കോവിഡ്-19 വൈറസ് ബാധ രാജ്യത്ത് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. തുടര്‍ന്ന് രോഗവ്യാപനം പിടിച്ചുനിര്‍ത്താന്‍ നമ്മള്‍ ശ്രമിക്കുകയും വിജയിക്കുകയും ചെയ്തു. കോവിഡ് പ്രതിരോധത്തിന്‍റെ പുതിയൊരു ഘട്ടത്തിലേക്ക് ഇപ്പോള്‍ കേരളം കടന്നിരിക്കുന്നു. മറ്റു രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍നിന്നും പ്രവാസികള്‍ തിരിച്ചെത്തിത്തുടങ്ങി. അതിന്റെ അളവ് ഇനി വര്‍ദ്ധിക്കും. രോഗബാധിത മേഖലകളില്‍നിന്നു വരുന്നവരെയും അവരുടെ കുടുംബങ്ങളെയും സംരക്ഷിച്ചുനിര്‍ത്തുക, സമൂഹവ്യാപനമെന്ന ഭീഷണിയെ അകറ്റിനിര്‍ത്തുക തുടങ്ങിയ വലിയ ലക്ഷ്യങ്ങളാണ് ഇനി കേരളത്തിനു മുന്നിലുള്ളത്.
ഇതുവരെ 524 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 32 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 31,616 പേര്‍ നിരീക്ഷണത്തിലുണ്ട്. 31,143 പേര്‍ വീടുകളിലും 473 പേര്‍ ആശുപത്രികളിലുമാണ്. ഇതുവരെ പോസിറ്റീവായ കേസുകളില്‍ 70 ശതമാനം പുറമേനിന്ന് വന്നവരാണ്. 30 ശതമാനം അവരില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ലഭിച്ചവരും. രോഗവ്യാപന നിരക്ക് ഒന്നില്‍ താഴെയാണെന്ന് ഇത് സൂചിപ്പിക്കുന്നു. ഇതുവരെ വിദേശത്തുനിന്നുള്ളവര്‍ കേരളത്തിലേക്ക് വരുന്ന അവസരത്തില്‍ വിദേശരാജ്യങ്ങളില്‍ രോഗവ്യാപനം കുറവായിരുന്നു. മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതിയും അതായിരുന്നു. ഇപ്പോള്‍ ഗള്‍ഫിലും അമേരിക്കയിലും യൂറോപ്പിലും ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും രോഗവ്യാപനം ശക്തമായി തുടരുകയാണ്. ഇനിയുള്ള ഘട്ടത്തില്‍ കൂടുതല്‍ ജാഗ്രത ആവശ്യമാക്കുന്നതാണ് ഈ വിവരങ്ങള്‍.
റോഡ്, റെയില്‍, വ്യോമ, നാവിക മാര്‍ഗങ്ങളിലൂടെ ആളുകള്‍ കേരളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. ഇതുവരെ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് റോഡു വഴി 33,116 പേരും വിദേശരാജ്യങ്ങളില്‍നിന്ന് വിമാനങ്ങള്‍ വഴി 1,406 പേരും കപ്പലുകളില്‍ 831 പേരും എത്തി. റോഡ് മാര്‍ഗ്ഗം എത്തിയവരില്‍ 19,000 പേരും റെഡ്സോണ്‍ ജില്ലകളില്‍ നിന്നാണ് വന്നത്. ആകെ പാസിനുവേണ്ടി അപേക്ഷിച്ച 1.33 ലക്ഷം പേരില്‍ 72,800 പേര്‍ റെഡ് സോണ്‍ ജില്ലകളില്‍ നിന്നുള്ളവരാണ്. 89,950 പാസുകളാണ് ഇതുവരെ നല്‍കിയത്. അതിലും 45,157 പേര്‍ റെഡ്സോണ്‍ ജില്ലകളില്‍ നിന്നുള്ളവരാണ്. മെയ് 7 മുതല്‍ വിദേശത്തുനിന്ന് വന്ന 7 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതുകൊണ്ടുതന്നെ ആ വിമാനങ്ങളില്‍ യാത്ര ചെയ്ത മുഴുവന്‍ പേരെയും പ്രത്യേക നിരീക്ഷണത്തിലാക്കി. അതിഥി തൊഴിലാളികളുമായി 26 ട്രെയിനുകള്‍ കേരളത്തില്‍നിന്ന് പോയി. ഇവയില്‍ ആകെ 29,366 പേര്‍ തിരിച്ചുപോയിട്ടുണ്ട്. ബീഹാറിലേക്കാണ് കൂടുതല്‍ ട്രെയിനുകള്‍ പോയത് -9 എണ്ണം.
സംസ്ഥാനത്തിന് പുറത്തു നിന്ന് എത്തുന്നവരെ സുരക്ഷിതമായ സ്ഥലത്ത് എത്തിക്കുക, രോഗബാധയുള്ളവര്‍ക്ക് പ്രത്യേക പരിചരണം നല്‍കുക, വൈറസ് വ്യാപനം തടയുക എന്നീ ഉത്തരവാദിത്തങ്ങള്‍ സംസ്ഥാനം ഏറ്റെടുത്തിരിക്കുന്നു. ദൗത്യത്തില്‍ വിജയിക്കണമെങ്കില്‍ ഏറ്റവും ആവശ്യം ജനങ്ങളുടെ സഹകരണം തന്നെയാണെന്ന് സര്‍ക്കാര്‍ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടുതന്നെ രോഗവ്യാപനം തടയാന്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരാനാണ് തീരുമാനം. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് എത്തുന്നവരെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും നിര്‍ബന്ധമായും ശേഖരിച്ചിരിക്കണം എന്ന തീരുമാനമെടുത്തത്. അതിന്‍റെ ഭാഗമായി തന്നെയാണ് കോവിഡ് ജാഗ്രത 19 വെബ് പോര്‍ട്ടലില്‍ രജിസ്ട്രേഷനും പാസും നിര്‍ബന്ധമാക്കിയത്.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും ട്രെയിന്‍ സര്‍വീസ് തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. റെയില്‍വെ ടിക്കറ്റ് എടുക്കുന്നവര്‍ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍നിന്ന് പാസ് വാങ്ങണമെന്ന് സംസ്ഥാന സര്‍ക്കാരും നിഷ്കര്‍ഷിച്ചു. ഇതുവരെ പാസിന് അപേക്ഷിക്കാത്തവര്‍ക്ക് പുതുതായി അപേക്ഷിക്കാനുള്ള സൗകര്യമുണ്ടാകും. ഒരു ടിക്കറ്റില്‍ ഉള്‍പ്പെട്ട എല്ലാവരുടെയും വിശദാംശങ്ങള്‍ പാസിനുള്ള അപേക്ഷയില്‍ ഒറ്റ ഗ്രൂപ്പായി രേഖപ്പെടുത്തണം. എത്തിയാല്‍ വൈദ്യപരിശോധനയ്ക്കുശേഷം രോഗലക്ഷണം ഇല്ലാത്തവര്‍ 14 ദിവസത്തെ നിര്‍ബന്ധിത ഹോം ക്വാറന്‍റൈനിലാകണം. ഹോം ക്വാറന്‍റൈന്‍ പാലിക്കാത്തവരെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനിലേക്കു മാറ്റും. രോഗലക്ഷമുള്ളവരെ തുടര്‍പരിശോധനകള്‍ക്ക് വിധേയരാക്കും. കോവിഡ്-19 ജാഗ്രതാ പോര്‍ട്ടലില്‍ പാസിന് അപേക്ഷിക്കാതെ വരുന്ന യാത്രക്കാര്‍ 14 ദിവസം നിര്‍ബന്ധിത ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനില്‍ പോകേണ്ടിവരുമെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ചിലര്‍ക്കെങ്കിലും പാസിനെക്കുറിച്ച് ആശയക്കുഴപ്പങ്ങളുണ്ടെന്ന് വിവിധ കേന്ദ്രങ്ങളില്‍ നിന്നു വരുന്ന പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു. അല്പമൊന്നു ശ്രമിച്ചാല്‍ പാസിനുള്ള നടപടിക്രമങ്ങള്‍ ഓണ്‍ലൈനായി അനായാസം പൂര്‍ത്തിയാക്കാം. നാട്ടിലേക്കു വരാന്‍ കാത്തിരിക്കുന്ന മലയാളികള്‍ നടപടിക്രമങ്ങളുടെ ഭാഗമായി ആദ്യമെത്തേണ്ടത് ഈ ലിങ്കിലാണ്. ഇവിടെ നിന്ന് കേരളത്തില്‍ പ്രവേശിക്കുന്നതിനുള്ള എന്‍ട്രി പാസ് കിട്ടും.
🔹 കേരളം
ഇനി നിലവില്‍ താമസിക്കുന്ന സംസ്ഥാനത്ത് നിന്ന് യാത്ര പുറപ്പെടുന്നതിനുള്ള എക്സിറ്റ് പാസ് നേടണം. അതിന് ഓരോ സംസ്ഥാനത്തിനും വെവ്വേറെ ലിങ്കുണ്ട്. അതില്‍ പോയി അപേക്ഷിക്കണം. പരതിയെടുക്കാന്‍ പറ്റിയ ലിങ്കുകള്‍ ഇവിടെ ചേര്‍ക്കുന്നു.
🔹 ആന്ധ്ര പ്രദേശ്
🔹 അരുണാചല്‍ പ്രദേശ്
🔹 അസം
🔹 ബിഹാര്‍
🔹 ഛത്തീസ്ഗഢ്
🔹 ഡൽഹി
🔹 ഗോവ
🔹 ഗുജറാത്ത്
🔹 ഹരിയാണ
🔹 ഹിമാചൽ പ്രദേശ്
🔹 കർണ്ണാടകം
🔹 മധ്യ പ്രദേശ്
🔹 മഹാരാഷ്ട്ര
🔹 മേഘാലയ
🔹 മിസോറം
🔹 ഒഡിഷ
🔹 പഞ്ചാബ്
🔹 രാജസ്ഥാൻ
🔹 തമിഴ്നാട്
🔹 തെലങ്കാന
🔹 ഉത്തർ പ്രദേശ്
🔹 പശ്ചിമ ബംഗാള്‍
ചില സംസ്ഥാനങ്ങള്‍ എക്സിറ്റ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയതായി കാണുന്നില്ല. അവിടെ തൊട്ടടുത്ത പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് സഹായം തേടുക എന്നതു മാത്രമാണ് മാര്‍ഗ്ഗം.
പാസ് എന്നത് സുരക്ഷയുടെ സൂചകമാണ്. ഓരോരുത്തരുടെയും സുരക്ഷ ഈ നാടിന്‍റെ സുരക്ഷയാണെന്ന് എല്ലാവരും, അത് പുറത്തുനിന്ന് വരുന്നവരായാലും ഇവിടെയുള്ളവരായാലും ഓര്‍ക്കേണ്ടതുണ്ട്.