മന്ത്രി എ.സി.മൊയ്തീന്‍ മെയ് 26 വരെ പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ പാടില്ല, യാത്രകള്‍ ഒഴിവാക്കണം, സര്‍ജിക്കല്‍ മാസ്ക് ധരിക്കണം…!!!
ക്വാറന്റൈനില്‍ ഇരിക്കണം എന്ന് മെഡിക്കല്‍ ബോര്‍ഡ് പറഞ്ഞു. അത് ആ പേരില്‍ പറഞ്ഞാല്‍ മന്ത്രി സാറിന് നാണക്കേടാണ്. അയ്നാണ് ഈ വളഞ്ഞു മൂക്കില്‍ പിടിക്കുന്നത്.
തദ്ദേശസ്വയംഭരണ മന്ത്രി എ.സി.മൊയ്തീന്റെ പൊതുപരിപാടികള്‍ക്ക് മെയ് 26 വരെ നിയന്ത്രണമേര്‍പ്പെടുത്തിയത് സംബന്ധിച്ച് ചിലര്‍ നടത്തുന്ന പ്രചാരണമാണിത്. ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ ഗുരുവായൂരില്‍ പ്രവാസി മലയാളികളെ സ്വീകരിച്ചതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തിന്‍റെ പേരിലാണ് മന്ത്രിക്കു നിയന്ത്രണം എന്നു തോന്നും. പോസ്റ്റിടുന്നവരുടെ ലക്ഷ്യം അതു തന്നെയാണ് -യു.ഡി.എഫിന്റെ ആരോപണം ശരിവെച്ചു എന്നു വരുത്തുക.
പക്ഷേ, യഥാര്‍ത്ഥത്തില്‍ മന്ത്രിയുടെ നിയന്ത്രണത്തിനു കാരണം അതാണോ? അല്ല. കോണ്‍ഗ്രസ്സുകാരനായ എം.എല്‍.എ. അനില്‍ അക്കരയാണ് കാരണം. അന്തം വിടണ്ട. സംഭവം വ്യക്തമായിത്തന്നെ പറയാം. മെയ് 12 ഉച്ചയ്ക്ക് 12 മണിക്ക് തൃശ്ശൂര്‍ കളക്ടര്‍ എസ്.ഷാനവാസിന്റെ ചേംബറില്‍ ജില്ലയിലെ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഒരു അവലോകന യോഗം ചേര്‍ന്നിരുന്നു. ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതലക്കാരന്‍ എന്ന നിലയില്‍ മന്ത്രി മൊയ്തീനും പ്രധാന ജനപ്രതിനിധി എന്ന നിലയില്‍ അനില്‍ അക്കര എം.എല്‍.എയും ഒരു മണിക്കൂറോളം നീണ്ട ആ യോഗത്തില്‍ ഒരുമിച്ചു പങ്കെടുത്തു.
എം.എല്‍.എ. പങ്കെടുത്തതിന് എന്താ പ്രശ്നം? പ്രശ്നമാണ് സര്‍. അദ്ദേഹം കോവിഡ് രോഗിയുമായി പ്രാഥമിക സമ്പര്‍ക്കമുള്ളയാളാണ്. എം.എല്‍.എയ്ക്കു രോഗിയുമായി പ്രാഥമിക സമ്പര്‍ക്കമുണ്ടെന്ന് പിന്നീട് തെളിഞ്ഞതോടെ അദ്ദേഹത്തിന്റെ ഇടപെടലുകളെല്ലാം അവലോകനം ചെയ്യേണ്ടി വന്നു. ആ അവലോകനത്തില്‍ സമ്പര്‍ക്കം കണ്ടുപിടിക്കുന്നതിനു മുമ്പു നടന്ന ഈ അവലോകന യോഗവും പെട്ടു.
എങ്ങനെയായിരുന്നു എം.എല്‍.എയുടെ പ്രാഥമിക സമ്പര്‍ക്കം? മെയ് 9ന് വാളയാര്‍ ചെക്ക്പോസ്റ്റില്‍ കേരളത്തിന്റെ പാസില്ലാത്തവരെ കടത്തിവിടാത്തതുമായി ബന്ധപ്പെട്ട് യു.ഡി.എഫ്. ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ഒരു സമരം നടന്നിരുന്നു. സമരത്തിന്റെ മുന്‍നിരയില്‍ നേതാക്കള്‍ക്കൊപ്പം പങ്കെടുത്ത മലപ്പുറം സ്വദേശി പിന്നീട് കോവിഡ് പോസിറ്റീവാണെന്നു കണ്ടെത്തി. ഈ രോഗിയുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുമ്പോള്‍ എം.എല്‍.എ. സ്വാഭാവികമായി അതിലുള്‍പ്പെടുകയും ക്വാറന്റൈനിലാവുകയും ചെയ്തു. മെയ് 12നു ചേര്‍ന്ന യോഗത്തില്‍ അനില്‍ അക്കര പങ്കെടുക്കുമ്പോള്‍ അദ്ദേഹം കോവിഡ് രോഗിയുമായി സമ്പര്‍ക്കത്തിലായ ആളാണെന്ന് ആര്‍ക്കും അറിയുമായിരുന്നില്ല. അറിയാതെ പോയ ഈ സമ്പര്‍ക്കവുമായി എം.എല്‍.എ. മറ്റുള്ളവരെ സമ്പര്‍ക്കപ്പെടുത്തിയതാണ് പ്രശ്നം.
വിഷയം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഇത് മെഡിക്കല്‍ ബോര്‍ഡ് പരിഗണിക്കാന്‍ തീരുമാനിച്ചു. അവര്‍ പറഞ്ഞത് മന്ത്രിയടക്കമുള്ളവര്‍ക്ക് ക്വാറന്റൈന്‍ വേണ്ട എന്നാണ്. മന്ത്രി സുരക്ഷാ മുന്‍കരുതല്‍ പാലിച്ചെന്ന് അവര്‍ വിലയിരുത്തി. ഇതു സംബന്ധിച്ച് തൃശ്ശൂര്‍ ജില്ലാ മെഡിക്കല്‍ ബോര്‍ഡ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് റിപ്പോര്‍ട്ടും നല്‍കി. യോഗത്തില്‍ മന്ത്രി മൊയ്തീനും ജില്ലാ കളക്ടര്‍ ഷാനവാസും ഉള്‍പ്പെടെയുള്ളവര്‍ മുഖാവരണം ധരിച്ചിരുന്നതായും ആവശ്യമായ മുന്‍കരുതല്‍ നടപടി സ്വീകരിച്ചിരുന്നതായും സാമൂഹിക അകലം പാലിച്ചിരുന്നതായും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനാല്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്ത, അപകടസാദ്ധ്യത കുറഞ്ഞ ദ്വിതീയ സമ്പര്‍ക്ക വിഭാഗത്തിലാണ് ഇവര്‍ പെടുക.
എന്നാല്‍ പ്രസ്തുത യോഗത്തില്‍ പങ്കെടുത്തവരെല്ലാം മുഴുവന്‍ സമയവും സര്‍ജിക്കല്‍ മാസ്ക് ധരിക്കണമെന്നും പൊതുപരിപാടികള്‍ ഒഴിവാക്കണമെന്നും അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിച്ചു. മേയ് 12 മുതല്‍ 26 വരെയുള്ള 14 ദിവസങ്ങളിലാണ് ഇതു ബാധകം. അനില്‍ അക്കരയെപ്പോലെ പ്രാഥമിക സമ്പര്‍ക്കത്തില്‍ വന്നവര്‍ ആരെങ്കിലും രോഗലക്ഷണങ്ങള്‍ പ്രകടമാക്കുകയോ പോസിറ്റീവ് ആവുകയോ ചെയ്താല്‍ ദ്വിതീയ സമ്പര്‍ക്കത്തിലുള്ളവര്‍ ഹോം ക്വാറന്റൈനില്‍ പോകണമെന്നും മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിച്ചു.
ഇതു മാത്രമല്ല, അനില്‍ അക്കരയ്ക്കൊപ്പം വാളയാറിലെ സമരരംഗത്തുണ്ടായിരുന്ന തൃശ്ശൂര്‍ എം.പിയായ ടി.എന്‍.പ്രതാപന്റെ പരിപാടികളും മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി. എം.പിയുടെ ഓഫീസില്‍ നടന്ന പരിപാടി, ജനറല്‍ ആശുപത്രിയില്‍ നടന്ന നഴ്സസ് ദിനാഘോഷ പരിപാടി എന്നിവയില്‍ പങ്കെടുത്തവര്‍ നിരീക്ഷണത്തില്‍ പോകുന്നതിനെക്കുറിച്ചും മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ചു. ഇതില്‍ പങ്കെടുത്തവരെല്ലാം കുറഞ്ഞ അപകട സാദ്ധ്യതയുള്ള ദ്വിതീയ സമ്പര്‍ക്കപ്പട്ടികയിലാണ് ഉള്‍പ്പെടുന്നതെന്ന് ബോര്‍ഡ് വ്യക്തമാക്കി.
ഈ കോവിഡ് കാലം അസത്യപ്രചരണങ്ങളുടെ പുഷ്കല കാലമായി മാറിയിരിക്കുന്നു. അതില്‍ ഏറ്റവും പുതിയതാണ് ഗുരുവായൂരില്‍ പ്രവാസികളുമായുള്ള സമ്പര്‍ക്കത്തിന്റെ പേരില്‍ മന്ത്രിക്കു നിയന്ത്രണമെന്നും അദ്ദേഹത്തിന്‍രെ നാണക്കേട് ഒഴിവാക്കാന്‍ ക്വാറന്റൈന്‍ എന്ന പദം ഒഴിവാക്കി എന്നതും. പക്ഷേ, സത്യത്തിന് ശക്തി കൂടുതലായതിനാല്‍ കളവിന്റെ ചാരം വകഞ്ഞുമാറ്റി അതു പ്രകാശിക്കുക തന്നെ ചെയ്യും.
👉 മെയ് 26 വരെ മന്ത്രി മൊയ്തിന് പൊതുപരിപാടികളില്‍ വിലക്ക് 😷
👉 മന്ത്രിയായതിനാല്‍ ക്വാറന്റൈന്‍ എന്ന പദം ഉപയോഗിച്ചില്ലെന്നു ചിലര്‍ക്ക് ആക്ഷേപം 😠👉 മന്ത്രിക്ക് നിയന്ത്രണം എങ്ങനെ വന്നുവെന്ന് അവര്‍ പറയില്ല 😇
👉 എം.എല്‍.എ. അനില്‍ അക്കരയോടൊപ്പം യോഗത്തില്‍ പങ്കെടുത്തതിനാണ് സര്‍ 🤣— V S Syamlal (@VSSyamlal) May 16, 2020