അവള്‍ പുണെ സിംബയോസിസ് സെന്റര്‍ ഫോര്‍ മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സില്‍ ബി.എ. വിദ്യാര്‍ത്ഥിനി. ഇപ്പോള്‍ തിരുവനന്തപുരം ഡോണ്‍ ബോസ്‌കോ വീട്ടില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നു.
ഏതാണ്ട് ഒന്നര മാസം മുമ്പാണ് അവള്‍ എന്നോട് ആദ്യമായി സംസാരിച്ചത്. മാധ്യമപ്രവര്‍ത്തകയാവാനുള്ള പഠനം സംബന്ധിച്ച ചില സംശയങ്ങള്‍ ദൂരീകരിക്കാന്‍, അമ്മയുടെ നിര്‍ദ്ദേശപ്രകാരം.
ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് അവള്‍ എന്നെ വീണ്ടും വിളിച്ചു. മ്യൂസിയം ഓഡിറ്റോറിയത്തില്‍ സുഹൃത്തുക്കളുമൊത്ത് ഒരു ഫോട്ടോപ്രദര്‍ശനം സംഘടിപ്പിക്കുന്നു. കാണാന്‍ ചെല്ലണം എന്നാവശ്യം.
ചെറിയൊരു യാത്രയിലായിരുന്നു. അതിനാല്‍ത്തന്നെ പ്രദര്‍ശനം അവസാനിക്കുന്ന ദിവസമാണ് അതു കാണാനെത്തിയത്. ചെന്നു കയറിയപാടെ അവളെ കണ്ടു. ആദ്യമായാണ് ഞാനവളെ നേരില്‍ കാണുന്നത്. ഒരു മിടുക്കിക്കുട്ടി.
ഇനി ‘അവളും’ ഞാനുമായുള്ള ബന്ധം പറയാം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ സമകാലികയായിരുന്ന ഒരു സുഹൃത്തിന്റെ മകളാണ്. ധാരാളം ആരാധകരുണ്ടായിരുന്ന ഒരു ‘കോളേജ് ബ്യൂട്ടി’യുടെ മകള്‍. അമ്മയുടെ പേര് ബിജി കരുണ. മകളുടെ പേര് അഭിരാമി ബിജി സുനില്‍ എന്ന ആമിക്കുട്ടി.
ആമിക്കുട്ടിയെ കണ്ടത് എന്നില്‍ ചെറിയൊരു മാറ്റമുണ്ടാക്കി. മാനസികമായെങ്കിലും 30കളുടെ തുടക്കത്തിലുള്ള ചെറുപ്പക്കാരന്‍ എന്ന ഭാവത്തില്‍ നടക്കുന്ന ഞാന്‍ പെട്ടെന്ന് ഒരു നിമിഷം കൊണ്ട് 42കാരനായി മാറി. അസുരഗുരു ശുക്രാചാര്യരുടെ ശാപം നിമിത്തം നിമിഷാര്‍ദ്ധത്തില്‍ വാര്‍ദ്ധക്യം ബാധിച്ച യയാതിയെപ്പോലെ. കൗമാരക്കാരിയുടെ രക്ഷാകര്‍ത്താവ് എന്ന ഒരു ഉത്തരവാദിത്വബോധം. രണ്ടു വയസ്സുകാരനായ കണ്ണന്റെ അച്ഛന്‍ കളിച്ചു നടക്കുമ്പോള്‍ അത്രയ്ക്ക് ഉത്തരവാദിത്വം വേണ്ട!
360 ഡിഗ്രി എന്നായിരുന്നു ചിത്രപ്രദര്‍ശനത്തിന്റെ പേര്. ഫൊട്ടോഗ്രഫി അഥവാ പടം പിടിത്തത്തെ പ്രണയിക്കുന്ന 8 കൗമാരക്കാരുടെ 84 സൃഷ്ടികളാണ് പ്രദര്‍ശനത്തിലുണ്ടായിരുന്നത്. എല്ലാവരും ഉപയോഗിച്ചിരിക്കുന്നത് 600 ഡി സിരീസ് ക്യാമറ. പരസ്പരം ഒരു ബന്ധവുമില്ലാത്ത ഈ കുട്ടികളെ ഒരു കുടക്കീഴിലാക്കിയതും ഫൊട്ടോഗ്രഫി തന്നെ. ഇപ്പോള്‍ മറ്റു പലതിലുമെന്നതു പോലെ ഫേസ്ബുക്കിലാണ് ഈ കൂട്ടിന്റെയും തുടക്കം. പരസ്പരം ബന്ധമുള്ള സുഹൃത്തുക്കള്‍ മുഖേന ഇവര്‍ ഒത്തുചേര്‍ന്നു. ആദ്യമുണ്ടായിരുന്നത് അഞ്ചു പേര്‍ ഇപ്പോഴത് എട്ടായി.
നമ്മുടെ ആമിക്കുട്ടിക്കു പുറമെ മറ്റൊരു അഭിരാമി കൂടിയുണ്ട്. പത്താം ക്ലാസ്സില്‍ പഠിക്കുന്ന അവളാണ് ഈ സംഘത്തിലെ വെടിമരുന്ന് -അഭിരാമി വി.അയ്യര്‍. അയ്യര്‍വാള്‍ പെണ്‍കൊടിയുടെ ഒരു ഫോട്ടോയുടെ ഫ്രെയിം കമ്പോസിഷന്‍ കണ്ട് ഞാന്‍ അമ്പരന്നുനിന്നു. കുടജാദ്രി മലയിലേക്ക് അച്ഛന്റെയും അമ്മയുടെയും കൈപിടിച്ച് കയറിപ്പോകുന്ന കുരുന്നിന്റെ ലോ ആംഗിള്‍ ചിത്രം. ആകാശത്തിനു വെള്ള. ബാക്കിയെല്ലാം കറുത്ത നിഴല്‍. നിറങ്ങള്‍ ചാലിച്ച മറ്റ് 83 ചിത്രങ്ങളെക്കാള്‍ നിറമില്ലാത്ത ഈ ചിത്രം മികച്ചുനിന്നു. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമല്ല, കളര്‍ ചിത്രത്തെ ഇരുനിറത്തിലേക്കു ചുരുക്കിയ വൈഭവം.
ഗൗതം രവീന്ദ്രന്‍, അഖില്‍ വിനായക്, അക്ഷയ് ഗിനി, മീനാക്ഷി അനില്‍കുമാര്‍, ധനുഷ് നായര്‍, അരുണ്‍ ജോര്‍ജ്ജ് എന്നിവര്‍ കൂടിയായാല്‍ ഈ കൂട്ട് പൂര്‍ണ്ണമായി. ക്യാമറക്കണ്ണ് പ്രകൃതിയിലേക്കു തിരിച്ചുവെയ്ക്കാനാണ് കൂടുതല്‍ പേര്‍ക്കും താല്പര്യം. കുട്ടിക്കാലം ദുബായില്‍ ചെലവിട്ടതിനാലാവാം നമ്മുടെ ആമിക്കുട്ടിക്കു താല്പര്യം വമ്പന്‍ കെട്ടിടങ്ങളോടും കടല്‍ത്തീരങ്ങളോടുമൊക്കെയാണ്. ഐഫല്‍ ഗോപുരവും, സ്വിറ്റ്‌സര്‍ലന്‍ഡിലെ മലനിരകളും, കടല്‍ത്തീരത്തെ കാല്പാടുകളുമൊക്കെ അവള്‍ പകര്‍ത്തിവെച്ചിരിക്കുന്നു. ചിത്രം കണ്ടപ്പോള്‍ ദരിദ്രനാരായണനായ എന്റെ വായില്‍ വന്ന കമന്റ് ഒട്ടും സങ്കോചമില്ലാതെ ആമിക്കുട്ടിയോടു പറഞ്ഞു -‘മോള് അവിടെപ്പോയി പടം പിടിച്ചു. എനിക്ക് ആ പടം ഇവിടെ നിന്നു കാണാനുള്ള ഗതിയേയുള്ളൂ.’
നിയമവിദ്യാര്‍ത്ഥിയായ ഗൗതം രവീന്ദ്രനാണ് ഈ ചിത്രപ്രദര്‍ശനത്തിന് മുന്‍കൈയെടുത്തത്. മറ്റു പ്രായോജകരൊന്നുമില്ലാത്തതിനാല്‍ കുട്ടികളുടെ പോക്കറ്റ് മണി തന്നെയാണ് ചിത്രപ്രദര്‍ശനത്തിന്റെ നിക്ഷേപം. രണ്ടു വര്‍ഷം മുമ്പ് ഇവര്‍ ഒരു പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു അതിനു ശേഷം എടുത്ത ചിത്രങ്ങളാണ് ഇത്തവണ പ്രദര്‍ശിപ്പിച്ചത്. സാമ്പത്തികപ്രശ്‌നങ്ങളുണ്ടെങ്കിലും കുട്ടികള്‍ നിര്‍ത്താന്‍ ഭാവമില്ല. ഓണത്തിന് അടുത്ത പ്രദര്‍ശനത്തിനുള്ള തയ്യാറെടുപ്പ് ഇപ്പോഴേ അവര്‍ തുടങ്ങിക്കഴിഞ്ഞു.
പ്രദര്‍ശനത്തിലെ ചിത്രങ്ങളുടെ വില്പനയുമുണ്ടായിരുന്നു. ലാഭം പടംപിടിത്തക്കാര്‍ക്കല്ല, റീജ്യണല്‍ ക്യാന്‍സര്‍ സെന്ററിനാണ്. തങ്ങളാല്‍ കഴിയുന്ന വിധം കുട്ടികളുടെ ജീവകാരുണ്യ പ്രവര്‍ത്തനം. തീര്‍ച്ചയായും അവര്‍ ബഹുമാനം അര്‍ഹിക്കുന്നു.
THEY ARE PASSIONATE PHOTOGRAPHERS.
A LITTLE BIT OF NURTURING NEEDED.
THEN THEY BECOME PROFESSIONAL PHOTOGRAPHERS.
PASSION TO PROFESSION IS INDEED AN OPTION.
നല്ല ലേഖനം… നന്മയുള്ള സാധാരണ കൌമാരക്കാരുടെ കഥ… അമാനുഷികതയോന്നും ഇല്ലാത്ത ഇത്തരം കഥകൾക്കു ലഭിക്കുന്ന തണുപ്പൻ പ്രതികരണമാണ് മാധ്യമ സംസ്കാരത്തെ മറ്റൊരു ദിശയിലേക്കു വലിച്ചിഴക്കുന്നത് എന്ന് കരുതിയാൽ തെറ്റുണ്ടോ?