Reading Time: 6 minutes

1983ല്‍ പ്രുഡന്‍ഷ്യല്‍ ലോകകപ്പില്‍ ഇന്ത്യയുടെ പ്രകടനം വാര്‍ത്തയായതോടെയാണ് ക്രിക്കറ്റ് എന്നൊരു കളിയെക്കുറിച്ച് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത്. സിംബാബ്‌വെയ്‌ക്കെതിരായ ലീഗ് മത്സരത്തില്‍ കപില്‍ ദേവിന്റെ 175 നോട്ടൗട്ട് ഞങ്ങളെ ക്രിക്കറ്റിലേക്ക് വലിച്ചടുപ്പിച്ചു എന്നു തന്നെ പറയാം. ഞാന്‍ അന്ന് നാലാം ക്ലാസ് വിദ്യാര്‍ത്ഥി. റേഡിയോയിലെ ദൃക്‌സാക്ഷി വിവരണം മാത്രമായിരുന്നു കളി വിവരമറിയാനുള്ള വഴി. ടെലിവിഷന്‍ വളരെ അപൂര്‍വ്വം.

1983 പ്രുഡന്‍ഷ്യല്‍ ലോകകപ്പില്‍ ഇന്ത്യയുടെ വിജയനിമിഷം

ഞങ്ങളുടെ അയല്‍പക്കത്ത് വാടകയ്ക്കു താമസിച്ചിരുന്ന പട്ടാളക്കാരന്‍ ‘ഖാന്‍ അങ്കിളിന്റെ’ വീട്ടില്‍ മാത്രമാണ് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടെലിവിഷന്‍ ഉണ്ടായിരുന്നത്. വീടിനു മുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന അലൂമിനിയം ആന്റിന അക്കാലത്ത് ഒരത്ഭുതം തന്നെയായിരുന്നു. ദൂരദര്‍ശന്‍ അന്ന് ഏകഛത്രാധിപതി. ഇന്ത്യ സെമി ഫൈനലില്‍ എത്തുകയാണെങ്കില്‍ മാത്രം കളിയുടെ തത്സമയ സംപ്രേഷണം മതിയെന്നായിരുന്നു ചാനല്‍ മേലാളന്മാരുടെ തീരുമാനം. അതിനു മുമ്പു നടന്ന 2 ലോകകപ്പുകളില്‍ നിന്ന് കിഴക്കന്‍ ആഫ്രിക്കയ്‌ക്കെതിരായ ഒരു മത്സരം മാത്രം ജയിച്ച ഇന്ത്യ സെമിയില്‍ എത്തില്ലെന്ന് അവര്‍ക്ക് 100 ശതമാനം ഉറപ്പായിരുന്നിരിക്കണം.

1983ലെ ഫൈനലില്‍ അപകടകാരിയായ വിന്‍ഡീസ് താരം വിവ് റിച്ചാര്‍ഡ്‌സ് ഉയര്‍ത്തിയടിച്ച പന്ത് 30 വാരയോളം പിന്നോട്ടോടി കൈയിലൊതുക്കിയ ഇന്ത്യന്‍ നായകന്‍ കപില്‍ദേവിനെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു. കപിലിന്റെ ആ ക്യാച്ചാണ് നിര്‍ണ്ണായകമായത്

ടൂര്‍ണ്ണമെന്റ് തുടങ്ങും മുമ്പ് 66ല്‍ 1 കിരീടസാദ്ധ്യത മാത്രം കല്പിക്കപ്പെട്ടിരുന്ന ഇന്ത്യ ഒടുവില്‍ ചാമ്പ്യന്മാരായി. കശ്മീര്‍ മുതല്‍ കേരളം വരെ രാജ്യം മുഴുവന്‍ പൂര്‍ണ്ണമായി തത്സമയം സംപ്രേഷണം ചെയ്യപ്പെട്ട ആദ്യ കായിക മത്സരമായിരുന്നു 1983ലെ ഇന്ത്യ -വിന്‍ഡീസ് ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍. ഒടുവില്‍ കപില്‍ദേവ് ലോര്‍ഡ്‌സില്‍ പ്രുഡന്‍ഷ്യല്‍ കപ്പ് ഉയര്‍ത്തുമ്പോള്‍ ഇങ്ങ് തിരുവനന്തപുരത്ത് സമയം അര്‍ദ്ധരാത്രിയോടടുത്തിരുന്നു. അന്നു വരെ കുട്ടിയും കോലും കളിച്ചു നടന്നിരുന്ന ഞങ്ങളൊക്കെ പെട്ടെന്ന് ക്രിക്കറ്റ് താരങ്ങളായി. ഓലമടലിനും മരച്ചീനി കമ്പിനും ചെലവേറി. അല്പം സാമ്പത്തികമുള്ള സുഹൃത്തുക്കള്‍ ആശാരിമാരെക്കൊണ്ട് ബാറ്റിന്റെ രൂപത്തില്‍ തടിക്കഷ്ണം ചീവിയെടുത്തു.

ഏതാണ്ട് ഇക്കാലത്താണ് ലോക ക്രിക്കറ്റില്‍ ശ്രീലങ്കയുടെ ആവിര്‍ഭാവം സംഭവിച്ചത്. ഏതു ടീമിനു വേണമെങ്കിലും അനായാസം തോല്പിക്കാവുന്ന ശിശുക്കള്‍. എന്നാല്‍, ക്ഷണവേഗത്തിലായിരുന്നു ശ്രീലങ്കയുടെ പുരോഗതി. ഒടുവില്‍ 1996ല്‍ അവര്‍ ലോക ചാമ്പ്യന്മാരായി. പിന്നെ 2 തവണ കൂടി അവര്‍ ഫൈനല്‍ കളിച്ചു. 1983നു ശേഷം ഇന്ത്യയ്ക്ക് ലോക കപ്പ് ഉയര്‍ത്താന്‍ 2011 വരെ കാത്തിരിക്കേണ്ടി വന്നു. 1983ല്‍ ഇന്ത്യ ആദ്യം കപ്പുയര്‍ത്തുമ്പോള്‍ ഒന്നുമല്ലാതിരുന്ന ശ്രീലങ്ക 2011ലെ ഫൈനലില്‍ പരാജിതരുടെ റോളില്‍ ഉണ്ടായിരുന്നു. ക്രിക്കറ്റിന് തുടക്കമിട്ട ഇംഗ്ലീഷുകാര്‍ ഇന്നുവരെ ലോകകപ്പ് ഉയര്‍ത്തിയിട്ടില്ലെന്ന് പറയുമ്പോഴാണ് ശ്രീലങ്കയുടെ നേട്ടത്തിന്റെ വലിപ്പം മനസ്സിലാവുക.

ശ്രീലങ്കയെക്കുറിച്ചുള്ള ചിന്തകള്‍ ഇപ്പോള്‍ മനസ്സിലേക്ക് ഓടിയെത്താന്‍ കാരണമുണ്ട്. പണ്ട് ശ്രീലങ്ക വന്നതു പോലെ ഇപ്പോള്‍ മറ്റൊരു ടീം വരുന്നുണ്ട് -അഫ്ഗാനിസ്ഥാന്‍! അത്ഭുതപ്പെടേണ്ട. വിടുവായത്തം പറഞ്ഞതുമല്ല. ആഭ്യന്തര യുദ്ധം തകര്‍ത്തെറിഞ്ഞ ഈ രാജ്യത്തു നിന്നുള്ള കളിക്കാര്‍ നാളെ ലോകത്തിന്റെ നെറുകയിലെത്തിയാല്‍ അത്ഭുതമില്ല. ന്യൂസീലന്‍ഡില്‍ ഇപ്പോള്‍ നടക്കുന്ന അണ്ടര്‍ 19 ലോക കപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാന്റെ പ്രകടനം സൂക്ഷ്മമായി നോക്കിയാല്‍ ഇതു മനസ്സിലാവും.

ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ അണ്ടര്‍ 19 പ്രീമിയര്‍ ലീഗ് ജേതാക്കളായ അഫ്ഗാനിസ്ഥാന്‍ ടീം

രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിക്കുന്ന ഇന്ത്യ ഏതുവരെയെത്തി എന്നറിയാനാണ് ചാമ്പ്യന്‍ഷിപ്പിന്റെ വിശദാംശങ്ങള്‍ പരതിയത്. എന്നാല്‍, അഫ്ഗാനിസ്ഥാന്‍ ശരിക്കും ഞെട്ടിച്ചു. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ അണ്ടര്‍ 19 പ്രീമിയര്‍ ലീഗ് ജേതാക്കള്‍ എന്ന നിലയിലാണ് അഫ്ഗാനികള്‍ ലോകകപ്പിന് യോഗ്യത നേടിയത്. പാകിസ്താന്‍, ശ്രീലങ്ക, അയര്‍ലന്‍ഡ് എന്നിവര്‍ക്കൊപ്പം ഡി ഗ്രൂപ്പിലാണ് അവരുടെ സ്ഥാനം. ടൂര്‍ണമെന്റ് തുടങ്ങും മുമ്പ് ഈ ഗ്രൂപ്പില്‍ നിന്ന് ക്വാര്‍ട്ടറിലേക്ക് ആരു മുന്നേറും എന്നു ചോദിച്ചിരുന്നുവെങ്കില്‍ ഉറപ്പായും ഞാന്‍ പറയുക പാകിസ്താനും ശ്രീലങ്കയും എന്നാണ്. എന്നാല്‍, ഇന്ന് അതല്ല കഥ.

കളിച്ച 2 മത്സരങ്ങളും ജയിച്ച അഫ്ഗാനിസ്ഥാന് 4 പോയിന്റുണ്ട്. തോല്പിച്ചത് ആരെയൊക്കെ എന്നറിയണ്ടേ? പാകിസ്താനെയും ശ്രീലങ്കയെയും. ഇനി അയര്‍ലന്‍ഡിനെതിരെ ഒരു മത്സരം ബാക്കിയുണ്ട്. ഇപ്പോഴത്തെ നിലയില്‍ അതും ജയിക്കാനാണ് സാദ്ധ്യത. 3 മത്സരങ്ങളും കളിച്ച പാകിസ്താനും 2 ജയത്തില്‍ നിന്ന് 4 പോയിന്റുണ്ട്. +1.404 റണ്‍ ശരാശരിയുള്ള പാകിസ്താനാണ് ഇപ്പോള്‍ പട്ടികയില്‍ ഒന്നാമത്. അഫ്ഗാനിസ്ഥാന്റെ റണ്‍ ശരാശരി +0.574 ആണ്. അയര്‍ലന്‍ഡിനെ തോല്പിച്ചാല്‍ അഫ്ഗാനിസ്ഥാന്‍ 6 പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരാവും! ഏതായാലും കളിച്ച മൂന്നില്‍ 2 മത്സരവും തോറ്റ ശ്രീലങ്ക പുറത്തായിക്കഴിഞ്ഞു.

അഫ്ഗാനിസ്ഥാന്‍ നായകന്‍ നവീന്‍ ഉള്‍-ഹഖിന്റെ ബൗളിങ്‌

തങ്ങളുടെ ആദ്യ മത്സരത്തില്‍ പാകിസ്താനെ 5 വിക്കറ്റിന് അഫ്ഗാനിസ്ഥാന്‍ കെട്ടുകെട്ടിച്ചു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 47.4 ഓവറില്‍ 188 റണ്‍സിന് പുറത്തായി. അസ്മത്തുള്ള ഒമര്‍സായ് (34ന് 3), ഖയിസ് അഹമ്മദ് (38ന് 3), ക്യാപ്റ്റന്‍ നവീന്‍ ഉള്‍-ഹഖ് (30ന് 2) എന്നിവര്‍ ചേര്‍ന്നാണ് പാകിസ്താന് മൂക്കുകയറിട്ടത്. റൊഹെയ്ല്‍ നസീറിന്റെ 81 റണ്‍സ് പ്രകടനം മാത്രമായിരുന്നു പാക് ഇന്നിങ്‌സില്‍ എടുത്തുപറയാനുണ്ടായിരുന്നത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്റെ സ്ഥിതിയും ഭേദമായിരുന്നില്ല. 50 റണ്‍സെടുക്കുമ്പോഴേക്കും 3 വിക്കറ്റ് നഷ്ടമായ അവരെ വിക്കറ്റ് കീപ്പര്‍ ഇക്രം അലി ഖിലും (46) ദര്‍വീഷ് റസൂലിയും (76*) ചേര്‍ന്ന് നാലാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 75 റണ്‍സാണ് രക്ഷിച്ചത്. ഒടുവില്‍ 15 പന്ത് ശേഷിക്കേ ഒരു സിക്‌സറുമായി അഫ്ഗാനിസ്ഥാന്‍ വിജയതീരമണഞ്ഞു. സ്‌കോര്‍: പാകിസ്താന്‍ 47.4 ഓവറില്‍ 188ന് പുറത്ത്. അഫ്ഗാനിസ്ഥാന്‍ 47.3 ഓവറില്‍ 5ന് 194. അഫ്ഗാന്‍ വിജയശില്പി ദര്‍വീഷ് റസൂലി തന്നെയായിരുന്നു കളിയിലെ കേമന്‍.

പാകിസ്താനെതിരെ ദര്‍വീഷ് റസൂലിയുടെ ബാറ്റിങ്‌

ധീരന്മാര്‍ക്കൊപ്പം ഭാഗ്യം നില്‍ക്കും എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്നതായിരുന്നു ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാന്റെ ജയം. ഡക്വര്‍ത്ത് -ലൂയിസ് നിയമപ്രകാരം 32 റണ്‍സിന് അവര്‍ ജയിച്ചുകയറി. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനികള്‍ നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റിന് 284 റണ്‍സെടുത്തു. ഇബ്രാഹിം സദ്രന്‍ (86), ഇക്രം അലി ഖില്‍ (55), ദര്‍വീഷ് റസൂലി (63) എന്നിവരുടെ അര്‍ദ്ധസെഞ്ചവറികള്‍ അവരുടെ ഇന്നിങ്‌സിന് കരുത്തു പകര്‍ന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് 11 റണ്‍സെടുക്കുമ്പോഴേക്കും 2 ഓപ്പണര്‍മാരെയും നഷ്ടമായി. കൃഷന്‍ സഞ്ജുല (41), ജെഹാന്‍ ഡാനിയല്‍ (48), അഷന്‍ ബണ്ഡര (38) എന്നവര്‍ക്ക് തുടക്കം കിട്ടിയെങ്കിലും ടീമിനെ വിജയത്തിലേക്കു നയിക്കാന്‍ സഹായിക്കുന്ന വലിയ സ്‌കോറാക്കി വളര്‍ത്തുന്നതില്‍ എല്ലാവരും പരാജയപ്പെട്ടു. ഒടുവില്‍ 37.3 ഓവറില്‍ 202 റണ്‍സിന് അവര്‍ പുറത്തായി.

ഇബ്രാഹിം സദ്രനും ഇക്രം അലി ഖിലും ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിനിടെ

പാകിസ്താനെതിരെ എന്ന പോലെ ശ്രീലങ്കയ്‌ക്കെതിരെയും ക്യാപ്റ്റന്‍ നവീന്‍ ഉള്‍-ഹഖ് (35ന് 3), അസ്മത്തുള്ള ഒമര്‍സായ് (37ന് 3), ഖയിസ് അഹമ്മദ് (37ന് 2) എന്നിവര്‍ തന്നെ അഫ്ഗാനിസ്ഥാനു വേണ്ടി തിളങ്ങി. മികച്ച ഫീല്‍ഡിങ്ങിലുടെ 2 റണ്ണൗട്ടുകള്‍ കൂടി സ്വന്തമാക്കിയതോടെ കാര്യങ്ങള്‍ എളുപ്പമായി. സ്‌കോര്‍: അഫ്ഗാനിസ്ഥാന്‍ 50 ഓവറില്‍ 7ന് 284. ശ്രീലങ്ക 37.3 ഓവറില്‍ 202ന് പുറത്ത്. അഫ്ഗാനിസ്ഥാന്റെ ഇബ്രാഹിം സദ്രന്‍ കളിയിലെ താരമായി.

അഫ്ഗാനിസ്ഥാന്‍ ടീം

നവീന്‍ ഉള്‍-ഹഖ് (ക്യാപ്റ്റന്‍) * അസ്മത്തുള്ള ഒമര്‍സായ് * ബഹീര്‍ ഷാ * ദര്‍വീഷ് റസൂലി * ഇക്രം അലി ഖില്‍ (വിക്കറ്റ് കീപ്പര്‍) * മൊഹമ്മദ് ഇബ്രാഹിം * മുജീബ് സദ്രന്‍ * ഇബ്രാഹിം സദ്രന്‍ * നിസാര്‍ വാഹ്ദത് * ഖയില്‍ അഹമ്മദ് * റഹ്മാനുള്ള * താരിഖ് സ്റ്റാനിക്‌സായ് * വഫാദാര്‍ * വഖാറുള്ള ഇഷാഖ് * യൂസുഫ് സസായ് * സഹീര്‍ ഖാന്‍

ഇനി ഇന്ത്യയുടെ കാര്യം. പ്രത്യേകിച്ച് അത്ഭുതങ്ങളൊന്നും നിലവിലുള്ള റണ്ണറപ്പുകളായ ഇന്ത്യയുടെ പ്രകടനത്തില്‍ ഇല്ല. എല്ലാം പ്രതീക്ഷിച്ച പോലെ തന്നെ. ഓസ്‌ട്രേലിയ, സിംബാബ്‌വെ, പപ്വ ന്യൂ ഗ്വിനി എന്നീ ടീമുകളും ഉള്‍പ്പെടുന്ന ബി ഗ്രൂപ്പിലെ തങ്ങളുടെ 3 മത്സരങ്ങളും ജയിച്ച് ഇന്ത്യ ക്വാര്‍ട്ടറിലേക്ക് ആര്‍ത്തിരമ്പിയെത്തി. ആദ്യ മത്സരത്തില്‍ 3 തവണ ചാമ്പ്യന്മാരായിട്ടുള്ള കരുത്തരായ ഓസ്‌ട്രേലിയയെ 100 റണ്‍സിനാണ് പൃഥ്വി ഷായും സംഘവും തകര്‍ത്തുവിട്ടത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 7 വിക്കറ്റിന് 328 റണ്‍സ് അടിച്ചുകൂട്ടി. കളിയിലെ താരമായ പൃഥ്വി ഷാ 94 റണ്‍സെടുത്തു. മറുപടിയായി ഓസ്‌ട്രേലിയ 42.5 ഓവറില്‍ 228ന് പുറത്തായി. ഇന്ത്യന്‍ നിരയില്‍ കമലേഷ് നഗര്‍കോട്ടി 29 റണ്‍സിന് 3 വിക്കറ്റെടുത്തു.

ഓസ്‌ട്രേലിയയ്‌ക്കെതിരെ പ്രിഥ്വി ഷായുടെ ബാറ്റിങ്‌

തങ്ങളുടെ രണ്ടാമത്തെയും മൂന്നാമത്തെയും മത്സരങ്ങള്‍ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെയാണ് ഇന്ത്യ ജയിച്ചത്. പപ്വ ന്യൂ ഗ്വിനിയെ 21.5 ഓവറില്‍ 64 റണ്‍സിന് ചുരുട്ടിക്കൂട്ടിയ ഇന്ത്യക്കാര്‍ വെറും എട്ടോവറില്‍ 67 റണ്‍സടിച്ചു ജയിച്ചു. ഇതില്‍ 57 റണ്‍സും ക്യാപ്റ്റന്‍ പൃഥ്വിയുടെ വകയായിരുന്നു, 39 പന്തില്‍ നിന്ന്! ഗ്വിനിയുടെ 5 വിക്കറ്റുകള്‍ വെറും 14 റണ്‍സിന് പിഴുത അനുകൂല്‍ റോയ് കളിയിലെ താരമായി. സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തില്‍ ഇന്ത്യ ടോസ് തോറ്റു. ബാറ്റിങ് തിരഞ്ഞെടുത്ത സിംബാബ്‌വെയ്ക്ക് പക്ഷേ 48.1 ഓവറില്‍ 154 റണ്‍സേ നേടാനായുള്ളൂ. 20 റണ്‍സിന് 4 വിക്കറ്റെടുത്ത അനുകൂല്‍ തന്നെയാണ് ഈ മത്സരത്തിലും ഇന്ത്യന്‍ നിരയില്‍ നിന്ന് നാശം വിതച്ചത്. മറുപടിക്കിറങ്ങിയ ഇന്ത്യ വെറും 21.4 ഓവറില്‍ 155 റണ്‍സടിച്ച് ലക്ഷ്യം കണ്ടു. സാധാരണ നിലയില്‍ ഓപ്പണറായി എത്തുന്ന പൃഥ്വി ഈ കളിയില്‍ ബാറ്റ് ചെയ്യാതെ മാറി നിന്നു. പകരം ഓപ്പണ്‍ ചെയ്ത ശുഭ്മാന്‍ ഗില്‍ 59 പന്തില്‍ 90 റണ്‍സെടുത്ത് പുറത്താവാതെ നിന്ന് കളിയിലെ കേമനായി.

ഇന്ത്യന്‍ നായകന്‍ പൃഥ്വി ഷാ ലോകകപ്പുമായി പോസ് ചെയ്യുന്നു

ബി ഗ്രൂപ്പില്‍ നിന്ന് ഇന്ത്യയ്ക്കു പിന്നില്‍ രണ്ടാം സ്ഥാനക്കാരായി ഓസ്‌ട്രേലിയയും ക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്. എ ഗ്രൂപ്പില്‍ നിന്ന് ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക, സി ഗ്രൂപ്പില്‍ നിന്ന് ഇംഗ്ലണ്ട്, ബംഗ്ലാദേശ് എന്നിവരും ക്വാര്‍ട്ടറിലെത്തി. എന്നാല്‍, നിലവിലുള്ള ചാമ്പ്യന്മാരായ വിന്‍ഡീസ് ക്വാര്‍ട്ടര്‍ കാണാതെ പുറത്തായത് എടുത്തു പറയണം. 2016ല്‍ ഇന്ത്യയെ 5 വിക്കറ്റിന് തോല്‍പ്പിച്ച് ലോകകപ്പുയര്‍ത്തിയ വിന്‍ഡീസിന് കഴിയാതെ പോയതാണ് ഇപ്പോള്‍ അഫ്ഗാനിസ്ഥാന്റെ ചുണക്കുട്ടികള്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്.

അഫ്ഗാനിസ്ഥാന്‍ നായകന്‍ നവീന്‍ ഉള്‍-ഹഖ് ലോകകപ്പുമായി പോസ് ചെയ്യുന്നു

അഫ്ഗാനിസ്ഥാന്‍ സാധാരണ നിലയില്‍ അണിഞ്ഞു കണ്ടിട്ടുള്ള ജേഴ്‌സിയുടെ നിറം ചാരത്തില്‍ പച്ചയും ചുവപ്പും ഇടകലര്‍ന്നതാണ്. എന്നാല്‍, ഇപ്പോഴത്തെ അവരുടെ ജേഴ്‌സി ശരിക്കും ഞെട്ടിച്ചു. അഫ്ഗാനിസ്ഥാന്‍ കളിക്കുന്നതു കണ്ടാല്‍ ഇന്ത്യന്‍ ടീം കളിക്കുകയാണെന്ന് ഒറ്റ നോട്ടത്തില്‍ തെറ്റിദ്ധരിക്കപ്പെടും. ഇളം നീലയും ഇളം ചുവപ്പും കലര്‍ന്നതാണ് ഇപ്പോഴത്തെ അഫ്ഗാന്‍ ജേഴ്‌സി. ഇന്ത്യയുടേത് ഇളം നീലയും ഓറഞ്ചും കലര്‍ന്നത്. ഇതിനു പുറമെ ഡിസൈനില്‍ മാത്രമാണ് ചെറിയ വ്യത്യാസം. പുതിയ ജേഴ്‌സി അഫ്ഗാന്‍ പോരാളികള്‍ക്ക് ഭാഗ്യം കൊണ്ടുവന്നിരിക്കുന്നു എന്നാണോ? എന്തായാലും അഫ്ഗാനിസ്ഥാന്‍ തകര്‍ത്തു.. തിമര്‍ത്തു… പൊളിച്ചു….

ലോകം കീഴടക്കാന്‍ അഫ്ഗാനികള്‍ വരുന്നു.. നമ്മുടെ ഹൃദയങ്ങളും…

Previous articleവേദി നമ്പര്‍ 1015!!!
Next articleചാരം മാറുമ്പോള്‍ തെളിയുന്ന വജ്രം
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

1 COMMENT

  1. സീനിയർ ടീമിലും നല്ല കളിക്കാരുണ്ട്
    ഈയടുത്ത് ബ്രാഡ്മാന്റെ റെക്കോർഡ് തകർത്തു എന്നൊരു വാർത്ത കണ്ടിരുന്നു

Leave a Reply to Yasir Arafath Cancel reply

Please enter your comment!
Please enter your name here