Reading Time: 4 minutes

സുഹൃത്തും സഹപാഠിയുമായ ഹരികൃഷ്ണന്‍ ഏറെക്കാലമായി ഗുജറാത്തിലെ അഹമ്മദാബാദിലാണ് താമസം. കോളേജ് പഠനകാലം കഴിഞ്ഞയുടനെ ജോലി കിട്ടി അങ്ങോട്ടു പോയി. മലയാളിയെങ്കിലും അഹമ്മദാബാദില്‍ ജനിച്ചുവളര്‍ന്ന റീനയെ വിവാഹം കഴിച്ചു. അവര്‍ക്കൊരു മകന്‍, ആനന്ദ് കൃഷ്.

ഇടയ്ക്ക് ഹരി വിളിക്കാറുണ്ട്, കേരളത്തിലെയും ഗുജറാത്തിലെയും രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍. കഴിഞ്ഞ ദിവസം അവന്‍ വിളിച്ചപ്പോഴും രാഷ്ട്രീയമാവും വിഷയമെന്നാണ് കരുതിയത്. എന്നാല്‍, അവന്റെ ശബ്ദത്തില്‍ വലിയ സന്തോഷം -‘എടേയ്, ആനന്ദിന്റെ റിസള്‍ട്ട് വന്നു. എല്ലാ വിഷയത്തിലും എ പ്ലസ് ഉണ്ട്.’ അവന്റെ സന്തോഷത്തില്‍ ഞാനും പങ്കുചേര്‍ന്നു. എങ്കിലും പറഞ്ഞു -‘നിനക്ക് പത്താം ക്ലാസില്‍ ഡിസ്റ്റിങ്ഷന്‍. നിന്റെ മകന് എല്ലാത്തിലും എ പ്ലസ്. പക്ഷേ, ഇപ്പോഴത്തെ എ പ്ലസിന് പഴയ ഡിസ്റ്റിങ്ഷന്റെ വിലയില്ല. ഇവിടെ എസ്.എസ്.എല്‍.സി. ഫലം വന്നിട്ട് അധികമായിട്ടില്ല. നാടു നീളെ ഫുള്‍ എ പ്ലസ് കുട്ടികളുടെ ഫ്‌ളക്‌സുകളാ. പത്രത്തിന്റെ ലോക്കല്‍ പേജ് മുഴുവന്‍ എ പ്ലസ് കുട്ടികളുടെ തലപ്പടങ്ങള്‍.’

പക്ഷേ, ഹരി വിടാന്‍ ഭാവമില്ല -‘എടേയ് ഇവിടെ ഫുള്‍ എ പ്ലസ് എന്നാല്‍ ഐ.എ.എസ്. കിട്ടുമ്പോലെയാണ്. ഇവിടെ പിള്ളേര്‍ ജയിക്കുന്നതു തന്നെ വലിയ കാര്യമാണ്. എന്നിട്ടല്ലേ എ പ്ലസ്! എന്തായാലും ഞങ്ങളുടെ സൊസൈറ്റിയില്‍ വലിയ ആഘോഷമാണ്. ഈ വിജയം അപൂര്‍വ്വമാണെന്നാണ് അയല്‍ക്കാര്‍ എല്ലാവരും പറയുന്നത്.’ എ പ്ലസ് കിട്ടുന്നത് ഇത്രയും വലിയ ആഘോഷത്തിനു കാരണമാകുന്നുവെങ്കില്‍ അതിനു കാരണം അധികമാര്‍ക്കും അതു കിട്ടുന്നില്ല എന്നല്ലേ? ഒരു അന്വേഷണത്തിനു വകുപ്പുണ്ടല്ലോ. അന്വേഷിച്ചു; കണ്ടെത്തുകയും ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനമാണ് ഗുജറാത്ത്. വികസനക്കാര്യത്തില്‍ മറ്റുള്ളവര്‍ക്ക് മാതൃകയാണ് ഗുജറാത്തെന്നാണ് അവകാശവാദം. അധികമാരും തര്‍ക്കിക്കാന്‍ നില്‍ക്കാറില്ല. തര്‍ക്കിക്കാനോ സംശയങ്ങള്‍ ചോദിക്കാനോ മോദിജിയുടെ പാര്‍ട്ടിക്കാരും ഭക്തരും സമ്മതിക്കാറില്ല എന്നും പറയാം.

പക്ഷേ, വികസനത്തിന്റെ ചില സൂചികകള്‍ ഇടയ്ക്ക് ഗുജറാത്തില്‍ നിന്ന് ചോര്‍ന്നു പുറത്തുവരും. അപ്പോഴാണ് അന്നാട്ടിലെ യഥാര്‍ത്ഥ ജീവിതചിത്രം നമുക്ക് മനസ്സിലാവുക. അത്തരമൊരു സൂചിക കഴിഞ്ഞ ദിവസം ഗുജറാത്തില്‍ നിന്നു പുറത്തേക്കു വന്നു. സ്‌കൂളുകളിലെ പത്താം ക്ലാസ് പരീക്ഷാഫലം. അവിടെയുള്ള 63 സ്‌കൂളുകള്‍ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ പിടിച്ചുപറ്റി. എന്തിനെന്നല്ലേ? ഈ 63 സ്‌കൂളുകളിലും പരീക്ഷയെഴുതിയ ഒരു വിദ്യാര്‍ത്ഥി പോലും പത്താം തരം പാസായില്ല!! വികസനം കൂടിപ്പോയതിന്റെ ഫലം!!!

ഈ മാര്‍ച്ചില്‍ ഗുജറാത്ത് സെക്കന്‍ഡറി ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി എജുക്കേഷന്‍ ബോര്‍ഡ് നടത്തിയ സെക്കന്‍ഡറി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് പരീക്ഷ 8,22,823 വിദ്യാര്‍ത്ഥികളാണ് എഴുതിയത്. ഇതില്‍ പാസായത് 5,51,023 പേര്‍ മാത്രം. 2,71,800 പേര്‍ പത്താം തരം പരീക്ഷ തോറ്റുവെന്നര്‍ത്ഥം. 66.97 ശതമാനം വിജയം. കഴിഞ്ഞ വര്‍ഷം സ്ഥിതി അല്പം കൂടി ഭേദമായിരുന്നു. 67.5 ശതമാനം വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ വര്‍ഷം പത്താം ക്ലാസ് വിജയിച്ചിരുന്നു.

63 സ്‌കൂളുകള്‍ 0 ശതമാനം വിജയം രേഖപ്പെടുത്തിയപ്പോള്‍ മറുഭാഗത്ത് 100 ശതമാനം വിജയം രേഖപ്പെടുത്തിയവരുമുണ്ട് -366 സ്‌കൂളുകള്‍. പക്ഷേ, 63 എണ്ണത്തിലെ കൂട്ടത്തോല്‍വിയുടെ ഇരുള്‍ മാറ്റാന്‍ ഈ 366 സ്‌കൂളുകളും ചേര്‍ന്നു നിന്നാലും സാധിക്കാത്ത അവസ്ഥയാണ്. വിജയത്തിന്റെ കാര്യത്തില്‍ പെണ്‍കുട്ടികളാണ് മുന്നില്‍ -72.64 ശതമാനം. ആണ്‍കുട്ടികളില്‍ നിന്ന് 62.83 ശതമാനം പേരേ വിജയിച്ചുള്ളൂ. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ക്കാണ് ഏറ്റവും ഉയര്‍ന്ന വിജയശതമാനം -88.11. ഹിന്ദി മീഡിയം സ്‌കൂളുകള്‍ 72.66 ശതമാനം വിജയം നേടിയപ്പോള്‍ ഗുജറാത്തി മീഡിയത്തിന് 64.58 ശതമാനം മാത്രം.

വ്യാവസായികവും വാണിജ്യപരവുമായ കൃത്യമായ കണക്കുകൂട്ടലിന് ആഗോളതലത്തില്‍ തന്നെ പ്രശസ്തരാണ് ഗുജറാത്തികള്‍. പക്ഷേ, പത്താം ക്ലാസ് പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ ഗുജറാത്തികള്‍ തോറ്റത് ശാസ്ത്രത്തിലും കണക്കിലുമാണ്. ശാസ്ത്രത്തില്‍ 32 ശതമാനവും കണക്കില്‍ 31 ശതമാനവും കുട്ടികള്‍ തോറ്റു. 8.23 ലക്ഷം കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ 2.61 ലക്ഷം പേര്‍ ശാസ്ത്ര സാങ്കേതിക വിഷയങ്ങളിലും 2.49 ലക്ഷം പേര്‍ കണക്കിലും തോറ്റു.

രാജ്യത്ത് വിദ്യാഭ്യാസ അവകാശ നിയമം പ്രാബല്യത്തിലായിട്ട് ഇത് എട്ടാം വര്‍ഷമാണെങ്കിലും ഗുജറാത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഏറ്റവും അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭ്യമല്ല. 2018 സെപ്റ്റംബര്‍ 19ന് ഗുജറാത്ത് നിയമസഭയുടെ മേശപ്പുറത്ത് വെച്ച കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. ഇതിന്റെ പേരില്‍ സി.എ.ജി. ഗുജറാത്ത് സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചിട്ടുമുണ്ട്.

വിദ്യാഭാസ അവകാശ നിയമം എത്രമാത്രം ഫലപ്രദമായി നടപ്പാക്കുന്നുണ്ട് എന്നതു സംബന്ധിച്ച ഒരു പരിശോധനയും ഗുജറാത്തില്‍ നടക്കുന്നില്ലെന്നാണ് സി.എ.ജി. കണ്ടെത്തിയിട്ടുള്ളത്. ബ്ലോക്ക് റിസോഴ്‌സ് സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍മാരും ക്ലസ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍മാരും സ്‌കൂളുകളില്‍ നടത്തേണ്ട നിശ്ചിത പരിശോധനകള്‍ നടത്തിയിട്ടില്ല. 2013നും 2018നുമിടയില്‍ 20 യോഗങ്ങള്‍ ചേരേണ്ട സംസ്ഥാനതല ഉപദേശകസമിതി ചേര്‍ന്നത് വെറും 3 തവണ മാത്രം.

നിശ്ചയിക്കപ്പെട്ടിട്ടുള്ള അദ്ധ്യാപക-വിദ്യാര്‍ത്ഥി അനുപാതം പ്രാവര്‍ത്തികമാക്കുന്നതിലും ഗുജറാത്ത് ദയനീയമായി പരാജയപ്പെട്ടു. 10,531 പ്രൈമറി സ്‌കൂളുകളില്‍ 1,156 എണ്ണവും 22,234 അപ്പര്‍ പ്രൈമറി സ്‌കൂളുകളില്‍ 3,098 എണ്ണവും നിശ്ചിത അദ്ധ്യാപക-വിദ്യാര്‍ത്ഥി അനുപാതം ഇല്ലാത്തവയാണ്. മാത്രമല്ല, പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ പ്രവേശനം നല്‍കാത്ത സാഹചര്യവും ഗുജറാത്തില്‍ നിലനില്‍ക്കുന്നു. 2016-17 അദ്ധ്യയനവര്‍ഷത്തില്‍ സുരേന്ദ്രനഗര്‍ ജില്ലയില്‍ മാത്രം യോഗ്യരായ 359 കുട്ടികള്‍ക്ക് പിന്നാക്കക്കാരാണെന്ന കാരണത്താല്‍ സ്‌കൂളുകളില്‍ ജാതി മേലാളന്മാര്‍ പ്രവേശനം നിഷേധിച്ചുവെന്ന് സി.എ.ജി. റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഗുജറാത്തി ഗ്രാമങ്ങളിലെ 22.1 ശതമാനം പെണ്‍കുട്ടികള്‍ സ്‌കൂളിന്റെ പടി പോലും ചവിട്ടാന്‍ ഭാഗ്യമില്ലാത്തവരാണ്. വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്നുവെന്ന് പൊതുവെ വിലയിരുത്തപ്പെടുന്ന ഉത്തര്‍പ്രദേശ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളെക്കാളും മോശപ്പെട്ട അവസ്ഥയാണിത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കാന്‍ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന വേളയില്‍ 2004ല്‍ കന്യ കളവാണി മഹോത്സവം എന്നൊരു പദ്ധതിക്ക് ഗുജറാത്ത് സര്‍ക്കാര്‍ തുടക്കമിട്ടിരുന്നുവെങ്കിലും അതൊക്കെ വെറും പൊങ്ങച്ചം മാത്രമായി അവശേഷിക്കുന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഗുജറാത്തി ഗ്രാമങ്ങളിലെ ആറിനും 17നുമിടയില്‍ പ്രായമുള്ള പെണ്‍കുട്ടികളില്‍ 77.9 ശതമാനം മാത്രമാണ് സ്‌കൂളില്‍ പോകുന്നത്. ബിഹാറില്‍ 82.3 ശതമാനവും ഉത്തര്‍പ്രദേശില്‍ 78.5 ശതമാനവും ഗ്രാമീണ പെണ്‍കൊടികള്‍ സ്‌കൂളില്‍ പോകുന്നുണ്ട്. ഗുജറാത്ത് അവസാന സ്ഥാനത്ത് വന്ന ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്താരെന്ന് പറയേണ്ട കാര്യമില്ലല്ലോ. 97.7 ശതമാനം ഗ്രാമീണ പെണ്‍കൊടികളെയും സ്‌കൂളുകളിലെത്തിക്കുന്ന കേരളം!

നഗരപ്രദേശങ്ങളില്‍ സ്‌കൂളില്‍ പോകുന്ന പെണ്‍കുട്ടികളുടെ കാര്യത്തിലും കേരളം ഒന്നാമത് തന്നെയാണ് -97 ശതമാനം. ഇക്കാര്യത്തില്‍ ഗുജറാത്ത് അവസാന സ്ഥാനത്തല്ല, അതിനു തൊട്ടു മുകളിലാണ് -82.2 ശതമാനം. നഗരവാസികളായ 77.3 ശതമാനം പെണ്‍കുട്ടികള്‍ മാത്രം സ്‌കൂളിലെത്തുന്ന അസമാണ് ഈ പട്ടികയില്‍ അവസാന സ്ഥാനത്ത്. ഇക്കാര്യത്തിലും ബിഹാര്‍ -85.2 ശതമാനം, ഉത്തര്‍പ്രദേശ് -83.2 ശതമാനം എന്നിവ ഗുജറാത്തിനു മുകളില്‍ തന്നെയാണ്.

വികസനത്തിന്റെ ഗുജറാത്ത് മാതൃക കേരളത്തിലും പകര്‍ത്തണമെന്ന് മുറവിളി കൂട്ടുന്നവര്‍ ഇതൊക്കെ കാണുന്നുണ്ടോ എന്നറിയില്ല. കൊട്ടിഗ്‌ഘോഷിക്കപ്പെടുന്ന ഗുജറാത്ത് മോഡല്‍ എത്രമാത്രം പൊള്ളയാണെന്ന് ഇത്തരം വിവരങ്ങള്‍ തെളിയിക്കുന്നു. പരീക്ഷയില്‍ കുട്ടികളെ ഉന്തിത്തള്ളി ജയിപ്പിക്കാനാവില്ലല്ലോ!! വികസനത്തിന്റെ ആദ്യപടി നല്ല വിദ്യാഭ്യാസമുള്ള യുവതലമുറയാണെന്ന് ഇക്കൂട്ടര്‍ക്ക് ആരെങ്കിലും പറഞ്ഞുകൊടുക്കുമോ?

Previous articleപോള്‍, പോള്‍… എക്‌സിറ്റ് പോള്‍
Next articleനമ്മള്‍ വിജയിപ്പിച്ചവരില്‍ 233 ക്രിമിനലുകള്‍
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

COMMENTS