തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലെ സൈക്യാട്രിസ്റ്റും സുഹൃത്തുമായ ഡോ.ദിനേശിന്റെ പ്രേരണയാലാണ് ഈ സിനിമ -കഥ പറഞ്ഞ കഥ -ആദ്യ ദിനം തന്നെ കണ്ടത്. ദിനേശിന്റെ അടുത്ത സുഹൃത്താണ് ഇതിന്റെ സൃഷ്ടാവ്. ഒരു കൊച്ചു സിനിമ. പക്ഷേ, സിനിമ കൈകാര്യം ചെയ്യുന്നത് അത്ര ചെറിയ വിഷയമല്ല!!
ദിനേശ് പറഞ്ഞില്ലായിരുന്നുവെങ്കില്‍ ഈ സിനിമ, ഒരു പക്ഷേ എന്റെ ശ്രദ്ധയില്‍ പെടാതെ പോകുമായിരുന്നു. എന്നെങ്കിലും ടെലിവിഷനില്‍ വരുമ്പോള്‍ കണ്ട് അത്ഭുതപ്പെട്ടിരിക്കും -അടുത്തിടെ ‘ഗപ്പി’ ടെലിവിഷനില്‍ കണ്ടപ്പോള്‍ തോന്നിയപോലെ. വലിയ പ്രചാരണ കോലാഹലങ്ങള്‍ ഒന്നുമില്ലാതെയാണ് കഥ പറഞ്ഞ കഥ വന്നിരിക്കുന്നത്.
ഒരു സൈക്യാട്രിസ്റ്റാണ് കഥ പറഞ്ഞ കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ഡോ.സിജു ജവഹര്‍. ചെറിയ ചെറിയ കഥകള്‍ ചേര്‍ന്ന് ഒരു വലിയ കഥ പറയുന്ന രീതിയാണ് അദ്ദേഹം ഈ സിനിമയില്‍ അവലംബിച്ചിരിക്കുന്നത്. ഒരുപാട് ഭേദങ്ങളുണ്ട് ഈ സിനിമയ്ക്ക്. ഇതൊരു പ്രണയകഥയാണ്. ഇതൊരു കുടുംബകഥയാണ്. ഇതൊരു റോഡ് മൂവിയാണ്. അതിലെല്ലാമുപരി ഇതൊരു സൈക്കോട്ടിക് ത്രില്ലറാണ്.
ഒരു നിശ്ചിത സമയപരിധിക്കപ്പുറം എല്ലാ ജീവിതങ്ങളും കഥകളാണ്, ചിലത് കടങ്കഥകളും. അങ്ങനെ കഥയും കടങ്കഥയും ഇടകലര്‍ന്ന ജീവിതമാണ് കഥ പറഞ്ഞ കഥയിലുള്ളത്. കഥകളുടെ വഴികളിലേക്ക് നമ്മളെ കൈപിടിച്ചു കൊണ്ടുവന്നത് അനുഭവങ്ങള്‍ തന്നെയാണ്. ഈ സിനിമയും നമുക്ക് പകരുന്നത് അനുഭവങ്ങളാണ്.
ഈ സിനിമയുടെ കഥാതന്തു പൂര്‍ണ്ണമായി പറയുന്നില്ല. അതു പറഞ്ഞാല്‍ പിന്നെ സിനിമയില്ല. കഥ, യാത്ര, പ്രണയം -ഇതൊക്കെയാണ് ഈ സിനിമയുടെ പശ്ചാത്തലങ്ങള്‍. എങ്ങനെയാണു കഥകള്‍ ഉണ്ടാകുന്നതെന്നും ഓര്‍മ്മകള്‍ എങ്ങനെയാണ് കഥകളായി മാറുന്നതെന്നും ഈ സിനിമ പറയുന്നു. കഥയ്ക്കും കാഴ്ചയ്ക്കും സംഗീതത്തിനും വളരെയേറെ പ്രാധാന്യം ഈ കഥ നല്‍കുന്നു.
ബ്ലോഗ് കഥാകാരി ജെന്നിഫറിനെ ഇന്റര്‍നെറ്റിലൂടെയാണ് എബി പരിചയപ്പെടുന്നത്. ആ പരിചയം സൗഹൃദമായി വളരുന്നു. അമ്മയ്ക്ക് ആസ്പത്രിയില്‍ കൂട്ടിരിക്കുന്ന ജെനിയെ ഒരു ആത്മഹത്യാ ശ്രമത്തിന്റെ തുടര്‍ച്ചയായി അവിടെയെത്തുമ്പോഴാണ് അരുണ്‍ പരിചയപ്പെടുന്നത്. അവര്‍ക്കിടയിലും സൗഹൃദം രൂപമെടുക്കുന്നു.
ദുബായില്‍ ആര്‍കിടെക്ടാണ് ചിത്രകാരനായ എബി. അരുണ്‍ ഒരു വയലിനിസ്റ്റാണ്. ഒരു പരസ്യ ഏജന്‍സിയില്‍ കോപിറൈറ്ററായ ജെനി ഇവര്‍ക്കിടയില്‍ പാലമാവുന്നു. അരുണിന്റെ സംഗീതവും എബിയുടെ ചായക്കൂട്ടുകളും സംയോജിപ്പിക്കാനുള്ള പദ്ധതി അവള്‍ തയ്യാറാക്കുന്നു -അരുണിനെ സഹായിക്കുന്നതിനായി. ഇതിനായി എബി നാട്ടിലെത്തുകയാണ്. ജെനിയെ ആദ്യമായി കാണാന്‍ കൂടിയാണ് ആ വരവ്.
ജെനിയുടെ ബാല്യകാല സുഹൃത്താണ് അഷ്‌റഫ്. പ്രായത്തിന്റെ തിരിച്ചറിവില്ലായ്മ അവനെ ഒരു തീവ്രവാദ ക്യാമ്പിലെത്തിക്കുന്നു. ഒരിക്കല്‍ വീണുപോയാല്‍ ഒരിക്കലും തിരിച്ചു കയറാനാവാത്ത തീവ്രവാദം എന്ന കിണര്‍. തെറ്റ് മനസ്സിലാവുന്ന അവന്‍ അവിടെ നിന്ന് ജെനിയെ വിളിക്കുന്നുണ്ട്. അഷ്‌റഫിന്റെ മനംമാറ്റം തിരിച്ചറിഞ്ഞ അവന്റെ നേതാവും തുടര്‍ന്ന് ജെനിയെ വിളിക്കുന്നു, ഭീഷണിപ്പെടുത്താന്‍.
ഈ വിളികള്‍ കഥാഘടനയില്‍ നിര്‍ണ്ണായകങ്ങളാണ്. ജെനിയെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിക്കുന്നു. ഇതിനിടെ ജെനിയെ കാണാതാവുകയാണ്. ഈ സമയത്താണ് എബി നാട്ടിലെത്തുന്നത്. എബിയും ജെനിയും കാണുന്നു. അവര്‍ ഒരു യാത്ര പുറപ്പെടുകയാണ്. യാത്രയ്ക്കിടയില്‍ അവര്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ വ്യക്തമാവുന്നു. ആ യാത്രയില്‍ പലതും സംഭവിക്കുന്നു. കഥ കടങ്കഥയാവുന്നു.
ഒടുവില്‍ അരുണിനെ എബി കാണുന്നിടത്ത് കഥ നിര്‍ണ്ണായക വഴിത്തിരിവിലാണ്. ഒരു ത്രികോണ പ്രണയകഥയുടെ ചുരുളഴിയുന്നു. ഒപ്പം മറ്റു പലതിന്റെയും. വാഗമണിന്റെയും ഇടുക്കിയുടെയും മനോഹാരിത സുധി സുരേന്ദ്രന്റെ ക്യാമറ നന്നായി പകര്‍ത്തിയിട്ടുണ്ട്. ഫ്രെയിമുകളിലും ചടുലത പ്രകടം.
സിനിമയുടെ ആദ്യ പകുതിയില്‍ കഥാപാത്രങ്ങള്‍ വന്നും പോയുമിരിക്കുകയാണ്. പ്രധാന പാത്രങ്ങളുടെ വികാസവും നടക്കുന്നുണ്ട്. എന്നാല്‍, ഇങ്ങനെ വന്നു പോകുന്ന കഥാപാത്രങ്ങള്‍ നമ്മെ അമ്പരിപ്പിക്കുന്ന വിധത്തില്‍ രണ്ടാം പകുതിയില്‍ പൂര്‍ണ്ണത കൈവരിക്കുന്നു. ഒരു നല്ല തിരക്കഥാകൃത്തിന്റെ, സംവിധായകന്റെ കൈയടക്കം നമുക്ക് ബോദ്ധ്യപ്പെടുന്നു.
വര്‍ഷങ്ങളുടെ പരിശ്രമത്തിലൂടെ വന്നതാണ് ഡോ.സിജുവിന്റെ തിരക്കഥ. പ്രണയവും വിരഹവും വിസ്മയങ്ങളുമെല്ലാം ഇതില്‍ നമ്മെ കാത്തിരിക്കുന്നു. മഞ്ഞുമൂടിയ വഴികളിലൂടെ സ്വപ്‌നാടനം പോലെ കഥ പുരോഗമിക്കുന്നു. താരങ്ങള്‍ക്കല്ല പ്രാധാന്യം, കഥാപാത്രങ്ങള്‍ക്കാണ്. അതനുസരിച്ചാണ് തിരഞ്ഞെടുപ്പ്. തൈക്കുടം ബാന്‍ഡ് ഫെയിം സിദ്ധാര്‍ഥ് മേനോനാണ് എബി. സിദ്ധിഖിന്റെ പേര് കളയില്ല എന്നുറപ്പാക്കുന്ന മകന്‍ ഷെഹിന്‍ സിദ്ധിഖാണ് അരുണ്‍. തരുഷിയാണ് ജെന്നിഫര്‍.
രഞ്ജി പണിക്കര്‍, ദിലീഷ് പോത്തന്‍, ശ്രീകാന്ത് മുരളി, സന്തോഷ് കീഴാറ്റൂര്‍, പ്രവീണ, മഞ്ജു മറിമായം, വിനീത കോശി, സ്‌നേഹ ശ്രീകുമാര്‍ തുടങ്ങിയവരൊക്കെ നമുക്ക് പരിചയമുള്ള മുഖങ്ങള്‍. നാടകരംഗത്തെ സജീവസാന്നിധ്യങ്ങളായ മുന്‍ഷി ദിലീപ്, മുന്‍ഷി ബൈജു എന്നിവര്‍ക്കൊപ്പം റെഡ് എഫ്.എമ്മിലെ പ്രശസ്ത റേഡിയോ ജോക്കി ശംഭുവും നല്ലൊരു വേഷത്തിലുണ്ട്.
തുടക്കക്കാരാണ് ഈ സിനിമയ്ക്കു പിന്നില്‍. അതിനാല്‍ത്തന്നെ പുതുമയുണ്ട്. ടൈറ്റില്‍ കാര്‍ഡ് മുതല്‍ പുതുമ തുടങ്ങുന്നു. PA B LO സിനിമയാണ് സിനിമ നിര്‍മ്മിച്ചത്. അതെന്തുവാ ഈ പാബ്ലോ? പത്മരാജനില്‍ നിന്ന് Pa, ഭരതനില്‍ നിന്ന് B, ലോഹിതദാസില്‍ നിന്ന് Lo.. തലതൊട്ടപ്പന്മാര്‍ക്ക് സ്മരണാഞ്ജലി. ഗുരുത്വമുണ്ട്!!
പാബ്ളോ സിനിമയുടെ ബാനറില്‍ ബേസില്‍ എബ്രഹാം, മനോജ് കുര്യന്‍, ഡോ.രാജേഷ് രാജു ജോര്‍ജ്, ഷിബു കുര്യാക്കോസ് എന്നിവര്‍ ചേര്‍ന്നാണ് കഥ പറഞ്ഞ കഥ നിര്‍മ്മിച്ചത്. പ്രശസ്ത ഇ.എന്‍.ടി. സര്‍ജനായ ഡോ.രാജേഷ് രാജു ജോര്‍ജ്ജും ഷിബു കുര്യാക്കോസും ഇതില്‍ അഭിനയിച്ചിട്ടുമുണ്ട്. കാലടി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സൈക്യാട്രിസ്റ്റാണ് സംവിധായകനായ ഡോ.സിജു. അദ്ദേഹത്തിന്റെ ഭാര്യയും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ സൈക്യാട്രിസ്റ്റുമായ ഡോ.ലക്ഷ്മി ഗുപ്തന്‍ ഈ സിനിമയ്ക്ക് പാട്ടെഴുതി.
ഐഡിയ സ്റ്റാര്‍ സിംഗര്‍ സീസണ്‍ വണ്‍ ഫൈനലിസ്റ്റായ ഡോ.ബിനീത രഞ്ജിത് ഈ സിനിമയില്‍ പാടുന്നു. ഡോ.അമര്‍ രാമചന്ദ്രന്‍ അഭിനേതാവിന്റെ റോളിലാണ്. ഓലപ്പീപ്പിയിലൂടെ ശ്രദ്ധേയനായ ബാലതാരം ദേവ് പ്രയാഗ് ഹരി ഈ സിനിമയില്‍ നല്ലൊരു വേഷം ചെയ്യുന്നു. ദേവ് പ്രയാഗിനുമുണ്ട് ഡോക്ടര്‍ ബന്ധം, അവന്റെ അച്ഛനിലൂടെ -ഡോ.ഹരികുമാര്‍ ചൊന്നൂര്‍. സംഗീതസംവിധാനം നിര്‍വ്വഹിച്ച സിതാര കൃഷ്ണകുമാറിനുമുണ്ട് ഡോക്ടര്‍ ബന്ധം -ഭര്‍ത്താവ് ഡോ.സജീഷ് മുഖേന!!! ആകെ മൊത്തം ടോട്ടല്‍ ഡോക്ടര്‍ മയം.
ജെയ്‌സണ്‍ ജെ.നായരും സംഗീതസംവിധായകനായുണ്ട്. ബിജിപാലാണ് റിറെക്കോര്‍ഡിങ് നിര്‍വ്വഹിച്ചിരിക്കുന്നത്. രഞ്ജന്‍ എബ്രഹാമാണ് എഡിറ്റര്‍. ‘വലിയ’ സിനിമകളുടെ കുത്തൊഴുക്കില്‍ ഈ കൊച്ചു സിനിമ മുങ്ങിപ്പോവരുത് എന്ന നിര്‍ബന്ധബുദ്ധി ഉള്ളതുകൊണ്ടാണ് ഇത് എഴുതിയിട്ടത്. സിനിമയ്ക്കു പുറത്തുള്ള മറ്റു മേഖലകളില്‍ നിന്ന് പുതിയ ആളുകള്‍ സിനിമയിലേക്കു വരട്ടെ. മലയാള സിനിമയില്‍ പുതുമയുടെ സൗരഭ്യം നിറയട്ടെ. ഗ്രൂപ്പിസത്തിന് അതീതമായി നല്ല സിനിമകള്‍ ഉണ്ടാവട്ടെ.
ഒരിക്കല്‍ ജനിച്ചാല്‍ പിന്നെ മരണമില്ലാത്ത ഒന്നാണ് പ്രണയം -കഥ പറഞ്ഞ കഥ ഇതാണ്.