കൊച്ചി ജവാഹര്‍ലാല്‍ നെഹ്രു രാജ്യാന്തര സ്‌റ്റേഡിയത്തില്‍ 25 കോടി മുടക്കി സ്ഥാപിച്ച ഫുട്‌ബോള്‍ ടര്‍ഫ് ഒരു ദിവസത്തെ ക്രിക്കറ്റ് മത്സരത്തിനായി കുത്തിപ്പൊളിക്കുന്നതിനെ ഇന്നാട്ടില്‍ സ്വബോധമുള്ളവരെല്ലാം എതിര്‍ത്തു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ അടക്കം ഈ മണ്ടന്‍ തീരുമാനത്തിനെതിരെ രംഗത്തു വന്നു. ടര്‍ഫ് സ്ഥാപിക്കാന്‍ പണം മുടക്കിയ സര്‍ക്കാരും ഇടപെട്ടു. എല്ലാവരും ഫുട്‌ബോളിനു വേണ്ടി നില്‍ക്കുമ്പോള്‍ അതിനു മുന്നില്‍ സ്വാഭാവികമായി സ്ഥാനം ലഭിക്കേണ്ട ടീംസാണ് കേരളാ ഫുട്‌ബോള്‍ അസോസിയേഷന്‍ എന്ന കെ.എഫ്.എ. എന്നാല്‍, അവര്‍ അതു ചെയ്തില്ലെന്നു മാത്രമല്ല നേരേ എതിര്‍ ടീംസിന്റെ -കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ എന്നെ കെ.സി.എയുടെ -ചേരിയില്‍ പോയി നിലയുറപ്പിച്ചു.
ക്രിക്കറ്റിനു വേണ്ടി ഫുട്‌ബോള്‍ സ്‌റ്റേഡിയം കുത്തിപ്പൊളിച്ച് പാളീസാക്കുന്നതില്‍ തെറ്റില്ലെന്ന് ഫുട്‌ബോളുകാര്‍!! ഫുട്‌ബോളിനെ ഉദ്ധരിക്കാന്‍ നിന്നവരെല്ലാം അന്തംവിട്ട് മൂക്കത്ത് വിരല്‍ വെച്ചു നില്‍ക്കുകയാണ് -അമ്പട ഞാനേ!!! കെ.എഫ്.എയുടെ നിലപാടില്‍ അന്തം വിട്ടവരില്‍ ഈയുള്ളവനും പെടും. ശ്ശെടാ, ഈ ക്രിക്കറ്റിനോട് ഫുട്‌ബോള്‍ അസോസിയേഷന്‍കാര്‍ക്കെന്താ ഇത്ര താല്പര്യം? സ്വാഭാവികമായി എല്ലാവര്‍ക്കും ഉണ്ടായിട്ടുള്ള സംശയം. ഉത്തരം തേടുമ്പോള്‍ പുറത്തുവരുന്നത് വലിയൊരു കഥയാണ്. ഒരുപാട് അദ്ധ്യായങ്ങളുള്ള കഥ. ക്രിക്കറ്റും ഫുട്‌ബോളും പ്രണയിച്ച ‘കള്ള’ക്കഥ!!
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിനെയും ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിനെയും വളര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ചു എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. അതേസമയം, വന്‍ തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും കൂത്തരങ്ങാണ് ഈ 2 സംവിധാനങ്ങളും എന്നതിലും തര്‍ക്കമില്ല തന്നെ. ഐ.പി.എല്ലിനൊപ്പം വരില്ലെങ്കിലും വെട്ടിക്കാനുള്ള സാദ്ധ്യതകള്‍ ഐ.എസ്.എല്ലും കാര്യമായി തുറന്നിടുന്നുണ്ട്. കൊച്ചി ടസ്‌കേഴ്‌സ് കേരള എന്നൊരു ടീമിലൂടെ ഐ.പി.എല്‍. കൊച്ചിയിലെത്തി. ഐ.പി.എല്‍. ടീമിന്റെ ഹോം ഗ്രൗണ്ട് എന്ന നിലയിലാണ് കെ.സി.എയും ജി.സി.ഡി.എയും തമ്മില്‍ ജവാഹര്‍ലാല്‍ നെഹ്രു സ്‌റ്റേഡിയത്തിന്റെ പേരിലുള്ള ബന്ധവും അതിന്റെ തുടര്‍ച്ചയായി ധാരണാപത്രവുമൊക്കെ ഉടലെടുക്കുന്നത്.
2011ലെ ഒറ്റ സീസണില്‍ മാത്രമേ കൊച്ചി ടസ്‌കേഴ്‌സ് കളിച്ചുള്ളൂ എങ്കിലും വന്‍ വെട്ടിപ്പിനുള്ള അക്ഷയഖനിയാണ് സ്റ്റേഡിയം എന്നു കെ.സി.എ. സാറന്മാര്‍ പെട്ടെന്ന് മനസ്സിലാക്കി. തുടര്‍ചര്‍ച്ചകളുടെ ഫലമായി 2014 തുടക്കത്തിലാണ് സ്റ്റേഡിയത്തിന്റെ പേരില്‍ ജി.സി.ഡി.എയുമായി ‘പാട്ടക്കരാര്‍’ എന്ന് ഇപ്പോള്‍ വിശേഷിപ്പിക്കപ്പെടുന്ന ധാരണാപത്രത്തിലേക്ക് കെ.സി.എ. എത്തുന്നത്. അഴിമതിയുടെ പേരില്‍ 4 വിജിലന്‍സ് കേസില്‍ പ്രതിയായ കോണ്‍ഗ്രസ് നേതാവ് എന്‍.വേണുഗോപാലാണ് അന്ന് ജി.സി.ഡി.എ. ചെയര്‍മാന്‍. ചേരേണ്ടത് ചേരേണ്ടിടത്തല്ലേ ചേരൂ!! അതിനാല്‍ വെറും ധാരണാപത്രത്തെ ‘പാട്ടക്കരാര്‍’ എന്നു വിശേഷിപ്പിക്കുന്നതില്‍ കെ.സി.എ. വിജയിച്ചു.
30 വര്‍ഷത്തെ പാട്ടത്തിനായി ധാരണാപത്രം ഒപ്പിട്ട സ്റ്റേഡിയത്തില്‍ കെ.സി.എ. 10 കോടിയോളം രൂപ മുതല്‍ മുടക്കിയിട്ടുണ്ട് എന്നാണ് സെക്രട്ടറി ജയേഷ് ജോര്‍ജ് മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം പറഞ്ഞത്. എപ്പഴാ 10 കോടി മുടക്കിയത്? 2010ല്‍!! അടിപൊളി. 2014ല്‍ ‘പാട്ടക്കരാര്‍’ ഉണ്ടാക്കുമെന്ന ജ്യോതിഷ പ്രവചനത്തിന്റെ അടിസ്ഥാനത്തിലാണോ 2010ല്‍ 10 കോടി മുടക്കിയത്? എന്തിനാ മുടക്കിയത്? മര്യാദയ്ക്ക് സൗകര്യങ്ങളുള്ള സ്റ്റേഡിയം ഇല്ലെങ്കില്‍ ബി.സി.സി.ഐ. മത്സരം തരില്ലായിരുന്നു, അതുകൊണ്ട്. ഈ സൗകര്യങ്ങള്‍ പരിഗണിച്ചാണ് 2010ലെ ‘തുലാമഴ’യില്‍ ഒരു പന്തു പോലും എറിയാനാവാതെ ഉപേക്ഷിക്കേണ്ടി വന്ന ഇന്ത്യ-ഓസ്‌ട്രേലിയ മത്സരം അടക്കമുള്ളവ വന്നത്. ഐ.പി.എല്‍. ടീമിന്റെ ഹോം ഗ്രൗണ്ടായതും ഈ സൗകര്യങ്ങള്‍ പരിഗണിച്ചു തന്നെ. പഴയതൊന്നും ആരും ഓര്‍ക്കില്ലല്ലോ, അല്ലേ?
ധാരണയനുസരിച്ച് പ്രതിവര്‍ഷം 10 ലക്ഷം രൂപ ജി.സി.ഡി.എയ്ക്ക് കെ.സി.എ. നല്‍കുന്നുവെന്നും ജയേഷ് പറയുകയുണ്ടായി. ‘പാട്ടക്കരാര്‍’ എന്ന ഓമനപ്പേരില്‍ സ്റ്റേഡിയം എ സെക്ടറിലെ വലിയൊരു ഭാഗം എത്രയോ വര്‍ഷങ്ങളായി കെ.സി.എ. കൈവശം വെച്ചിരിക്കുന്ന കാര്യം കൂടി പറയണ്ടേ? 3 നിലകളിലായി കുറഞ്ഞത് 10 മുറി, 2 കോണ്‍ഫറന്‍സ് ഹാള്‍!! കെ.സി.എ. പ്രസിഡന്റ് ഉപയോഗിക്കുന്ന സ്വീറ്റ് റൂമും ഉണ്ട്. അതൊന്നു കാണേണ്ടതു തന്നെയാണ്. ഇതിനെല്ലാം കൂടിയുള്ള വാടക കണക്കാക്കിയാല്‍ പോലും ഒരു വര്‍ഷത്തേക്ക് 10 ലക്ഷം ഒന്നുമാവില്ല. കെ.സി.എയ്ക്ക് നഷ്ടമല്ല, യഥാര്‍ത്ഥത്തില്‍ ലാഭമാണ്. പക്ഷേ, സാധാരണക്കാര്‍ക്ക് ഇതൊക്കെ പോയി നോക്കാനോ മനസ്സിലാക്കാനോ സാഹചര്യമുണ്ടോ? ഇല്ല തന്നെ. അതു തന്നെയാണ് ജയേഷിനെപ്പോലെ പച്ചക്കള്ളം പറയുന്നവര്‍ക്കുള്ള കരുത്ത്. ലാഭത്തെ നഷ്ടമാക്കി ചിത്രീകരിച്ച ശേഷം ആ നഷ്ടം നികത്താന്‍ മത്സരം ‘നടത്തുന്ന’ ജാലവിദ്യ കെ.സി.എയ്ക്കു മാത്രമേ അറിയൂ.
ഏതായാലും കൊച്ചി ടസ്‌കേഴ്‌സ് ഐ.പി.എല്ലില്‍ നിന്നു പുറത്തായി. അങ്ങനെ ക്രിക്കറ്റ് പിച്ചില്‍ നിന്ന് കൊച്ചി ഔട്ടായി നില്‍ക്കുമ്പോഴാണ് ഐ.എസ്.എല്ലിന്റെ രൂപത്തില്‍ ഫുട്‌ബോള്‍ മാമാങ്കം വരുന്നത്, 2014ല്‍. കേരളത്തിന്റെ ഫുട്‌ബോള്‍ പാരമ്പര്യത്തെക്കുറിച്ച് നല്ല ബോധമുള്ള സച്ചിന്‍ തെണ്ടുല്‍ക്കര്‍ മുന്‍കൈയെടുത്ത് കൊച്ചി കേന്ദ്രമാക്കി കേരള ബ്ലാസ്‌റ്റേഴ്‌സ് എന്ന ഫുട്‌ബോള്‍ ടീമിന് രൂപം നല്‍കി. അതോടെ ഐ.എസ്.എല്‍. ടീമിന്റെ ഹോംഗ്രൗണ്ടായി ജവാഹര്‍ലാല്‍ നെഹ്രു സ്‌റ്റേഡിയം മാറി. ‘പാട്ടക്കരാര്‍’ എന്ന് പറയുന്ന പൂര്‍ണ്ണാവകാശം കെ.സി.എയ്ക്ക് ഇല്ല എന്നുള്ളതിന്റെ തെളിവാണ് ഇവിടെ ഫുട്‌ബോള്‍ നടന്നത്. കെ.സി.എയുമായി ഉണ്ടാക്കിയ പോലുള്ള ധാരണ അത്രത്തോളം പണം കിട്ടുന്നില്ലെങ്കിലും കെ.എഫ്.എയുമായും ജി.സി.ഡി.എ. ഉണ്ടാക്കിയിട്ടുണ്ട് എന്നു സാരം.
കൊച്ചിയില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ കളികള്‍ നന്നായി നടന്നു. കാണികളുടെ പങ്കാളിത്തം നിമിത്തം രാജ്യത്തിന്റെയാകെ ശ്രദ്ധ കൊച്ചി നേടിയെടുക്കുകയും ചെയ്തു. ബ്ലാസ്റ്റേഴ്‌സിന്റെ വേരുറച്ചു. ഐ.എസ്.എല്‍. നിബന്ധന പ്രകാരം ജൂനിയര്‍ താരങ്ങളെ വാര്‍ത്തെടുക്കാന്‍ അക്കാദമികള്‍ തുടങ്ങണം. ഇതിനായി കേരളാ ബ്ലാസ്റ്റേഴ്സ് ഫുട്‌ബോള്‍ സ്‌കൂളുകള്‍ കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട്, തിരുവനന്തപുരം, മലപ്പുറം എന്നിവിടങ്ങളില്‍ നിലവില്‍ വന്നു. കെ.സി.എയും കെ.എഫ്.എയും തമ്മില്‍ ഇപ്പോള്‍ പ്രകടമായിട്ടുള്ള സൗഹൃദത്തിനു കാരണം ഈ ഫുട്‌ബോള്‍ സ്‌കൂളുകളാണ്. ആര്‍ക്കും ഒന്നും പിടികിട്ടിയില്ല എന്നെനിക്കറിയാം. കാര്യങ്ങള്‍ വിശദമായി തന്നെ പറയേണ്ടതുണ്ട്. അപ്പോള്‍ എല്ലാം പകല്‍ പോലെ വ്യക്തമാവും.
അഞ്ചിടത്താണ് ക്ലബ്ബ് നേരിട്ട് സ്‌കൂള്‍ തുടങ്ങിയതെങ്കിലും കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പേരിലുള്ള ഫുട്‌ബോള്‍ സ്‌കൂളുകള്‍ സംസ്ഥാനമൊട്ടുക്ക് ‘വ്യാപിച്ചിട്ടുണ്ട്’. വേനലവധിക്കാലത്ത് ഇത് കൊഴുക്കും. 100 വെക്കേഷന്‍ സ്‌കൂളുകളെങ്കിലും നടക്കുന്നുണ്ട്. കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ പേര് ഉപയോഗിച്ചുള്ള കച്ചവടം. 50-60 കുട്ടികള്‍ വീതം ഓരോ ക്യാമ്പിലുമെത്തുകയാണ് പതിവ്. നല്ല വരവാണ്. ഒരു കുട്ടിക്ക് പ്രവേശന ഫീസ് 5,000 രൂപ. ഓരോ മാസവും 2,500 -3,000 രൂപ. വരുമാനം കണക്കുകൂട്ടിയാല്‍ നമ്മള്‍ ഞെട്ടിപ്പോകും. അക്കാദമികള്‍ നടത്തണമെന്ന് നിബന്ധനയുണ്ടെങ്കിലും കേരളം മുഴുവന്‍ ഓടിപ്പിടഞ്ഞു നടക്കാന്‍ ബ്ലാസ്റ്റേഴ്‌സുകാര്‍ക്ക് ആകുമായിരുന്നില്ല. അതിനാല്‍ ക്ലബ്ബിന്റെ പേരുപയോഗിക്കുന്ന സ്‌കൂളുകളുടെ നടത്തിപ്പ് കെ.എഫ്.എയുടെ തലയിലായി. ഇത്രയും വലിയ ചുമതല ഏറ്റെടുക്കാനുള്ള സംവിധാനം കെ.എഫ്.എയ്ക്കും ഉണ്ടായിരുന്നില്ല. സ്‌കൂളുകള്‍ക്ക് ആവശ്യമായ പരിശീലകര്‍, സ്റ്റാഫ്, ഫണ്ട് -ഇതൊന്നും നോക്കി നടത്താന്‍ കെ.എഫ്.എയ്ക്ക് കഴിവില്ല. ഫുട്‌ബോള്‍ സ്‌കൂളുകള്‍ക്ക് സ്റ്റാഫ് സംവിധാനമാവുമ്പോള്‍ അവര്‍ക്ക് ശമ്പളം കൊടുക്കണം. ഇതിന്റെ ഏകോപനം എന്നു പറയുന്നതു തന്നെ പിടിപ്പത് പണിയാണ്.
കെ.എഫ്.എയ്ക്കും സാധിക്കാതെ വന്നപ്പോള്‍ ഈ സ്‌കൂളുകളുടെ ചുമതല പറ്റിയ ആരെയെങ്കിലും ഏല്പിച്ചുകൂടെ എന്ന ചര്‍ച്ച വന്നു. അങ്ങനെ ഫുട്‌ബോള്‍ സ്‌കൂളുകള്‍ നടത്താന്‍ പറ്റിയ ആള്‍ക്കാരായി വന്ന കമ്പനിയുടെ പേരാണ് സ്‌കോര്‍ ലൈന്‍. ഇവരാണ് ഇപ്പോള്‍ കേരളാ ബ്ലാസ്റ്റേഴ്സ് ഫുട്‌ബോള്‍ സ്‌കൂളുകള്‍ കേരളമൊട്ടുക്ക് സംഘടിപ്പിക്കുന്നത്. സ്‌കോര്‍ ലൈനിന്റെ വേരുകള്‍ തേടിപ്പോകുമ്പോള്‍ നമ്മള്‍ ചെന്നു നില്‍ക്കുന്നത് ജയേഷ് ജോര്‍ജ്ജിലും അനില്‍കുമാറിലുമാണ്. ഇവരാണ് പാര്‍ട്ണര്‍മാര്‍. ജയേഷ് ജോര്‍ജ്ജ് കെ.സി.എ. സെക്രട്ടറി. അനില്‍കുമാര്‍ കെ.എഫ്.എ. സെക്രട്ടറി. അപ്പോള്‍പ്പിന്നെ ക്രിക്കറ്റും ഫുട്‌ബോളുമായി ഒരു പ്രശ്‌നം വരുമ്പോള്‍ ജയേഷ് ജോര്‍ജ്ജ് പറയുന്നത് ശരിയല്ലെന്ന് പാര്‍ട്ണറായ അനില്‍കുമാര്‍ പറയുമോ? ഇവിടെ ഫുട്‌ബോളും ക്രിക്കറ്റും ഭായി ഭായി. ഇന്ത്യ-ചൈന ഭായി ഭായി എന്നൊക്കെ പറയുമ്പോലെ തന്നെ.
സ്‌കോര്‍ ലൈനിന്റെ പ്രവര്‍ത്തനം വിശദീകരിക്കും മുമ്പ് കെ.സി.എയുടെ പ്രവര്‍ത്തനം വിശദീകരിക്കണം. തിരുവനന്തപുരത്താണ് കെ.സി.എയുടെ പ്രധാന ഓഫീസ് -ആസ്ഥാനം. അവിടെ 3 നില കെട്ടിടത്തില്‍ 30 സ്റ്റാഫ് ഉണ്ടെന്നാണ് ടി.സി.മാത്യു പ്രസിഡന്റായിരുന്ന ഘട്ടത്തില്‍ എന്നോടു പറഞ്ഞിട്ടുള്ളത്. ഈ ഓഫീസ് നിലനില്‍ക്കേയാണ് കെ.സി.എയുടെ പ്രൊജക്ട് ഓഫീസ് കൊച്ചി ജവാഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിപ്പിക്കുന്നത്. കേരളം പോലൊരു കൊച്ചു സംസ്ഥാനത്ത് സ്വന്തമായി ഒരു ആസ്ഥാനമുള്ളപ്പോള്‍ പിന്നെ കൊച്ചിയില്‍ ഒരു ഓഫീസും അവിടെ വീണ്ടും 25 ജീവനക്കാരും എന്തിനാണ്? അവിടെയാണ് സ്ഥാപിത താല്പര്യങ്ങള്‍ കടന്നുവരുന്നത്.
കെ.സി.എയുടെ കൊച്ചി പ്രൊജക്ട് ഓഫീസിലെ സ്റ്റാഫ് തന്നെയാണ് ഇപ്പോള്‍ സ്‌കോര്‍ ലൈനിന്റെ കാര്യങ്ങളും കൈകാര്യം ചെയ്യുന്നത്. ഒരു മുറി മാറിയിരുന്നാല്‍ മതി. അതായത് ഞാന്‍ തന്നെ നീ, നീ തന്നെ ഞാന്‍. നീ ആരെത്തേടി വന്നുവോ അത് നീ തന്നെ -തത്ത്വമസി. ഈ കളിയാണ് ഇവിടെ നടക്കുന്നത്. കളത്തിലല്ല യഥാര്‍ത്ഥ കളി, കളത്തിനു പുറത്താണ്. നമ്മളിവിടെക്കിടന്ന് ക്രിക്കറ്റ്, ഫുട്‌ബോള്‍ എന്നൊക്കെ പറഞ്ഞ് വായിലെ വെള്ളം വറ്റിക്കാം എന്നല്ലാതെ കോയി ഫല്‍ നഹി!!
ഇതുപോലെ എണ്ണിയാലൊടുങ്ങാത്ത കള്ളങ്ങളുടെ പുറത്താണ് കെ.സി.എ. എന്ന ദന്തഗോപുരം പണിതുയര്‍ത്തിയിരിക്കുന്നത്. ജവാഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിന് ‘പാട്ടക്കരാര്‍’ എന്നൊരു സംഗതിയേ ഇല്ല എന്ന് പറയുന്നത് മറ്റാരുമല്ല, ഇപ്പോഴത്തെ ജി.സി.ഡി.എ. നേതൃത്വം തന്നെ. പാട്ടക്കരാര്‍ എന്ന അവകാശവാദം കെ.സി.എ. ഉന്നയിച്ചപ്പോള്‍ ഇതിന്റെ സത്യാവസ്ഥയെപ്പറ്റി സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം നടന്നിരുന്നു. കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബിന്റെ കാര്യത്തിലും പരിശോധന ഉണ്ടായി. അതിനു ശേഷമാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ അടക്കമുള്ളവരുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് കായിക മന്ത്രി എ.സി.മൊയ്തീന്‍ കെ.സി.എ. ഭാരവാഹികളെ തന്റെ മുന്നിലേക്ക് വിളിച്ചുവരുത്തിയത്. ഏകദിനം തിരുവനന്തപുരത്ത് തന്നെ നടത്താമെന്ന് മന്ത്രിയോടു സമ്മതിച്ച ജയേഷ് ജോര്‍ജ്ജും സംഘവും 2 ദിവസത്തിനു ശേഷം തീരുമാനം മാറ്റി. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെക്കാള്‍ വലിയ അധികാരകേന്ദ്രമാണ് എന്ന കെ.സി.എയുടെ ധാര്‍ഷ്ട്യം ഒരു തരത്തിലും അംഗീകരിക്കാന്‍ പാടില്ല. ബി.സി.സി.ഐയ്ക്കും ഇത്തരം അഹങ്കാരം ഉണ്ടായിരുന്നു. അതാണ് സുപ്രീം കോടതി ചുരുട്ടിക്കൂട്ടി കുട്ടയില്‍ കളഞ്ഞത്.
സര്‍ക്കാരിനെക്കാള്‍ വലിയ ഏജന്‍സിയായ (!!) കെ.സി.എയില്‍ മാധ്യമപ്രവര്‍ത്തകരെ ‘കൈകാര്യം’ ചെയ്യുന്നതില്‍ വരെ വന്‍ വെട്ടിപ്പാണ്. തെറ്റിദ്ധരിക്കണ്ട, വാര്‍ത്താവിതരണത്തിന്റെ കാര്യമാണ് ‘കൈകാര്യം’ എന്നതുകൊണ്ട് ഉദ്ദേശിച്ചത്. വാര്‍ത്താവിതരണത്തിന് ആദ്യം കെ.സി.എ. ജീവനക്കാരനായി ഒരു മീഡിയ മാനേജരെ വെച്ചു -കൃഷ്ണപ്രസാദിനെ. കെ.സി.എ. വളര്‍ന്നപ്പോള്‍ അദ്ദേഹത്തിന് ഒറ്റയ്ക്ക് കാര്യങ്ങള്‍ ചെയ്യാനാവാത്ത സ്ഥിതി വന്നു. അതോടെ ആക്കുറേറ്റ് മീഡിയ എന്ന പി.ആര്‍. സ്ഥാപനം കൂടി കെ.സി.എയുടെ വാര്‍ത്താവിതരണ ചുമതലക്കാരായി വന്നു. കൃഷ്ണപ്രസാദ് മാസശമ്പളം വാങ്ങുന്നു. ആക്കുറേറ്റ് മീഡിയ കരാര്‍ പ്രകാരമുള്ള തുക ഓരോ പാദത്തിലും വാങ്ങുന്നു. ഇതിനു പുറമെ പി.ആര്‍. ജോലികള്‍ എന്ന പേരില്‍ കൊച്ചിയിലെ ഡോട്ടഡ് ലൈന്‍സ് എന്ന സ്ഥാപനത്തിലേക്ക് എല്ലാ വര്‍ഷവും ഫണ്ട് പോകുന്നുണ്ട്. ശ്രദ്ധിക്കുക, അതും ‘ലൈന്‍സ്’ ആണ്. പണം പോകുന്നത് സ്ഥാപനത്തിന്റെ പേരിലാണെങ്കിലും ആക്‌സിസ് ബാങ്കില്‍ കെ.സി.എ. സെക്രട്ടറിയുടെ ‘ഒരുറ്റ’ ബന്ധുവിന്റെ പേരിലുള്ള അക്കൗണ്ടിലേക്കാണ് അതെത്തുന്നത്.
ഡോട്ടഡ് ലൈന്‍സിന്റെ പേരില്‍ 2015ല്‍ കെ.സി.എയില്‍ നിന്നു പോയത് 9.80 ലക്ഷം. 2016ല്‍ പോയത് 10 ലക്ഷം. 2017ലും 10 ലക്ഷം. അതായത് 3 വര്‍ഷത്തിനിടെ പി.ആര്‍. ജോലി എന്ന പേരില്‍ 29.80 ലക്ഷം രൂപ ഈ അക്കൗണ്ടിലേക്കു പോയിട്ടുണ്ട്. പി.ആര്‍. മാനേജരും ആക്കുറേറ്റ് മീഡിയയും ഡോട്ടഡ് ലൈന്‍സും കൂടി വിതരണം ചെയ്യാന്‍ മാത്രം എന്തു വാര്‍ത്തയാണാവോ കെ.സി.എയ്ക്കുള്ളത്? ഔദ്യോഗിക പി.ആര്‍. ആയ കൃഷ്ണപ്രസാദും ആക്കുറേറ്റ് മീഡിയയും കൂടി വാങ്ങുന്നതിനെക്കാള്‍ കൂടുതല്‍ തുക ഡോട്ടഡ് ലൈന്‍സിലേക്കു പോകുന്നുണ്ട്. ഒട്ടേറെ ടെസ്റ്റ് മത്സരങ്ങളും ഏകദിനങ്ങളും റിപ്പോര്‍ട്ട് ചെയ്ത ബി.സി.സി.ഐ. അക്രഡിറ്റേഷനുള്ള മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ കെ.സി.എയുടെ പി.ആര്‍. പട്ടികയില്‍ ഞാനുണ്ട്. കെ.സി.എയുടെ പി.ആര്‍. മാനേജരും ആക്കുറേറ്റ് മീഡിയയും വാര്‍ത്താസംബന്ധിയായി എന്നെ ബന്ധപ്പെടാറുണ്ട്. എന്നാല്‍, ഡോട്ടഡ് ലൈന്‍സിന്റെ പേരില്‍ ഇന്നുവരെ ഒന്നും കണ്ടിട്ടില്ല. ഉണ്ടെങ്കിലല്ലേ കാണൂ, അല്ലേ?
ഇന്ത്യയ്ക്കു വേണ്ടി ക്രിക്കറ്റ് കളിച്ചവര്‍ ബി.സി.സി.ഐ. ഭാരവാഹികളാവണമെന്നാണ് സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്. അങ്ങനെയാണെങ്കില്‍ കേരളത്തിനു വേണ്ടി കളിച്ചവരല്ലേ കെ.സി.എ. ഭാരവാഹികളാവേണ്ടത്? കേരളത്തിനു വേണ്ടി കളിച്ച എത്ര പേര്‍ കെ.സി.എ. തലപ്പത്തുണ്ടെന്ന് ഒന്നു പരിശോധിക്കൂ. ഇവന്മാരാണ് പറയുന്നത് സച്ചിന്‍ തെണ്ടുല്‍ക്കറെപ്പോലെ ക്രിക്കറ്റിനായി ജീവിതം നീക്കിവെച്ച ഒരാള്‍ക്ക് പിച്ചിനെപ്പറ്റി അറിയില്ലാന്ന്.
ലോധ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം ഒഴിയേണ്ടിയിരുന്നിട്ടും കാലാവധി കഴിഞ്ഞു തുടര്‍ന്ന കമ്മിറ്റികള്‍ക്ക് ഒരു അധികാര കൈമാറ്റ കാലാവധി അനുവദിച്ചിരുന്നു. ആ കാലാവധി കഴിഞ്ഞു, നിങ്ങള്‍ ഒഴിയണം എന്നു പറഞ്ഞ് ഒരു ഇ-മെയില്‍ വിനോദ് റായിയുടെ ഓഫീസില്‍ നിന്ന് കെ.സി.എയിലേക്ക് വന്നിട്ടുണ്ട്. 9-10 വര്‍ഷമായവര്‍ മുഴുവന്‍ മാറണം എന്നാണ് നിര്‍ദ്ദേശം. നിങ്ങള്‍ ഇതേവരെ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തില്ലേ എന്ന് മെയിലില്‍ എടുത്തു ചോദിച്ചിട്ടുണ്ട് എന്നാണ് മുംബൈ ബി.സി.സി.ഐ. ആസ്ഥാനത്തു നിന്നു ലഭിക്കുന്ന വിവരം. അപ്പോള്‍പ്പിന്നെ ജയേഷിന്റെ കച്ചവടം തീര്‍ന്നു. ഇനി കെ.സി.എയുടെ ഒരു ഘടകത്തിലേക്കും മത്സരിക്കാന്‍ ജയേഷിനു പറ്റില്ല. ചെയ്തു കൂട്ടിയ അഴിമതികള്‍ക്ക് എണ്ണിയെണ്ണി കണക്കു പറയേണ്ട സമയമാണിനി വരുന്നത്. അത് എണ്ണിയെണ്ണി പറയുക തന്നെ ചെയ്യും.