HomeGOVERNANCEഅടിക്കാനറിയുന...

അടിക്കാനറിയുന്നവന്റെ കൈയിലെ വടി

-

Reading Time: 3 minutes

രാജ്യത്ത് പല നിയമങ്ങളുണ്ട്. അതിന്റെ ഭാഗമായ ചട്ടങ്ങളും നടപടിക്രമങ്ങളുമുണ്ട്. സമൂഹത്തെ തിരുത്താന്‍ ഇത് പര്യാപ്തമാണ്. എന്നാല്‍, പലപ്പോഴും ഈ നിയമങ്ങളും ചട്ടങ്ങളും നടപടിക്രമങ്ങളും അവഗണിക്കപ്പെടുന്നു. അതിനാല്‍ത്തന്നെ ശിക്ഷ ലഭിക്കേണ്ട പല കുറ്റകൃത്യങ്ങളും തമസ്കരിക്കപ്പെടുന്നു, കുറ്റവാളികള്‍ സ്വതന്ത്രരായി വിഹരിക്കുന്നു.

ഈ പതിവിനു വിരുദ്ധമായ എന്തെങ്കിലും നടപടി ഉണ്ടായാല്‍ ജനം കൈയടിക്കുക സ്വാഭാവികം. ഇപ്പോള്‍ ഗതാഗത മന്ത്രി ആന്റണി രാജുവിനു ലഭിക്കുന്ന കൈയടി ആ ഗണത്തില്‍പ്പെട്ടതാണ്. അതിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ സര്‍ക്കാരും ശ്ലാഘിക്കപ്പെടുന്നു. ഈ കൈയടി അവര്‍ അര്‍ഹിക്കുന്നതു തന്നെയാണ്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്ത്രീധനം വാങ്ങുന്നത് കുറ്റകരമാണെന്ന് നിയമത്തില്‍ എഴുതിവെച്ചിട്ടുണ്ട്. 1960ലെ സിവില്‍ സ‌ര്‍വീസ് ചട്ടത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശിച്ചിരിക്കുന്ന പെരുമാറ്റച്ചട്ടം 93(ഇ) അനുസരിച്ച്‌ സ്‌ത്രീധനം കൊടുക്കാനും വാങ്ങാനും പാടില്ല. സ്ത്രീധന ഇടപാട് നടന്നതായി വിവരം ലഭിച്ചാല്‍ തന്നെ അന്വേഷണം നടത്തി സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാം. ഭാര്യയുടെ മരണത്തിന് ഉത്തരവാദി അല്ലെങ്കില്‍ പോലും സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവിന് ഗാര്‍ഹികപീഡനത്തില്‍ പങ്കുള്ളതായി കണ്ടെത്തിയാല്‍ അയാളെ സസ്പെന്‍ഡ് ചെയ്യാനും തെളിവുകള്‍ ആധാരമാക്കി പിരിച്ചുവിടാനും സാധിക്കും. പക്ഷേ, ഈ നിയമപ്രകാരം കേരളത്തില്‍ ഒരു നടപടിയുണ്ടാവാന്‍ 2021 ആവേണ്ടി വന്നു!

കിരണ്‍ കുമാര്‍

സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് കൊല്ലം റീജ്യണല്‍ ഓഫീസിലെ അസിസ്റ്റൻ്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്.കിരണ്‍ കുമാറിനെ സര്‍വ്വീസില്‍ നിന്ന് സര്‍ക്കാര്‍ പിരിച്ചുവിട്ടു. 2021 ജൂണ്‍ 21ന് ഭര്‍ത‌ൃഗ‌ൃഹത്തില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട എസ്.വി.വിസ്മയയുടെ (24) ഭര്‍ത്താവാണ് കിരണ്‍. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ സ്‌ത്രീധന പീഡനം നടത്തിയതിനെത്തുടര്‍ന്ന് ഭാര്യ മരണപ്പെട്ടുവെന്ന പേരില്‍ സര്‍വ്വീസില്‍ നിന്നു പിരിച്ചുവിടപ്പെടുന്നത് ഇതാദ്യമാണ്.

സമൂഹവിരുദ്ധതയും ഗുരുതരമായ നിയമലംഘനവും പെരുമാറ്റദൂഷ്യവും വഴി പൊതുജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിൻ്റേയും മോട്ടോര്‍ വാഹന വകുപ്പിൻ്റേയും അന്തസ്സിനും സല്പേരിനും കളങ്കം വരുത്തിയിട്ടുള്ളതിനാല്‍ 1960ലെ കേരളാ സിവില്‍ സര്‍വ്വീസ് ചട്ടം പ്രകാരം നടപടിയെടുക്കുന്നു എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. കിരണ്‍ കുമാറിനെ ജൂണ്‍ 22ന് അന്വേഷണ വിധേയമായി സര്‍വ്വീസില്‍ നിന്നു സസ്പെന്‍ഡ് ചെയ്യുകയും 45 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇന്ന് 45 ദിവസം പൂര്‍ത്തിയായി. നടപടിയുമുണ്ടായി.

കൊല്ലം ശൂരനാട് പോരുവഴിയിലുള‌ള ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ വിസ്‌മയയെ കണ്ടെത്തിയപ്പോള്‍ തന്നെ ഇത് കൊലപാതകമാണെന്നു ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഭര്‍ത്താവും ഭര്‍തൃമാതാവും വിസ്‌മയയെ മര്‍ദ്ദിച്ചിരുന്നതായും അന്നുതന്നെ വിസ്‌മയയുടെ മാതാപിതാക്കളും സഹോദരനും പരാതിപ്പെട്ടു. ഇതനുസരിച്ച് കൊല്ലം ശൂരനാട് പൊലീസ് കേസെടുക്കുകയും കിരണിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നായിരുന്നു സസ്പെന്‍ഷനും അന്വേഷണവും.

വിസ്മയ

പൊലീസ് അന്വേഷണം പൂര്‍ത്തിയാവുന്നതിനു മുമ്പ് സര്‍ക്കാര്‍ സ്വീകരിച്ച നടപടിയില്‍ ചിലരെങ്കിലും സംശയം പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍, വകുപ്പുതല അന്വേഷണത്തിലെ കണ്ടെത്തലും ക്രിമിനൽ കേസുമായി ബന്ധമില്ല എന്നതാണ് വസ്തുത. അതിനാല്‍ സര്‍ക്കാര്‍ സ്വീകരിച്ച പിരിച്ചുവിടൽ നടപടി നിലനിൽക്കും. ഗാര്‍ഹികപീഡനവും ആത്മഹത്യാപ്രേരണയുമാണ് പൊലീസിന്റെ അന്വേഷണത്തിലെ വിഷയങ്ങളെങ്കില്‍ വകുപ്പുതല അന്വേഷണത്തിനു കാരണമായത് സ്ത്രീധന ഇടപാട് പാടില്ലെന്ന ചട്ടത്തിന്റെ ലംഘനവും സര്‍ക്കാരിനും വകുപ്പിനും പൊതുജനമധ്യത്തില്‍ അവമതിപ്പുണ്ടാക്കുന്ന രീതിയിലുള്ള പ്രവൃത്തിയുമാണ്.

1960ലെ സിവില്‍ സര്‍വ്വീസ് ചട്ടത്തിലെ 11(1) വകുപ്പില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ സ്വീകരിക്കാവുന്ന വിവിധ തരം അച്ചടക്കനടപടികളെക്കുറിച്ചു പറയുന്നുണ്ട്. ഇതില്‍ താക്കീത്, സസ്പെന്‍ഷന്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നു. 11(1)(viii) ആണ് പിരിച്ചുവിടലിനെക്കുറിച്ചു പറയുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കായുള്ള അച്ചടക്ക നടപടി ചട്ടങ്ങളിലെ 11(a)(i) വ്യവസ്ഥ പ്രകാരം ഇന്ത്യന്‍ തെളിവു നിയമം വകുപ്പുതല അന്വേഷണത്തിന് ബാധകമല്ല. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 311(2) അനുസരിച്ച് അന്വേഷണം പൂര്‍ത്തീകരിച്ചാല്‍ മേല്‍നടപടി സ്വീകരിക്കാം. ഇതെല്ലാം പ്രകാരമാണ് സര്‍ക്കാരിന്റെ നടപടി. പൊലീസ് അന്വേഷണവും സര്‍ക്കാരിന്റെ വകുപ്പുതല അന്വേഷണവും രണ്ടു തരം ചട്ടങ്ങള്‍ ആധാരമാക്കിയുള്ള രണ്ടു തരം നടപടിക്രമങ്ങളാണ്.

സര്‍വ്വീസ് റൂള്‍ അനുസരിച്ച് അന്വേഷണം നടത്തുമ്പോഴുള്ള നടപടിക്രമങ്ങള്‍ മുഴുവന്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് പിരിച്ചുവിടല്‍ നടപടി സര്‍ക്കാര്‍ സ്വീകരിച്ചത്. കിരണ്‍ കുമാറിന് ചാര്‍ജ്ജ് ഷീറ്റ് നല്‍കുകയും അദ്ദേഹത്തിനു പറയാനുള്ളത് കേള്‍ക്കുകയും ചെയ്തു. വിശദമായിത്തന്നെ കിരണിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റു സാക്ഷിമൊഴികളും രേഖപ്പെടുത്തി. ശിക്ഷാനടപടിയിലേക്കു നീങ്ങുന്നതിനു മുമ്പ് വിശദമായ അന്വേഷണം നടത്തണമെന്ന വ്യവസ്ഥ കൃത്യമായി പാലിച്ചു.

പൂക്കള്‍ അല്ലാതെ മറ്റെന്തു സമ്മാനം സ്വീകരിക്കുമ്പോഴും സര്‍ക്കാര്‍ ജീവനക്കാര്‍ അങ്ങേയറ്റം ശ്രദ്ധിക്കേണ്ടതുണ്ട്. വധുവിന്റെ മാതാപിതാക്കളില്‍ നിന്നു സ്വീകരിക്കുന്ന സമ്മാനങ്ങള്‍ സ്ത്രീധനവും മറ്റുള്ളവരില്‍ നിന്നു സ്വീകരിക്കുന്ന സമ്മാനങ്ങള്‍ കൈക്കൂലിയുമായി പരിഗണിക്കപ്പെടും. കിരണിന്റെ കേസില്‍ വിസ്മയയുമായുള്ള വിവാഹ ഫോട്ടോയിലെ ആഭരണങ്ങളും വിസ്മയയുടെ പിതാവ് വാങ്ങി നല്‍കിയ കാറും സ്ത്രീധന ഇടപാടിനു തെളിവാണ്. വിസ്മയ സഹോദരനയച്ച വാട്ട്സാപ്പ് സന്ദേശത്തില്‍ കിരണിനെതിരെ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ഉദ്യോഗസ്ഥനെന്ന നിലയില്‍ വകുപ്പിന് അവമതിപ്പ് വരുത്തിവെച്ചു എന്നും പറയാം. പൊലീസ് ചാര്‍ജ്ജ് ചെയ്ത ക്രിമിനല്‍ കേസില്‍ നിന്ന് ആളൂരിനെപ്പോലെ ഒരു വക്കീലിന്റെ ബലത്തില്‍ ഊരിപ്പോന്നാലും ചട്ടങ്ങളുപയോഗിച്ച് സര്‍ക്കാര്‍ തീര്‍ത്ത കുരുക്കില്‍ നിന്ന് കിരണിന് രക്ഷപ്പെടാനാവില്ല. അതിനുള്ള ഇച്ഛാശക്തി ഇത്തവണ സര്‍ക്കാരും വകുപ്പും പ്രകടിപ്പിച്ചു എന്നത് ചെറിയ കാര്യമല്ല.

പ്രൊബേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കുമ്പോള്‍ മാത്രമാണ് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനു സ്ഥിരം നിയമനം ലഭിച്ചതായി കണക്കാക്കാനാവുക. കിരണ്‍ കുമാര്‍ പ്രൊബേഷന്‍ കാലാവധിയിലാണ്. ഈ വേളയില്‍ സ്വീകരിക്കപ്പെടുന്ന അച്ചടക്കനടപടിയെ നിയമപരമായി ചോദ്യം ചെയ്യാനും പരിമിതിയുണ്ട്. പിരിച്ചുവിട്ടതിനാല്‍ പെന്‍ഷനോ മറ്റ് ആനുകൂല്യങ്ങളോ ഇനി കിരണിന് ലഭിക്കില്ല. ഇനി സര്‍ക്കാര്‍ ജോലി ലഭിക്കാനുള്ള സാദ്ധ്യതയും പിരിച്ചുവിടല്‍ നടപടി ഇല്ലാതാക്കി. സര്‍ക്കാര്‍ സര്‍വ്വീസില്‍ നല്ല ജോലിയുണ്ട് എന്ന പേരില്‍ അര്‍മാദിച്ചയാള്‍ക്ക് ഇതിലും നല്ല ശിക്ഷ വേറെയില്ല തന്നെ.

‌‌‌
സ്ത്രീധനവുമായി ബന്ധപ്പെട്ട് നടക്കുന്ന കുറ്റകൃത്യങ്ങളോടും കുറ്റവാളികളോടും യാതൊരു ദാക്ഷിണ്യവും സർക്കാരിൻ്റെ ഭാഗത്തു നിന്നുണ്ടാകില്ല എന്ന പ്രഖ്യാപനം കുറഞ്ഞപക്ഷം വിസ്മയയുടെ കാര്യത്തിലെങ്കിലും പ്രാവര്‍ത്തികമായിട്ടുണ്ട്. വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായര്‍ തന്നെ കാണാനെത്തിയപ്പോള്‍ മന്ത്രി ആന്റണി രാജു പറഞ്ഞത് “അവനുള്ള ഡിസ്മിസല്‍ ഉത്തരവ് അടിച്ചിട്ടേ ഞാന്‍ നിങ്ങളുടെ വീട്ടില്‍ വരൂ” എന്നാണ്. പറഞ്ഞത് വൈകാരികമായിട്ടാണെങ്കിലും ചട്ടപ്രകാരം അതു നടപ്പാക്കി എന്നതില്‍ മന്ത്രിക്ക് അഭിമാനിക്കാം. അതിനാല്‍ത്തന്നെയാണ് പത്രസമ്മേളനത്തില്‍ ആന്റണി രാജു അല്പം കടുപ്പത്തില്‍ പ്രഖ്യാപിച്ചത് “നാളെ രാവിലെ 11 മണിക്ക് കൊല്ലം നിലമേലുള്ള വിസ്മയയുടെ വീട് ഞാന്‍ സന്ദര്‍ശിക്കുന്നതാണ്” എന്ന്. പറഞ്ഞ വാക്കു പാലിക്കുന്നത് തീര്‍ച്ചയായും ചെറിയ കാര്യമല്ല. സര്‍ക്കാരിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ തെറ്റല്ല എന്ന വിശ്വാസം ജനങ്ങളില്‍ ഊട്ടിയുറപ്പിക്കാന്‍ അത് ഉപകരിക്കും.

അടിക്കാനറിയുന്നവന്റെ കൈയില്‍ വടിക്ക് ബലമേറും എന്നാണല്ലോ പ്രമാണം!!

 


Kerala Civil Services (Classification, Control and Appeal) Rules 1960

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights