Reading Time: 2 minutes

എടാ അനീഷേ…
നീ പോയെന്ന് എല്ലാവരും പറയുന്നു.
എനിക്കു വിശ്വാസമായിട്ടില്ല.
ഞാന്‍ വിശ്വസിക്കില്ല.
നിന്റെ മൊബൈല്‍ ഫോണിലേക്കു വിളിച്ചപ്പോള്‍ എടുത്ത പോലീസുകാരന്‍ പറഞ്ഞ അറിവാണ് എല്ലാവര്‍ക്കും.
പഴയൊരു കഥ പോലെ, നിന്റെ ഫോണ്‍ മോഷണം പോയതാണെങ്കിലോ?
നിന്റെ ഫോണ്‍ മോഷ്ടിച്ച കള്ളനാണ് അപകടത്തില്‍പ്പെട്ടതെങ്കിലോ?
അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം.

Aneesh Chandran

ഞാന്‍ പി.ജി.സുരേഷിനോടു ചോദിച്ചു.
അജയഘോഷിനോടു ചോദിച്ചു.
മാര്‍ഷലിനോടു ചോദിച്ചു.
രാജീവ് ദേവരാജിനോടു ചോദിച്ചു.
എല്ലാവരും പറഞ്ഞു നീ പോയെന്ന്.
ഇല്ലെടാ ഞാന്‍ വിശ്വസിക്കില്ല.
മാതൃഭൂമിയില്‍ ട്രെയ്‌നി ആയി നീ വന്നത് ഇന്നും ഞാനോര്‍ക്കുന്നു.
ട്രെയ്‌നിയെ അടിമയെന്നാണ് ഞങ്ങള്‍ വിളിക്കുക.
എന്റെ ഇരട്ടി വലിപ്പമുള്ള അടിമ.
നിന്റെ വലിയ ശരീരത്തിനുള്ളിലെ കുഞ്ഞു മനസ്സ് ഞാന്‍ കണ്ടു.
എന്റെ അനിയന്റെ പേരും അനീഷ് ആണെന്നു പറഞ്ഞപ്പോള്‍ നീ സന്തോഷത്തോടെ ചിരിച്ചു.
‘ഞാനും അണ്ണന്റെ അനിയനല്ലേ അണ്ണാ’ എന്നു നീ ചോദിച്ചു.
ആ ചിരിയില്‍ നിന്റെ നിര്‍മ്മലമായ മനസ്സു കണ്ടു.
ആ മനസ്സു നിറയെ സ്‌നേഹം കണ്ടു.
‘അണ്ണാ’ എന്ന വിളിയില്‍ എല്ലാമുണ്ടായിരുന്നു.
നെറികേടുകളോട് നിനക്ക് എതിര്‍പ്പായിരുന്നു.
പ്രതിഷേധത്തിന് നിന്റേതായ വഴികളുണ്ടായിരുന്നു.
മാതൃഭൂമിയില്‍ നിന്ന് ഒരേസമയം നമ്മള്‍ ഇറങ്ങിപ്പോന്നത് ഞാനോര്‍ക്കുന്നു.
ഒരേ കാരണത്താലാണ് നമ്മള്‍ ഇരുവരും പടിയിറങ്ങിയത്.
അന്ന് നിന്നോടുള്ള സ്‌നേഹം ബഹുമാനമായി.
നട്ടെല്ലുള്ളവനോടുള്ള ബഹുമാനം.
ഏഷ്യാനെറ്റിലേക്ക് നീ തിരിച്ചുപോയി, ഞാന്‍ ഇന്ത്യാവിഷനിലെത്തി.
ഓഫീസ് അയലത്തായതോടെ നമ്മള്‍ സ്ഥിരമായി കണ്ടു, ചായ പങ്കിട്ടു.
എപ്പൊഴോ നമ്മുടെ വീടുകളും അടുത്തടുത്തായി.
ഇടയ്ക്ക് വലിയ ഹോണടിച്ച് നിന്റെ ബൊലേറോ എന്റെ കാറിനെ ഓവര്‍ടേക്ക് ചെയ്തു.
ഇടയ്ക്ക് ബുള്ളറ്റ് കാറിനു കുറുകെ നിര്‍ത്തി സലാം വെച്ചു.
അങ്ങനെ എന്റെ വീട്ടുകാര്‍ക്കും നിന്നെ പരിചയമായി.
രാത്രി ഏഷ്യാനെറ്റ് ന്യൂസില്‍ എഫ്.ഐ.ആര്‍. കാണുമ്പോള്‍ അവര്‍ നിന്നെ സ്വമേധയാ തിരിച്ചറിഞ്ഞു.
പ്രസ് ക്ലബ്ബിലെ അഴിമതിക്കെതിരെ പൊരുതാന്‍ നീ ഒപ്പമുണ്ടായിരുന്നു.
യോഹന്നാന്‍ ബിഷപ്പിനെതിരെ പോര്‍മുഖം തുറന്നതും നമ്മള്‍ ഒരുമിച്ച്.
ഇനിയുമേറെ കാര്യങ്ങള്‍ ചെയ്യാമെന്ന് നമ്മള്‍ തീരുമാനിച്ചിരുന്നു.
അങ്ങനെയുള്ള നീ പോയെന്ന് ഞാനെങ്ങനെ വിശ്വസിക്കും?
ഞാന്‍ വിശ്വസിക്കില്ല.
‘അണ്ണാ’ എന്ന വിളിയുമായി നീ വരും.
പിന്നിലൂടെ എന്റെ അരയില്‍ കൈയിട്ട് പതിവുപോലെ ചേര്‍ത്തുപിടിക്കും.
തലയുയര്‍ത്തി ആകാശത്തേക്കു നോക്കുംപോലെ ഞാന്‍ നിന്റെ മുഖത്തു നോക്കും.
അവിടെ നിറപുഞ്ചിരി ഞാന്‍ കാണും.
ഞാന്‍ കാത്തിരിക്കുന്നു, ‘അണ്ണാ’ എന്ന വിളിക്കായി.
നീ വരും എന്നെനിക്കുറപ്പുണ്ട്.
വരാതെവിടെ പോകാന്‍?

Previous articleഅച്ഛന്‍ തന്നെയാണ് വലുത്, വളര്‍ത്തച്ഛനല്ല
Next articleഎന്‍.എസ്.എസ്സിനെന്താ കൊമ്പുണ്ടോ?
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു. Donate to support FAIR JOURNALISM

COMMENTS