Reading Time: < 1 minute

ഇന്നലെ ഏപ്രില്‍ 17.
ടെലിവിഷന്‍ വാര്‍ത്താചാനലുകള്‍ നോക്കിയപ്പോള്‍ എല്ലാത്തിലും പൂരം ലൈവ്.
കരി വേണ്ട, കരിമരുന്ന് വേണ്ട എന്നു ചര്‍ച്ചിച്ചവരെല്ലാം ‘പരിപാടിയുടെ ഈ ഭാഗത്തിന്റെ പ്രായോജകര്‍’ ചേര്‍ത്ത് പൂരം വിളമ്പുന്നു.
പൂരപ്പൊലിമയുടെ ആരവം.. വിശകലനം… വിശദീകരണം…
എന്തോ ഒരു അസ്വസ്ഥത.

ഇന്ന് ഏപ്രില്‍ 18.
രാവിലെ പത്രം കൈയിലെടുത്തപ്പോഴും അതു തന്നെ സ്ഥിതി.
തൃശ്ശൂര്‍ നിറഞ്ഞുനില്‍ക്കുന്നു.
എല്ലാത്തിലും പൂരപ്പൊലിമയുടെ ചിത്രവും വിശേഷങ്ങളും.
അസ്വസ്ഥത കൂടുകയാണ്.

ഒരാഴ്ച മുമ്പത്തെ തിങ്കളാഴ്ച. ഏപ്രില്‍ 11.
അന്നത്തെ പത്രം മനസ്സിലൊന്നു മിന്നി മാഞ്ഞപ്പോള്‍ത്തന്നെ വല്ലാത്ത നടുക്കം.
ആ പത്രത്തില്‍ നിറഞ്ഞത് പരവൂരായിരുന്നു.
ഇപ്പോള്‍ തിരിച്ചറിഞ്ഞു.
അന്നു മനസ്സില്‍ കയറിയ അസ്വസ്ഥതയാണ് ഇന്നലെ ടെലിവിഷനും ഇന്നു പത്രവും കണ്ടപ്പോള്‍ തികട്ടി വന്നത്.

Pooram.jpg

ഒരു രാഷ്ട്രീയ നേതാവ് മരിച്ചാല്‍ ഏഴു ദിവസം ദുഃഖാചരണമുണ്ടാവും.
പരവൂരില്‍ വര്‍ണ്ണപ്പൊലിമയ്ക്കുള്ള മോഹം തീയായി പടര്‍ന്നപ്പോള്‍ 112 പേരാണ് എരിഞ്ഞമര്‍ന്നത്.
ശരീരം മുഴുവന്‍ വെന്തുപോയിട്ടും മരണത്തെ വെല്ലുവിളിച്ചു പോരാടുന്നവര്‍ ഇപ്പോഴും ആസ്പത്രികളിലുണ്ട്.
തീരാവേദന ജീവിതകാലം മുഴുവന്‍ പേറാന്‍ വിധിക്കപ്പെട്ട മൂന്നുറോളം പേര്‍ വേറെ.
ഇവരുടെ പേരില്‍ ആരു ദുഃഖിക്കാന്‍?
ഇവര്‍ക്ക് മുഖമില്ലല്ലോ!

തൃശ്ശൂരുകാര്‍ ഇതൊന്നും കണ്ടില്ല.
ആചാരം അനുഷ്ഠാനം അഭിമാനം അതൊക്കെയാണല്ലോ പ്രധാനം.
അന്യന്റെ വേദനയ്ക്കവിടെ സ്ഥാനമില്ല.
കബന്ധങ്ങള്‍ക്കുമേല്‍ ആനകളെ നിരത്തി പൂരം ആടിത്തിമര്‍ത്തു. കത്തിച്ചാര്‍ത്തു.

പൂരത്തിന്റെ ആഘോഷം ഇക്കുറി ഒഴിവാക്കിയിരുന്നെങ്കില്‍ അതായിരുന്നേനെ പൊലിമ.
ആഘോഷങ്ങള്‍ക്ക് ധൂര്‍ത്തടിച്ച പണം സഹായമാക്കി മാറ്റിയിരുന്നെങ്കില്‍ അതായിരുന്നേനെ പൊലിമ.
സഹജീവികളോടുള്ള സ്‌നേഹത്തിന്റെ പൊലിമ.
കാരുണ്യത്തിന്റെ പൊലിമ.
യഥാര്‍ത്ഥ ‘പൂരപ്പൊലിമ’.

തൃശ്ശൂരുകാരേ.. ഇന്നലെ കാട്ടിയ പൂരപ്പൊലിമയ്ക്കു മേല്‍ ഇരുള്‍ പടരുകയാണ്.
മനുഷ്യത്വമില്ലായ്മയുടെ ഇരുള്‍.

മാനിഷാദ…

Previous articleആരാധകന്റെ ചുമലിലേറി താരരാജാവ്
Next articleഒടുവില്‍ സ്‌കാനിയ ‘ഇറങ്ങി’
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here