1921ല്‍ സവിശേഷമായ ഒരു വിദ്യാര്‍ത്ഥി സമരം നടന്നു.
എവിടെയെന്നല്ലേ?
ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജായ അന്നത്തെ തിരുവനന്തപുരം മഹാരാജാസ് കോളേജില്‍.
യൂണിവേഴ്സിറ്റി കോളേജ് എന്നാല്‍ സമരത്തിന്റെ പര്യായമാണ് ചിലര്‍ക്ക്.
അത് എസ്.എഫ്.ഐ. കാരണമാണെന്നും അവര്‍ പറയുന്നു.
എന്നാല്‍ എസ്.എഫ്.ഐ. പിറവിയെടുത്തത് തന്നെ 1970ല്‍ മാത്രമാണ്.
യൂണിവേഴ്സിറ്റി കോളേജിലെ സമരചരിത്രത്തിന് അതിലുമേറെ പഴക്കമുണ്ട്.
നൂറ്റാണ്ടിന്റെ പഴക്കമുണ്ട്.
വ്യത്യാസമില്ലാത്തത് ഒന്നിനു മാത്രം -എന്നും ഒഴുകിയ ചോരയുടെ നിറം ചുവപ്പാണ്.
വിദ്യാര്‍ത്ഥികളുടെ അവകാശത്തിനുവേണ്ടി വിദ്യാര്‍ത്ഥികള്‍ രാജ്യത്തു തന്നെ നടത്തിയ ആദ്യത്തെ സമരം നടന്നത് 1921ലാണ്.
അതിനു നേതൃത്വം നല്കിയത് അന്നത്തെ തിരുവനന്തപുരം മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥികളാണ്.
അതിനു മുമ്പും വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തിട്ടുണ്ടെങ്കിലും അതു സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിരുന്നു.
ഫീസ് വര്‍ദ്ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ സമരം തുടങ്ങിയത് 1921 ഓഗസ്റ്റ് 25നായിരുന്നു.
മോഡല്‍ സ്കൂളിലേക്ക് ശ്രീമൂല വിലാസം സ്കൂളിലെ കുട്ടികള്‍ നടത്തിയ മാര്‍ച്ചില്‍ മഹാരാജാസ് കോളേജിലെയും സെന്റ് ജോസഫ്സ് സ്കൂളിലെയും വിദ്യാര്‍ത്ഥികളും അണിചേര്‍ന്നു.
തുടര്‍ന്ന് തിരുവിതാംകൂറിലെ വിവിധ സ്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ പഠിപ്പുമുടക്കി.
വിവിധ തലങ്ങളിലേക്കു വ്യാപിച്ച സമരം ഒരു മാസത്തോളം നീണ്ടുനിന്നു.
സംഘര്‍ഷത്തിലാണ് ആ സമരം അവസാനിച്ചത്.
1921 സെപ്റ്റംബര്‍ 21ന് മഹാരാജാസ് കോളേജില്‍ കുതിരപ്പട്ടാളം കടന്നുകയറി.
കണ്ണില്‍ കണ്ടവരെയെല്ലാം ആക്രമിച്ചു, എല്ലാം തച്ചുതകര്‍ത്തു.
3 വിദ്യാര്‍ത്ഥികള്‍ക്ക് അന്നു ജീവന്‍ നഷ്ടമായി, അദ്ധ്യാപകര്‍ക്കും കൊടിയ മര്‍ദ്ദനമേറ്റു.
മരിച്ചവരില്‍ ഒരു വിദ്യാര്‍ത്ഥിയുടെ മൃതദേഹം പോലും കണ്ടുകിട്ടിയില്ല.
എന്തുകൊണ്ടോ ചരിത്രത്തില്‍ ഈ സമരത്തിനും രക്തസാക്ഷിത്വത്തിനും വേണ്ടത്ര പ്രാധാന്യം ലഭിച്ചില്ല.
ഈ സമരത്തിനു നേതൃത്വം നല്കിയ 2 പേര്‍ പിന്നീട് ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും ശ്രദ്ധ നേടി.
ഡല്‍ഹി ഗാന്ധി എന്നറിയപ്പെടുന്ന ഡല്‍ഹിയിലെ ആദ്യ ലോക്സഭാംഗങ്ങളില്‍ ഒരാളായ നെയ്യാറ്റിന്‍കര സ്വദേശി കൃഷ്ണന്‍ നായര്‍ ഗാന്ധിജിയോടൊപ്പം ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്ത 4 മലയാളികളില്‍ ഒരാളാണ്.
ജപ്പാനില്‍ തുടര്‍പഠനം നടത്തിയ പൂജപ്പുര സ്വദേശി മാധവന്‍ നായരാണ് ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ലീഗും പിന്നീട് ഇന്ത്യന്‍ നാഷണല്‍ ആര്‍മിയും രൂപീകരിക്കാന്‍ റാഷ് ബിഹാരി ബോസിനൊപ്പം പ്രധാന പങ്കുവഹിച്ചത്.
നായര്‍സാന്‍ എന്ന പേരില്‍ ഇദ്ദേഹം പ്രശസ്തനായി.
ഇന്ന് 2021 സെപ്റ്റംബര്‍ 21.
യൂണിവേഴ്സിറ്റി കോളേജിലെ, പഴയ മഹാരാജാസ് കോളേജിലെ രക്തസാക്ഷിത്വത്തിന് ഇന്ന് 100 തികയുന്നു.
സമരം എന്നത് യൂണിവേഴ്സിറ്റി കോളേജിന്റെ, ഇവിടത്തെ വിദ്യാര്‍ത്ഥികളുടെ ചോരയില്‍ അലിഞ്ഞുപോയതാണ്.
അതില്‍ വെള്ളം ചേര്‍ക്കാനോ അതിന്റെ ചുവന്ന നിറം മാറ്റാനോ കഴിയില്ല തന്നെ.
യൂണിവേഴ്സിറ്റി കോളേജ് ഒരു വികാരമാണ്.
അത് അവിടെ പഠിച്ചവര്‍ക്കു മാത്രം മനസ്സിലാവുന്നതാണ്..
വീഡിയോ കടപ്പാട്: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്