HomeLIFEശബരിമല അയ്യപ്...

ശബരിമല അയ്യപ്പനും ചന്ദ്രാനന്ദനും

-

Reading Time: 2 minutes

കഴിഞ്ഞ ദിവസം ശബരിമലയില്‍ ദര്‍ശനത്തിനു പോയി. വലിയ തിരക്കാണെന്നും മണിക്കൂറുകളോളം വരി നില്‍ക്കണമെന്നുമായിരുന്നു ലഭിച്ച വിവരം. മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള ‘ദുഃസ്വാതന്ത്ര്യം’ പ്രയോജനപ്പെടുത്തി പ്രത്യേക പാസ് സംഘടിപ്പിച്ചു. ‘ടിയാനും ഒപ്പമുള്ള രണ്ടു പേര്‍ക്കും ചന്ദ്രാനന്ദന്‍ റോഡ് വഴി കടന്നു പോകാനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്ന് താല്പര്യപ്പെടുന്നു’ എന്നാണ് പാസിലെ കുറിപ്പ്.

1
ചന്ദ്രാനന്ദന്‍ റോഡിലൂടെ പോകാന്‍ പാസുണ്ടായിരുന്നെങ്കിലും മല കയറാന്‍ ആ വഴി ഞങ്ങള്‍ തിരഞ്ഞെടുത്തില്ല. നീലിമലയും കരിമലയും കയറി അപ്പാച്ചിമേടും ശരംകുത്തിയും മരക്കൂട്ടവും താണ്ടിത്തന്നെ സന്നിധാനത്തെത്തി

ആരാണ് ഈ ചന്ദ്രാനന്ദന്‍? 
ശബരിമലയില്‍ ഓരോ വര്‍ഷവും വന്നു ചേരുന്ന കോടിക്കണക്കിന് തീര്‍ത്ഥാടകരില്‍ ബഹുഭൂരിപക്ഷത്തിനും ഈ ചോദ്യത്തിനുള്ള ഉത്തരമറിയില്ല. 
ഏതെങ്കിലും പുരാണ കഥാപാത്രമാണോ? 
അതോ, പന്തളത്തെ പഴയ രാജാക്കന്മാരില്‍ ആരെങ്കിലുമോ? 
ഇതിനുമപ്പുറം ശബരിമല അയ്യപ്പന്റെ ഏറ്റവും വലിയ ഭക്തരില്‍ ആരെങ്കിലുമാണോ?
ഇതൊന്നുമല്ല അദ്ദേഹം. ചന്ദ്രാനന്ദന്‍ ഒരു കമ്മ്യൂണിസ്റ്റ് നേതാവാണ്. ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ പേരില്‍ ക്ഷേത്രത്തിലേക്കുള്ള വഴിയോ എന്ന് അത്ഭുതം തോന്നാം. സംഗതി സത്യമാണ്.

ചന്ദ്രാനന്ദന്‍ റോഡ്‌
ചന്ദ്രാനന്ദന്‍ റോഡ്‌

1967ല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭരണസാരഥ്യം വഹിക്കുമ്പോഴാണ് പി.കെ.ചന്ദ്രാനന്ദന്‍ എന്ന സി.പി.ഐ.-എം. നേതാവ് പുതിയൊരു പാത വിഭാവനം ചെയ്ത് നടപ്പാക്കിയത്. പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള പരമ്പരാഗത പാതയ്ക്കു സമാന്തരമായി മറ്റൊരു പാതയായിരുന്നു ലക്ഷ്യം. താന്‍ തീരുമാനിച്ച കാര്യങ്ങള്‍ നടപ്പാക്കാനുള്ള ഇച്ഛാശക്തി ആ മനുഷ്യനുണ്ടായിരുന്നു. തന്റെ ലക്ഷ്യത്തിലെത്താന്‍ ഏതറ്റം വരെയും പോകാന്‍ പി.കെ.സി. തയ്യാറായി. അതിനായി വനം വകുപ്പിനോടും കോടതിയോടുമെല്ലാം അദ്ദേഹം ഏറ്റു.

പുതിയ പാത വെട്ടാന്‍ ദേവസ്വം ബോര്‍ഡ് ജീവനക്കര്‍ക്കു പുറമെ ആലപ്പുഴയില്‍ നിന്ന് സ്വന്തം ആള്‍ക്കാരെ പി.കെ.സി. രംഗത്തിറക്കി. ദേവസ്വം ബോര്‍ഡ് ഭരണസാരഥി എന്ന നിലയിലുള്ള പ്രതിഫലവും മറ്റ് അലവന്‍സുകളും ഈ ജോലിക്കായി അദ്ദേഹം വിനിയോഗിച്ചു. ഒടുവില്‍ പാത യാഥാര്‍ത്ഥ്യമായതോടെ ശബരിമലയിലേക്കുള്ള തിരക്ക് നിയന്ത്രിക്കാന്‍ അത് വലിയൊരളവു വരെ പ്രയോജനപ്പെട്ടു.

ചന്ദ്രാനന്ദന്‍ ജീവിച്ചിരിക്കുന്ന കാലത്തു തന്നെ പുതിയ പാത ‘ചന്ദ്രാനന്ദന്‍ റോഡ്’ എന്ന് അറിയപ്പെട്ടു. ഇപ്പോള്‍ ആ പേര് മാറ്റാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നുണ്ട്. ഒരു ആരാധനാലയവുമായി ബന്ധപ്പെടുത്തി കമ്മ്യൂണിസ്റ്റ് നേതാവിന്റെ പേര് നിലനില്‍ക്കുന്നതിലുള്ള എതിര്‍പ്പാവാം കാരണം. ‘സ്വാമി അയ്യപ്പന്‍ റോഡ്’ എന്ന് ചിലരൊക്കെ പറയുന്നുണ്ടെങ്കിലും ജനത്തിനു താല്പര്യം ചന്ദ്രാനന്ദന്‍ റോഡ് എന്നു പറയാന്‍ തന്നെയാണ്, ചന്ദ്രാനന്ദനെ അറിയില്ലെങ്കിലും!

5
സഖാവ് പി.കെ.ചന്ദ്രാനന്ദന്‍

ഒരു പാസിലെ കുറിപ്പാണ് പി.കെ.സിയെ അനുസ്മരിക്കാന്‍ ഇപ്പോള്‍ കാരണമായതെങ്കിലും അദ്ദേഹം അതിലേറെ ആദരം അര്‍ഹിക്കുന്നുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സാരഥികളായിരുന്ന രാഷ്ട്രീയക്കാരില്‍ അഴിമതി ആരോപണത്തിന്റെ കരിനിഴല്‍ ഏഴയലത്തുപോലും പടരാതെ പടിയിറങ്ങിയ അപൂര്‍വ്വം പേരിലൊരാളാണദ്ദേഹം.

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights