ഏതാണ്ട് കാല്‍ നൂറ്റാണ്ട് മുമ്പിറങ്ങിയ ഒരു സിനിമയുണ്ട് -‘യോദ്ധ’. ഉണ്ണിക്കുട്ടന്‍ എന്ന റിംപോച്ചയുടെയും അവന്റെ അകോസോട്ടന്റെയും കഥ. കൂടെ അമ്പട്ടന്‍ അഥവാ പാരയും ചേര്‍ന്ന് നമ്മെ കുടുകുടാ ചിരിപ്പിച്ചു. മോഹന്‍ലാല്‍ എന്ന സൂപ്പര്‍താരവും ജഗതി ശ്രീകുമാര്‍ എന്ന ഹാസ്യസാമ്രാട്ടും പുനീത് ഇസ്സാര്‍ എന്ന എല്ലാം തികഞ്ഞ വില്ലനുമെല്ലാം തകര്‍ത്തഭിനയിച്ച ആ സിനിമയില്‍ പക്ഷേ, എന്നേ ഏറെ ആകര്‍ഷിച്ചത് സിദ്ധാര്‍ത്ഥ ലാമ എന്ന ബാലനായിരുന്നു -ഉണ്ണിയപ്പം പോലെ തലയുള്ള ഉണ്ണിക്കുട്ടന്‍.
കഴിഞ്ഞ ദിവസം തക്കലയ്ക്കടുത്ത് കുമാര കോവിലില്‍ എത്തി കണ്ണന്റെ മുടി മുറിച്ചു. നേര്‍ച്ച പൂര്‍ത്തിയാക്കി തലയില്‍ ചന്ദനവും പൂശി നിന്ന കണ്ണന്റെ പുതിയ രൂപം കണ്ടപ്പോള്‍ മനസ്സില്‍ ഒരു ഫഌഷ് മിന്നി-‘ഇവനെ എങ്കെയോ പാത്ത മാതിരി ഇല്ലൈ?’ മറുപടിക്കായി അധികം പരതേണ്ടി വന്നില്ല -നുമ്മടെ റിംപോച്ചെ.
കണ്ണന്റെ പുതിയ ഗെറ്റപ്പ് കണ്ട ചില സുഹൃത്തുക്കള്‍ ശങ്കരാചാര്യരുടെ ശൈശവരൂപം എന്നൊക്കെ വിശേഷിപ്പിച്ചു. പക്ഷേ, എനിക്കിഷ്ടം അവനെ റിംപോച്ചെ എന്ന ഉണ്ണിക്കുട്ടനോട് ഉപമിക്കാനാണ്. പ്രണവ് നായര്‍ ഏലിയാസ് റിംപോച്ചെ റീലോഡഡ്!
നേര്‍ച്ചയുടെ പേരിലാണെങ്കിലും കണ്ണന്റെ സുന്ദരമായ മുടി മുറിച്ചതില്‍ എനിക്ക് സങ്കടമുണ്ട്. അത് ഇങ്ങനെ തീര്‍ക്കാന്‍ നോക്കാം…