അവാര്‍ഡ് പ്രഖ്യാപിച്ചപ്പോഴോ ബന്ധപ്പെട്ട വ്യക്തി അത് സ്വീകരിച്ചപ്പോഴോ അത് ചര്‍ച്ചയായില്ല. എന്നാല്‍, അവാര്‍ഡ് വാങ്ങിയ ശേഷം സ്ഥാപനത്തില്‍ നടന്ന സംഭവവികാസങ്ങള്‍ ആ അവാര്‍ഡിനെയും അതിന് അര്‍ഹനായ വ്യക്തിയെയും ഇപ്പോള്‍ ശ്രദ്ധാകേന്ദ്രമാക്കിയിരിക്കുന്നു. ശരിക്കു പറഞ്ഞാല്‍ പരിഹാസപാത്രമാക്കിയിരിക്കുന്നു എന്നു പറയാം. വിജിലന്‍സ് എക്‌സലന്‍സ് അവാര്‍ഡ് ആണ് വിഷയം. ഏറ്റവും വലിയ അഴിമതിക്കാര്‍ക്ക് അഴിമതി വിരുദ്ധ പുരസ്‌കാരം കിട്ടിയ കഥ!!!

അഴിമതി വിരുദ്ധ പോരാട്ടത്തില്‍ മികവ് പ്രകടിപ്പിക്കുന്നവര്‍ക്കാണ് വിജിലന്‍സ് വാരാചരണത്തിന്റെ ഭാഗമായി വിജിലന്‍സ് എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. 2017 ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 4 വരെയാണ് കഴിഞ്ഞ വര്‍ഷത്തെ വിജിലന്‍സ് ബോധവത്കരണ വാരാചരണം നടന്നത്. ഇന്ത്യയുടെ ഉരുക്ക് മനുഷ്യന്‍ സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലിന്റെ ജന്മദിനമായ ഒക്ടോബര്‍ 31 വരുന്ന ആഴ്ചയാണ് വിജിലന്‍സ് ബോധവത്കരണ വാരമായി ആചരിക്കുക. അഴിമതി ഇല്ലാതാക്കുന്നതിനായുള്ള പ്രതിജ്ഞ പുതുക്കുന്ന വേള.
വിജിലന്‍സ് വാരാചരണത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം വിതരണം ചെയ്ത അവാര്‍ഡിനെക്കുറിച്ചാണ് ഇപ്പോള്‍ ഇന്ത്യ മുഴുവന്‍ ചര്‍ച്ച ചെയ്യുന്നത്. അഴിമതി തടയുന്നതിന് സ്വീകരിച്ച വൈവിധ്യമാര്‍ന്ന നടപടികളുടെ പേരിലും റിസര്‍വ് ബാങ്കിന്റെയും കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെയും നിര്‍ദ്ദേശങ്ങള്‍ സമയബന്ധിതമായി നടപ്പാക്കിയതിന്റെ പേരിലും പഞ്ചാബ് നാഷണല്‍ ബാങ്കിന് 2016-17ലെ വിജിലന്‍സ് എക്‌സലന്‍സ് പുരസ്‌കാരം ലഭിച്ചു!!! സംശയിക്കണ്ട, അഴിമതി നിമിത്തം 11,400 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി ഇപ്പോള്‍ വ്യക്തമായിട്ടുള്ള പി.എന്‍.ബിക്ക് തന്നെ.

കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ കെ.വി.ചൗധരി സ്വന്തം കൈകൊണ്ടു തന്നെയാണ് ഈ പുരസ്‌കാരം നല്‍കിയത്. ഹൈദരാബാദിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് എന്റര്‍പ്രൈസസില്‍ നടന്ന വിജിലന്‍സ് ഓഫീസര്‍മാരുടെ സമ്മേളനത്തില്‍ പി.എന്‍.ബിയുടെ ചീഫ് വിജിലന്‍സ് ഓഫീസര്‍ എസ്.കെ.നാഗ്പാല്‍ ഈ പുരസ്‌കാരം ഏറ്റുവാങ്ങി.
സമീപകാലത്ത് ആദ്യമായല്ല പി.എന്‍.ബിക്ക് അഴിമതിവിരുദ്ധ പുരസ്‌കാരം ലഭിക്കുന്നത്. 2013-14ലും 2014-15ലും പി.എന്‍.ബിക്ക് വിജിലന്‍സ് എക്‌സലന്‍സ് പുരസ്‌കാരം ലഭിച്ചിരുന്നു. ഈ സമയത്തെല്ലാം കോടികളുടെ അഴിമതി ബാങ്കില്‍ നിര്‍ബാധം തുടരുകയായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമാവുന്നു. വേണ്ടതു തന്നെ. അവാര്‍ഡിന്റെ നിലവാരം ഇപ്പോള്‍ പൊതുജനത്തിന് ബോദ്ധ്യപ്പെട്ടു.
എന്തായാലും അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പുരസ്‌കാരം നേടിയ പി.എന്‍.ബി. ഇപ്പോള്‍ അഴിമതിയുടെ പേരില്‍ തങ്ങളുടെ 18 പ്രധാന ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്!!