എസ്.എസ്.എല്‍.സി., വി.എച്ച്.എസ്.ഇ., പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ പൂര്‍ത്തിയായി.
വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷം.
ലോക്ക്ഡൗണിലിടയിലും അവര്‍ക്കു മേല്‍ സമ്മര്‍ദ്ദമായിരുന്ന പരീക്ഷകള്‍ കഴിഞ്ഞുവല്ലോ.
രക്ഷിതാക്കള്‍ക്ക് അതിലേറെ സന്തോഷം.
കുട്ടികളുടെ ഒരു വര്‍ഷം നഷ്ടമാവാതെ കാത്തുവല്ലോ.
അദ്ധ്യാപകര്‍ക്കുമുണ്ട് സന്തോഷം.
എല്ലാം മംഗളമായി കലാശിച്ചുവല്ലോ.
ഇതെല്ലാം ചുമ്മാതങ്ങ് നടന്നതാണോ?
അല്ലേയല്ല, ഒരിക്കലുമല്ല.
എത്രയോ പേരുടെ, അവരുള്‍പ്പെടുന്ന സംവിധാനത്തിന്റെ കഠിനപരിശ്രമമാണ് ഈ ഫലം സ്വായത്തമാക്കിയത്.
ഇന്നു വന്ന ഒരു ചിത്രം എല്ലാവരും കണ്ടിട്ടുണ്ടാവും.
ഒരു പെണ്‍കുട്ടിക്കു പരീക്ഷയെഴുതാന്‍ വേണ്ടി മാത്രം സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ട് സര്‍വ്വീസ് നടത്തുന്ന ചിത്രം.
കാഞ്ഞിരം എസ്.എന്‍.ഡി.പി. എച്ച്.എസ്.എസ്സില്‍ പ്ലസ് വണ്‍ പരീക്ഷയെഴുതുന്ന സാന്ദ്ര സാബു എന്ന കുട്ടിക്കു വേണ്ടി ലോക്ക്ഡൗണില്‍ ബോട്ടോടി.
ഇതുപോലെ എത്രയോ കുട്ടികള്‍ക്കു വേണ്ടി പ്രത്യേക സൗകര്യമൊരുക്കിയാണ് ഈ വിജയം നേടിയത്.
പരീക്ഷ വിജയകരമായി പൂര്‍ത്തിയാക്കിയതില്‍ തീര്‍ച്ചയായും സര്‍ക്കാരിന് അഭിമാനിക്കാം.
പരീക്ഷ നടത്താന്‍ തീരുമാനിച്ച സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിയെപ്പറ്റി “വട്ടല്ലേ അയാള്‍ക്ക്” എന്നാണ് പ്രതിപക്ഷ പാര്‍ട്ടിയുടെ ഒരു എം.പി. ചോദിച്ചത്.
ജനങ്ങള്‍ക്കു നന്മ ചെയ്യുന്നത് ചിലര്‍ക്ക് വട്ടായി തോന്നാം.
മഹാത്മാഗാന്ധി എന്ന മനുഷ്യനു തോന്നിയ വട്ടാണ് നമ്മള്‍ ഇപ്പോള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം.
അത്ര മാത്രമോര്‍ത്താല്‍ മതി.