യൂണിവേഴ്‌സിറ്റി കോളേജിന്റെ ശതോത്തര സുവര്‍ണ്ണജൂബിലി വേളയില്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ കൂട്ട് എന്നത് വലിയൊരാഗ്രഹമാണ്. രാഷ്ട്രീയത്തിന്റെ അതിപ്രസരം ആ കൂട്ടിന് തുരങ്കം വെയ്ക്കുന്ന സാഹചര്യം ഇടയ്ക്കുണ്ടായിരുന്നു. കൂട്ട് പൊളിഞ്ഞു എന്നു തന്നെയാണ് കരുതിയത്.
എന്നാല്‍, പ്രതീക്ഷകള്‍ക്ക് വീണ്ടും ചിറകുമുളയ്ക്കുകയാണ്. ഈ കൂട്ടിലേക്ക് രാഷ്ട്രീയം കടത്തിവിടേണ്ടതില്ലെന്ന് കോളേജിലെ പൂര്‍വ്വസൂരികള്‍ ഉറച്ചുപ്രഖ്യാപിക്കുന്നു. അപ്പോള്‍ നമ്മള്‍ നേരത്തേ നിശ്ചയിച്ചപ്രകാരമുള്ള പരിപാടികളുമായി മുന്നോട്ടു നീങ്ങുകയാണ്. അതാണ് കൂട്ടായ തീരുമാനം.
നമ്മള്‍ ഒത്തുചേരുന്നു.
തീയതി: ഫെബ്രുവരി 28, ഞായറാഴ്ച
സമയം: ഉച്ചതിരിഞ്ഞ് 3 മണി
സ്ഥലം: യൂണിവേഴ്‌സിറ്റി കോളേജ് സെന്റിനറി ഹാള്‍
കോളേജിന്റെ 150-ാം വാര്‍ഷികാഘോഷത്തിന് ഒരു സംഘാടക സമിതിയുണ്ട്. ഇപ്പോള്‍ രൂപമെടുക്കുന്നത് പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടാണ്, സമാന്തര സംഘടനയല്ല എന്നു സാരം. രണ്ടും പരസ്പരപൂരകങ്ങളാണ്.
ആഘോഷങ്ങളെക്കുറിച്ച് ആലോചിക്കുന്ന വേളയില്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളെ ക്ഷണിച്ചില്ല എന്ന സങ്കടം ഞങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. അന്ന് ഞങ്ങളെ കണ്ടെത്താനായില്ല എന്ന ന്യായമാണ് അധികൃതര്‍ പറഞ്ഞത്. ഇനി ആ ന്യായത്തിന് സ്ഥാനമില്ല. പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ പുതിയ കൂട്ടിലൂടെ എല്ലാവരെയും എല്ലാ കാര്യങ്ങളും അറിയിക്കാനാവും.
ഈ കൂട്ടില്‍ ചേരണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലുള്ള ചിലരുണ്ട്. ചേര്‍ന്നില്ലെങ്കില്‍ നഷ്ടം അവര്‍ക്കുമാത്രമാണ്. കാരണം ഈ കൂട്ടില്‍ രാഷ്ട്രീയമില്ല. യൂണിവേഴ്‌സിറ്റി കോളേജില്‍ ഒരു ദിവസമെങ്കിലും പഠിച്ചിട്ടുണ്ടെങ്കില്‍, നിങ്ങള്‍ക്ക് ഈ കൂട്ടിലേക്ക് സ്വാഗതം.