Reading Time: 11 minutes

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ മെയ് 25നാണ് അധികാരമേറ്റത്. സെപ്റ്റംബര്‍ ഒന്നിന് ഭരണത്തില്‍ 100 ദിവസം തികഞ്ഞു. പരീക്ഷാഫലം പ്രഖ്യാപിക്കുന്നതുപോലെ സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തപ്പെടുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്. ഒരു മാസം തികഞ്ഞപ്പോള്‍ ഇത്തരമൊരു ഗ്രേഡിങ് ഉണ്ടായിരുന്നു. ഇപ്പോഴത്തേതു കഴിഞ്ഞാല്‍ ഒരു വര്‍ഷം തികയ്ക്കുമ്പോഴായിരിക്കും അടുത്ത അവസരം.

pinarayi02

‘എല്‍.ഡി.എഫ്. വരും, എല്ലാം ശരിയാകും’ എന്ന മുദ്രാവാക്യവുമായി തിരഞ്ഞെടുപ്പിനെ നേരിട്ട ഇടതു മുന്നണി നല്ല ഭൂരിപക്ഷത്തില്‍ വിജയിച്ചു. എന്നിട്ട്, എല്ലാം ശരിയായോ? ശരികളുണ്ട്, ശരികേടുകളുമുണ്ട്. ശരികളാണ് കൂടുതല്‍ എന്നത് ആശ്വാസകരമാണ്. എന്നാല്‍, സര്‍ക്കാരിന്റെ അക്കൗണ്ടിലുള്ള ശരികേടുകളില്‍ ഭൂരിഭാഗവും വരുത്തിവെച്ചതാണ്, വിവാദങ്ങളുടെ രൂപത്തില്‍. അതായത്, വേണമെങ്കില്‍ ഈ ശരികേടുകള്‍ ഒഴിവാക്കാമായിരുന്നു എന്നു സാരം. അതു വലിയൊരു നേട്ടം തന്നെയാണ്. ഉമ്മന്‍ ചാണ്ടി അധികാരത്തിലേറിയപ്പോള്‍ ചെയ്ത പോലെ 100 ദിന കര്‍മ്മപരിപാടിയൊന്നും പിണറായി വിജയന്‍ പ്രഖ്യാപിച്ചില്ല. അതിനാല്‍ത്തന്നെ പ്രഖ്യാപനങ്ങളില്‍ എന്തൊക്കെ പാലിച്ചു, പാലിച്ചില്ല എന്ന വിലയിരുത്തലില്‍ അര്‍ത്ഥമില്ല.

നയിക്കുന്ന മുഖ്യമന്ത്രിയുടെ പേരിലാണ് ഒരു സര്‍ക്കാര്‍ അറിയപ്പെടുക. ആലങ്കാരികമായാണ് ഈ പ്രയോഗമെങ്കിലും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ പിണറായി സര്‍ക്കാരാണ്. അദ്ദേഹം എല്ലാം അറിയുന്നു, എല്ലാത്തിലും ഇടപെടുന്നു. അത് ഒരേസമയം ഗുണകരവും ദോഷകരവുമാണ്. സമാനമായി സര്‍വ്വാധികാരങ്ങളോടെ സര്‍ക്കാരിനെ നയിച്ച ഒരു മുഖ്യമന്ത്രി മാത്രമേ മുമ്പ് കേരളത്തിലുണ്ടായിട്ടുള്ളൂ -1982 മുതല്‍ 1987 വരെ കേരളം ഭരിച്ച കെ.കരുണാകരന്‍. അദ്ദേഹം തന്നെ 1991ല്‍ വീണ്ടും മുഖ്യമന്ത്രിയായപ്പോള്‍ അത്രയ്ക്ക് അപ്രമാദിത്തം ഉണ്ടായിരുന്നില്ല. ഇടയ്ക്കു വെച്ച് എ.കെ.ആന്റണിക്ക് വഴിമാറിക്കൊടുക്കേണ്ടി വരികയും ചെയ്തു. 1982-87ലെ സര്‍ക്കാരില്‍ കരുണാകരനുണ്ടായിരുന്ന സമ്പൂര്‍ണ്ണ നിയന്ത്രണമാണ് ഇപ്പോള്‍ പിണറായിക്കുള്ളതായി പറയപ്പെടുന്നത്. ഒരു പക്ഷേ, അതിലുമൊരു പടി മുന്നിലാണ് പിണറായി. കരുണാകരനുമായി മാത്രമല്ല പിണറായി താരതമ്യം ചെയ്യപ്പെടുന്നത്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായിട്ടുമുണ്ട്. എല്ലാത്തിലും മോദിസം അനുസ്മരിപ്പിക്കുന്ന പിണറായി ഒടുവില്‍ പ്രധാനമന്ത്രിയുടെ ‘മന്‍ കി ബാത്’ മാതൃകയില്‍ റേഡിയോ പ്രക്ഷേപണവും കേരളത്തില്‍ പരീക്ഷിച്ചത് നൂറാം ദിനത്തിന്റെ ബാക്കിപത്രം.

pinarayi-vijayan-with-narendra-modi

എല്ലാം തന്റെ വരുതിയിലാക്കുന്ന പ്രവര്‍ത്തനശൈലിയാണ് നരേന്ദ്ര മോദിയുടേത്. പിണറായി വിജയനും അതേ രീതിയാണ് മുഖ്യമന്ത്രിയെന്ന നിലയില്‍ അവലംബിക്കുന്നത്. മുഖ്യമന്ത്രിക്ക് മന്ത്രിമാര്‍ക്കുമേല്‍ സമ്പൂര്‍ണ്ണ നിയന്ത്രണമുണ്ട്. പ്രധാനപ്പെട്ട തീരുമാനമെടുക്കും മുമ്പ് മുതിര്‍ന്ന മന്ത്രിമാര്‍ പോലും മുഖ്യമന്ത്രിയുടെ അനുമതി തേടണമെന്നാണ് അലിഖിത നിയമം. ചില മന്ത്രിമാര്‍ക്ക് ഇതില്‍ അതൃപ്തിയുണ്ടെങ്കിലും പുറത്തുകാട്ടാന്‍ ധൈര്യമില്ല. എന്നാല്‍, സ്വകാര്യ സംഭാഷണങ്ങളില്‍ അതൃപ്തി പുറത്തേക്കു വന്നു തുടങ്ങിയിട്ടുണ്ട്. ഏതാണ്ടെല്ലാ മന്ത്രിമാരുടെയും ഓഫീസുകളില്‍ മുഖ്യമന്ത്രിയുടെ സ്വന്തം ആളുകളുണ്ട്. അതിനാല്‍ പിണറായി അറിയാതെ ഒരു മന്ത്രിയുടേയും ഓഫീസില്‍ ഒരില പോലും അനങ്ങില്ല. വകുപ്പു സെക്രട്ടറിമാരെ നേരിട്ട് ഒറ്റയ്ക്കു വിളിച്ചുവരുത്തി കാര്യങ്ങളാരായുന്ന മോദി സ്‌റ്റൈലും പിണറായി പിന്തുടരുന്നുണ്ട്. മന്ത്രിയെക്കുറിച്ചു വേണമെങ്കിലും മുഖ്യമന്ത്രിയോട് കുറ്റം പറയാനുള്ള അവസരം ഇപ്പോഴുണ്ടെന്നാണ് ഒരു വകുപ്പ് സെക്രട്ടറി പറഞ്ഞത്. സര്‍ക്കാരില്‍ മാത്രമല്ല പാര്‍ട്ടിയിലും പൂര്‍ണ്ണ നിയന്ത്രണം കൈയാളുന്ന മോദി സ്‌റ്റൈല്‍ ഇവിടെ പിണറായിയും പ്രാവര്‍ത്തികമാക്കി. മോദിക്ക് അമിത് ഷാ പോലെയാണ് പിണറായിക്ക് കോടിയേരി ബാലകൃഷ്ണന്‍! സമ്പൂര്‍ണ്ണ അധികാരങ്ങളുള്ള പ്രധാനമന്ത്രി. അതുപോലെ തന്നെ സമ്പൂര്‍ണ്ണ അധികാരങ്ങളുള്ള മുഖ്യമന്ത്രി. മോദിയുമായുള്ള ഈ താരതമ്യം നാണക്കേടായി പിണറായി ഭക്തര്‍ കാണുന്നുണ്ട്. സത്യം അവഗണിക്കാനാവില്ലല്ലോ! കരുത്തരും കാര്‍ക്കശ്യക്കാരുമായ നേതാക്കളുടെ പ്രവര്‍ത്തനശൈലി ഒരേ രീതിയിലാവുന്നത് സ്വാഭാവികം മാത്രം.

തങ്ങള്‍ ജനപക്ഷത്താണെന്നു വരുത്താനുള്ള ബോധപൂര്‍വ്വമായ ശ്രമം സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുന്നുണ്ട്. ഈ സര്‍ക്കാരിന്റെ മേന്മയും അതു തന്നെയാണ്. എല്ലാം ശരിയാക്കും എന്നു പറഞ്ഞു വന്നവര്‍ അതു ചെയ്‌തോ എന്ന ചോദ്യത്തിന് ചിലതെല്ലാം ശരിയായി എന്ന മറുപടിയാണ് ജനങ്ങള്‍ നല്‍കുക. ഭേദപ്പെട്ട സര്‍ക്കാര്‍ തന്നെയാണിത്. പക്ഷേ, മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്നു സൃഷ്ടിക്കുന്ന അനാവശ്യ വിവാദങ്ങള്‍ സര്‍ക്കാരിന്റെ ശോഭ കെടുത്തുന്നുണ്ട്. വിവാദങ്ങള്‍ ഒഴിവാക്കാന്‍ ബോധപൂര്‍വ്വമായ പരിശ്രമം ഉണ്ടാവുന്നില്ല എന്നര്‍ത്ഥം. പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ദിവസം തന്നെ വിവാദം പൊട്ടിപ്പുറപ്പെട്ടു. സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിനു മുന്നോടിയായി ഡല്‍ഹിയിലെ പ്രധാന പത്രങ്ങളില്‍ പരസ്യ മാമാങ്കത്തിന് പൊട്ടിച്ച കോടികളായിരുന്നു വിഷയം. യു.ഡി.എഫ്. കാലിയാക്കിയ ഖജനാവിനെക്കുറിച്ചുള്ള നിലവിളിക്കിടെ ഈ ധൂര്‍ത്ത് എന്തിനായിരുന്നു എന്ന ചോദ്യം ന്യായം. പക്ഷേ, ഇതിനു മറുപടിയുണ്ടായില്ല. മദ്യനയം പോലുള്ള വിഷയങ്ങളിലും സര്‍ക്കാര്‍ തന്ത്രപരമായ മൗനത്തിലാണ്. മൗനം വിദ്വാന് ഭൂഷണം.

ഡോ.ടി.എം.തോമസ് ഐസക്ക്‌
ഡോ.ടി.എം.തോമസ് ഐസക്ക്‌

അതേസമയം, മന്ത്രിമാരെ നിര്‍ണ്ണയിച്ചപ്പോള്‍ ജാതിയും മതവും പരാമര്‍ശിക്കപ്പെടുന്നതിനു പോലും സാദ്ധ്യത നല്‍കാതിരുന്ന എല്‍.ഡി.എഫ്. തങ്ങളുടെ പ്രവര്‍ത്തനത്തിന്റെ ദിശാസൂചി വ്യക്തമാക്കി. ചരിത്രത്തിലാദ്യമായി മന്ത്രിസഭയില്‍ 2 വനിതകള്‍ സ്ഥാനം പിടിച്ചു. സ്ത്രീകള്‍ക്കായി പ്രത്യേക വകുപ്പും വന്നു. മന്ത്രമാരുടെ എണ്ണം 19 ആക്കി കുറച്ചതും ഓരോ മന്ത്രിയുടെയും പേഴ്‌സണല്‍ സ്റ്റാഫിന്റെ എണ്ണം 25 ആക്കി കുറയ്ക്കാന്‍ തീരുമാനിച്ചതും കോടികളുടെ ചെലവ് ഒഴിവാക്കുന്നതായി. പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് നിശ്ചിത വിദ്യാഭ്യാസ യോഗ്യത വേണമെന്നും പരമാവധി പ്രായപരിധി നിര്‍ബന്ധമായി പാലിക്കണമെന്നും തീരുമാനിച്ചതും നല്ല കാര്യം തന്നെ. അത്യാവശ്യ അറ്റകുറ്റപ്പണികള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ മന്ത്രി മന്ദിരങ്ങള്‍ മോടി പിടിപ്പിക്കേണ്ടതില്ലെന്നും പുതിയ കാറുകള്‍ വാങ്ങേണ്ടതില്ലെന്നും തീരുമാനിച്ചതിലെ നന്മ ജനങ്ങള്‍ സ്വീകരിച്ചു. എന്നാല്‍, കാര്‍ നമ്പര്‍ 13 ഇല്ലാതെ പോയത് ചിലര്‍ വിവാദമാക്കി. അതിനോട് വേഗത്തില്‍ പ്രതികരണമുണ്ടായി. കാര്‍ നമ്പര്‍ 13 ഡോ.ടി.എം.തോമസ് ഐസക്ക് ചോദിച്ചു വാങ്ങി. അതിന്റെ പേരില്‍ എല്ലാ മേഖലകളില്‍ നിന്നും ഐസക്കിന് പ്രത്യേക പ്രശംസ ലഭിക്കുകയും ചെയ്തു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിന്റെ ‘സുഹൃത്തായ’ അദ്ധ്യാപകനെ വിരമിക്കാന്‍ ഒരു മണിക്കൂര്‍ ബാക്കിയുള്ളപ്പോള്‍ തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളേജ് അദ്ധ്യാപകനായി സ്ഥാനക്കയറ്റം നല്‍കി നിയമിച്ചുവെന്നും അത് സ്വജനപക്ഷപാതമാണെന്നും വന്‍ മുറവിളി ഉയര്‍ന്നു. വിദ്യാഭ്യാസ മന്ത്രിയുടേത് സ്വജനപക്ഷപാതമായിരുന്നില്ലെന്നും സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുകയായിരുന്നുവെന്നും പിന്നീട് വ്യക്തമായി. ഗതാഗത വകുപ്പില്‍ മന്ത്രി എ.കെ.ശശീന്ദ്രനെതിരെയും സമാനമായ ആരോപണമുണ്ടായെങ്കിലും അവിടെയും തടഞ്ഞുവെച്ചിരുന്ന നീതി ലഭ്യമാക്കുകയായിരുന്നുവെന്ന് തെളിഞ്ഞു.

പ്രൊഫ.സി.രവീന്ദ്രനാഥ്‌
പ്രൊഫ.സി.രവീന്ദ്രനാഥ്‌

ഏറ്റവും തലവേദനയുണ്ടാക്കുന്നത് വിദ്യാഭ്യാസ വകുപ്പായതിനാല്‍ എല്ലാവരുടെയും ശ്രദ്ധ അതിലായിരുന്നു. വിവാദത്തോടെ തുടങ്ങിയെങ്കിലും കൈയടിയും നേടി. തല്ലും തലോടലും തുല്യം. വര്‍ഷാവസാന പരീക്ഷയടുക്കുമ്പോള്‍ പോലും പാഠപുസ്തകം ലഭിക്കാതിരുന്ന പഴയ സ്ഥിതി മാറ്റാനുള്ള ആത്മാര്‍ത്ഥ പരിശ്രമം പുതിയ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി. അതു വിജയിച്ചു എന്നു കരുതിയിരിക്കുമ്പോഴാണ് ചിലയിടങ്ങളില്‍ പാഠപുസ്തകം കിട്ടാനുണ്ട് എന്ന വാര്‍ത്ത പുറത്തുവന്നത്. ഓണപ്പരീക്ഷയായിട്ടും പാഠപുസ്തകം കിട്ടാത്തത് നാണക്കേടായി. പാഠപുസ്തക വിതരണം പൂര്‍ത്തിയാവാത്തതിന് സാങ്കേതികമായ ന്യായീകരണങ്ങളുണ്ടെങ്കിലും അവയ്ക്കു സ്വീകാര്യതയില്ല. മാനേജ്‌മെന്റുകള്‍ അടച്ചുപൂട്ടാന്‍ ഒരുങ്ങിയ മലാപ്പറമ്പ്, മാങ്ങാട്ടുമുറി, കിരാലൂര്‍, പാലാട്ട് എയ്ഡഡ് സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതായുള്ള പ്രഖ്യാപനം കൈയടി നേടി. സംസ്ഥാനത്ത് സ്‌കൂള്‍ പ്രവേശനത്തിന് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താനുള്ള പദ്ധതി ഏഷ്യയിലെ തന്നെ മാതൃകാ പദ്ധതിയായായിട്ടാണ് വിലയിരുത്തപ്പെടുന്നത്. സര്‍ക്കാര്‍, എയ്ഡഡ് മേഖലകളിലുള്ള പന്ത്രണ്ടായിരത്തോളം സ്‌കൂളുകളിലെ ഒന്നു മുതല്‍ 10 വരെയുള്ള 35 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാന്‍ ലക്ഷ്യമിടുന്നു.

ജോണ്‍ ബ്രിട്ടാസ്
ജോണ്‍ ബ്രിട്ടാസ്

സ്വാശ്രയ പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനം മാനേജ്‌മെന്റുകളുടെ തോന്ന്യാസമാക്കി മാറ്റാനുള്ള നീക്കത്തെ നിയന്ത്രിക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നു എന്ന പ്രതീതിയുളവാക്കിയെങ്കിലും അന്തിമവിശകലനത്തില്‍ സമ്മിശ്ര വികാരമാണ്. പ്ലസ് ടുവിന് 50 ശതമാനം മാര്‍ക്കില്ലാത്തവര്‍ക്കും പ്രവേശന പരീക്ഷയില്‍ നിശ്ചിത ശതമാനം മാര്‍ക്കില്ലാത്തവര്‍ക്കും പ്രവേശനം നല്‍കണമെന്ന സ്വാശ്രയ എന്‍ജിനീയറിങ് മാനേജ്‌മെന്റുകളുടെ ആവശ്യത്തിന് സര്‍ക്കാര്‍ വഴങ്ങിയില്ല എന്നത് ശരി തന്നെ. പക്ഷേ, സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ക്കു മുന്നില്‍ അത്രത്തോളം കര്‍ശനനിലപാട് സ്വീകരിക്കാനായിട്ടില്ല. കേരളത്തില്‍ മെരിറ്റ് സീറ്റില്‍ കഴിഞ്ഞ വര്‍ഷം 1.85 ലക്ഷമായിരുന്ന ഫീസ് ഇക്കുറി 2.5 ലക്ഷം രൂപയായി. മാനേജ്‌മെന്റ് സീറ്റില്‍ അത് 11 ലക്ഷമായി. പക്ഷേ, സര്‍ക്കാരിന് നിയന്ത്രണമുള്ള മെരിറ്റ് സീറ്റുകള്‍ കൂടി. തലവരി പിരിവ് ഒഴിവാക്കാനും കര്‍ശനനടപടിയുണ്ടാവുമെന്നാണ് പ്രഖ്യാപനം. എത്രമാത്രം നടപ്പാവുമെന്നത് കണ്ടറിയണം. പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാനും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തുടങ്ങിവെച്ചവ മുന്നോട്ടു കൊണ്ടുപോകാനും പണമില്ലെന്ന നിലപാട് പിണറായി സര്‍ക്കാരിന് എത്രമാത്രം ഭൂഷണമാണെന്ന സംശയമുണ്ട്. യു.ഡി.എഫ്. സര്‍ക്കാര്‍ സ്ഥാപിച്ച മെഡിക്കല്‍ കോളേജുകളോട് പിണറായി സര്‍ക്കാര്‍ പുറംതിരിഞ്ഞു നിന്നപ്പോള്‍ കുറഞ്ഞ ഫീസില്‍ പഠിക്കാവുന്ന 150 സീറ്റുകള്‍ നഷ്ടമായി.

അഡ്വ.എം.കെ.ദാമോദരന്‍
അഡ്വ.എം.കെ.ദാമോദരന്‍

സ്ഥാനമേറ്റയുടനെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഡല്‍ഹി സന്ദര്‍ശനവും പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കളുമായുള്ള കൂടിക്കാഴ്ചയും ശ്ലാഘിക്കപ്പെട്ടു. ശക്തമായ സംസ്ഥാന ഭരണത്തിന് കേന്ദ്രവുമായുള്ള മോശമല്ലാത്ത ബന്ധം അഭികാമ്യമാണെന്ന സത്യം പിണറായി അംഗീകരിക്കാന്‍ തയ്യാറായത് നല്ല കാര്യം. പക്ഷേ, അവതാരങ്ങളെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പു നല്‍കിയ മുഖ്യമന്ത്രി തന്നെ കൈരളി ടി.വി. മാനേജിങ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസിനെ ഒപ്പം കൂട്ടിയത് വിവാദമായി. ഡല്‍ഹിയില്‍ ബ്രിട്ടാസിന്റെ അവതാര സാന്നിദ്ധ്യം ചോദ്യം ചെയ്‌പ്പെട്ടപ്പോള്‍ അദ്ദേഹത്തെ മാധ്യമ ഉപദേശകനായി നിയമിച്ചുകൊണ്ടാണ് പിണറായി മറുപടി നല്‍കിയത്. ബ്രിട്ടാസിനൊപ്പം വന്ന മറ്റു രണ്ട് ഉപദേശകര്‍ മുഖ്യമന്ത്രിക്ക് സൃഷ്ടിച്ച തലവേദന ചില്ലറയല്ല. പിണറായി നിയമോപദേശകനാക്കിയ അഡ്വ.എം.കെ.ദാമോദരന്‍ കോടതിയില്‍ സാന്റിയാഗോ മാര്‍ട്ടിനും ക്വാറി മുതലാളിമാരുമടക്കം വിരുദ്ധ പക്ഷത്തു നില്‍ക്കുന്നവര്‍ക്കായി ഹാജരായത് സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേല്‍പ്പിച്ചു. നിയമോപദേശക നിയമനത്തെ ചോദ്യം ചെയ്ത് ബി.ജെ.പി. പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഹൈക്കോടതിയിലെത്തിയപ്പോള്‍ ദാമോദരന്‍ മുഖ്യമന്ത്രിയെ ഉപദേശിക്കില്ലെന്നറിയിച്ച് സര്‍ക്കാര്‍ തലയൂരി. നവലിബറല്‍ ആശയങ്ങളെ പിന്തുണയ്ക്കുന്നയാളായി അറിയപ്പെടുന്ന പ്രൊഫ.ഗീത ഗോപിനാഥിനെ സാമ്പത്തിക ഉപദേശക ആക്കിയതിനെ വിമര്‍ശിച്ചത് ഇടതുപക്ഷക്കാര്‍ തന്നെയാണ്. ഇക്കാര്യത്തില്‍ പിണറായിയെ ന്യായീകരിക്കാന്‍ ധനമന്ത്രി ഡോ.തോമസ് ഐസക്ക് പോലും രംഗത്തുവന്നില്ല. പിണറായിയും അര്‍ത്ഥഗര്‍ഭമായ മൗനത്തിലൂടെ പ്രശ്‌നം തണുപ്പിക്കുക എന്ന നിലപാട് സ്വീകരിച്ചു. അവതാരങ്ങള്‍ പിണറായിക്ക് പല വിധത്തിലും തലവേദനയാവുന്നുണ്ട്. രണ്ട് അവതാരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ളില്‍ തമ്മില്‍ത്തല്ലിയത് നാണക്കേടായി. ആരാണ് വലുത് എന്നതായിരുന്നു തര്‍ക്കവിഷയം!!!

പ്രൊഫ.ഗീത ഗോപിനാഥ്
പ്രൊഫ.ഗീത ഗോപിനാഥ്

ആദ്യമായി ഡല്‍ഹിയിലെത്തിയപ്പോള്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന വിവാദമുണ്ടാക്കി. തമിഴ്‌നാടിന്റെ നിലപാട് ശരിവെയ്ക്കുന്നു എന്ന പ്രതീതിയുണ്ടാക്കിയ പ്രസ്താവന വലിയ ചര്‍ച്ചയ്ക്കു കാരണമാവുകയും ഭരണപക്ഷത്തു നിന്നു തന്നെ എതിര്‍പ്പുണ്ടാവുകയും ചെയ്തു. എന്നാല്‍, 3 ദിവസത്തിനകം മുഖ്യമന്ത്രി തിരുത്തി. തിരുവനന്തപുരത്ത് പുതിയ സര്‍ക്കാരിന് നല്‍കിയ പൗരസ്വീകരണത്തില്‍ ഇതു സംബന്ധിച്ച് വിശദീകരണം നല്‍കി പിണറായി തടിയൂരി. വൈദ്യുതി മന്ത്രിയായി സ്ഥാനമേറ്റയുടനെ അതിരപ്പിള്ളി പദ്ധതി സംബന്ധിച്ച പ്രസ്താവന നടത്തിയ കടകംപള്ളി സുരേന്ദ്രനും പുലിവാല് പിടിച്ചു. വിവാദം വലുതാകുന്നതിലെ അപകടം 2 ദിവസത്തിനകം മനസ്സിലാക്കിയ അദ്ദേഹം ആര്‍ക്കും വേണ്ടെങ്കില്‍ എനിക്കും വേണ്ട എന്നു പറഞ്ഞ് ഒടുവില്‍ രക്ഷപ്പെട്ടു. മണ്ടത്തരത്തിന്റെ പേരില്‍ കായികമന്ത്രി ഇ.പി.ജയരാജന്‍ ട്രോളര്‍മാരുടെ പ്രിയപ്പെട്ട താരമാകുന്നതും കണ്ടു. ബോക്‌സിങ് ഇതിഹാസം മുഹമ്മദലി മരിച്ചപ്പോള്‍ മനോരമ ന്യൂസ് ചാനലില്‍ അദ്ദേഹത്തെക്കുറിച്ച് കായിക മന്ത്രി നടത്തിയ അനുസ്മരണമാണ് ട്രോള്‍ കുത്തൊഴുക്ക് സൃഷ്ടിച്ചത്. പിന്നീട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജ്ജുമായുള്ള ഉടക്കിലൂടെയും ജയരാജന്‍ വാര്‍ത്തയില്‍ നിറഞ്ഞു. അഞ്ജുവുമായി കോര്‍ക്കാനുണ്ടായ സാഹചര്യം മന്ത്രിയെന്ന നിലയില്‍ ജയരാജന്‍ വരുത്തിയ ഭരണപരമായ പിഴവായിരുന്നു. നേരിട്ടു ശകാരിക്കുന്നതിനു പകരം ഫയലാക്കി വിശദീകരണം ചോദിച്ചിരുന്നുവെങ്കില്‍ അഞ്ജു നേടിയ ഇനിഷ്യല്‍ മൈലേജ് ലഭിക്കില്ലായിരുന്നു എന്നുറപ്പ്. ഒടുവില്‍ അഞ്ജു രാജിവെച്ചു പോയി എന്നത് വേറെ കാര്യം. തൊഴില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സൗദി അറേബ്യയിലേക്കു പോകാന്‍ നയതന്ത്ര പാസ്‌പോര്‍ട്ടിന് ശ്രമിച്ച കെ.ടി.ജലീലിന്റെ നടപടിയും നാണക്കേടായി. കേന്ദ്രം പാസ്‌പോര്‍ട്ട് അനുവദിച്ചില്ല. കേന്ദ്രത്തിലെ ബി.ജെ.പി. സര്‍ക്കാര്‍ തങ്ങളുടെ വിദേശ യം നടപ്പാക്കുന്നതിനായി മാത്രമേ നയതന്ത്ര പാസ്‌പോര്‍ട്ട് അനുവദിക്കൂ എന്ന ഉറപ്പുള്ളപ്പോള്‍ എന്തിനായിരുന്നു ഈ ശ്രമമെന്ന ചോദ്യത്തിന് മറുപടി നല്‍കുക ബുദ്ധിമുട്ടായിരുന്നു.

ഇ.പി.ജയരാജന്‍
ഇ.പി.ജയരാജന്‍

പ്രകടനപത്രിക അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നു എന്നത് പിണറായി സര്‍ക്കാരിന്റെ വലിയൊരു മേന്മയാണ്. ഗവര്‍ണറുടെ നയപ്രഖ്യാപനവും പിന്നീടു വന്ന തോമസ് ഐസക്കിന്റെ ബജറ്റുമെല്ലാം കൈയടി നേടിയെങ്കില്‍ അതിനു കാരണം ഇതാണ്. സര്‍ക്കാര്‍ വകുപ്പിലെ ഒഴിവുകള്‍ 10 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യാനും അപ്രഖ്യാപിത നിയമന നിരോധനം പിന്‍വലിക്കാനുമുള്ള നിര്‍ദ്ദേശമായിരുന്നു ആദ്യ മന്ത്രിസഭാ യോഗത്തിലെ പ്രധാന തീരുമാനം. ഇത് റാങ്ക് ലിസ്റ്റുകളില്‍ പേരു വരുത്തി കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതീക്ഷയേകി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി 6 മാസം നീട്ടാനും സര്‍ക്കാര്‍ തീരുമാനിച്ചു. മന്ത്രിമാരുടെയും മറ്റും സ്വീകരണ പരിപാടികളില്‍ കുട്ടികളും സ്ത്രീകളും താലം പിടിക്കുന്ന പോലുള്ള ചിട്ടകള്‍ ഒഴിവാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ഫയലുകളില്‍ അനാവശ്യ കാലതാമസം വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന പിണറായിയുടെ മുന്നറിയിപ്പിനും ജനപിന്തുണ ലഭിച്ചത് സ്വാഭാവികം. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്നുക്ഷാമത്തിന് പരിഹാരം കാണാനുള്ള നടപടിയുണ്ടായി. സര്‍ക്കാര്‍ ആശുപത്രികളിലെ കാരുണ്യ ഫാര്‍മസികളിലേക്കായി 37.2 കോടി രൂപയുടെ അവശ്യമരുന്നുകള്‍ എത്തിച്ചു. കുടിശ്ശിക അടക്കമുള്ള ക്ഷേമ പെന്‍ഷന്‍ വിതരണത്തിലൂടെ സര്‍ക്കാരിന് ജനങ്ങളെ കൈയ്യിലെടുക്കാന്‍ സാധിച്ചു എന്നതാണ് നേട്ടങ്ങളില്‍ പ്രധാനം. സര്‍ക്കാര്‍ പ്രതിനിധികള്‍ നേരിട്ടെത്തിയാണ് പെന്‍ഷനുകള്‍ നല്‍കുന്നത്. പെന്‍ഷന്‍ 1,000 രൂപയാക്കി ഉയര്‍ത്തിയതും കൈയടി അര്‍ഹിക്കുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് ജപ്തി ഭീഷണി നേരിടുന്നവര്‍ക്ക് കടാശ്വാസം പ്രഖ്യാപിച്ചതും ജനങ്ങളെ സന്തോഷിപ്പിച്ചു.

കെ.കെ.ശൈലജ
കെ.കെ.ശൈലജ

പെരുമ്പാവൂരില്‍ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട ജിഷയുടെ സഹോദരി ദീപയ്ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമനം നല്‍കാന്‍ യു.ഡി.എഫ്. തീരുമാനമെടുത്തിരുന്നുവെങ്കിലും നടപ്പായിരുന്നില്ല. എല്‍.ഡി.എഫ്. സര്‍ക്കാര്‍ തീരുമാനം നടപ്പാക്കി. ജിഷയുടെ അമ്മ രാജേശ്വരിക്ക് 5,000 രൂപ പ്രതിമാസ പെന്‍ഷന്‍ നല്‍കാനും തീരുമാനിച്ചു. ജിഷയുടെ വീടുനിര്‍മ്മാണം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി തന്നെ താക്കോല്‍ കൈമാറി. ജിഷ കൊലക്കേസ് അന്വേഷിക്കാന്‍ എ.ഡി.ജി.പി. ഡോ.ബി.സന്ധ്യയുടെ നേതൃത്വത്തില്‍ പുതിയ സംഘത്തെ നിയോഗിക്കാനുള്ള തീരുമാനം ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ വന്നു. പുറ്റിങ്ങല്‍ ദുരന്തത്തിനും വഴിവെയ്ക്കുന്നതിലും ജിഷ കേസ് അന്വേഷണം വഴിതെറ്റിക്കുന്നതിലും കാരണക്കാരായ പോലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാതെ അവരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ച് സമൂഹത്തില്‍ അവമതിപ്പു സൃഷ്ടിച്ച ടി.പി.സെന്‍കുമാറിനെ സംസ്ഥാന പോലീസ് മേധാവിയുടെ കസേരയില്‍ നിന്ന് തൂക്കിയെടുത്ത് പുറത്തുകളഞ്ഞു. പകരം നിയമിതനായ ലോകനാഥ് ബെഹറ പ്രമാദമായ കേസുകള്‍ അടക്കം എല്ലാ കാര്യങ്ങളിലും നേരിട്ടിടപെടുന്നു എന്ന പ്രതീതിയുണ്ടാക്കി. എന്‍.ഐ.എയിലും സി.ബി.ഐയിലും പ്രവര്‍ത്തിച്ചുള്ള അദ്ദേഹത്തിന്റെ അന്വേഷണ പരിചയം ജിഷ കേസ് തെളിയിക്കുന്നതിനും പ്രതിയെ പിടികൂടുന്നതിനും സഹായകരമാവുകയും ചെയ്തു. അത് സെന്‍കുമാറിനെതിരായ സര്‍ക്കാരിന്റെ നടപടിക്ക് ന്യായീകരണമായി. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സെന്‍കുമാര്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചുവെങ്കിലും വിജയിച്ചില്ല എന്നതും സര്‍ക്കാരിന് നേട്ടമാണ്. ജിഷ കേസിലെ ദുരൂഹതകള്‍ ഇനിയും നീങ്ങാനുണ്ടെങ്കിലും സര്‍ക്കാര്‍ മുഖം രക്ഷിച്ചുവെന്നു തന്നെ പറയാം. സ്ത്രീ സുരക്ഷയ്ക്കായി ‘ഇടിമിന്നല്‍ സേന’യ്ക്കും പോലീസില്‍ രൂപം നല്‍കി. അതേസമയം കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങള്‍ ക്രമസമാധാനം തകര്‍ന്നു എന്ന ആക്ഷേപത്തിനു വഴിവെച്ചു. രാഷ്ട്രീയ സംഘര്‍ഷങ്ങളിലെല്ലാം ഒരു ഭാഗത്ത് സി.പി.എം. ഉണ്ടായിരുന്നു എന്നതിനൊപ്പം പാര്‍ട്ടി സെക്രട്ടറിയുടെ ‘വരമ്പത്ത് കൂലി’ പ്രസംഗവും സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചു.

ജി.സുധാകരന്‍
ജി.സുധാകരന്‍

മുന്‍ സര്‍ക്കാരിന്റെ തെറ്റുകള്‍ തിരുത്താന്‍ എല്‍.ഡി.എഫ്. സ്വീകരിക്കുന്ന നടപടികള്‍ക്ക് ജനപിന്തുണയുണ്ട്. യു.ഡി.എഫിന്റെ അവസാനകാലത്ത് എടുത്ത നിയമവിരുദ്ധ തീരുമാനങ്ങള്‍ പരിശോധിച്ച് ആവശ്യമായവയില്‍ മാറ്റം വരുത്താന്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചത് ജനങ്ങള്‍ സര്‍വ്വാത്മനാ അംഗീകരിക്കുന്നു. നീതിപൂര്‍വ്വമായ നടപടികള്‍ സ്വീകരിച്ചതിന്റെ പേരില്‍ യു.ഡി.എഫ്. സര്‍ക്കാരിന് അനഭിമതരായ ഡോ.ജേക്കബ്ബ് തോമസിനെ വിജിലന്‍സ് ഡയറക്ടറും ഋഷിരാജ് സിങ്ങിനെ എക്‌സൈസ് കമ്മീഷണറുമായി നിയമിക്കുക വഴി അഴിമതിക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കുമെന്ന പ്രതീതിയുളവാക്കാന്‍ സര്‍ക്കാരിനായി. വില്ലേജ് ഓഫീസിലെ അഴിമതിക്കേസുകള്‍ മുതല്‍ കെ.എം.മാണി പ്രതിയായ ബാര്‍ കോഴക്കേസിലെ തുടരന്വേഷണം വരെ സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ പോരാട്ട നേട്ടങ്ങളായുണ്ട്. ഹരിപ്പാട് മെഡിക്കല്‍ കോളേജ് നിര്‍മ്മാണത്തിന് പിന്നിലെ അഴിമതിയും വയല്‍ നികത്തലും പരിശോധിച്ച് നടപടിയെടുക്കാന്‍ തിരുമാനമായി. സന്തോഷ് മാധവന് ഭൂമി ദാനം ചെയ്തുകൊണ്ട് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അവസാന കാലത്ത് നടത്തിയ ഇടപാട് ശരിവെച്ച് വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ട് റദ്ദാക്കി. ഇതില്‍ കക്ഷികളായ മുന്‍ മന്ത്രിമാര്‍ അടൂര്‍ പ്രകാശിനും പി.കെ.കുഞ്ഞാലിക്കുട്ടിക്കും എതിരെ എഫ്.ഐ.ആര്‍. ഇട്ട് അന്വേഷണം നടത്താനും തിരുമാനിച്ചു. സ്വകാര്യ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും യു.ഡി.എഫ്. തീറെഴുതിയ ആറന്മുളയിലും മെത്രാന്‍ കായലിലും കൃഷിയിറക്കാന്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ നടപടി തുടങ്ങി. യു.ഡി.എഫ്. കാലത്ത് ചട്ടവിരുദ്ദമായി നിയമനം നേടിയ ന്യൂനപക്ഷ ക്ഷേമ ഡയറക്ടറെ പുറത്താക്കിയതും ജോലിയില്‍ നിന്ന് അവധിയെടുത്ത് വിദേശത്തു പോയ 31 സര്‍ക്കാര്‍ ഡോക്ടര്‍മാരെ പിരിച്ചുവിട്ടതും ശക്തമായ നടപടികളുടെ ഉദാഹരണങ്ങളായി.

cm

നിരോധിക്കാത്തതും എന്നാല്‍ ഉപയോഗിക്കാന്‍ പാടില്ലാത്തതുമായ കീടനാശിനികള്‍ പിടിച്ചെടുക്കാന്‍ നടപടി സ്വീകരിച്ചതും ധീരമായ തീരുമാനമാണ്. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനും നടപടിയുണ്ടായി. പച്ചക്കറികള്‍ 30 ശതമാനം വിലക്കുറവില്‍ ഹോര്‍ട്ടിക്കോര്‍പ്പ് വഴി നല്‍കാന്‍ നടപടി സ്വീകരിച്ചു. വിലക്കയറ്റം തടയാന്‍ വിപണിയിലിടപെടുന്നതിന് സപ്ലൈകോയ്ക്ക് 150 കോടി രൂപ അനുവദിച്ചു. കുറഞ്ഞ നിരക്കില്‍ നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കാന്‍ 1,465 ഓണം -ബക്രീദ് ചന്തകള്‍ തുറന്നു. സപ്ലൈകോയുടെ മുഴുവന്‍ വില്പനശാലകളും ഓണച്ചന്തകളായി. യു.ഡി.എഫ്. രൂപം നല്‍കിയ ദേവസ്വം നിയമന ബോര്‍ഡ് പിരിച്ചുവിട്ട് ദേവസ്വം ബോര്‍ഡുകളിലെ നിയമനങ്ങള്‍ പി.എസ്.സിക്കു വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സമാനരീതിയില്‍ വഖഫ് ബോര്‍ഡ് നിയമനങ്ങളും പി.എസ്.സിക്ക് വിട്ടിട്ടുണ്ട്. കശുവണ്ടി കോര്‍പറേഷനും കാപെക്‌സിനും കീഴിലുള്ള അടച്ചുപൂട്ടിയ എല്ലാ ഫാക്ടറികളും ഓണത്തിനു മുമ്പു തുറന്നു. ഇതിന്റെ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയെ കെട്ടിപ്പിടിച്ച് അനുമോദിക്കുന്ന ഐ.എന്‍.ടി.യു.സി. നേതാവ് വസന്തകുമാരിയുടെ ചിത്രം ഈ സര്‍ക്കാരിന്റെ തന്നെ മുഖമായി. യുഡിഎഫ് ഭരണകാലത്ത് നിശ്ചലമായ കയര്‍ റാട്ടുകളും വീണ്ടും ചലിച്ചുതുടങ്ങി. കയര്‍ തറികള്‍ വീണ്ടുമുണര്‍ന്നു. യു.ഡി.എഫ്. കുടിശ്ശികയാക്കിയ പെന്‍ഷനടക്കം കയര്‍ മേഖലയിലെ എല്ലാ ആനുകൂല്യങ്ങളും വിതരണംചെയ്യാന്‍ നടപടിയായി. കുടിശ്ശികക്കൊപ്പം ഇത്തവണ രണ്ടു മാസത്തെ പെന്‍ഷന്‍ മുന്‍കൂറായി നല്‍കുകയാണ്. 600 രൂപവച്ച് ഏപ്രില്‍, മെയ് മാസങ്ങളിലെ കുടിശ്ശിക 1,200 രൂപയും എല്‍ഡിഎഫ് സര്‍ക്കാര്‍ വര്‍ധിപ്പിച്ച തുകയായ 1,000 രൂപവച്ച് ജൂണ്‍ മുതല്‍ ഒക്ടോബര്‍വരെയുള്ള 5,000രൂപയും അടക്കം ഏറ്റവും കുറഞ്ഞത് 6,200 രൂപവീതം ലഭിക്കും. ഇതിനൊപ്പം കുടുംബ പെന്‍ഷനും വിതരണംചെയ്യും. ഖാദിത്തൊഴിലാളികള്‍ക്ക് ഉത്സവകാലബത്ത 1,250 രൂപയാക്കി.

വികസനത്തോടു മുഖം തിരിച്ചുനില്‍ക്കുന്ന നിലപാടല്ല ഉള്ളതെന്ന് പിണറായി സര്‍ക്കാര്‍ ഇതിനകം വ്യക്തമാക്കിക്കഴിഞ്ഞു. കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് എന്ന കിഫ്ബി പുനരുജ്ജീവിപ്പിച്ചത് ഇതിന്റെ ഭാഗമാണ്. വികസനപ്രവര്‍ത്തനത്തിന് വിപണിയില്‍ നിന്ന് പണം സമാഹരിക്കാനുള്ള തോമസ് ഐസക്കിന്റെ പദ്ധതി നടപ്പാക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചതും ഗവര്‍ണ്ണറുടെ അംഗീകാരം നേടിയതുമെല്ലാം ക്ഷണവേഗത്തിലായിരുന്നു. വിവിധ വികസനലക്ഷ്യങ്ങള്‍ക്കായി പണം കണ്ടെത്തുന്നതിന് കിഫ്ബി കടപത്രങ്ങളിറക്കും. 5 വര്‍ഷം കൊണ്ട് 50,000 കോടി രൂപയാണ് ലക്ഷ്യം. ആസ്പത്രികളും സ്‌കൂളുകളും പോലെ നിലവിലുള്ള സംവിധാനങ്ങളുടെ ശേഷി ഉയര്‍ത്തുന്നതിനും ഈ ഫണ്ട് തന്നെയാണ് വനിയോഗിക്കുക. കേരളത്തിന്റെ വികസനമുഖമായിരിക്കും കിഫ്ബി എന്നതു വ്യക്തം. കൊച്ചി വാട്ടര്‍ മെട്രോയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തുകഴിഞ്ഞു. വിശാല കൊച്ചി മേഖലയ്ക്കും വേമ്പനാട് കായലിന്റെ തീരത്ത് താമസിക്കുന്നവര്‍ക്കും കൊച്ചി വാട്ടര്‍ മെട്രോ പദ്ധതി ഒരു പ്രധാന നാഴികക്കല്ലായിരിക്കും.

ഏതൊരു സര്‍ക്കാരിനും ജനങ്ങളുമായി ബന്ധപ്പെടാനുള്ള ഉപാധി മാധ്യമങ്ങളാണ്. എന്നാല്‍, മുമ്പൊരു കാലത്തും ഇല്ലാത്തതു പോലെയുള്ള നിയന്ത്രണങ്ങള്‍ ഇപ്പോള്‍ മാധ്യമങ്ങള്‍ നേരിടേണ്ടി വരുന്നു. മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും ആക്രമിക്കപ്പെടുന്നത് തുടര്‍ക്കഥയാവുന്നത് അത്തരം അക്രമങ്ങളോട് സര്‍ക്കാരിന് അനുകൂല നിലപാടാണ് എന്ന ധാരണ വന്നിട്ടുള്ളതൊകൊണ്ടു തന്നെയാണ്. കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് അഭിഭാഷകര്‍ ഏര്‍പ്പെടുത്തിയ വിലക്കുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാരിനായിട്ടില്ല. സര്‍ക്കാരിന് താല്പര്യമില്ല എന്നു തന്നെ പറയാം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നോക്കുകുത്തിയാണ്. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം കൈമാറുന്നതിനെതിരെ കോടതിയില്‍ നിലപാട് സ്വീകരിച്ചത് പ്രതിപക്ഷത്തിരുന്നപ്പോള്‍ പറഞ്ഞത് വിഴുങ്ങിയതായി.

മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ മുഖ്യമന്ത്രി കാട്ടുന്ന വൈമുഖ്യം വിമര്‍ശിക്കപ്പെടുന്നുണ്ടെങ്കിലും ജനപക്ഷത്തു നിന്നുള്ള വാര്‍ത്തകള്‍ ശ്രദ്ധിക്കാനും പ്രതികരിക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. പ്രതിഫലേച്ഛ കൂടാതെ വൃക്കദാനത്തിലൂടെ ജീവിതത്തില്‍ മാതൃകയാവുകയും ഇപ്പോള്‍ ചികിത്സയ്ക്കുപോലും പണമില്ലാതെ രോഗക്കിടക്കയില്‍ കഴിയുകയും ചെയ്യുന്ന ലേഖാ നമ്പൂതിരിയുടെ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തതു തന്നെ ഉദാഹരണം. ഭര്‍ത്താവ് ഉപേക്ഷിച്ചതിനെത്തുടര്‍ന്ന് വീടില്ലാതെ തെരുവില്‍ അലയേണ്ടി വന്ന യുവതിക്കും മകന്‍ വൈശാഖിനും സര്‍ക്കാര്‍ ചെലവില്‍ താല്‍ക്കാലിക താമസസൗകര്യമൊരുക്കാനും 3 സെന്റ് ഭൂമിയില്‍ വീടു നിര്‍മ്മിച്ചുകൊടുക്കാനും ഇതു സംബന്ധിച്ച വാര്‍ത്ത വന്നയുടനെ തീരുമാനമുണ്ടായി. ഇതടക്കം പല തീരുമാനങ്ങളും ജനങ്ങള്‍ക്കു വേണ്ടിയുള്ളതാണെന്ന പ്രതീതി ജനിപ്പിക്കുന്നുണ്ട്. വലിയതുറയില്‍ 4 വര്‍ഷമായി ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് പട്ടയം നല്‍കാന്‍ നടപടിയെടുത്തത്, ഒരു വര്‍ഷം കൊണ്ട് തീരദേശ ശുചീകരണം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്, വൈദ്യുതി കണക്ഷനുള്ള അപേക്ഷ ഓണ്‍ലൈന്‍ വഴിയാക്കിയത് -എല്ലാം ജനപക്ഷ തീരുമാനങ്ങള്‍. സര്‍ക്കാര്‍ സ്‌കൂളിലെ അദ്ധ്യാപകരുടെ ഓണറേറിയം 9,000 രൂപയായും ആയമാരുടെ ഓണറേറിയം 6,000 രൂപയായും വര്‍ദ്ധിപ്പിച്ചു. സമാനരീതിയില്‍ അങ്കണവാടി അദ്ധ്യാപകരുടെ ശമ്പളം 7,500ല്‍ നിന്ന് 10,000 രൂപയായി ഉയര്‍ത്തിയപ്പോള്‍ ആയമാരുടെ ശമ്പളം 7,000 രൂപയായി വര്‍ദ്ധിപ്പിച്ചു. അങ്കണവാടി ഹെല്‍പ്പര്‍മാരുടെ ദിവസക്കൂലി 400ല്‍ നിന്ന് 500 രൂപയായും കൂട്ടി.

VS Pinarayi

വി.എസ്.അച്യുതാനന്ദനെ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പില്‍ മത്സരിച്ച ശേഷം പിണറായി വിജയന്‍ മുഖ്യമന്ത്രിയായത് അനിയത്തിയെ കാണിച്ച് ചേച്ചിയെ കെട്ടിക്കുന്നതു പോലെയാണെന്ന ആക്ഷേപമുണ്ടായി. എന്നാല്‍, സത്യപ്രതിജ്ഞയുടെ അന്നു രാവിലെ കോടിയേരിക്കൊപ്പം വി.എസ്സിനെ വീട്ടില്‍പ്പോയി കണ്ട പിണറായി ആക്ഷേപങ്ങള്‍ അസ്ഥാനത്താണെന്നു തെളിയിച്ചു. വി.എസ്സിന് ഉചിതമായ സ്ഥാനം കൊടുക്കുമെന്ന പ്രഖ്യാപനം സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഭാഗത്തുനിന്നുണ്ടായി. ഇതിന്റെ ഭാഗമായി ഏറെ ചര്‍ച്ചകള്‍ക്കുശേഷം വി.എസ്. അദ്ധ്യക്ഷനായി ഭരണപരിഷ്‌കാര കമ്മീഷനെ നിയമിക്കാന്‍ തീരുമാനിച്ചു. നിയമസഭയില്‍ ബില്‍ കൊണ്ടുവന്നു പാസാക്കിയ ശേഷം നിയമനക്കാര്യത്തില്‍ മന്ത്രിസഭ തീരുമാനമെടുത്തു. പക്ഷേ, ഇനിയും കമ്മീഷന്‍ നിലവില്‍ വന്നിട്ടില്ല. അതിന് പലതുണ്ട് കാരണങ്ങള്‍. കമ്മീഷന് സെക്രട്ടേറിയറ്റില്‍ ഓഫീസ് കണ്ടെത്താനായില്ല എന്നത് ഒരു കാര്യം. തന്റെ പാര്‍ട്ടി ഘടകം തീരുമാനിക്കും വരെയുള്ള വി.എസ്സിന്റെ കാത്തിരിപ്പ് മറ്റുകാര്യം. അതില്‍ വേറെ വിവാദങ്ങളൊന്നുമില്ല. പക്ഷേ, സര്‍ക്കാരിന്റെ 100 ദിവസത്തെക്കുറിച്ചു പറയുമ്പോള്‍ പ്രധാന തീരുമാനങ്ങളിലൊന്നായ ഭരണപരിഷ്‌കാര കമ്മീഷനെക്കുറിച്ച് പറയാതിരിക്കാനാവില്ലല്ലോ. വി.എസ്സും പിണറായി സര്‍ക്കാരിനുമിടയില്‍ ഭിന്നത പ്രകടമായ ഒരു വിഷയം ഈ കാലയളവില്‍ വന്നു -സുപ്രീം കോടതിയിലെ ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറി കേസ്. കേസില്‍ വി.എസ്സിന്റെ ഇടപെടല്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് കേരള സര്‍ക്കാരിന്റെ അഭിഭാഷകന്‍ വായിച്ചു. സി.പി.എമ്മിന്റെ സ്ഥാപക നേതാവായ വി.എസ്. സി.പി.എമ്മിന്റെ സാമ്പത്തിക പിന്തുണയോടെ നടത്തുന്ന കേസില്‍ അദ്ദേഹത്തിനെതിരായ നിലപാട് സി.പി.എം. നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ തന്നെ സ്വീകരിച്ചു. വി.എസ്സിനെക്കാള്‍ വലുത് എം.കെ.ദാമോദരനാണ് എന്നു വ്യക്തമായ നിമിഷം!!

മതനിരപേക്ഷമായ പലതും മതപരമെന്നു വ്യാഖ്യാനിച്ചു മാറ്റിനിര്‍ത്താന്‍ മന്ത്രി തലത്തില്‍ തന്നെ ഉണ്ടാവുന്ന നീക്കങ്ങള്‍ കേരളീയ സമൂഹത്തില്‍ ചേരിതിരിവിന് കാരണമാവുന്നത് ഈ 100 ദിവസത്തിനുള്ളില്‍ പല തവണ കണ്ടു. ഹിന്ദുത്വത്തെ എതിര്‍ത്തത് തങ്ങള്‍ക്ക് കൂടുതല്‍ വോട്ടു നേടിത്തന്നു എന്ന ഇടതുപക്ഷ മന്ത്രിമാരുടെ ധാരണയാണോ ഇത്തരം നടപടികള്‍ക്കു പിന്നിലെന്നറിയില്ല. സര്‍ക്കാര്‍ ചടങ്ങുകളുടെ തുടക്കത്തില്‍ പ്രാര്‍ത്ഥന വേണ്ട എന്നു പറഞ്ഞ മന്ത്രി കെ.കെ.ശൈലജയും വിളക്കു തെളിയിക്കേണ്ട എന്നു പറഞ്ഞ മന്ത്രി ജി.സുധാകരനും ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ അഭിപ്രായം പറഞ്ഞ സി.പി.എം. സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമെല്ലാം വിവാദങ്ങളില്‍ തങ്ങളുടേതായ സംഭാവന നല്‍കി. പ്രാര്‍ത്ഥനയും വിളക്കുമെല്ലാം എതിര്‍ക്കപ്പെടുന്നത് ജനങ്ങളിലുണ്ടാക്കിയ തെറ്റിദ്ധാരണ മുതലെടുക്കുന്നതില്‍ പിന്തിരിപ്പന്‍ ശക്തികള്‍ വിജയിക്കുന്നുണ്ട്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയില്‍ സര്‍ക്കാര്‍ ഓഫീസുകളിലെ ഓണാഘോഷം ക്രമീകരിക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം സദുദ്ദേശ്യപരമായിരുന്നുവെങ്കിലും അത് മതത്തിന്റെ ചട്ടക്കൂട്ടില്‍പ്പെടുത്തി വ്യാഖ്യാനം ചെയ്യപ്പെട്ടു. ഹൈന്ദവമായ ഓണത്തെ മുഖ്യമന്ത്രി എതിര്‍ക്കുന്നു എന്നായി. എല്ലാവരുടെയും ആഘോഷമായ ഓണം ഹിന്ദുക്കളുടേതു മാത്രമാക്കാന്‍ കുറച്ചുകാലമായി നടക്കുന്ന ശ്രമങ്ങള്‍ മുഖ്യമന്ത്രി വിജയിപ്പിച്ചുകൊടുത്തു എന്നും പറയാം. ഓണത്തിന്റെ പേരില്‍ ഓഫീസ് പ്രവര്‍ത്തനം തടസ്സപ്പെടുത്തരുതെന്നു പറയുന്ന മുഖ്യമന്ത്രി തന്നെ പണിമുടക്കാന്‍ ആഹ്വാനം ചെയ്യുന്നതിലെ ഇരട്ടത്താപ്പും ചോദ്യം ചെയ്യപ്പെട്ടു. ശബരിമലയുടെ പേരില്‍ മുഖ്യമന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായി കോര്‍ത്തതും ഇതേ ഗണത്തില്‍പ്പെടുത്തിയാണ് ചര്‍ച്ച ചെയ്യപ്പെട്ടത്.

ad_759

പൊതുസ്ഥലങ്ങളില്‍ മന്ത്രിമാരുടെ പെരുമാറ്റത്തില്‍ തന്നെ മാറ്റം പ്രകടം. റോഡില്‍ ചുവപ്പു സിഗ്നലിനു താഴെ പച്ച തെളിയുന്നതിനായി കാത്തു നില്‍ക്കുന്ന ഒന്നാം നമ്പര്‍ സ്റ്റേറ്റ് കാര്‍ സെക്രട്ടേറിയറ്റിനു മുന്നിലെ സ്ഥിരം കാഴ്ചയായിരിക്കുന്നു!! ആ കാത്തിരിപ്പിനിടെ അരികിലൂടെ കടന്നുപോകുന്ന ജനങ്ങളുമായി ആശയവിനിമയത്തിനു ശ്രമിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍!! ബ്ലോക്കില്‍ കുടുങ്ങിയ കാര്‍ ഉപേക്ഷിച്ച്, ചടങ്ങിന്റെ സമയനിഷ്ഠ പാലിക്കാന്‍ വേഗത്തില്‍ നടന്നു പോകുന്ന മന്ത്രി വി.എസ്.സുനില്‍ കുമാറിന്റെ ചിത്രം പത്രത്തില്‍ കണ്ടു!! മന്ത്രി പി.തിലോത്തമന്റെ കാറിനുള്ളില്‍ അദ്ദേഹത്തെ കാണണമെങ്കില്‍ കുറഞ്ഞത് 8 പേരെയെങ്കിലും വകഞ്ഞുമാറ്റി നോക്കണമെന്നതാണ് സ്ഥിരം അവസ്ഥ!! 5 മണിക്കു ശേഷം ഗണ്‍മാന് വീട്ടില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കിയ മന്ത്രി സി.രവീന്ദ്രനാഥും ഉത്തരവ് പാലിച്ചാല്‍ തന്റെ ജോലി പോകുമെന്നു പറഞ്ഞു കരയുന്ന ഗണ്‍മാനും!! മന്ത്രി വരുമ്പോള്‍ ഓച്ഛാനിച്ച് കാറിന്റെ ഡോറും തുറന്നു നില്‍ക്കുന്ന ഗണ്‍മാന്മാരെ കാണാനില്ല. ഡോര്‍ തുറന്നിറങ്ങുന്നതും തിരിക കയറിയ ശേഷം ഡോറടയ്ക്കുന്നതും ഇപ്പോള്‍ മന്ത്രിയുടെ ജോലിയാണ്, ഗണ്‍മാന്റേതല്ല. മന്ത്രി കടകംപള്ളി സുരേന്ദ്രനെ കണ്ടപ്പോള്‍ ഇതു മനസ്സിലായി. ഇതൊന്നും അഭിനയമല്ല, ആരെയും കാണിക്കാനുമല്ല. ഇങ്ങനെ ഇടപഴകുന്നവരുടെ നിലപാടുകളും ജനപക്ഷത്തായിരിക്കുമെന്ന പ്രതീക്ഷ അനുദിനം വളരുന്നു. മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാര്‍ക്ക് അനാവശ്യമായ പോലിസ് സുരക്ഷാ സംവിധാനങ്ങളും എസ്‌കോര്‍ട്ടും വേണ്ടന്ന് നിശ്ചയിച്ചിട്ടുണ്ട്. ഇതിന്റെ നഷ്ടം പക്ഷേ, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കാണ്!! അദ്ദേഹത്തിന്റെ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ പോയി!! ഇതൊന്നും വലിയ കാര്യമല്ലായിരിക്കാം. പക്ഷേ, അതിലൊരു സന്ദേശമുണ്ട്.

ഇനി ഈ സര്‍ക്കാരിന് അധികാരത്തില്‍ 1,725 ദിനങ്ങള്‍ ബാക്കിയുണ്ട്. കേരളത്തിന്റെ മുഖച്ഛായ മാറ്റി മറിക്കാന്‍ ഇതു ധാരാളം മതി. പ്രതീക്ഷകള്‍ വലുതാണ്, അവയുടെ ഭാരവും…

Previous articleമാവേലിക്ക് അച്ചടക്കനടപടി!!!
Next articleഫ്‌ളാറ്റ് തട്ടിപ്പുകാര്‍ക്ക് വിമാനത്താവളം വേണം
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here