Reading Time: 6 minutes

സാങ്കേതികത്തകരാര്‍ നിമിത്തം ഇന്‍ഡിഗോ വിമാനം യാങ്കോണിലേക്ക് വഴിതിരിച്ചു വിട്ടു. ചൊവ്വാഴ്ച രാവിലെ ബംഗളൂരുവില്‍ നിന്ന് ബാങ്കോക്കിലേക്കു പോയ 6E075 നമ്പര്‍ വിമാനമാണ് മ്യാന്‍മാര്‍ തലസ്ഥാനത്ത് സുരക്ഷിതമായി ഇറക്കിയത്.

കഴിഞ്ഞ ദിവസം വന്ന വാര്‍ത്തയാണ്. വിമാനങ്ങള്‍ കാണാതാവുന്നതും തകരുന്നതുമെല്ലാം അടുത്ത കാലത്ത് വര്‍ദ്ധിച്ചിരിക്കുന്നു. മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം വായുവില്‍ അപ്രത്യക്ഷമായതിന്റെ ദുരൂഹത ഇപ്പോഴും നിലനില്‍ക്കുന്നു. പ്രിയ ഫുട്‌ബോള്‍ ടീം അര്‍ജന്റീനയുടെ താരം എമിലിയാനോ സലയെ വിമാനദുരന്തം തട്ടിയെടുത്തിട്ട് അധിക ദിവസമായിട്ടില്ല. അതുപോലെ മറ്റൊരു വാര്‍ത്തയാണ് ഇതും. അപകടമൊന്നും സംഭവിച്ചില്ലല്ലോ എന്ന ആശ്വാസത്തോടെ വായിച്ചുവിട്ടു. ബംഗളൂരുവില്‍ നിന്നു പോയ വിമാനമായതിനാല്‍ പരിചയക്കാര്‍ ആരും ഉണ്ടാവില്ലെന്ന് ഉറപ്പായിരുന്നു.

എന്നാല്‍, രാവിലെ സ്‌കൂള്‍ വാട്ട്‌സാപ്പ് ഗ്രൂപ്പിലെ സന്ദേശം കണ്ട് ഞെട്ടി. അല്പനേരം മരവിച്ചിരുന്നു.

Good morning guys… Yesterday I had the first engine failure of my career… Was able to handle it well I guess…
It was a Bangalore Bangkok flight and I diverted to Yangon, Myanmar

അതെ, ആ വിമാനം പറപ്പിച്ചിരുന്നത് അവനാണ് -ജെ.കെ. എന്നു ഞങ്ങള്‍ വിളിക്കുന്ന ജയകൃഷ്ണന്‍. എന്തുകൊണ്ട് ഞാന്‍ ഇങ്ങനൊരു സാദ്ധ്യത പരിഗണിച്ചില്ല. ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ കമാന്‍ഡറാണ് ജെ.കെ. പരിചയസമ്പന്നനായ പൈലറ്റ്. ചെവിക്കരികിലൂടെ മരണം മൂളിപ്പാഞ്ഞ് പോയതുപോലെ തോന്നി, ലക്ഷ്യം ഭേദിക്കാനാവാതെ. മരണവാര്‍ത്ത കേള്‍ക്കാത്തത് മഹാഭാഗ്യം എന്നു തന്നെ പറയേണ്ടി വരും. ജെ.കെയെ വിളിക്കാന്‍ ശ്രമിച്ചു. കിട്ടുന്നില്ല. അവനുമായി സംസാരിക്കാത്തതു കൊണ്ട് മരവിപ്പ് മാറുന്നില്ല.

ഒടുവില്‍ അവനെ ഫോണില്‍ കിട്ടിയപ്പോള്‍ മണിക്കൂറുകള്‍ കഴിഞ്ഞിരുന്നു. രാവിലത്തെ സന്ദേശം വായിച്ചപ്പോള്‍ ആരംഭിച്ച ശ്രമം വിജയിച്ചത് സന്ധ്യ കഴിഞ്ഞിട്ടാണ്. അവന്‍ ബംഗളൂരു വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് കാറില്‍ പോകുകയായിരുന്നു. എല്ലാം കഴിഞ്ഞ് തിരിച്ചെത്തിയിരിക്കുന്നു. സംഭവിച്ചത് ഞാന്‍ ചോദിച്ചു. മടിച്ചുമടിച്ചാണെങ്കിലും എല്ലാം അവന്‍ എന്നോടു പറഞ്ഞു. മരണത്തെ മുഖാമുഖം കണ്ട ആ നിമിഷങ്ങള്‍ വിവരിക്കുമ്പോള്‍ പ്രത്യേകിച്ച് വികാരവിക്ഷോഭങ്ങളൊന്നും ആ വാക്കുകളില്‍ പ്രകടമായില്ല. പക്ഷേ, എന്റെ രോമകൂപങ്ങള്‍ എഴുന്നേറ്റു നിന്നു. വളരെ ശാന്തനായി അവന്‍ കാര്യങ്ങള്‍ പറയുമ്പോള്‍, അവന്‍ നേരിട്ട സാഹചര്യങ്ങളില്‍ സ്വയം സങ്കല്പിച്ച് ഞാന്‍ നടുങ്ങി. എല്ലാം കേട്ടു കഴിഞ്ഞപ്പോള്‍ എനിക്ക് അവനെക്കുറിച്ച് അഭിമാനം തോന്നി. അവന്റെ സുഹൃത്താണെന്നതില്‍ എന്റെ അഹങ്കാരം ഇരട്ടിച്ചു.

ജയകൃഷ്ണൻ

ഈ കഥ പറഞ്ഞേ പറ്റൂ. ഇത് കമാന്‍ഡര്‍ ജെ.കെയുടെ അനുഭവങ്ങളാണ്. 3-4 മണിക്കൂറുകള്‍ മാത്രം നീണ്ട അനുഭവകഥ. വലിയൊരു വിമാനാപകടത്തെ തോല്പിച്ച പൈലറ്റിന്റെ കഥ. 135 പേരുടെ ജീവന്‍ രക്ഷിച്ച കഥ. ആ അനുഭവത്തിന്റെ ഊര്‍ജ്ജവും വികാരവും നിലനിര്‍ത്താനോ പുനഃസൃഷ്ടിക്കാനോ മറ്റൊരാളുടെ വാക്കുകള്‍ക്ക് കഴിയില്ലെന്ന പരിമിതി തിരിച്ചറിയുന്നു. എങ്കിലും ഇതൊരു ശ്രമമാണ്. It’s worth a try.

ചൊവ്വാഴ്ച രാവിലെ 11.20നാണ് ബംഗളൂരു വിമാനത്താവളത്തില്‍ നിന്ന് ജെ.കെ. കമാന്‍ഡറായ ഇന്‍ഡിഗോ വിമാനം ബാങ്കോക്കിലെ സുവര്‍ണ്ണഭൂമി വിമാനത്താവളത്തിലേക്കു പുറപ്പെട്ടത്. മറ്റേതു ദിവസവും പോലൊരു സാധാരണ ദിനം. പ്രശാന്തമായ കാലാവസ്ഥ. ബംഗാള്‍ ഉള്‍ക്കടലൊക്കെ കടന്ന് ഏതാണ്ട് രണ്ടര മണിക്കൂറോളം പറന്നുകാണണം. എന്തോ കുഴപ്പമുള്ളതായി ഒരു തോന്നല്‍. അതു ശരിയായിരുന്നു. വലതു ഭാഗത്ത് എന്തോ തകരാറുള്ളതായി ഒരു വാണിങ് സിഗ്നല്‍ മുന്നിലെ കണ്‍ട്രോള്‍ പാനലില്‍ മിന്നിമറഞ്ഞു. ജെ.കെ. പെട്ടെന്ന് ജാഗരൂകനായി.

കമാൻഡർ ജയകൃഷ്ണൻ ക്യാബിൻ ക്രൂവിനൊപ്പം

പെട്ടെന്ന് വന്നുപോയ വാണിങ് സിഗ്നലിനെക്കുറിച്ച് പിന്നീട് കുറച്ചുനേരത്തേക്ക് സൂചനയൊന്നുമില്ല. വിമാനം മുന്നോട്ടുതന്നെ നീങ്ങി. കൂടുതല്‍ ശ്രദ്ധിച്ചു, കുഴപ്പം കണ്ടെത്താന്‍ ശ്രമിച്ചു. അപ്പോഴേക്കും പറന്ന് മ്യാന്മാറിനു മുകളിലെത്തിയിരുന്നു. അതാ, വാണിങ് സിഗ്നല്‍ വീണ്ടും. ഇത്തവണ മിന്നിമറയുകയല്ല, ചുവന്ന നിറത്തില്‍ അങ്ങനെ തന്നെ കത്തിനില്‍ക്കുകയാണ്. 37,000 അടി ഉയരത്തില്‍ പ്രതിസന്ധി. പറക്കല്‍ ജീവിതത്തില്‍ ആദ്യ അനുഭവം. ‘എന്തുവന്നാലും ഇതു മറികടക്കും. മറികടന്നേ പറ്റൂ’ -മനസ്സില്‍ ആവര്‍ത്തിച്ചു പറഞ്ഞു.

ജെ.കെ. കാര്യങ്ങള്‍ വിശദമായി തന്നെ പരിശോധിച്ചു. പ്രശ്‌നം തന്നെയാണ്. വലതുഭാഗത്തെ എഞ്ചിനിലെ എണ്ണ പൂര്‍ണ്ണമായും ചോര്‍ന്നുപോയിരിക്കുന്നു. അതാണ് ചുവന്ന ലൈറ്റ് തെളിയാന്‍ കാരണം. ആ എഞ്ചിന്‍ പ്രവര്‍ത്തിപ്പിക്കാനാവില്ല. ഒരു കാറില്‍ ഓയില്‍ ലീക്ക് ഉണ്ടായ ശേഷം എഞ്ചിന്‍ പ്രവര്‍ത്തിപ്പിക്കുന്നതു തുടര്‍ന്നാല്‍ എന്താണ് സംഭവിക്കുക, പൊട്ടിത്തെറിക്കും. വിമാനവും അതു പോലെ തന്നെ. വിമാനത്തില്‍ ശേഷിക്കുന്ന ഒരു എഞ്ചിന്‍ വെച്ച് കുറച്ചുകൂടി പറക്കാനാവും. പക്ഷേ, ആ എഞ്ചിനിലും ക്രമേണ പ്രശ്‌നമുണ്ടായാലോ? വന്‍ ദുരന്തമായിരിക്കും ഫലം. 129 യാത്രക്കാരും താനും കോ പൈലറ്റും 4 ക്യാബിന്‍ ക്രൂവുമടക്കം 135 പേരുടെ ജീവന്‍ തന്റെ കൈയിലാണ്. എന്താണ് ചെയ്യാനാവുക? വിമാനം താഴെയിറക്കിയേ മതിയാകൂ.

സമചിത്തത വീണ്ടെടുത്തു. കമാന്‍ഡര്‍ കര്‍മ്മനിരതനായി. കോ-പൈലറ്റിനോട് വിവരം പറഞ്ഞു. നിയമപ്രകാരം ക്യാബിന്‍ ക്രൂവിലെ സീനിയറിനെ വിളിച്ചുവരുത്തി കാര്യമറിയിച്ചു. കമാന്‍ഡര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിന് ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താനും നിര്‍ദ്ദേശം നല്‍കി. അതിനുശേഷം ശബ്ദത്തില്‍ പരമാവധി ശാന്തത കൈവരുത്തി യാത്രക്കാരോട് സംസാരിച്ചു -‘വിമാനത്തില്‍ ചെറിയൊരു യന്ത്രത്തകരാറ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതിനാല്‍ തൊട്ടടുത്തുള്ള യാങ്കോണ്‍ വിമാനത്താവളത്തില്‍ ഇറങ്ങുകയാണ്. തകരാറുണ്ടോ എന്നു പരിശോധിച്ച ശേഷം യാത്ര തുടരും.’ പ്രതിസന്ധിയുടെ ആഴം യാത്രക്കാര്‍ ആരും അറിഞ്ഞില്ല, സുരക്ഷിതമായി താഴെയിറങ്ങും വരെ!

ഗുരുകാരണവന്മാരെയും പ്രിയപ്പെട്ടവരെയും മനസ്സില്‍ ധ്യാനിച്ചുകൊണ്ട് ജെ.കെ. അടുത്ത നടപടികളിലേക്ക്. ഒരു എഞ്ചിന്‍ വെച്ച് എല്ലാ കാര്യങ്ങളും ചെയ്യണം. ഞാണിന്മേല്‍ കളിയാണ്. ഇത്രയും കാലം പഠിച്ചതും പ്രയോഗിച്ചതുമായ കാര്യങ്ങളുടെ പരീക്ഷയാണ്. പുനഃപരീക്ഷയ്ക്ക് ഇവിടെ അവസരമില്ല. ഇതു വിജയിച്ചേ മതിയാകൂ. പരാജയത്തിന്റെ ആഘാതം വളരെ വളരെ വലുതായിരിക്കും. സധൈര്യം മുന്നോട്ടു നീങ്ങുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ല. എന്തുവന്നാലും സമചിത്തത കൈവെടിയില്ലെന്നു നിശ്ചയിച്ചു. യാങ്കോണിലെ എയര്‍ ട്രാഫിക് കണ്‍ട്രോളിനെ ബന്ധപ്പെടുക എന്നതായിരുന്നു ആദ്യ നടപടി. പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ ബോദ്ധ്യപ്പെടുത്തി. അവിടെ നിന്ന് പൂര്‍ണ്ണസഹകരണം. ഭാഗ്യത്തിന് തിരക്കില്ലാത്ത സമയമായിരുന്നു. ഉടനെ തന്നെ ഇറങ്ങാന്‍ അനുമതി ലഭിച്ചു.

2011ൽ ജെ.കെ. കമാൻഡർ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടപ്പോൾ

ഒരു എഞ്ചിന്‍ മാത്രമുള്ള വിമാനം ഇറങ്ങുമ്പോള്‍ ബാലന്‍സ് ചെയ്യിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. ചെറിയൊരു പാളിച്ച മതി എല്ലാം അവസാനിക്കാന്‍. ധീരനൊപ്പം ഭാഗ്യവും നില്‍ക്കും എന്ന ചൊല്ല് അവന്‍ മനസ്സില്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. യാങ്കോണിനു മേല്‍ വട്ടമിട്ട ശേഷം പതിയെ വിമാനം താഴ്ത്തി. അപ്പോഴേക്കും വിമാനത്താവളത്തില്‍ അടിയന്തരസാഹചര്യം നേരിടുന്നതിനുള്ള സര്‍വ്വ തയ്യാറെടുപ്പുകളും പൂര്‍ത്തിയായി എന്ന അറിയിപ്പ് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്ന് കിട്ടി. ഒരു പ്രത്യേക രീതിയില്‍ കൈകാര്യം ചെയ്താലേ ഒരു എഞ്ചിന്‍ മാത്രമുള്ള വിമാനം നിയന്ത്രിക്കാനാവൂ. ഭാഗ്യം കൊണ്ടോ, നിര്‍ഭാഗ്യം കൊണ്ടോ ജീവിതത്തില്‍ ഇതുവരെ അതിന് അവസരമുണ്ടായിട്ടില്ല. പാളിയാല്‍ പിന്നൊരു തിരിച്ചുപോക്കില്ല. പക്ഷേ, മുന്നില്‍ വേറെ വഴികളുമില്ല.

കോ-പൈലറ്റിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനൊപ്പം വിമാനത്തിന്റെ ചലനത്തിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതില്‍ ശ്രദ്ധിച്ചു. കുറയ്ക്കാവുന്നതിന്റെ പരമാവധി വേഗം കുറച്ചു, ആയാസപ്പെട്ടു തന്നെ. വളരെ ശ്രദ്ധാപൂര്‍വ്വം ജെ.കെ. വിമാനം താഴ്ത്തി. നിയന്ത്രണം വിട്ടുപോകുന്ന ഘട്ടങ്ങളുണ്ടായി എങ്കിലും ഇച്ഛാശക്തിയുടെ ബലത്തില്‍ നിയന്ത്രിച്ചു നിര്‍ത്തി. തന്റെ കടമ വിജയകരമായി നിറവേറ്റി, ആര്‍ക്കുമൊരു പോറല്‍ പോലുമേല്‍ക്കാതെ. ഒടുവില്‍ യാങ്കോണിലെ റണ്‍വേയില്‍ വിമാനത്തിന്റെ ടയര്‍ സ്പര്‍ശിച്ചപ്പോള്‍ അവനില്‍ നിന്ന് ദീര്‍ഘനിശ്വാസമുയര്‍ന്നു. താനടക്കം 135 പേര്‍ മരണത്തെ തോല്പിച്ച ആശ്വാസനിശ്വാസം. അവന്റെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ മരണം തോറ്റുമടങ്ങി. ആ അനുഭവം, വികാരം വാക്കുകള്‍ക്ക് വിവരിക്കാനാവുന്നതിനും എത്രയോ അപ്പുറമായിരുന്നു.

യാങ്കോണില്‍ ഇറക്കിയ യാത്രക്കാരെ മറ്റു വിമാനങ്ങളില്‍ കയറ്റി ലക്ഷ്യസ്ഥാനത്ത് എത്തിച്ചു. വിമാനത്തിൽ നിന്നു പുറത്തെത്തിയ ശേഷം മാത്രം തങ്ങള്‍ നേരിട്ട പ്രതിസന്ധിയുടെ ആഴം മനസ്സിലാക്കിയ യാത്രക്കാര്‍ ഞെട്ടിത്തരിച്ചിരുന്നു. കമാന്‍ഡറോട് അവര്‍ നന്ദി പറഞ്ഞു, ആകാവുന്ന വിധത്തിലെല്ലാം. അവന്‍ വെറുതെ നിന്നുകൊടുത്തു. ഒരു ദിവസം യാങ്കോണില്‍ തങ്ങിയ ജെ.കെ. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. ഇന്‍ഡിഗോയുടെ എഞ്ചിനീയര്‍മാര്‍ അവിടെയെത്തി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ്. രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ ശേഷമേ തകരാര്‍ പരിഹരിച്ച് ആ വിമാനം വീണ്ടുമുയരൂ.

എല്ലാം കഴിഞ്ഞ ശേഷമാണ് ജെ.കെ. വീട്ടില്‍ വിളിച്ച് വിവരം പറഞ്ഞത്. ആദ്യം അമ്പരന്നുവെങ്കിലും അപകടമൊന്നുമുണ്ടായില്ല എന്നു കേട്ടപ്പോള്‍ വീട്ടുകാര്‍ക്കും ആശ്വാസം. യാങ്കോണില്‍ നിന്ന് ബാങ്കോക്കിലേക്ക് തന്നെയാണ് ജെ.കെ. പോയത്. അവിടെ നിന്ന് തിരികെ ബംഗളൂരുവിലേക്ക്. ഞാന്‍ പകല്‍ വിളിക്കുമ്പോഴെല്ലാം അവന്‍ ബാങ്കോക്കില്‍ തിരക്കിലായിരുന്നു. അതാണ് കിട്ടാത്തത്. നാട്ടിലെത്തിയപ്പോള്‍ കിട്ടി.

വൈമാനികര്‍ക്ക് നിശ്ചിത ഇടവേളകളില്‍ പരീക്ഷകളും സ്റ്റിമുലേറ്റര്‍ ടെസ്റ്റുമൊക്കെ പാസാകണം. അത്തരമൊരു സ്റ്റിമുലേറ്റര്‍ ടെസ്റ്റ് ജനുവരി 29നാണ് ജെ.കെ. വിജയകരമായി പൂര്‍ത്തിയാക്കിയത്. അതിന്റെ പുത്തന്‍ അനുഭവപിന്‍ബലം ഈ പ്രതിസന്ധി മറികടക്കാന്‍ സഹായിച്ചിട്ടുണ്ടാവാമെന്ന് അവന്റെ വിലയിരുത്തല്‍. ഇതിലൊന്നും വലിയ കാര്യമില്ലെടേയ് എന്ന നിസ്സംഗഭാവം. ആ പഴയ എട്ടാം ക്ലാസ്സുകാരനെപ്പോലെ തന്നെ.

ജെ.കെയുടെ എട്ടാം ക്ലാസ്സിലെ രൂപം തന്നെയാണ് എന്റെ മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്നത്. കാരണം, തിരുവനന്തപുരം സെന്റ് ജോസ്ഫ്‌സ് സ്‌കൂളില്‍ എട്ടാം ക്ലാസ്സിലാണ് ഞാന്‍ ചെന്നു കയറുന്നത്. ഞാന്‍ ഏഴ് വരെ ചിന്മയ വിദ്യാലയത്തിലായിരുന്നു. സെന്റ് ജോസഫ്‌സില്‍ അഞ്ചാം ക്ലാസ് മുതല്‍ ഒരുമിച്ചു പഠിച്ചുവന്നവരുടെ കൂട്ടത്തിലേക്ക് ഒരു അതിഥിയായി പാതിവഴിയില്‍ ചേര്‍ന്നവന്‍. സ്വാഭാവികമായും ഒരു അപരിചിതത്വം ഉണ്ടാവേണ്ടതാണ്. എന്നാല്‍, എനിക്ക് അത് അശേഷം അനുഭവപ്പെടാതെ നോക്കിയവരില്‍ ഒരാള്‍ ജെ.കെ. ആയിരുന്നു. അന്നു മുതലേ അവനുമായി കൂട്ടാണ്. പഠിപ്പിസ്റ്റുകളുടെ കൂട്ടത്തില്‍ മുമ്പനായിരുന്നു അവന്‍. നമ്മള്‍ വെറും ശരാശരി. എങ്കിലും കൂട്ടിന് തടസ്സമായില്ല. സ്‌കൂളില്‍ ഓരോ വര്‍ഷവും വിദ്യാര്‍ത്ഥികളെ അങ്ങോട്ടുമിങ്ങോട്ടും മാറ്റാറുണ്ടായിരുന്നു. എന്തുകൊണ്ടോ ഒമ്പതിലും പത്തിലുമെല്ലാം ഞാനും അവനും ഒരു ക്ലാസ്സില്‍ തന്നെ വന്നു.

തിരുവനന്തപുരം സെന്റ് ജോസഫ്‌സ് സ്‌കൂളിലെ എസ്.എസ്.എല്‍.സി. 1990 ബാച്ച് ഇ ഡിവിഷന്‍ വിദ്യാര്‍ത്ഥികള്‍ ഹെഡ്മാസ്റ്റര്‍ ഫാ.എഫ്രേം തോമസിനൊപ്പം. വൃത്തത്തില്‍ ഞാന്‍, ചതുരത്തില്‍ ജയകൃഷ്ണന്‍

എസ്.എസ്.എല്‍.സി. പരീക്ഷയില്‍ അവന്‍ മികച്ച വിജയം നേടി. അധികം മോശമാക്കാതെ ഞാനും കടന്നു കൂടി. പിന്നീട് ഞാനും ജെ.കെയും ഒരുമിച്ചത് ഗവ. ആര്‍ട്‌സ് കോളേജില്‍ പ്രിഡിഗ്രിക്കാണ്. അവിടെ ഞാന്‍ എ ബാച്ചിലും അവന്‍ ബി ബാച്ചിലുമായി. സമയം ചെലവിടുന്നത് കൂടുതലും ക്ലാസ്സിനു പുറത്തായതിനാല്‍ ബാച്ച് മാറ്റം പ്രശ്‌നമായില്ല. ഞങ്ങള്‍ ഇരുവരും ഫസ്റ്റ് ഗ്രൂപ്പുകാരായിരുന്നുവെങ്കിലും അവനെപ്പോലെ എഞ്ചിനീയറിങ് എന്റെ സ്വപ്‌നമായിരുന്നില്ല. അതിനാല്‍ത്തന്നെ പ്രിഡിഗ്രിക്കു ശേഷം ഞാന്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ പോയി ബി.എ. ഇംഗ്ലീഷിനു ചേര്‍ന്നു. അവിടെത്തന്നെ എം.എ. ഇംഗ്ലീഷും കടന്ന് ജേര്‍ണലിസവും പൂര്‍ത്തിയാക്കി മാധ്യമപ്രവര്‍ത്തകനായി.

ജയകൃഷ്ണൻ എന്ന സ്കൂൾ വിദ്യാർത്ഥി

ജെ.കെ. എഞ്ചിനീയറാകും എന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍, സ്‌കൂളിലെ പഠിപ്പിസ്റ്റ് കോളേജില്‍ എത്തിയപ്പോള്‍ ഉഴപ്പിയതുകൊണ്ടാണോ എന്നറിയില്ല, എഞ്ചിനീയറിങ് എന്‍ട്രന്‍സ് കടന്നുകൂടാന്‍ ജെ.കെയ്ക്കായില്ല. ഒരു വര്‍ഷം കാത്തിരുന്ന ശേഷം വീണ്ടും ശ്രമിച്ചപ്പോഴും വിജയം കൈവന്നില്ല. ഉഴപ്പിയെന്നു പറഞ്ഞാല്‍ അവന്‍ സമ്മതിക്കില്ല. ആ വിഷയങ്ങള്‍ വഴങ്ങിയില്ല എന്നു വേണമെങ്കില്‍ പറയും. അങ്ങനെ, അവന്‍ തിരുവനന്തപുരം എം.ജി. കോളേജില്‍ പോയി ബി.എ. ഇംഗ്ലീഷിനു ചേര്‍ന്നു. അവിടെ രണ്ടാം വര്‍ഷം പഠിക്കുമ്പോഴാണ് തിരുവനന്തപുരം സര്‍ക്കാര്‍ ഫ്‌ളൈയിങ് ക്ലബ്ബിലെ ഫ്‌ളൈറ്റ് ട്രെയ്‌നിങ്ങിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത് കണ്ടത്. ഉടനെ തന്നെ അപേക്ഷിച്ചു. 424 പേര്‍ പരീക്ഷയെഴുതിയതില്‍ തിരഞ്ഞെടുക്കപ്പെട്ട 8 പേരിലൊരാള്‍ ജയകൃഷ്ണനായിരുന്നു. തനിക്കു വഴങ്ങുന്ന വിഷയം എന്താണെന്ന് അവന്‍ വേഗത്തില്‍ തിരിച്ചറിഞ്ഞു, അവിടെയെത്തി.

ഒരു മധ്യവര്‍ഗ്ഗ കുടുംബത്തില്‍ നിന്നു വരുന്ന ജെ.കെ. വളരെ കഷ്ടപ്പെട്ടാണ് പൈലറ്റ് ട്രെയ്‌നിങ് പൂര്‍ത്തിയാക്കിയതും ലൈസന്‍സ് എടുത്തതും. അതിന് ചേട്ടനും ചേച്ചിയുമെല്ലാം കാര്യമായി തന്നെ സഹായിച്ചു. ലൈസന്‍സ് എടുത്ത ശേഷം സംഭവിച്ചതെല്ലാം ചരിത്രം. തിരുവനന്തപുരം ജനറല്‍ ആസ്പത്രിക്കു സമീപത്തെ വീട്ടിലേക്ക് അവന്‍ ഇടയ്ക്ക് വരും. നമ്മളൊക്കെ കാറോ ബൈക്കോ ഓടിച്ചാണ് വീട്ടിലെത്തുന്നതെങ്കില്‍ അവന്‍ വരവ് വിമാനം പറപ്പിച്ചാണെന്നു മാത്രം. ഇപ്പോള്‍ 14 വര്‍ഷമായി ആകാശനീലിമയില്‍ അവന്‍ പറന്നു നടക്കുന്നു. വിമാനം പറത്തി നടക്കുന്നു, ഞങ്ങള്‍ കൂട്ടുകാരുടെ കൂടി അഭിമാനമുയര്‍ത്തിക്കൊണ്ട്.

ജീവിതത്തില്‍ വലിയ ആഗ്രഹങ്ങളൊന്നുമില്ല. പക്ഷേ, ചെറിയൊരാഗ്രഹമുണ്ട്. ജെ.കെ. പറത്തുന്ന വിമാനത്തില്‍ യാത്ര ചെയ്യണം.

COMMANDER JK, I SALUTE YOU

 


പിന്‍കുറിപ്പ്: വലിയൊരു വിമാനാപകടം ഒഴിവാക്കിയ വിജയകഥയിലെ നായകന്‍ മലയാളിയാണെന്ന് മലയാള മനോരമ ഇതുവരെ അറിഞ്ഞിട്ടില്ല!
ജെ.കെയുടെ മഹാഭാഗ്യം!!!

Previous article11 ഉദ്ഘാടനം ഒരു വേദിയില്‍!
Next articleറോബോ പൊലീസ്
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here