മാതൃഭൂമിയുമായി ഒരു വ്യാഴവട്ടത്തിലേറെക്കാലം നീണ്ടുനിന്ന ബന്ധം ഞാന്‍ മുറിച്ചുമാറ്റിയിട്ട് മൂന്നു വര്‍ഷം തികഞ്ഞു. മാതൃഭൂമി വീടാനുള്ള തീരുമാനമെടുത്തതിലുള്ള എന്റെ ‘ടൈമിങ്’ വളരെ കൃത്യമായിരുന്നു എന്നാണ് അവിടെയുള്ള എന്റെ സുഹൃത്തുക്കള്‍ ഇപ്പോള്‍ പറയുന്നത്. ഭാഗ്യം തന്നെ. പക്ഷേ, അല്പം സങ്കടമുണ്ട്. എന്റെ ജീവിതത്തിന്റെ ഏറ്റവും പ്രവര്‍ത്തനക്ഷമമായ കാലം ചെലവിട്ട സ്ഥാപനമാണ് മാതൃഭൂമി. പത്രാധിപരായിരുന്ന ഗോപാല്‍ജി എന്ന കെ.ഗോപാലകൃഷ്ണന്‍ അടക്കം എന്റെ മേലുദ്യോഗസ്ഥരും സഹപ്രവര്‍ത്തകരുമായിരുന്ന ധാരാളം പേരുടെ പ്രോത്സാഹനം ആ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു പകര്‍ന്നിട്ടുണ്ട്.അവിടെ പ്രവര്‍ത്തിച്ചത്ര ഊര്‍ജ്ജത്തോടെ മറ്റെവിടെയെങ്കിലും ഇനി പ്രവര്‍ത്തിക്കണമെങ്കില്‍ അത്യദ്ധ്വാനം തന്നെ വേണ്ടിവരും.
പുറമേക്ക് എത്ര തന്നെ മറച്ചുപിടിച്ചാലും അസംതൃപ്തരായ തൊഴിലാളികള്‍ ഒരു സ്ഥാപനത്തിനും ഭൂഷണമല്ല. മുതലാളിയോടുള്ള ഭീതി നിമിത്തം തങ്ങളുടെ അസംതൃപ്തി തുറന്നു പ്രകടിപ്പിക്കാന്‍ തൊഴിലാളികള്‍ തയ്യാറാവുന്നില്ല എന്നു മാത്രം. തൊഴിലാളി യൂണിയന്‍ നേതാവ് ചമയുന്നവര്‍ വിദേശയാത്രകളും മുതലാളി എറിഞ്ഞുകൊടുക്കുന്ന മറ്റ് അപ്പക്കഷ്ണങ്ങളും വാങ്ങി തൃപ്തിയടയുമ്പോള്‍ അസംതൃപ്തി ഇരട്ടിക്കുന്നു. ഈ അസംതൃപ്തി പുറത്തേക്കുവരുന്നത് സ്വകാര്യസംഭാഷണങ്ങളിലൂടെയാണ്. മാതൃഭൂമിയില്‍ ജോലി ചെയ്തിരുന്നപ്പോള്‍ മൗനമവലംബിച്ചിരുന്ന പ്രമുഖര്‍ പോലും അവിടെനിന്ന് പുറത്തിറങ്ങിയ ശേഷം ‘അടിയന്തരാവസ്ഥ’യെക്കുറിച്ച് പറയുന്നത് വെറുതെയല്ല.
മാതൃഭൂമിയില്‍ നിന്ന് രാജിവെച്ച് മൂന്നു വര്‍ഷം പിന്നിടുമ്പോഴും എനിക്ക് ലഭിക്കാനര്‍ഹതയുള്ള ആനുകൂല്യങ്ങള്‍ നല്‍കിയിട്ടില്ലെന്നു പറഞ്ഞാല്‍ മാതൃഭൂമിക്ക് ഉള്ളതായി പറയപ്പെടുന്ന പ്രൊഫഷണലിസം വെറും പുറംപൂച്ച് മാത്രമാണെന്നു വ്യക്തമാകും. ഞാന്‍ 2012 സെപ്റ്റംബര്‍ ഒന്നിനാണ് മാതൃഭൂമിയില്‍ നിന്നിറങ്ങുന്നത്. ഏതാനും മാസങ്ങള്‍ കഴിഞ്ഞ് മാതൃഭൂമിയില്‍ വേജ്‌ബോര്‍ഡ് ശുപാര്‍ശ പ്രകാരമുള്ള ശമ്പളവര്‍ദ്ധന നടപ്പാക്കി. എന്നാല്‍ അതിന് 2011 നവംബര്‍ 11 മുതല്‍ മുന്‍കാല പ്രാബല്യമുണ്ട്. അതായത് 2011 നവംബര്‍ 11 മുതല്‍ 2012 സെപ്റ്റംബര്‍ 1 വരെയുള്ള അധികശമ്പളത്തിന് എനിക്ക് അര്‍ഹതയുണ്ടെന്ന് സാരം. എനിക്ക് അര്‍ഹതയുള്ള ശമ്പളകുടിശ്ശിക നല്‍കുകയോ, അതിന് അര്‍ഹതയില്ലെങ്കില്‍ എന്തു കാരണത്താലാണെന്ന് ബോദ്ധ്യപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ പറഞ്ഞത് ഈ കാലയളവില്‍ വിരമിക്കുകയും രാജിവെയ്ക്കുകയും ചെയ്തവരുടെ കാര്യത്തില്‍ കമ്പനി നയപരമായ തീരുമാനം എടുത്തിട്ടില്ലെന്നാണ്. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ കമ്പനി നയപരമായ തീരുമാനമെടുക്കണം പോലും!!!
ഇതേ പ്രശ്‌നം ഗ്രാറ്റുവിറ്റി കണക്കാക്കിയതിലുമുണ്ട്. വേജ്‌ബോര്‍ഡ് പ്രകാരമുള്ള പുതിയ ശമ്പളം ആധാരമാക്കിയാണ് ഗ്രാറ്റുവിറ്റി കണക്കാക്കേണ്ടത്. എന്നാല്‍, എനിക്കു ലഭിച്ചിരിക്കുന്ന ഗ്രാറ്റുവിറ്റി പഴയ ശമ്പളം അനുസരിച്ചുള്ളതാണ്. അതു തന്നെ ഏതു തരത്തില്‍ കണക്കാക്കി എന്നതിനെക്കുറിച്ച് വ്യക്തതയില്ല. ഇതില്‍ വ്യാപകമായ കൃത്രിമം നടക്കുന്നതായി മാതൃഭൂമി സര്‍വ്വീസില്‍ നിന്നു വിരമിച്ച മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ പറയുന്നു. അവരില്‍ ചിലര്‍ ഗ്രാറ്റുവിറ്റി ഓഫീസര്‍ക്കു പരാതി നല്‍കുകയും ചെയ്തു. കണക്കു ചോദിച്ചാല്‍ മാതൃഭൂമിയുടെ ഫിനാന്‍സ് ജനറല്‍ മാനേജരെ അദ്ദേഹത്തിന്റെ സൗകര്യം നോക്കി മുഖദാവില്‍ സ്വീകരിച്ചുകൊള്ളണമെന്നാണ് തിട്ടൂരം. കണക്കിന്റെ ഒരു കടലാസ് അയച്ചുതന്നാല്‍ അതു വായിച്ചുമനസ്സിലാക്കാന്‍ ബിരുദാനന്തര ബിരുദമുള്ള നമ്മള്‍ പത്രപ്രവര്‍ത്തകര്‍ക്ക് വെവരമില്ല പോലും. കണക്കിന്റെ കടലാസ് തന്നാല്‍ തട്ടിപ്പ് വെളിപ്പെടും, അത്ര തന്നെ. കേരളാ പത്രപ്രവര്‍ത്തക യൂണിയന്റെ പുതിയ ഭാരവാഹികള്‍ ഈ പ്രശ്‌നത്തില്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. മുതലാളിയുമായുള്ള ഒത്തുകളി മുഖമുദ്രയാക്കിയിരുന്ന പഴയ നേതൃത്വത്തിന് ഈ പ്രശ്‌നത്തില്‍ ഇടപെടാന്‍ ലേശം ബുദ്ധിമുട്ടുണ്ടായിരുന്നു.
ഒരു സ്ഥാപനത്തില്‍ നിന്നു പുറത്തിറങ്ങുന്നവര്‍ -അവര്‍ വിരമിച്ചവരോ, രാജിവെച്ചവരോ ആകട്ടെ -ആരും ആ സ്ഥാപനത്തെക്കുറിച്ച് നല്ല അഭിപ്രായം പറയുന്നില്ല എന്നാണെങ്കില്‍ എന്തോ വലിയ കുഴപ്പമുണ്ട് എന്നല്ലേ അര്‍ത്ഥം? മാതൃഭൂമിയുടെ തലപ്പത്തുള്ളവര്‍ ഇതു തിരിച്ചറിയാനും തിരുത്താനും തയ്യാറാകാത്തപക്ഷം സ്വാതന്ത്ര്യസമരത്തിന്റെ ജിഹ്വയായി വന്ന പത്രം ചരിത്രം മാത്രമായി മാറുന്ന കാലം വിദൂരമല്ല. അതു സംഭവിക്കരുതെന്ന ആത്മാര്‍ത്ഥമായ ആഗ്രഹവും ഈ കുറിപ്പിനു പിന്നിലുണ്ട്.