സനില്‍ ഫിലിപ്പിന് എന്റെ ജീവിതത്തിലുണ്ടായിരുന്ന സ്ഥാനം ഒരു ദിവസത്തേതു മാത്രമായിരുന്നു. പക്ഷേ, ആ ദിവസം രാവിലെ 10 മണി മുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ 4 മണി വരെ അവന്‍ ഒപ്പമുണ്ടായിരുന്നു. ആ ഒറ്റ ദിവസം കൊണ്ട് അവന്‍ എനിക്ക് ആരൊക്കെയോ ആയി മാറി. എന്നെങ്കിലും എവിടെയെങ്കിലും അവനെ ഇനിയും കാണുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍, ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ ഇന്നു രാവിലെ കാണുന്നത് അവന്‍ ഇനിയില്ല എന്ന വാര്‍ത്ത.
കഴിഞ്ഞ ഓഗസ്റ്റിലാണ് ഞാന്‍ സനിലിനെ ആദ്യമായി കാണുന്നത്, അവസാനമായും. കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ഭാരവാഹി തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായി കോട്ടയം പ്രസ് ക്ലബ്ബിലെത്തിയതായിരുന്നു ഞാന്‍. മുമ്പ് ഇന്ത്യാവിഷനിലുണ്ടായിരുന്ന, ഇപ്പോഴത്തെ മീഡിയാ വണ്‍ കോട്ടയം റിപ്പോര്‍ട്ടര്‍ ആല്‍വിന്‍ തോമസാണ് എനിക്കു സനിലിനെ പരിചയപ്പെടുത്തിയത്. അവനെനിക്കു കൈ തന്നു. എന്റെ കണ്ണുകളിലേക്കവന്‍ നോക്കി. അവിടെ നിറഞ്ഞ സ്‌നേഹം ഞാന്‍ കണ്ടു. ആദ്യം കാണുന്നതിന്റെ അപരിചിതത്വം ഉണ്ടായിരുന്നില്ല. ഞങ്ങള്‍ക്ക് ഇരുവര്‍ക്കും പരസ്പരം അറിയാമായിരുന്നു, കണ്ടിട്ടില്ലെന്നു മാത്രം.
അന്നു കോട്ടയത്ത് വന്നവരില്‍ ഒട്ടേറെ പേര്‍ എന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു. പക്ഷേ, ആ ദിവസം മുഴുവന്‍ എന്നോട് ഏറ്റവുമധികം അടുപ്പം പുലര്‍ത്തിയത് കോട്ടയത്തെ റിപ്പോര്‍ട്ടര്‍ ടി.വി. ചീഫായിരുന്ന സനില്‍ തന്നെ. ഇടയ്ക്ക് വാര്‍ത്തകള്‍ തേടി ഒന്നോ രണ്ടോ തവണ പുറത്തു പോയതൊഴിച്ചാല്‍ അന്നു മുഴുവന്‍ സമയവും അവന്‍ ഒപ്പമുണ്ടായിരുന്നു, കോട്ടയത്ത് എനിക്കു വലിയ പരിചയമില്ലെന്ന് ആദ്യമേ തന്നെ പറഞ്ഞതിനാലാവാം. ചായ കുടിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെ അവനെന്നെ നിര്‍ബന്ധിച്ചു കൊണ്ടുപോയി. ശരിക്കും ഒരു ആതിഥേയന്‍. വര്‍ഷങ്ങളുടെ അടുപ്പമാണ് ഏതാനും മണിക്കൂറുകള്‍ക്കിടയില്‍ സനിലും ഞാനും തമ്മില്‍ ഉടലെടുത്തത്. കോട്ടയത്തു നിന്നു മടങ്ങുമ്പോള്‍ പുതിയൊരു ‘അടുത്ത’ സുഹൃത്ത് എനിക്കുണ്ടായിരുന്നു, സമ്പാദ്യമായി. സനിലുമായി ബന്ധപ്പെട്ട് കോട്ടയത്ത് ഒരു തര്‍ക്കമുണ്ടായപ്പോള്‍ പിന്തുണയുമായി ചാടിയിറങ്ങാന്‍ എന്നെ പ്രേരിപ്പിച്ചത് ആ സൗഹൃദമാണ്. ആ തര്‍ക്കത്തില്‍ ന്യായം പൂര്‍ണ്ണമായി സനിലിന്റെ ഭാഗത്തായിരുന്നു താനും.
കുറച്ചു ദിവസങ്ങളായി തത്സമയ വാര്‍ത്തകളുടെ ലോകത്ത് സജീവമല്ല. അതിനാല്‍ത്തന്നെ സനിലിന്റെ അപകടവാര്‍ത്ത അറിയാന്‍ അല്പം വൈകി. ഒരു മാധ്യമപ്രവര്‍ത്തകന്‍ അപകടത്തില്‍പ്പെട്ടതായി അറിഞ്ഞിരുന്നുവെങ്കിലും മറ്റു ചില തിരക്കുകള്‍ കാരണം കൂടുതല്‍ ശ്രദ്ധിച്ചിരുന്നില്ല. മുമ്പ് റിപ്പോര്‍ട്ടറിലും ഇപ്പോള്‍ ന്യൂസ് 18 കേരളത്തിലും സനിലിന്റെ സഹപ്രവര്‍ത്തകനായ അനീഷാണ് വിവരമറിയിച്ചത്. സനലിന്റെ ചികിത്സ സംബന്ധിച്ച് തിരുവനന്തപുരത്തെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ അഭിപ്രായം തേടാനാവുമോ എന്ന് അവന്‍ ചോദിച്ചു. ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെടാനുള്ള സംവിധാനം ഒരുക്കിക്കൊടുത്തു. വലിയ കാര്യമൊന്നുമല്ല. അണ്ണാന്‍ കുഞ്ഞിനും തന്നാലായത്.
ജൂണ്‍ 20നാണ് സനില്‍ അപകടത്തില്‍പ്പെട്ടത്. മുണ്ടക്കയത്തെ വീട്ടില്‍ നിന്ന് രാവിലെ എറണാകുളത്തെ ജോലി സ്ഥലത്തേക്ക് പുറപ്പെട്ടതാണ്. വണ്ടന്‍പതാല്‍ പത്തു സെന്റിന് സമീപത്തു വെച്ച് സനില്‍ സഞ്ചരിച്ച ഓട്ടോ മറിഞ്ഞു. സുഷുമ്‌നാ നാഡിക്കും കഴുത്തിനും ഗുരുതരപരിക്ക്. അപകടം ഒരു കുടുംബത്തിന്റെ അത്താണിയെയാണ് ഇല്ലാതാക്കിയത്. സനിലിന്റെ ഏറ്റവും വലിയ സമ്പത്ത് അവന്റെ സുഹൃത്തുക്കളായിരുന്നു. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്ന് അവര്‍ ഓടിക്കൂടി. ചികിത്സയ്ക്കുള്ള ഭാരിച്ച ചെലവു മുതല്‍ ഏറ്റവും ചെറിയ കാര്യം വരെ സ്വമേധയാ അവരുടെ ചുമതലയിലായി. ചെയ്യാവുന്നതെല്ലാം ആ കൂട്ടുകാര്‍ ചെയ്തു. പക്ഷേ, ദൈവത്തിന്റെ കണക്കുകൂട്ടല്‍ വേറെയായിരുന്നു.
ശസ്ത്രക്രിയയ്ക്കു ശേഷം സനില്‍ തിരിച്ചുവന്നേക്കും എന്ന പ്രതീക്ഷയുണ്ടായി. എന്നാല്‍ ന്യൂമോണിയ ബാധ നിമിത്തം ശസ്ത്രക്രിയ നടന്നില്ല എന്നറിയുന്നു. ആ ന്യൂമോണിയ സനിലിനെയും കൊണ്ടുപോയി. സമൂഹത്തിന്റെ പിന്നാമ്പുറങ്ങളില്‍ ആര്‍ക്കും വേണ്ടാത്തിടങ്ങളില്‍ നിന്ന് കണ്ടെത്തിയ വാര്‍ത്തകളാണ് സനില്‍ എന്ന മാധ്യമപ്രവര്‍ത്തകനെ വ്യത്യസ്തനാക്കിയത്. അവന്റെ വാര്‍ത്തകള്‍ പലര്‍ക്കും അത്താണിയായി. ഒരു വാര്‍ത്തയറിഞ്ഞാല്‍ അതിന്റെ നെല്ലും പതിരും തിരിച്ചെടുക്കുന്നതു വരെ വിടാതെ പിന്തുടരും. അതായിരുന്നു അവന്റെ സവിശേഷത. ഏറ്റവുമൊടുവില്‍ കോട്ടയത്ത് വിവാദം സൃഷ്ടിച്ച ആ സംഭവത്തിനു പിന്നിലും സനിലിന്റെ ഈ സ്വഭാവവിശേഷം ഉണ്ടായിരുന്നു. അടിയാളരുടെ ഒരത്താണി കൂടി കാലയവനികയ്ക്കു പിന്നില്‍ മറയുന്നു.
നഷ്ടബോധം കനക്കുന്നു.
അടുത്തിടെ എത്ര പേരാണ് യാത്ര പറയാതെ പോയത്!
34കാരനായ അനീഷ് ചന്ദ്രന്‍..
32കാരിയായ അനുശ്രീ…
ഇപ്പോള്‍ 33കാരനായ സനില്‍ ഫിലിപ്പ്….
ഈ ദൈവത്തിനിതെന്തു പറ്റി??!!
ദൈവത്തിനോട് ഒന്നു മാത്രം പറയാം -കൊല്ലാം പക്ഷേ, തോല്‍പ്പിക്കാനാവില്ല!!