അമേരിക്കയിലെ ടെക്‌സസിലുള്ള വില്‍സ് പോയിന്റ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സഭയാണ് ഗോസ്പല്‍ ഫോര്‍ ഏഷ്യ. 1978ല്‍ മലയാളിയായ കെ.പി.യോഹന്നാനാണ് ഇതു സ്ഥാപിച്ചത്. അമേരിക്കയ്ക്കു പുറമെ ഇന്ത്യ, കാനഡ, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, ഫിന്‍ലന്‍ഡ് എന്നിവിടങ്ങളിലെല്ലാം ഈ സഭ വ്യാപിച്ചുകിടക്കുന്നു.
ഗോസ്പല്‍ ഫോര്‍ ഏഷ്യയുടെ ഭാഗമായ ബിലീവേഴ്‌സ് ചര്‍ച്ച് ഓഫ് കേരളയുടെ മെത്രാപ്പോലീത്തയാണ് കെ.പി.യോഹന്നാന്‍. കഴിഞ്ഞ മാര്‍ച്ച് 17ന് രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ.പി.ജെ.കുര്യന്‍ മുഖേന യോഹന്നാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ അവസരം നേടി. സര്‍ക്കാരിന്റെ ഗംഗാ ശുചീകരണ പദ്ധതിക്ക് ഒരു കോടി രൂപ സംഭാവന ചെയ്തു.
കഴിഞ്ഞ ദിവസം, കൃത്യമായി പറഞ്ഞാല്‍ ഏപ്രില്‍ ഏഴിന് മെത്രാപ്പോലീത്ത തിരുവനന്തപുരം പ്രസ് ക്ലബ്ബിലുമെത്തി. പ്രസ് ക്ലബ്ബിന്റെ സുവര്‍ണ്ണ ജൂബിലിക്കുള്ള ‘റിസോഴ്‌സ് മൊബിലൈസേഷന്‍’ ഉദ്ഘാടനം ചെയ്യാനായിരുന്നു വരവ്. 15 ലക്ഷം രൂപ ‘സംഭാവന’ നല്‍കി അദ്ദേഹം ഉദ്ഘാടനം ഗംഭീരമാക്കി.
പ്രധാനമന്ത്രിയടക്കമുള്ള രാഷ്ട്രീയക്കാര്‍ക്കും പത്രക്കാര്‍ക്കുമൊക്കെ സംഭാവന നല്‍കണമെന്ന് മെത്രാപ്പോലീത്തയ്ക്ക് തോന്നിയത് എന്താണാവോ? ഉത്തരം വളരെ ലളിതമാണ്. അടുത്തിടെ ഗോസ്പല്‍ ഫോര്‍ ഏഷ്യക്കെതിരെ അമേരിക്കയിലും കാനഡയിലും ചില ഫണ്ട് തട്ടിപ്പ് കേസുകള്‍ ഉണ്ടായിട്ടുണ്ട്. ഇതിന്റെ അന്വേഷണകേന്ദ്രം ഇന്ത്യയാണ്. രാഷ്ട്രീയക്കാരുടെ പിന്തുണ വേണ്ടി വരും. പത്രക്കാരുടെയും.
ഗോസ്പല്‍ ഫോര്‍ ഏഷ്യക്കെതിരെ കാനഡയില്‍ ഒന്നിലേറെ പരാതികളുണ്ട്. ഒരു പരാതി നല്‍കിയത് ഒരു പാസ്റ്റര്‍ തന്നെയാണ്. നോവ സ്‌കോട്ടിയ പ്രവിശ്യയിലെ ക്രിസ്റ്റ്യന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് ഓഫ് ന്യൂ ഗ്ലാസ്‌ഗോയിലെ പാസ്റ്റര്‍ ബ്രൂസ് മോറിസന്‍. കൃത്യമായ പഠനം നടത്തിയ ശേഷം തന്നെയാണ് ഗോസ്പല്‍ ഫോര്‍ ഏഷ്യയെ വെല്ലുവിളിക്കാന്‍ അദ്ദേഹം തയ്യാറായിരിക്കുന്നത്. ഇതിനായി ഗോസ്പല്‍ ഫോര്‍ ഏഷ്യയെ സംബന്ധിച്ച് 21 പേജുള്ള ധനകാര്യ പരിശോധനാ റിപ്പോര്‍ട്ട് പാസ്റ്റര്‍ മോറിസന്‍ രൂപപ്പെടുത്തിയിട്ടുണ്ട്. 2007നും 2014നും ഇടയ്ക്ക് ലഭിച്ച 12.80 കോടി ഡോളര്‍ അഥവാ 852.74 കോടി രൂപ അപ്രത്യക്ഷമായെന്നാണ് കണ്ടെത്തല്‍. കനേഡിയന്‍ റവന്യൂ ഏജന്‍സിയില്‍ ഗോസ്പല്‍ ഫോര്‍ ഏഷ്യ തന്നെ സമര്‍പ്പിച്ച കണക്കുകള്‍ പ്രകാരം 9.35 കോടി ഡോളര്‍ അഥവാ 622.90 കോടി രൂപ ഇന്ത്യയിലേക്കു കൈമാറിയിട്ടുണ്ട്. എന്നാല്‍, ഗോസ്പല്‍ ഫോര്‍ ഏഷ്യയുടെ ഇന്ത്യന്‍ സന്നദ്ധസ്ഥാപനങ്ങളൊന്നും ഈ തുക കൈപ്പറ്റിയതായി രേഖയില്ല. സംഭാവനകള്‍ മുഴുവന്‍ സമ്പത്തു വാരിക്കൂട്ടുന്നതിന് വഴിവിട്ട് ചെലവഴിച്ചതിന്റെ തെളിവായാണ് കണക്കിലെ ഈ പൊരുത്തക്കേട് വിലയിരുത്തപ്പെടുന്നത്. ഒരാവശ്യത്തിനെന്നു പറഞ്ഞ് പണം പിരിച്ച് മറ്റൊരാവശ്യത്തിനു വിനിയോഗിക്കുന്നു എന്നു സാരം.
ഗോസ്പല്‍ ഫോര്‍ ഏഷ്യ കാനഡയുടെ മുന്‍ ബോര്‍ഡ് അംഗം തന്നെയായ ഗാരി ക്ലൂലിയാണ് കാനഡയിലെ മറ്റൊരു പരാതിക്കാരന്‍. കനേഡിയന്‍ റവന്യൂ ഏജന്‍സിയുടെ ചാരിറ്റീസ് ഡയറക്ടറേറ്റിനെയാണ് അദ്ദേഹം സമീപിച്ചിരിക്കുന്നത്. ഗോസ്പല്‍ ഫോര്‍ ഏഷ്യയുടെ പ്രവര്‍ത്തനത്തെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും സമഗ്രാന്വേഷണം വേണമെന്നാണ് ക്ലൂലിയുടെയും ആവശ്യം.
സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംഭാവനകള്‍ സമ്പത്തു വര്‍ദ്ധിപ്പിക്കാന്‍ ദുരുപയോഗം ചെയ്തുവെന്നു കാട്ടിത്തന്നെയാണ് ഗോസ്പല്‍ ഫോര്‍ ഏഷ്യക്കെതിരെ അമേരിക്കയിലെ കേസ്. ആര്‍കന്‍സസ് ജില്ലാ കോടയിതില്‍ ജെന്നിഫര്‍ ഡിക്‌സന്‍, മാത്യു ഡിക്‌സന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ലാഭമുണ്ടാക്കുന്ന വ്യവസായങ്ങള്‍ നടത്താനും ആഡംബരം നിറഞ്ഞ ആസ്ഥാനവും സ്വകാര്യ വസതിയും പണിതുയര്‍ത്താനും ഒരു അന്താരാഷ്ട്ര സ്‌പോര്‍ട്‌സ് ടീമിനെ സ്‌പോണ്‍സര്‍ ചെയ്യാനും ഓഹരിക്കമ്പോളത്തില്‍ ഊഹക്കച്ചവടം നടത്താനും സംഭാവനകള്‍ വിനിയോഗിച്ചുവെന്ന് തെളിവുകള്‍ നിരത്തി ആരോപിച്ചിരിക്കുന്നു.
ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നു വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു നടപടി ഗോസ്പല്‍ ഫോര്‍ ഏഷ്യക്കെതിരെ അമേരിക്കയില്‍ ഉണ്ടായി. വെര്‍ജീനിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇവാഞ്ചലിക്കല്‍ കൗണ്‍സില്‍ ഫോര്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടബിലിറ്റി കഴിഞ്ഞ ഒക്ടോബറില്‍ ഗോസ്പല്‍ ഫോര്‍ ഏഷ്യയെ അംഗത്വത്തില്‍ നിന്നു പുറത്താക്കി. മറ്റു പല കാരണങ്ങള്‍ക്കൊപ്പം ധനവിനിയോഗം, ഭരണസംവിധാനം എന്നിവയിലും കൗണ്‍സില്‍ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ പരാജയപ്പെട്ടതിന്റെ പേരിലായിരുന്നു നടപടി.
അമേരിക്കയിലെ ക്രിസ്തുമത വിശ്വാസികളുടെ ദീനാനുകമ്പ സ്വാര്‍ത്ഥലാഭത്തിനായി ഗോസ്പല്‍ ഫോര്‍ ഏഷ്യ ദുരുപയോഗം ചെയ്യുന്നുവെന്നാണ് പ്രധാന ആരോപണം. 2007നും 2013നുമിടയില്‍ മാത്രം അമേരിക്കയില്‍ നിന്ന് ഗോസ്പല്‍ ഫോര്‍ ഏഷ്യ 45 കോടി ഡോളര്‍ അഥവാ 2,998 കോടി രൂപ പിരിച്ചിട്ടുണ്ട്. പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ക്ക് ഭക്ഷണം, പലവ്യജ്ഞനങ്ങള്‍ എന്നിവയ്‌ക്കൊപ്പം ക്രൈസ്തവ സന്ദേശവും പ്രദാനം ചെയ്യാന്‍ ഈ തുക വിനിയോഗിക്കുന്നു എന്നാണ് ഗോസ്പല്‍ ഫോര്‍ ഏഷ്യ പറയുന്നത്. ഈ അവകാശവാദം പച്ചക്കള്ളമാണെന്നും ഗോസ്പല്‍ ഫോര്‍ ഏഷ്യ പിരിച്ച പണം മുഴുവന്‍ മടക്കിനല്‍കാന്‍ നിര്‍ദ്ദേശിക്കണമെന്നും ആര്‍കന്‍സസ് കോടതിയിലെ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
അമേരിക്കയില്‍ ലാഭം ലക്ഷ്യമാക്കാത്ത മതസംഘടന എന്ന നിലയില്‍ 501(സി)(3) വകുപ്പ് പ്രകാരം ഇന്റേര്‍ണല്‍ റെവന്യൂ സര്‍വ്വീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതിനാല്‍ ഗോസ്പല്‍ ഫോര്‍ ഏഷ്യക്ക് കണക്കുകളൊന്നും അവിടെ ബോധിപ്പിക്കേണ്ടതില്ല. എന്നാല്‍, അത്തരം ഇളവുകളൊന്നും ഇന്ത്യയിലില്ല. 2010ലെ ഇന്ത്യന്‍ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് പ്രകാരം അണ-പൈ നിരക്കിലുള്ള കണക്കുകള്‍ നല്‍കിയേ മതിയാകൂ. അതിനാല്‍ത്തന്നെ അമേരിക്കയിലെയും കാനയിലെയും നിയമപോരാട്ടങ്ങള്‍ പ്രധാനമായും ലക്ഷ്യമിടുന്നത് ഗോസ്പല്‍ ഫോര്‍ ഏഷ്യയുടെ ഇന്ത്യന്‍ കണക്കുകളാണ്. സംഭാവനകളുമായി മെത്രാപ്പോലീത്ത നേരിട്ടിറങ്ങിയതിന്റെ കാരണവും മറ്റൊന്നല്ല.
രാജ്യസഭാ ഉപാദ്ധ്യക്ഷന്റെ സ്വാധീനം പ്രയോജനപ്പെടുത്തിയപ്പോള്‍ പ്രധാനമന്ത്രിയെ കാണാന്‍ ബുദ്ധിമുട്ടുണ്ടായില്ല. ഒരു കോടി ഗംഗയിലൊഴുക്കിയെങ്കിലെന്ത്, സംരക്ഷിക്കാന്‍ പോകുന്നത് പല കോടികളല്ലേ! സര്‍ക്കാര്‍ കഴിഞ്ഞാല്‍ പിന്നെ പിടിക്കേണ്ടത് പത്രക്കാരാണ്. അതിന് ഏറ്റവും പറ്റിയ സ്ഥലം തിരുവനന്തപുരം പ്രസ് ക്ലബ്ബ് തന്നെ. പക്ഷേ, ആ ദുഷ്‌പേര് തിരുവനന്തപുരം പ്രസ് ക്ലബ്ബിന് വേണ്ട. വര്‍ഷാവര്‍ഷം പ്രസ് ക്ലബ്ബിന്റെ ഭാരവാഹികളായി വരുന്ന ചിലരുടെ ചെയ്തികള്‍ തിരുവനന്തപുരത്തെ പത്രപ്രവര്‍ത്തക സമൂഹത്തിന്റെയാകെ മാനംകെടുത്തുന്ന നിലയിലേക്ക് വളര്‍ന്നിരിക്കുന്നു.
ഏതെങ്കിലും വിവാദമുണ്ടാവുമ്പോള്‍ അതില്‍ നായകനായ വ്യക്തി സംഭാവനയുമായി തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ പ്രത്യക്ഷപ്പെടുന്നത് ആദ്യമായല്ല. രണ്ടു വര്‍ഷം മുമ്പുണ്ടായ ഒരു സംഭവം പറയാം. ആറാട്ടുപുഴയില്‍ സ്വകാര്യ കമ്പനിക്ക് കരിമണല്‍ ഖനനത്തിന് അനുമതി നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം വിവാദമാവുന്നു. അതിനെതിരെ എല്ലാ മാധ്യമങ്ങളും ശക്തമായി വാര്‍ത്ത കൊടുക്കുന്നു. പൊടുന്നനെ ആരോപണവിധേയമായ സ്ഥാപനം കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍സിന്റെ മാനേജിങ് ഡയറക്ടര്‍ എസ്.എന്‍.ശശിധരന്‍ കര്‍ത്താ ‘മീറ്റ് ദ പ്രസ്’ എന്ന പേരില്‍ ക്ലബ്ബില്‍ അവതരിപ്പിക്കപ്പെടുന്നു. പത്രസമ്മേളനത്തില്‍ പത്രക്കാരെല്ലാം വെറും പിച്ചക്കാര്‍ എന്ന നിലയില്‍ അതിഥി പെരുമാറുന്നു. ക്ലബ്ബിന് കനത്തൊരു തുക സംഭാവനയായി നല്‍കിയിട്ട് ടിയാന്‍ വിടവാങ്ങുന്നു. 10 ലക്ഷം രൂപയായിരുന്നു പ്രഖ്യാപനം എന്നാണ് ഓര്‍മ്മ. ഇടനിലക്കാരും ക്ലബ്ബ് ഭാരവാഹികളും ഹാപ്പി.
പക്ഷേ, ആത്മാഭിമാനമുള്ള മാധ്യമപ്രവര്‍ത്തകര്‍ വെറുതെയിരുന്നില്ല. അടുത്ത ജനറല്‍ ബോഡിയില്‍ ഈ ‘സംഭാവന’ ആരോപണസ്വഭാവത്തില്‍ തന്നെ ഉയര്‍ന്നു. സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നവരില്‍ നിന്ന് സംഭാവന സ്വീകരിക്കരുതെന്ന് അംഗങ്ങള്‍ ഒന്നടങ്കം ആവശ്യപ്പെട്ടു. ഒടുവില്‍ കര്‍ത്തായെ ക്ലബ്ബിലെത്തിച്ചതിന്റെ ഉത്തരവാദിത്വം പരസ്പരം ചുമലില്‍ ചാരി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഭാരവാഹികളെയും കണ്ടു. കര്‍ത്താ വന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ആരും തയ്യാറല്ല! ഇത്തരം നടപടികള്‍ മേലില്‍ ആവര്‍ത്തിക്കരുതെന്ന് അന്നത്തെ ജനറല്‍ ബോഡി തീരുമാനിച്ചു. കര്‍ത്തായില്‍ നിന്നു ലഭിച്ച പണം അല്ലെങ്കില്‍ കര്‍ത്താ നല്‍കുമെന്ന് പ്രഖ്യാപിച്ച പണം പൂര്‍ണ്ണമായി ക്ലബ്ബ് അക്കൗണ്ടില്‍ എത്തിയില്ല എന്നത് പില്‍ക്കാലത്ത് കണ്ടുപിടിക്കപ്പെട്ടത് വേറെ കാര്യം.
ആ ജനറല്‍ ബോഡിയുടെ തീരുമാനം നില്‍ക്കുമ്പോള്‍ തന്നെയാണ് സമാന സാഹചര്യങ്ങളില്‍ ആരോപണവിധേയനായ മെത്രാപ്പോലീത്ത യോഹന്നാന്‍ പ്രസ് ക്ലബ്ബിലേക്ക് കഴിഞ്ഞ ദിവസം ആനയിക്കപ്പെട്ടത് -‘റിസോഴ്‌സ് മൊബിലൈസേഷന്‍’ എന്ന ഓമനപ്പേരില്‍. യോഹന്നാനെതിരായ ആരോപണം ശരിയാകാം തെറ്റാകാം -പക്ഷേ, കേരളമൊഴികെ എല്ലായിടത്തുമുള്ള മാധ്യമങ്ങളില്‍ ഗോസ്പല്‍ ഫോര്‍ ഏഷ്യ നടത്തിയ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് വാര്‍ത്തകള്‍ വരുന്നുണ്ട്. ഗൂഗിള്‍ ന്യൂസില്‍ ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്നൊന്നു പരതി നോക്കിയാല്‍ മതി, പട പടേന്ന് വരും. ആ നിലയില്‍ അദ്ദേഹം സംശയത്തിന്റെ നിഴലില്‍ തന്നെയാണ്. ജനറല്‍ ബോഡി തീരുമാനം എത്ര വര്‍ഷം മുമ്പെടുത്തതാണെങ്കിലും അതു നിലനില്‍ക്കും. ഇപ്പോഴത്തെ ഭാരവാഹികള്‍ അതു ശ്രദ്ധിച്ചില്ല, അല്ലെങ്കില്‍ അവഗണിച്ചു.
പ്രസ് ക്ലബ്ബിന്റെ ദൈനംദിന ഭരണച്ചുമതല നിറവേറ്റുന്നത് ഭരണസമിതി ആണെങ്കിലും അന്തിമവാക്ക് ജനറല്‍ ബോഡിയുടേതാണ്. ഏതു പുതിയ പദ്ധതി നടപ്പാക്കുന്നതിനും ജനറല്‍ ബോഡിയുടെ മുന്‍കൂര്‍ അനുമതി വേണം. പുതിയ ഭരണസമിതി സ്ഥാനമേല്‍ക്കുന്ന വേളയില്‍ പ്രസ് ക്ലബ്ബ് സുവര്‍ണ്ണ ജൂബിലി ആഘോഷത്തെപ്പറ്റി പരാമര്‍ശമുണ്ടായി എന്നല്ലാതെ അതു സംബന്ധിച്ച ഒരു പദ്ധതി അവതരിപ്പിക്കുകയോ ജനറല്‍ ബോഡിയുടെ അംഗീകാരം നേടുകയോ ചെയ്തിട്ടില്ല. Press club golden jubilee resource mobilisation inauguration at 11:00am on April 7th at Fourth Estate Hall by Dr.K.P.Yohannan Metropolitan -Secretary എന്ന എസ്.എം.എസ്. ഏപ്രില്‍ ഏഴിനു തന്നെ രാവിലെ 9.17ന് കിട്ടിയപ്പോള്‍ മാത്രമാണ് അംഗങ്ങള്‍ ഇക്കാര്യമറിഞ്ഞത്. എന്തിന് പല ഭരണസമിതി അംഗങ്ങളും വിവരമറിഞ്ഞത് അപ്പോള്‍ മാത്രമാണ്!
മെത്രാപ്പോലീത്തയെ ക്ലബ്ബിലെത്തിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ചതാര്? അവരുടെ ലക്ഷ്യമെന്തായിരുന്നു? കഴിഞ്ഞ 10 മാസമായി മെത്രാപ്പോലീത്തയുടെ ഡേറ്റ് കിട്ടാന്‍ ശ്രമിക്കുന്നു എന്നാണ് പ്രസിഡന്റ് ആര്‍.അജിത് കുമാര്‍ പറഞ്ഞത്. അദ്ദേഹത്തെ അവിശ്വസിക്കേണ്ട കാര്യമില്ല. പക്ഷേ, കഴിഞ്ഞ 10 മാസം നല്‍കാതിരുന്ന ഡേറ്റ് യോഹന്നാന്‍ ഇപ്പോള്‍ പെട്ടെന്നു നല്‍കിയതെന്തെന്ന് നമ്മള്‍ ചിന്തിക്കേണ്ടതല്ലേ? ജനറല്‍ ബോഡിയുടെ അംഗീകാരമില്ലാതെ സുവര്‍ണ്ണ ജൂബിലി നടപടികള്‍ തുടങ്ങിയത് തെറ്റ്. സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നവരെ ക്ലബ്ബിലേക്ക് ആനയിക്കരുതെന്ന പഴയ ജനറല്‍ ബോഡി തീരുമാനം ലംഘിച്ചത് അതിലും വലിയ തെറ്റ്.
സുവിശേഷം മഹാശ്ചര്യം
എനിക്കും കിട്ടണം പണം..
അമേരിക്കയിലും കാനഡയിലും നടക്കുന്ന കാര്യങ്ങള്‍ അറിഞ്ഞില്ല എന്ന് പ്രസ് ക്ലബ്ബ് ഭാരവാഹികള്‍ പറഞ്ഞേക്കാം. അവരെ കുറ്റം പറയാനാവില്ല. കേരളത്തിലെ മാധ്യമങ്ങളൊന്നും തന്നെ ഇക്കാര്യങ്ങള്‍ അറിഞ്ഞ മട്ട് കാണിച്ചിട്ടില്ല. താല്പര്യമില്ലാത്തതിനാലാവാം. മെത്രാപ്പോലീത്ത മഹാനാണെന്ന് കേരളത്തിലെ മാധ്യമങ്ങള്‍ക്കെല്ലാം നേരത്തേ തന്നെ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണെന്ന് ‘റിസോഴ്‌സ് മൊബിലൈസേഷന്‍’ വേദിയില്‍ പ്രസംഗിച്ചുകേട്ടു. ആദ്യഘട്ടത്തില്‍ തന്നെ ദ്രോഹിച്ചവരെ പിന്നീട് കുഞ്ഞാടുകളാക്കിയ വഴികള്‍ മെത്രാപ്പോലീത്തയും വിശദീകരിച്ചു. പ്രധാനമന്ത്രിയെ കണ്ട കാര്യവും പറഞ്ഞു. നരേന്ദ്ര മോദി മഹാനാണെന്നും ഓരോ നിമിഷവും അദ്ദേഹം ഇന്ത്യയുടെ ഭാവിയെക്കുറിച്ചു മാത്രമാണ് ചിന്തിക്കുന്നതെന്നും സര്‍ട്ടിഫിക്കറ്റും നല്‍കി.
ഈ കുറിപ്പ് എഴുതുന്നതിനു മുമ്പ് പ്രസിഡന്റിനെയും സെക്രട്ടറിയെയും ഇക്കാര്യത്തിലുള്ള എന്റെ എതിരഭിപ്രായം അറിയിച്ചിട്ടുണ്ട്. സുവര്‍ണ്ണ ജൂബിലി ‘റിസോഴ്‌സ് മൊബിലൈസേഷന്‍’ പോലൊരു പ്രധാനപ്പെട്ട ചടങ്ങില്‍ അജ്ഞാതമായ കാരണങ്ങളാല്‍ സെക്രട്ടറി എസ്.എല്‍.ശ്യാമിനെ കണ്ടില്ല. വ്യക്തിപരമായ ആവശ്യങ്ങള്‍ കൊണ്ടായിരിക്കാം ശ്യാമിന് പങ്കെടുക്കാനാവാതെ പോയത്, എനിക്ക് അറിയില്ല. എന്തിനാണ് ഈ കുറിപ്പ് എന്ന ചോദ്യം എന്നോടുണ്ടാവാം. പ്രസ് ക്ലബ്ബിന്റെ പേരില്‍ നടക്കുന്ന കാര്യങ്ങള്‍ ജനം കാണുന്നുണ്ട്. ചില മഹാന്മാരുടെ ലീലാവിലാസങ്ങള്‍ വാര്‍ത്താവാരികകള്‍ക്ക് കവര്‍ സ്‌റ്റോറി പോലുമാകുന്നുണ്ട്. പക്ഷേ, പുറംലോകമറിയുന്ന ഈ ദുഷിപ്പുകളില്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ അംഗങ്ങളായ പത്രക്കാരില്‍ 95 ശതമാനത്തിനും പങ്കാളിത്തമില്ല എന്ന് ആരെങ്കിലും പറയണ്ടേ? ദുഷിപ്പ് ബാധിച്ച അഞ്ച് ശതമാനത്തില്‍ ഉള്‍പ്പെടുന്നില്ലെന്ന് എന്റെ കാര്യം ഞാന്‍ പറയണ്ടേ?
ഞങ്ങളെ വിറ്റുതിന്നാന്‍ ഭാരവാഹികളില്‍ ചിലര്‍ക്ക് ഞങ്ങള്‍ അനുമതി കൊടുത്തിട്ടില്ല. അത്ര തന്നെ..
അമേരിക്കയിലെ ആര്‍കന്‍സസ് ജില്ലാ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി