Reading Time: 8 minutes

മരണം വാതില്‍ക്കലൊരു നാള്‍
മഞ്ചലുമായ് വന്നു നില്‍ക്കുമ്പോള്‍…

അശ്വമേധം എന്ന നാടകത്തിനായി വയലാര്‍ രാമവര്‍മ്മ എഴുതി കെ.രാഘവന്‍ ഈണമിട്ട അനശ്വരഗാനത്തിന്റെ അവസാനത്തോടടുക്കുമ്പോഴുള്ള വരികളാണ്. ഇപ്പോള്‍ മനസ്സില്‍ മുഴങ്ങുന്നത് ഈ പാട്ടാണ്. അവസാന ഭാഗത്തെത്തുമ്പോള്‍ മനസ്സിലെ ഈണം ഉടക്കിനില്‍ക്കുന്നു. അതെ മരണം എന്റെ വാതില്‍ക്കല്‍ നില്‍ക്കുകയാണ്, മഞ്ചലുമായി. രണ്ടാഴ്ചയ്ക്കിടെ സമപ്രായക്കാരായ രണ്ടു സുഹൃത്തുക്കളെ മഞ്ചലിലേറ്റി അവന്‍ കൊണ്ടുപോയിക്കഴിഞ്ഞു. രാജ്കുമാറും സാജനും ഇനി ഫ്രെയിമിനുള്ളിലെ ചിത്രങ്ങള്‍ മാത്രം..

ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി കടലുണ്ടി തീവണ്ടി ദുരന്തത്തിലെ കൂട്ടമരണമടക്കം ഒട്ടേറെ അന്ത്യകര്‍മ്മങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മരണം കണ്ടു മടുത്തു എന്നു പറഞ്ഞാലും തെറ്റില്ല. എന്നാല്‍ മരണത്തെ ഇത്രമാത്രം അടുത്തറിഞ്ഞ, അനുഭവിച്ച സന്ദര്‍ഭം ഇതിനു മുമ്പ് ഉണ്ടായിട്ടില്ല തന്നെ. കാലിലെ പെരുവിരലില്‍ നിന്ന് വല്ലാത്തൊരു തരിപ്പ് മുകളിലേക്ക് അരിച്ചുകയറുന്നു. 43 -45 വയസ്സ് എന്നു പറയുന്നത് മരിക്കാനുള്ള പ്രായമാണോ? പൂര്‍ണ്ണ ആരോഗ്യവാന്മാര്‍ എന്നു കാഴ്ചയില്‍ തോന്നിക്കുന്നവര്‍ പെട്ടെന്ന് കുഴഞ്ഞുവീണ് മരണത്തിന് കീഴടങ്ങുന്നുവെന്ന് വിശ്വസിക്കാനാവുന്നില്ല. ആകെ ഒരു മരവിപ്പ്.

* * * * * *

1990 ജൂണ്‍ 18 ഉച്ചതിരിഞ്ഞ സമയം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രി ഡിഗ്രി ക്ലാസ്സുകള്‍ തുടങ്ങിയത് അന്നാണ്. അവിടെ ഷിഫ്റ്റാണ്. ഒന്നാം വര്‍ഷ പ്രിഡിഗ്രി ക്ലാസ്സുകള്‍ ഉച്ചയ്ക്കു ശേഷമാണ്. രണ്ടാം വര്‍ഷ പ്രിഡിഗ്രി രാവിലെയും. ഞാന്‍ ഒന്നാം ഗ്രൂപ്പിലെ ‘എ’ ബാച്ചില്‍. ഞങ്ങളെ സ്വീകരിക്കാന്‍ വന്ന ചേട്ടന്മാരുടെ കൂട്ടത്തിലാണ് അദ്ദേഹത്തെ ആദ്യമായി കണ്ടത്, രാജ്കുമാറിനെ. അവര്‍ എല്ലാവരും വളരെ സൗഹൃദത്തോടെ, സ്‌നേഹത്തോടെ അടുത്തു വന്നിരുന്ന് സംസാരിച്ചു. കോളേജിലെ റാഗ്ഗിങ്ങൊക്കെ പേടിച്ചിരുന്ന എന്നെപ്പോലുള്ളവര്‍ക്ക് അങ്ങനെ ഒന്ന് ഇല്ലേയില്ല എന്നു ബോദ്ധ്യമായ നിമിഷം.

രാജ്കുമാര്‍

ഗവ. ആര്‍ട്‌സ് കോളേജ് എന്നത് ചെറിയൊരു ക്യാമ്പസാണ്. അതിനാല്‍ത്തന്നെ എല്ലാവര്‍ക്കും പരസ്പരം അറിയാം. രണ്ടാം വര്‍ഷ ബി.എ. ഇക്കണോമിക്‌സ് വിദ്യാര്‍ത്ഥിയായിരുന്ന രാജ്കുമാര്‍ അടക്കമുള്ളവരുമായി സൗഹൃദത്തിലാവാന്‍ അതിനാല്‍ത്തന്നെ വലിയ താമസമുണ്ടായില്ല. ‘ചേട്ടാ’ എന്ന വിളി വിലക്കിയതും അദ്ദേഹം തന്നെ -‘പേര് വിളിച്ചാല്‍ മതി’ എന്നായിരുന്നു ഉത്തരവ്. രാജ്കുമാറിന്റെ സുഹൃത്തുക്കളുടെ കാര്യത്തിലും അത് പ്രാബല്യത്തിലായി. അഭയന്‍, പുത്രന്‍, സക്കീര്‍, ഷിറാസ്, പ്രസൂണ്‍, അനില്‍, അനിമോന്‍.. അങ്ങനെ ‘മുതിര്‍ന്ന’ സുഹൃത്തുക്കള്‍. അവര്‍ക്കൊപ്പം പ്രിഡിഗ്രി പഠിച്ചു പിരിഞ്ഞ ദിനേശിനെപ്പോലുള്ള സുഹൃത്തുക്കളെയും കിട്ടി. എങ്കിലും മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ ചേട്ടന്മാരും ചേച്ചിമാരുമായി തന്നെ നിലനിന്നു. വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം സൗഹൃദങ്ങള്‍ ഊട്ടിയുറപ്പിച്ചു.

ഞാന്‍ പ്രി-ഡിഗ്രി കഴിഞ്ഞ് ബിരുദ പഠനത്തിനായി യൂണിവേഴ്‌സിറ്റി കോളേജിലേക്കു നീങ്ങിയ വേളയില്‍ തന്നെയാണ് രാജ്കുമാറും കൂട്ടുകാരും ബിരുദപഠനം പൂര്‍ത്തിയാക്കി ആര്‍ട്‌സ് കോളേജിനോട് വിടപറഞ്ഞത്. പിന്നീട് കണ്ടുമുട്ടല്‍ കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമങ്ങളിലായി. തിരുവനന്തപുരത്ത് ഉള്ളവരെ മാത്രം ഇടയ്‌ക്കൊക്കെ വഴിയില്‍ വെച്ചു കണ്ടു.

മാതൃഭൂമി കോഴിക്കോട് യൂണിറ്റില്‍ നിന്ന് 2006ല്‍ തിരുവനന്തപുരത്തേക്ക് സ്ഥലം മാറി വന്നതോടെ പഴയ ‘മുതിര്‍ന്ന’ സുഹൃത്തുക്കളില്‍ രാജ്കുമാറുമായുള്ള സൗഹൃദം പൊടിതട്ടിയെടുക്കാന്‍ അവസരമുണ്ടായി. വഞ്ചിയൂര്‍ മാതൃഭൂമി ഓഫീസിനു സമീപത്താണ് രാജ്കുമാര്‍ താമസിച്ചിരുന്നത് എന്നതിനാല്‍ ഞങ്ങള്‍ തമ്മില്‍ ഇടയ്ക്കിടെ കൂട്ടിമുട്ടി. ആല്‍മരച്ചോട്ടിലെ അമ്മച്ചിയുടെ ചായക്കടയായിരുന്നു ഞങ്ങളുടെ സ്ഥിരം കൂടിക്കാഴ്ചാ കേന്ദ്രം. മറ്റു സുഹൃത്തുക്കളുടെ വിവരങ്ങള്‍ ഞാനറിഞ്ഞിരുന്നത് രാജ്കുമാറില്‍ നിന്നായിരുന്നു.

2012 ആയപ്പോഴേക്കും രാജ്കുമാര്‍ താമസിച്ചിരുന്ന വീടിരുന്ന സ്ഥാനത്ത് ഫ്‌ളാറ്റ് നിര്‍മ്മാണം തുടങ്ങി. അതോടെ അദ്ദേഹം അവിടെ നിന്നു താമസം മാറ്റി. ഞങ്ങളുടെ കൂടിക്കാഴ്ചകള്‍ നിലച്ചു. 2012ല്‍ ഞാന്‍ മാതൃഭൂമി വിടുകയും ചെയ്തു. അതിനു ശേഷം കണ്ടിട്ടില്ല എന്നു തന്നെ പറയാം. എന്നാല്‍, ഏതാണ്ട് ഒരു മാസം മുമ്പ് മാതൃഭൂമി റോഡിലൂടെ കാറില്‍ പോകുമ്പോള്‍ ഞങ്ങളുടെ പഴയ ചായക്കടയ്ക്കു മുന്നില്‍ രാജ്കുമാര്‍. ഞാന്‍ കാര്‍ നിര്‍ത്തിയിറങ്ങി സംസാരിച്ചു. എനിക്കു ചായ വാങ്ങിത്തന്നു. പുത്രനും ഷിറാസും ചേര്‍ന്ന് നടത്തുന്ന ‘അലൈവ്’ എന്ന സംരംഭമായിരുന്നു പ്രധാന ചര്‍ച്ചാവിഷയം. സുഹൃത്തുക്കളുടെ പ്രവൃത്തിയില്‍ ആ സുഹൃത്തിന് തികഞ്ഞ അഭിമാനം. വര്‍ഷങ്ങള്‍ക്കു ശേഷം സംഭവിച്ച ആ കൂട്ടിമുട്ടല്‍ അവസാനത്തേതാകും എന്ന് അപ്പോഴറിഞ്ഞില്ല.

* * * * * *

1978 ജൂണ്‍ 1നാണ് അവനെ ആദ്യമായി കണ്ടത്. വഴുതയ്ക്കാട് ചിന്മയ വിദ്യാലയത്തിലെ എല്‍.കെ.ജി. ക്ലാസ്സില്‍ തൊട്ടടുത്ത് കുട്ടിക്കസേരയില്‍ അവനിരുന്നു -പേര് സാജന്‍. പിന്നീട് ഏഴാം ക്ലാസ് പൂര്‍ത്തിയാക്കി അവിടെ നിന്ന് പിരിയും വരെ അവന്‍ എന്റെ ബെഞ്ചില്‍ അടുത്തു തന്നെയായിരുന്നു. ചെറിയ കുട്ടിയായിരുന്നപ്പോഴുള്ള ഓര്‍മ്മകള്‍ ചിത്രങ്ങളില്‍ മാത്രമാണ്. എന്നാല്‍, രണ്ടാം ക്ലാസ്സും മൂന്നാം ക്ലാസ്സുമെല്ലാമായപ്പോഴേക്കും സൗഹൃദങ്ങള്‍ ബലപ്പെട്ടിരുന്നു. അന്ന് ചിന്മയ സ്‌കൂളില്‍ ഏഴാം ക്ലാസ് വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ അവിടെ വഴിപിരിയേണ്ടി വന്നു.

സാജന്‍

സാജന്‍ ഗവ. മോഡല്‍ ഹൈസ്‌കൂളിലേക്കാണ് പോയത്. ഞാന്‍ സെന്റ് ജോസഫ്‌സിലേക്കും. അന്നത്തെ പൊതുകളിക്കളങ്ങള്‍ സ്‌കൂളുകള്‍ക്കതീതമായ സൗഹൃദത്തിന് വഴിയൊരുക്കിയിരുന്നു. മോഡല്‍ സ്‌കൂളും സെന്റ് ജോസഫ്‌സും ക്രൈസ്റ്റ് നഗറും വിദ്യാധിരാജയും എസ്.എം.വിയുമെല്ലാം കളിക്കളങ്ങളില്‍ ഇഴപിരിക്കാനാവാത്ത വിധം കൂടിച്ചേര്‍ന്നുകിടന്നു. സ്‌കൂള്‍ കഴിഞ്ഞ് പ്രിഡിഗ്രി കാലത്തും കളിക്കളങ്ങള്‍ സജീവമായിത്തന്നെ നിന്നു. പക്ഷേ, ഡിഗ്രി ആയപ്പോള്‍ ബന്ധം മുറിഞ്ഞു. അതും കഴിഞ്ഞ് തൊഴില്‍ നേടി വ്യത്യസ്ത നഗരങ്ങളില്‍ ചേക്കേറിയതോടെ ബന്ധം ഇല്ലാതായി എന്നു തന്നെ പറയാം.

ചിന്മയ വിദ്യാലയത്തിലെ 1978-79 എല്‍.കെ.ജി.-എ ബാച്ച്; ചതുരത്തിനുള്ളില്‍ സാജന്‍

ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പാണ് സോഷ്യല്‍ മീഡിയ വിപ്ലവം അരങ്ങേറിയത്. എന്തൊക്കെ കുഴപ്പങ്ങളുണ്ടെന്ന് ആരൊക്കെ പറഞ്ഞാലും, സൗഹൃദങ്ങള്‍ തിരിച്ചുപിടിക്കാന്‍ ഫേസ്ബുക്കും വാട്ട്‌സാപ്പും നല്‍കിയ സംഭാവനകള്‍ ചെറുതല്ല. സാജന്‍ അടക്കമുള്ള സുഹൃത്തുക്കളെ എനിക്ക് തിരികെപ്പിടിക്കാനായത് ഫേസ്ബുക്കിലൂടെ. ആ ബന്ധം വാട്ട്‌സാപ്പ് ദൃഢമാക്കി. സുഹൃത്തുക്കളില്‍ പലരും വിദേശത്താണ്. അവര്‍ ആരെങ്കിലും നാട്ടിലെത്തുമ്പോള്‍ തിരുവനന്തപുരം ഒത്തുചേരല്‍ വേദിയാകുക പതിവായി.

ചിന്മയ വിദ്യാലയത്തിലെ 1979-80 യു.കെ.ജി.-എ ബാച്ച്‌

2017 ജൂണ്‍ 18 കഴിഞ്ഞ ദിവസം വരെ എനിക്ക് സാധാരണ ഏതൊരു ദിവസത്തെയും പോലെ ആയിരുന്നു. പക്ഷേ, ഏറ്റവും പ്രിയപ്പെട്ടവരിലൊരാളെ അവസാനമായി കണ്ട ദിവസം എന്ന പേരില്‍ ആ ഞായറാഴ്ച ഓര്‍മ്മകളില്‍ സ്ഥിരമായ സ്ഥാനം നേടുമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചില്ല, ആഗ്രഹിച്ചില്ല.

അതിനു മുമ്പുള്ള വെള്ളിയാഴ്ചയാണ് അവന്‍ വിളിച്ചത് -‘ഡേയ് ശ്യാംലാലേ, സാജനാണ്. ഞാനിപ്പോള്‍ നാട്ടിലുണ്ട്. ഞായറാഴ്ച നമുക്കൊന്നു കൂടിയാലോ?’ വാട്ട്‌സാപ്പിലും ഫേസ്ബുക്കിലും ബന്ധമുണ്ടെങ്കിലും വര്‍ഷങ്ങള്‍ക്കു ശേഷമാണ് പരസ്പരം ശബ്ദം കേള്‍ക്കുന്നത്. ‘ഏത് സാജന്‍’ എന്ന ആശയക്കുഴപ്പം എനിക്കുണ്ടാവുമോ എന്ന സംശയം പോലും അവനില്ല. ആ ശബ്ദത്തിന്റെ ടോണ്‍ തിരിച്ചറിയും എന്ന് അവന് ഉറപ്പ്. അത് ശരിയായിരുന്നു താനും.

ചിന്മയ വിദ്യാലയത്തിലെ 1981-82 രണ്ടാം ക്ലാസ്-എ ബാച്ച്‌

സാജന്‍ മുന്‍കൈയെടുത്ത് മറ്റു പലരെയും വിളിച്ചു. സ്ഥലത്തുണ്ടായിരുന്ന ഞങ്ങള്‍ 6 പേര്‍ ആ ഞായറാഴ്ച വഴുതയ്ക്കാട് ചിന്മയ വിദ്യാലയത്തിനു മുന്നില്‍ ഒത്തുകൂടി -ഞാന്‍, സാജന്‍, ശ്രീനി, സുധീര്‍, സുമന്‍, നൗഷാദ് എന്നിവര്‍. കൂട്ടിന് എന്റെ മകന്‍ കണ്ണനും ശ്രീനിയുടെ ഇളയ മകള്‍ അമ്മുവും. ഏതാണ്ട് രണ്ട് മണിക്കൂറോളം വെടിവട്ടവുമായി അവിടെ നിന്നു. പണ്ട് സ്‌കൂളില്‍ വെച്ച് ഞങ്ങള്‍ക്കെല്ലാവര്‍ക്കും ചൂരല്‍ക്കഷായം സമ്മാനിച്ച പി.ടി. മാഷ് ശ്യാമും അവിടെ വന്നു ചാടി. തനിക്കൊപ്പം പോന്ന തടിയന്മാര്‍ പഴയ ചുരല്‍ക്കഷായം ഓര്‍മ്മിപ്പിച്ചപ്പോള്‍ ശ്യാം സാറിന് ചമ്മല്‍.

അവസാനത്തെ ഒത്തുചേരല്‍: സുമന്‍, സുധീര്‍, ശ്രീനി, അമ്മു, കണ്ണന്‍, ഞാന്‍, സാജന്‍, നൗഷാദ്‌

പിരിയാന്‍ നേരം സാജന്‍ തന്നെയാണ് പറഞ്ഞത് -‘നമുക്കിനി ഇടയ്ക്കിടെ കൂടണം. പ്രായമായി വരികയല്ലേ. ചെറുപ്പം തിരിച്ചുപിടിക്കാന്‍ ഇതൊക്കെയേ ഉള്ളൂ വഴി.’ ശരിയാണല്ലോ എന്ന് എനിക്കു തോന്നി. ആരും ഒന്നും മിണ്ടിയില്ല. ‘അടുത്ത തവണ കുടുംബത്തെയും കൂട്ടാം. എല്ലാവര്‍ക്കും കൂടി ഏതെങ്കിലും റിസോര്‍ട്ടില്‍ പോകാം’ -അവന്റെ പദ്ധതികള്‍. ആ സന്തോഷത്തിനു ശേഷം പിരിയുമ്പോള്‍ വലിയ സങ്കടമൊന്നും തോന്നിയില്ല. ഉടനെ വീണ്ടും കാണാമെന്ന ചിന്തയായിരുന്നു മനസ്സില്‍.

* * * * * *

ഒരു സുഹൃത്തിന് വേണ്ടി കൗണ്‍സലിങ് കൂടിക്കാഴ്ച ഒരുക്കുന്നതിനാണ് ജൂലൈ 25 ഉച്ചയോടെ ഡോ.ദിനേശിനെ വിളിച്ചത്. ദിനേശിന്റെ മറുപടി വളരെ പതിഞ്ഞ സ്വരത്തിലായിരുന്നു -‘ഞാനൊരു മരണവീട്ടിലാണ്. ശ്യാംലാലിന് രാജ്കുമാറിനെ അറിയില്ലേ. ആര്‍ട്‌സ് കോളേജില്‍ നമ്മുടെ കുടെയുണ്ടായിരുന്നു. രാജു മരിച്ചുപോയി’. അയ്യോ എപ്പോള്‍ എന്ന എന്റെ ചോദ്യത്തിന് ദിനേശ് എന്തൊക്കെയോ മറുപടി പറഞ്ഞു. ഞാന്‍ ഒന്നും കേട്ടില്ല. മരവിച്ചിരുന്നു.

ഏറെ സമയത്തിനു ശേഷം മരവിപ്പ് മാറി രാജുവിന്റെ വീട്ടിലെത്തുമ്പോള്‍ സുഹൃത്തുക്കള്‍ എല്ലാവരും എത്തിയിട്ടുണ്ട്. പക്ഷേ, ശവസംസ്‌കാരം അടുത്ത ദിവസമേയുള്ളൂ. കാരണം ചോദിച്ചപ്പോള്‍ മറുപടി ഉടനെ വന്നു -‘സുഹൃത്തുക്കള്‍ വരാനുണ്ട്.’ അഭയനും അനിലും മുംബൈയില്‍ നിന്നും പുത്രന്‍ ചെന്നൈയില്‍ നിന്നും വരുന്നു. സുഹൃത്തുക്കള്‍ വന്നിട്ട് ശവസംസ്‌കാരം നടത്തിയാല്‍ മതിയെന്ന് തീരുമാനിച്ചത് രാജുവിന്റെ ഭാര്യ ലക്ഷ്മി. സുഹൃത്തുക്കളുടെ സാന്നിദ്ധ്യമാണ് രാജു ഏറ്റവുമധികം ആഗ്രഹിക്കുക എന്ന് അവര്‍ക്ക് നന്നായറിയാം.

ഐ.ഐ.എസ്.ടിയില്‍ അദ്ധ്യാപികയായ ലക്ഷ്മി രാവിലെ ജോലിക്കു പോകാനിറങ്ങുമ്പോള്‍ രാജു ഉണര്‍ന്നു കിടക്കുകയായിരുന്നു. പിന്നീടെപ്പോഴോ അദ്ദേഹം ഉണരാത്ത ഉറക്കത്തിലേക്കു വഴുതി വീണു. സ്വപ്നം കാണുമ്പോള്‍ ശ്വാസം നിലയ്ക്കുക. ആ സ്വപ്നം വിട്ടുണരാതിരിക്കുക. ആ സ്വപ്നത്തില്‍ സഞ്ചരിച്ചുകൊണ്ടേയിരിക്കുക. മധുരോദാത്തമായ സ്വപ്നലോകം സ്വന്തമാക്കുക. വേര്‍പാടിന്റെ വേദന സുഹൃത്തുക്കള്‍ക്ക് നല്‍കി രാജു സ്വപ്നലോകം സ്വന്തമാക്കി. സ്വപ്നത്തിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടുപോയി.

* * * * * *

ഓഗസ്റ്റ് 9ന് വൈകുന്നേരം 6 മണിക്ക് അജന്ത തിയേറ്ററില്‍ സര്‍വ്വോപരി പാലാക്കാരന്‍ എന്ന സിനിമയ്ക്ക് കയറിയതാണ്. സിനിമ തുടങ്ങി അല്പസമയമായപ്പോഴേക്കും ഫോണ്‍ തുടര്‍ച്ചയായി വിറച്ചുതുടങ്ങി. പരിചയമില്ലാത്ത വിദേശ നമ്പറുകളില്‍ നിന്ന് തുടര്‍ച്ചയായി വിളി വന്നുകൊണ്ടിരിക്കുന്നു. അസഹിഷ്ണുത തലയ്ക്കു പിടിച്ച ചിലവന്മാരുടെ ശല്യം കാരണം ഇത്തരം വിളികളൊന്നും എടുക്കുന്ന പതിവില്ല. എന്നാല്‍, പല നമ്പരുകളില്‍ നിന്ന് വിളി വന്നപ്പോള്‍ ഒരു കോള്‍ എടുത്തു -‘ചേട്ടാ ഞാന്‍ വിഷ്ണുവാണ്. ഫേസ്ബുക്കില്‍ ഫ്രണ്ടാണ്. ചേട്ടന്റെ ഫ്രണ്ട്‌സ് ലിസ്റ്റില്‍ ഒരു സാജന്‍ പുരുഷോത്തമന്‍ ഉണ്ടല്ലോ. പുള്ളിയുടെ കോണ്‍ടാക്ട് വല്ലതുമുണ്ടോ?’ എനിക്കൊരു പിടിത്തവും കിട്ടിയില്ല. ഏത് സാജന്‍ പുരുഷോത്തമന്‍? ഒന്നിലേറെ സാജന്മാരുണ്ട് സുഹൃത്തുക്കളായി. പെട്ടെന്ന് ഓര്‍മ്മ വരുന്നില്ല. ‘എന്തു പറ്റി?’ -ഞാന്‍ ചോദിച്ചു. ‘പുള്ളി ദുബായില്‍ മരിച്ചുപോയി’ -മറുപടി. അന്വേഷിച്ചു പറയാം എന്നു മറുപടി നല്‍കി ഫോണ്‍ കട്ട് ചെയ്തു സിനിമയില്‍ ശ്രദ്ധിച്ചു.  കുട്ടിക്കാലം മുതലുള്ള പ്രിയ കൂട്ടാളിയെ മരണം കൊണ്ടുപോകുമെന്ന വിദൂരചിന്ത പോലും ഉണ്ടായിരുന്നില്ലല്ലോ! അതുകൊണ്ടു തന്നെയാണ് സാജനെ തിരിച്ചറിയാതിരുന്നതും.

ചിന്മയ വിദ്യാലയത്തിലെ 1982-83 മൂന്നാം ക്ലാസ്-എ ബാച്ച്‌

വീണ്ടും പല നമ്പറുകളില്‍ നിന്ന് വിളി വന്നുകൊണ്ടേയിരുന്നു. എടുത്തില്ല. അല്പം കഴിഞ്ഞപ്പോള്‍ ശ്രീനി -ചിന്മയയില്‍ കൂടെ പഠിച്ച സുഹൃത്ത് -വിളിക്കുന്നു. ‘ടേയ്, നമ്മുടെ സാജന്‍ മരിച്ചുപോയി. അല്പം മുമ്പ് ദുബായിലായിരുന്നു. ഹാര്‍ട്ട് അറ്റാക്ക്’ -ശ്രീനി പറഞ്ഞത് കേട്ട് തരിച്ചിരുന്നു. പെട്ടെന്ന് തലച്ചോറില്‍ ഫ്‌ളാഷ് മിന്നി -സാജന്‍ പുരുഷോത്തമന്‍ എന്നു പറയുന്നത് ഞാനറിയുന്ന പ്രിയപ്പെട്ട സാജന്‍ പി.എസ്. തന്നെ. ശ്രീനി ഇത്ര കൂടി പറഞ്ഞു -‘സാജന്റെ വീട്ടില്‍ അറിഞ്ഞിട്ടില്ലെന്നു തോന്നുന്നു.’ TOTALLY BLANK ആവുക എന്നൊക്കെ പറയാറില്ലേ. അല്പ സമയത്തേക്ക് അതായിരുന്നു അവസ്ഥ. ക്രമേണ സമചിത്തത വീണ്ടെടുത്തു. സ്‌ക്രീനില്‍ സീനുകള്‍ മിന്നിമാഞ്ഞുകൊണ്ടിരുന്നു. ഞാനൊന്നുമറിഞ്ഞില്ല. ഇടവേളയായപ്പോള്‍ പുറത്തിറങ്ങി പൊലീസ് ഉദ്യോഗസ്ഥനായ സഹപാഠി ശോഭന്‍ ബാബുവിനെ വിളിച്ചു. 9 മണിയോടു കൂടി അവന്‍ ഫ്രീ ആകും. അതുവരെ തിയേറ്ററില്‍ തന്നെയിരുന്ന് സമയം കൊല്ലാന്‍ നിശ്ചയിച്ചു.

ചിന്മയ വിദ്യാലയത്തിലെ 1984-85 അഞ്ചാം ക്ലാസ്-ബി ബാച്ച്‌

ഫോണ്‍ തുടര്‍ച്ചയായി വിറച്ചുകൊണ്ടിരിക്കുന്നു. ആ വിളികളില്‍ നിന്ന് മരണത്തിന്റെ വിശദാംശങ്ങള്‍ ലഭ്യമായി. ഓഫീസിലിരിക്കുമ്പോള്‍ കലശലായ തലവേദന തോന്നിയ സാജന്‍ സമീപത്തെ ക്ലിനിക്കില്‍ ചികിത്സ തേടി. അവിടെ വെച്ച് കുഴഞ്ഞുവീണു. ക്ലിനിക്കിലുള്ളവര്‍ പെട്ടെന്ന് വലിയ ആസ്പത്രിയിലെത്തിച്ചുവെങ്കിലും എല്ലാം കഴിഞ്ഞിരുന്നു. സാജന്റെ ബോസ് തന്നെയാണ് വിശദാംശങ്ങള്‍ തേടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. അത് മറ്റുള്ളവര്‍ ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍, ഒരു ജീവനക്കാരന്റെ വീട്ടുകാരുടെ വിലാസമോ അവരെ ബന്ധപ്പെടാനുള്ള മാര്‍ഗ്ഗമോ സാജന്റെ ഓഫീസില്‍ സൂക്ഷിക്കുന്നില്ല എന്ന വിവരം എന്നെ അത്ഭുതപ്പെടുത്തി.

ചിന്മയ വിദ്യാലയത്തിലെ 1986-87 ഏഴാം ക്ലാസ്-ബി ബാച്ച്‌

രാത്രി ശോഭനും ഞാനും സാജന്റെ വീട് തപ്പിയിറങ്ങി. വീടിനെക്കുറിച്ച് ഏകദേശ ധാരണയെയുള്ളൂ. പണ്ട് സ്‌കൂളില്‍ പഠിച്ചിരുന്ന കാലത്ത് പോയ പരിചയം മാത്രം. നമ്പര്‍ അറിയില്ല. മേലാറന്നൂര്‍ ഗവ. ക്വാര്‍ട്ടേഴ്‌സിനു പിന്നിലാണെന്നറിയാം. ഞാനും ശോഭനും ക്വാര്‍ട്ടേഴ്‌സിനടുത്തുള്ള ഒരു കടയില്‍ കയറി ചോദിച്ചു -‘ഇവിടെ അടുത്തൊരു പുരുഷോത്തമന്‍ നായരുടെ വീടറിയുമോ? അദ്ദേഹത്തിന്റെ മകന്‍ സാജന്‍ ദുബായിലാണ്.’ കടയുടമ ചോദിച്ചു -‘എന്താ കാര്യം?’ ‘സാജന്‍ മരിച്ചു’ -ഞങ്ങളുടെ മറുപടി. ‘ശരിയാണോ, ഇവിടെ ആരോ മരിച്ചു എന്നറിഞ്ഞു. എല്ലാവരും അന്വേഷണത്തിലാണ്. സാജനാണെന്ന് ഉറപ്പാണോ?’ ചോദ്യം. ഞങ്ങള്‍ ഉറപ്പിച്ചു പറഞ്ഞു. അതോടെ കടയടച്ച് അദ്ദേഹം ഞങ്ങള്‍ക്കൊപ്പമിറങ്ങി. സാജനൊപ്പം മോഡല്‍ സ്‌കൂളില്‍ പഠിച്ച പ്രമോദ് ചന്ദ്രന്‍ എന്ന പപ്പനായിരുന്നു കടയുടമ.

വീട്ടില്‍ അറിഞ്ഞിട്ടില്ല എന്നതിനാല്‍ ഞങ്ങള്‍ അല്പം മാറി കാത്തുനിന്നു. പപ്പന്‍ പോയി സാജന്റെ സഹോദരീ ഭര്‍ത്താവ് രാജീവിനെ വിളിച്ചിറക്കി കൊണ്ടുവന്നു. രാജീവ് മാത്രം അപ്പോഴേക്കും വിവരം അറിഞ്ഞിരുന്നു. തല്‍ക്കാലം ആരോടും പറയേണ്ടതില്ലെന്ന് ഞങ്ങള്‍ നിശ്ചയിച്ചു. സാജന്റെ ഭാര്യ രമ്യയും മക്കളും മുകാംബിക ദര്‍ശനത്തിനു ശേഷം മടക്കയാത്രയിലാണ്. അവര്‍ എത്താനായി കാത്തു. സാജന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികളായി പിന്നീടുള്ള ആലോചന. അടുത്ത ദിവസം വ്യാഴാഴ്ചയാണ്. അന്ന് ദുബായില്‍ ഉച്ചയ്ക്ക് 2 വരെ മാത്രമേ ഓഫീസുള്ളൂ. വെള്ളിയും ശനിയും അവധിയാണ്. പിന്നെ ഓഫീസ് ഞായറാഴ്ച മാത്രം. വ്യാഴാഴ്ച തന്നെ പേപ്പറുകള്‍ ശരിയാക്കിയില്ലെങ്കില്‍ മൃതദേഹം നാട്ടിലെത്തിക്കുവാന്‍ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഒക്കെ ആയേക്കും.

ദുബായിലുള്ള സുഹൃത്ത് ജ്യോതിയുമായി ആലോചിച്ചു. സാജന്റെ ദുബായിലുള്ള 3 ബന്ധുക്കളുമായും ബന്ധം സ്ഥാപിച്ചു. ഡല്‍ഹിയില്‍ വിദേശകാര്യ മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറിയായ സുഹൃത്തിന്റെ സഹായം തേടി. അദ്ദേഹം ദുബായ് എംബസിയില്‍ സാജന്റെ പാസ്‌പോര്‍ട്ട് നമ്പര്‍ കൈമാറി നിര്‍ദ്ദേശം നല്‍കി. പിന്നീട്, ദുബായിലെ വിവരങ്ങളെല്ലാം ഞാനറിഞ്ഞത് ഡല്‍ഹി വഴി. ഏതായാലും വ്യാഴാഴ്ച ഉച്ചയ്ക്ക് 2നു മുമ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അവിടെയുള്ള ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി. പിന്നീട് വിമാനടിക്കറ്റിനായുള്ള നെട്ടോട്ടം. അതും പൂര്‍ത്തീകരിച്ച് ഒടുവില്‍ ശനിയാഴ്ച പുലര്‍ച്ചെ സാജന്‍ വീട്ടിലെത്തി, അവസാനമായി ഒരു വട്ടം കൂടി യാത്ര പുറപ്പെടാന്‍.

* * * * * *

രാജ്കുമാറിനെ ഇനി കാണില്ല. സാജനെയും ഇനി കാണില്ല. ശാന്തികവാടത്തിലെ തീനാളങ്ങള്‍ അവരെ ഇരുവരെയും ഏറ്റുവാങ്ങി. ഇരുവരുടെയും ഏറ്റവും വലിയ സമ്പാദ്യം സുഹൃത്തുക്കളായിരുന്നു. സാജന്‍ അവധിക്കു വന്നപ്പോള്‍ വിളിച്ചു കൂട്ടാന്‍ സാധിച്ചതിലും ഏത്രയോ അധികം സുഹൃത്തുക്കള്‍ അവനെ അന്ത്യയാത്രയില്‍ അനുഗമിക്കാന്‍ ഒത്തുചേര്‍ന്നു.

രാജ്കുമാറിന്റെ സ്മരണ നിലനിര്‍ത്തുന്നതിനായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട് ഞങ്ങള്‍ സുഹൃത്തുക്കള്‍ ഒരു ഫൗണ്ടേഷന് രൂപം നല്‍കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. എന്നാല്‍, സാജന്‍ പോയി എന്ന് ഇനിയും വിശ്വസിക്കാനായിട്ടില്ല. സ്‌കൂള്‍ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ സന്ദേശങ്ങളുമായി അവന്‍ വരും എന്ന വിശ്വാസത്തില്‍ ജീവിക്കാനാണ് ഞങ്ങള്‍ക്കിഷ്ടം.

Previous articleചുമരെഴുത്തില്‍ പിറന്ന കുട്ടിസിനിമ
Next articleഭാഗ്യം, ഞാന്‍ ജീവിക്കുന്നത് കേരളത്തിലാണ്
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

1 COMMENT

  1. വിശ്വസിച്ചേ പറ്റു. പണ്ടത്തെ പോലെ 70-90 ആയുസ് ഈ തലമുറയ്ക്ക് ഇല്ല. ഇപ്പോൾ അത് പരമാവധി 40 – 60 ആണ്. ചരമ പേജിൽ വയസ് ശ്രദ്ധിച്ചാൽ അത് വ്യക്തം.

Leave a Reply to Soji Jose Cancel reply

Please enter your comment!
Please enter your name here