അപർണ ഗൗരിയെക്കുറിച്ചുള്ള വാർത്ത പരതുകയായിരുന്നു. വാരിയെല്ല് തകർന്ന് മേപ്പാടി വിംസ് മെഡിക്കൽ കോളേജ് ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ആ പെൺകുട്ടി ഇപ്പോൾ. നടന്നു പോകുമ്പോൾ പഴത്തൊലിയിൽ ചവിട്ടി വീണല്ല അപർണ എന്ന വിദ്യാർത്ഥിനിയുടെ വാരിയെല്ലൊടിഞ്ഞത്, ചിലർ തല്ലിയൊടിച്ചതാണ്!!
അങ്ങനെ വരുമ്പോൾ അതു വലിയ വാർത്തയാവേണ്ടതല്ലേ? ചർച്ചയാവേണ്ടതല്ലേ? പക്ഷേ, ഭൂതക്കണ്ണാടി വെച്ചു നോക്കിയിട്ടും മാധ്യമങ്ങളിലൊന്നും അതു കണ്ടില്ല! അതെന്താ അങ്ങനെ?
കാരണം ഇത്രേയുള്ളൂ – തമസ്കരിക്കപ്പെടേണ്ട വിഭാഗത്തിൽപ്പെട്ടയാളാണ് അപർണ! ആക്രമിക്കപ്പെടേണ്ട വിഭാഗത്തിൽപ്പെട്ടയാളാണ് അപർണ!! അവൾ കെ.എസ്.യു. അല്ല. അവൾ എ.ബി.വി.പി. അല്ല. അവൾ എം.എസ്.എഫുമല്ല. അതിനാൽ അവൾ തല്ലുകൊണ്ട് ഗുരുതരാവസ്ഥയിലായാൽ ഞങ്ങൾക്ക് വാർത്തയാകില്ല!!!
അപർണ എസ്.എഫ്.ഐക്കാരിയാണ്. ആ സംഘടനയുടെ വയനാട് ജില്ലാ വൈസ് പ്രസിഡന്റാണ്. മേപ്പാടി പോളിടെക്നിക്കിൽ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനു നേതൃത്വം കൊടുക്കുമ്പോഴാണ് അവൾ അതിക്രൂരമായി ആക്രമിക്കപ്പെട്ടത്. മേപ്പാടി പോളിയിൽ എസ്.എഫ്.ഐയെ നേരിടാൻ മറ്റെല്ലാരും ചേർന്ന് പാലൂട്ടി വളർത്തുന്ന ട്രാബിയൊക്ക് എന്ന അവിയൽ സംഘടനയാണ് അക്രമത്തിനു പിന്നിൽ. മയക്കുമരുന്ന് ഉപയോഗവും വിപണനവും പതിവാക്കിയവരാണ് ഈ സംഘടനയെ നിയന്ത്രിക്കുന്നത് എന്നാണ് വിവരം. അതിനാലാണല്ലോ ഒരു പെൺകുട്ടിയെപ്പോലും തല്ലിച്ചതച്ച് വാരിയെല്ലു തകർക്കാൻ അവർ മടിക്കാതിരുന്നത്. സ്വബോധമുള്ള ആരെങ്കിലും ചെയ്യുന്നതാണോ ഇത്?
പ്രത്യേകിച്ചു സംഘർഷമൊന്നും ഇല്ലാതെയാണ് ആ പെൺകുട്ടിയെ അവർ ആക്രമിച്ചു പരുക്കേല്പിച്ചത്. മുപ്പതു പേർ ചേർന്ന് ഒരു പെൺകുട്ടിയെ ആക്രമിച്ചു. ഒന്നും രണ്ടും പറഞ്ഞ് ഒരടി കൊടുത്തതല്ല, അതിക്രൂരമായി മർദ്ദിച്ചു. മുടിക്കു കുത്തിപ്പിടിച്ച് മതിലിനോട് ചേർത്തുവച്ച് ഇടിച്ചു, ചവിട്ടി. ജീവച്ഛവമായി മാറിയ ആ കുട്ടിയെ സുഹൃത്തുക്കൾ ഓടിയെത്തി ഉടൻ ആശുപത്രിയിൽ എത്തിച്ചതുകൊണ്ട് ഇപ്പോൾ ജീവനുണ്ട്.
അപർണ മറ്റേതെങ്കിലും സംഘടനയിൽപെട്ടവൾ ആയിരുന്നെങ്കിലോ? എസ്.എഫ്.ഐ. ആയിരുന്നു പ്രതിസ്ഥാനത്തെങ്കിലോ? മേപ്പാടി മെഡിക്കൽ കോളേജിൽ നിന്ന് തുടർച്ചയായി ലൈവ്. സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂര അതിക്രമത്തെപ്പറ്റി മണിക്കൂറിടവിട്ട് ചർച്ച. സേവ് എജുക്കേഷൻ കാമ്പയിൻ കമ്മിറ്റിയുടെ പരാതിപ്രകാരം ഗവർണറുടെ ഇടപെടൽ. അതും വലിയ വാർത്ത, ചർച്ച. മുഖ്യമന്ത്രി രാജിവെക്കണം, സർക്കാരിനെ കേന്ദ്രം പിരിച്ചുവിടണം – രാഷ്ട്രീയ നിരീക്ഷകന്മാരുടെ ശക്തമായ നിരീക്ഷണം!!
ഇതിലെന്തെങ്കിലും നിങ്ങളാരെങ്കിലും കണ്ടോ? അപർണയ്ക്ക് ഇപ്പോൾ എങ്ങനെയുണ്ട്, നില മെച്ചപ്പെട്ടോ എന്നൊക്കെ നമുക്കറിയണ്ടേ? ആരും നമ്മളെ അറിയിക്കില്ല. മാധ്യമ മുതലാളിക്കു താല്പര്യമുള്ളതു മാത്രമാണ് വാർത്ത! അപർണമാർ അവരുടെ താല്പര്യത്തിൽ പെടുന്നില്ല!!
എന്നിട്ടും ഞാനെന്നെ അഭിമാനപൂർവ്വം വിളിക്കുന്നു – നിച്‌പച്ച മാധ്യമപ്രവർത്തകൻ!! ത്ഫൂ…
അപർണ മിടുക്കിയായി തിരിച്ചുവരും, പോരാട്ടങ്ങൾ തുടരുകതന്നെ ചെയ്യും.