്ടി തന്റെ ഭവന നിര്‍മ്മാണ കണക്കില്‍ ഉള്‍പ്പെടുത്തി എന്നതാണ് രസകരമായ കാര്യം. വീടു വെയ്ക്കുന്ന പത്രപ്രവര്‍ത്തകര്‍ അതു പൂര്‍ത്തീകരിച്ച ശേഷം സര്‍ക്കാരിന് അപേക്ഷ നല്‍കിയാല്‍ ഒരു നിശ്ചിത തുക സബ്സിഡി അനുവദിക്കുന്നതാണ് ഈ പദ്ധതി. ആദ്യം 50,000 രൂപയായിരുന്നത് ഇപ്പോള്‍ 1,00,000 ആക്കിയിട്ടുണ്ടെന്നാണ് അറിവ്. പക്ഷേ, ഇതില്‍ത്തന്നെ 100 പേര്‍ അപേക്ഷിക്കുമ്പോള്‍ 5 പേര്‍ക്ക് കിട്ടും എന്നതാണ് അവസ്ഥ. അതിനാല്‍ പലരും ഇതിനു പിന്നാലെ പോകാറില്ല. കിട്ടുന്നവര്‍ ഭാഗ്യവാന്മാര്‍. അത്തരത്തില്‍ ഭാഗ്യവാന്മാരായ 74 പത്രപ്രവര്‍ത്തകര്‍ ഉമ്മന്‍ ചാണ്ടിയുടെ ഭവനശൃംഖലയില്‍ അംഗത്വം നേടി!

ഇതെല്ലാം കൂടി ചേര്‍ത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കി എന്ന് ഉമ്മന്‍ ചാണ്ടി ഉറപ്പിച്ചു പറയുന്നത് 218 + 48 + 698 + 188 + 2191 = 3,343 വീടുകള്‍ മാത്രം! ഇതിനൊപ്പം അനുമതി നല്‍കിയതും അറ്റകുറ്റപ്പണി മാത്രം ചെയ്തതും സബ്സിഡി വാങ്ങിയ പത്രപ്രവര്‍ത്തകരും എല്ലാം കൂടി കൂട്ടിയാലും 218 + 48 + 698 + 188 + 2191 + 168 + 48 + 2734 + 772 + 74 = 7,139 വീടുകള്‍ മാത്രം!! ഭരിച്ചപ്പോള്‍ പണിത (??) 7,139 വീടുകളെയാണ് പ്രതിപക്ഷത്തായപ്പോള്‍ 61 മടങ്ങ് തള്ളി 4,37,282 വീടുകള്‍ ആക്കിയിരിക്കുന്നത്!!

ഇനി മറുപടിയുടെ രണ്ടാം ഘട്ടത്തിലേക്ക്. 2013 നവംബര്‍ 26ന് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അനുസരിച്ച് സംസ്ഥാനത്ത് സ്വന്തമായി ഭവനമില്ലാത്തതായി 4,70,606 കുടുംബങ്ങളുണ്ട്. ആകെ ആശയക്കുഴപ്പത്തിലാക്കുന്നതാണ് ഈ ഉത്തരം. തന്റെ സര്‍ക്കാരിന്റെ കാലത്ത് 4,37,282 വീടുകള്‍ പണിതുകൊടുത്തുവെന്ന് ഉമ്മന്‍ ചാണ്ടി പറയുന്നു. പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് 2,14,144 വീടുകളും നിര്‍മ്മിച്ചു. അപ്പോള്‍ ഭവനരഹിതരായി ഉണ്ടായിരുന്നത് 6,51,426 കുടുംബങ്ങളാണോ? ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ കണക്കിനെക്കാള്‍ 1,80,820 കുടുംബങ്ങള്‍ അധികം. മാത്രവുമല്ല ഉമ്മന്‍ ചാണ്ടിയുടെ കണക്ക് ശരിയാണെങ്കില്‍ കേരളം ഭവനരഹിതരില്ലാത്ത സംസ്ഥാനമായി മാറിക്കഴിഞ്ഞല്ലോ!!

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ യഥാര്‍ത്ഥ കണക്കായ 3,343 വീടുകളും പിണറായി സര്‍ക്കാരിന്റെ കാലത്തെ 2,14,144 വീടുകളം കഴിച്ചാല്‍ കണക്കുപ്രകാരം 2,53,049 ഭവനരഹിതര്‍ ഇപ്പോഴുമുണ്ട്. അതിനാല്‍ത്തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് ലക്ഷ്യം പകുതിപോലുമായിട്ടില്ലെന്ന്.

ആഭിജാത്യം എന്ന പഴയ സിനിമയിലെ പാട്ട് ഓര്‍മ്മവരുന്നു…

തള്ള് തള്ള് തള്ള് തള്ള് പന്നാസുവണ്ടീ
തള്ള് തള്ള് തള്ള് തള്ളീ തല്ലിപ്പൊളി വണ്ടീ
ഈ യു.ഡി.എഫ്. വണ്ടീ…

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights