HomeECONOMYകടലാസ് പുലി

കടലാസ് പുലി

-

Reading Time: 2 minutes

ഒരാൾ ഒരു ലക്ഷം രൂപയ്ക്ക് 10 സെൻറ് സ്ഥലം വാങ്ങി.
എന്നിട്ട് അവിടെ സ്വർണ്ണനിക്ഷേപം ഉണ്ടെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ചു.
അതോടെ ആ സ്ഥലത്തിൻറെ വില വല്ലാതങ്ങ് കയറി.
സ്ഥലം വാങ്ങാൻ ധാരാളം പേർ വന്നു, വില്ക്കാൻ ഉടമ തയ്യാറായിരുന്നില്ല.
പക്ഷേ, സ്ഥലത്തിൻറെ ഓഹരികൾ പലർക്കായി വില്ക്കാൻ തയ്യാറാണെന്ന് അറിയിച്ചു.
വാങ്ങാൻ ആളുകൾ വരി നിന്നു.

ഇനിയാണ് രസം.
ഒരു ലക്ഷം രൂപ വിലയുള്ള 10 സെൻറ് സ്ഥലത്തിന് ഒരു കോടി രൂപ മൂല്യം നിശ്ചയിച്ചു.
എന്നിട്ട് അതിൻറെ 40 ശതമാനം ഓഹരികൾ ആളുകൾക്ക് വിറ്റു.
60 ശതമാനം സ്ഥലമുടമയ്ക്കും 40 ശതമാനം ഓഹരിയുടമകൾക്കും.
അങ്ങനെ വരുമ്പോൾ 60 ശതമാനം കൈവശമുള്ള സ്ഥലമുടമയ്ക്ക് മൂല്യം 60 ലക്ഷം രൂപയായി.
പക്ഷേ, ഈ 60 ലക്ഷം രൂപ കടലാസിൽ മാത്രമാണ്!!!

ആ സ്ഥലമുടമ തൻറെ കൈവശമുള്ള 60 ലക്ഷത്തിൻറെ ‘ഓഹരി’ ബാങ്കിൽ പണയപ്പെടുത്തി 30 ലക്ഷം രൂപ വായ്പയെടുത്തു.
എന്നിട്ട് ആദ്യം ചെയ്ത പോലെ ഒരു ലക്ഷം രൂപ വീതം നല്കി 30 ഇടത്ത് സ്ഥലം വാങ്ങി.
അവിടെ ഓരോ സ്ഥലത്തും വെള്ളിയുണ്ട്, ചെമ്പുണ്ട്, കല്ക്കരിയുണ്ട്, ഡീസലുണ്ട് എന്നൊക്കെ പറഞ്ഞ് ഓഹരി വിറ്റു, ആദ്യം ചെയ്ത പോലെ.
ഇത് ആവർത്തിച്ചുകൊണ്ടേയിരുന്നു.
ഇങ്ങനെ ഒരു പത്തിരുപത് തവണ ചെയ്തപ്പോൾ അയാളുടെ പേരിൽ സമ്പത്ത് കുമിഞ്ഞുകൂടി.
ലോകത്തെ വലിയ പണക്കാരുടെ പട്ടികയിൽ കയറി.
പക്ഷേ, ഈ സമ്പത്ത് കടലാസിൽ മാത്രമായിരുന്നു എന്നതാണ് സത്യം!!!!

 

കാര്യങ്ങൾ സുഗമമായി പോകവേ ആദ്യം വിറ്റ സ്ഥലത്ത് സ്വർണ്ണവുമില്ല, ഒരു മണ്ണാങ്കട്ടയുമില്ല എന്ന് ഒരാൾ കണ്ടെത്തി.
അതോടെ എല്ലാം പൊട്ടിത്തുടങ്ങി.
മാലപ്പടക്കം പോലെ പൊട്ടി.
അദാനിക്കു സംഭവിച്ചിരിക്കുന്നത് ഇതാണ്.
അദാനിയുടെ കൈയിൽ ഒരു മണ്ണാങ്കട്ടയുമില്ല എന്നു കണ്ടെത്തി വിളിച്ചുപറഞ്ഞ ആ ആളാണ് ഹിൻഡെൻബെർഗ്!!

അദാനി തിരിച്ചുവരുന്നു എന്നൊക്കെ ചില മണ്ടന്മാർ കഴിഞ്ഞ ദിവസം എഴുന്നള്ളിക്കുന്നതു കണ്ടു.
അതത്രെ എളുപ്പമല്ല തന്നെ.
അയാളുടെ കൈയിലുള്ളതെല്ലാം കടലാസിൽ മാത്രമാണ്.
ആ കടലാസാണ് ഹിൻഡെൻബെർഗുകാർ പിടിച്ചുവാങ്ങി കീറിക്കളഞ്ഞത്.

അദാനി പുലിയാണ്…
പക്ഷേ, കടലാസ് പുലിയാണെന്നു മാത്രം…

 


അദാനിയുടെ കച്ചവടം പൂട്ടിക്കുന്ന ആ റിപ്പോർട്ട് ഇതാണ്..
ഹിൻഡെൻബെർഗ് റിസർച്ച് റിപ്പോർട്ട്

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights