സ്‌കൂള്‍ പഠനകാലത്തെ ഓര്‍മ്മകളും സൗഹൃദങ്ങളും ജീവിതാവസാനം വരെ നിലനില്‍ക്കുമെന്ന് പറയാറുണ്ട്. എന്റെ അനുഭവത്തില്‍ അതു സത്യമാണ്. കോളേജ് എന്നത് സ്‌കൂളിന്റെ ഒരു എക്‌സ്റ്റന്‍ഷന്‍ മാത്രമാണ്. ആണ്‍കുട്ടികള്‍ക്കു മാത്രം പ്രവേശനമുള്ള തിരുവനന്തപുരം സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലാണ് ഞാന്‍ പഠിച്ചത്. അതിനാല്‍ത്തന്നെ സ്‌കൂളിലെ ഓര്‍മ്മകള്‍ക്ക് വലിയ ‘നിറം’ പകരാന്‍ സാദ്ധ്യതകളില്ല. സ്‌കൂളിലെ എല്ലാ പരിപാടികളിലും സജീവമായി പങ്കെടുക്കുക എന്നതു മാത്രമായിരുന്നു ബദല്‍മാര്‍ഗ്ഗം. സയന്‍സ് ക്ലബ്ബ് മുതല്‍ നാടകം വരെ എല്ലാത്തിലും തലയിടും. പത്താം ക്ലാസ്സുകാരുടെ കുത്തകയാണ് നാടകം. അതിനാല്‍ ജൂനിയര്‍ പിള്ളേഴ്‌സിന് നാടകത്തിലെ സാദ്ധ്യത വളരെ അപൂര്‍വ്വം. പത്തിനു മുമ്പുള്ള നാടകപങ്കാളിത്തം നാടകത്തിന്റെ റിഹേഴ്‌സല്‍ നടക്കുന്നിടത്തുള്ള എത്തിനോട്ടത്തിലും വേദിയില്‍ നാടകം കണ്ടുള്ള കൈയടിയിലും ഒതുങ്ങും. ടോമി ആന്റണി സാറാണ് എല്ലാ വര്‍ഷവും ചുമതലക്കാരന്‍. എല്ലാത്തിന്റെയും മേല്‍നോട്ടം ഞങ്ങളുടെ പ്രിയപ്പെട്ട ഹെഡ്മാസ്റ്ററായ എഫ്രേമച്ചന്‍ എന്ന ഫാദര്‍ എഫ്രേം തോമസിന്. എന്റെ ഭാഗ്യത്തിന് പത്താം ക്ലാസ്സിലെ ഇ ഡിവിഷനില്‍ ജ്യോഗ്രഫി പഠിപ്പിക്കാനെത്തിയത് ടോമി സാര്‍. നാടകത്തില്‍ കയറുക എന്ന ലക്ഷ്യവുമായി വര്‍ഷാരംഭം മുതല്‍ സാറിനെ കാര്യമായി മണിയടിച്ചു. പ്രയോജനമുണ്ടായി എന്നു പറയേണ്ടതില്ലല്ലോ. ആ വര്‍ഷം കളിച്ഛ ‘മഗ്ദലനമറിയം’ എന്ന നാടകത്തില്‍ ഞാന്‍ നായകനായി -യേശുക്രിസ്തു!!

പറയാന്‍ തുനിയുന്നത് എന്റെ നാടകാന്വേഷണ പരീക്ഷണങ്ങളെക്കുറിച്ചല്ല. എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ കണ്ട, എല്ലാം മറന്ന് കൈയടിച്ച, അതീവരസകരമായ ഒരു നാടകത്തെക്കുറിച്ചാണ്. അതിലെ പ്രധാന നടനെക്കുറിച്ചാണ്. നാടകത്തിന്റെ പേര് അതിന്റെ പ്രത്യേകത കാരണം ഇപ്പോഴും മനസ്സില്‍ പച്ചപിടിച്ച് നില്‍പ്പുണ്ട് -‘സര്‍വ്വസൗഭാഗ്യ സമ്പല്‍ സമൃദ്ധി – സഹകരണ സംഘം ക്ലിപ്തം (ആക്കപ്പെടും)’. മനുഷ്യന്റെ എന്ത് ആഗ്രഹവും സാധിച്ചുകൊടുക്കുന്ന ഈ സഹകരണ സംഘത്തെക്കുറിച്ചുള്ള നാടകം എഴുതിയത് പ്രശസ്ത ഹാസസാഹിത്യകാരനായ സുകുമാറാണ് എന്നാണ് ഓര്‍മ്മ. സഹകരണസംഘം പ്രസിഡന്റായി തകര്‍ത്തഭിനയിക്കുകയാണ് പത്താം ക്ലാസ്സിലെ പ്രശാന്ത്. പഞ്ചായത്ത് പ്രസിഡന്റാവണം എന്ന മോഹവുമായി നാടകത്തിലെ സ്ത്രീ കഥാപാത്രം വരുന്ന രംഗമുണ്ട്. ‘ഇപ്പ ശര്യാക്കിത്തരാം’ എന്ന ഭാവേന പ്രസിഡന്റ് അവരെ വിളിച്ച് അകത്തെ മുറിയിലേക്കു കൊണ്ടുപോകുകയാണ്. പിന്നീട് പ്രസിഡന്റിനെ കാണുന്നത് മുണ്ട് കുടഞ്ഞുടുത്തുകൊണ്ട് തിരികെ വരുന്ന നിലയിലാണ്. ഓഡിറ്റോറിയത്തില്‍ ചിരി ആര്‍ത്തിരമ്പി.

സ്ത്രീകളാരും ഇല്ലാതിരുന്നതിനാല്‍ ദ്വയാര്‍ത്ഥം പ്രശ്‌നമായില്ല. പക്ഷേ, റിഹേഴ്‌സല്‍ കണ്ട ഞാനടക്കമുള്ളവര്‍ക്ക് കണ്‍ഫ്യൂഷന്‍. അങ്ങനെ ഒരു രംഗം റിഹേഴ്‌സലില്‍ ഉണ്ടായിരുന്നില്ല. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇതാണ്. സ്ത്രീ വേഷധാരിയുമായി അകത്തേക്കു പോകുമ്പോള്‍ പ്രസിഡന്റായ പ്രശാന്തിന്റെ മുണ്ട് ശരിക്കും അഴിഞ്ഞുപോയി. തിരികെ വേദിയിലെത്തുന്നതിനുള്ള സംഗീതം മുഴങ്ങിയപ്പോള്‍ ആ രൂപത്തില്‍ തന്നെ കയറാന്‍ നിശ്ചയിച്ചു. സാധാരണ ആരും അങ്കലാപ്പിലായിപ്പോകുന്ന നിമിഷത്തില്‍ ആ നടന്‍ മനോധര്‍മ്മം പ്രയോഗിച്ച് കുടിലഭാവം മുഖത്തുവരുത്തി. പൊളിഞ്ഞു പാളീസാവുമായിരുന്ന ഒരു രംഗം ആ നാടകത്തിലെ ഹൈലൈറ്റായി മാറി. സ്‌കൂളിനുള്ളില്‍ കളിച്ച നാടകം മികവ് കാരണം പിന്നീട് പുറത്തും കളിച്ചുവെന്നത് ചരിത്രം.

ഇത് ഓര്‍ത്തെടുക്കാന്‍ കാരണമുണ്ട്. അഭിനയമികവിലൂടെ എല്ലാവരെയും കൊതിപ്പിച്ച പ്രശാന്ത് എന്ന വിദ്യാര്‍ത്ഥി പിന്നീട് നാടകരംഗത്തെ നിറസാന്നിദ്ധ്യമായി. പ്രശാന്ത് നാരായണന്‍ എന്ന പേരില്‍ നാമദ്ദേഹത്തെ അറിയും. മോഹന്‍ലാലും മുകേഷും അഭിനയിച്ച ‘ഛായാമുഖി’ എന്ന നാടകം എഴുതി സംവിധാനം ചെയ്ത ആള്‍ എന്ന നിലയിലാണ് അദ്ദേഹം പ്രശസ്തന്‍. പക്ഷേ, ആ വിശേഷണത്തില്‍ ഒതുങ്ങേണ്ടയാളാണോ പ്രശാന്ത്? അല്ല തന്നെ. മോഹന്‍ലാലിനെപ്പോലൊരു നടന്‍ ‘ഛായാമുഖി’ സ്വയാവതരണത്തിന് തിരഞ്ഞെടുത്തത് മറ്റനേകം നാടകങ്ങളെയും നാടകക്കാരെയും പരിഗണിച്ചിട്ടാവും എന്നുറപ്പ്. മഹാനടന്റെ ദൃഷ്ടിയില്‍പ്പെടാനുള്ള മികവ് ‘ഛായാമുഖി’ക്ക് ഏറെ മുമ്പ് തന്നെ പ്രശാന്ത് സ്വായത്തമാക്കിയിരുന്നു. നാടകങ്ങള്‍ സ്വന്തമായി എഴുതി അവതരിപ്പിച്ചുതുടങ്ങുന്നത് സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെയാണ്. ഹെഡ്മാസ്റ്റര്‍ എഫ്രേമച്ചന്‍ തന്നെയാണ് പ്രശാന്തിലെ കലാകാരനെ ആദ്യം തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിച്ചത്. ടോമി ആന്റണി സാറും എല്ലാത്തിനും ഒപ്പം നിന്നു. അയ്യപ്പപ്പണിക്കരുടെ ‘തങ്കച്ചന്‍’ എന്ന കവിതയുടെ ചൊല്‍ക്കാഴ്ച ആയിരുന്നു ആദ്യത്തേത്. ‘തങ്കച്ചന്‍ ജനിച്ചപ്പോള്‍ ജനനത്തെ പേടിച്ചു’ എന്നുതുടങ്ങി ‘തങ്കച്ചന്‍ മരിച്ചപ്പോള്‍ മരണത്തെ പേടിച്ചു’ എന്ന് അവസാനിക്കുന്ന രസകരമായ കവിത. ‘കുഞ്ഞനു ഭ്രാന്താണ്’ അടക്കം പല നാടകങ്ങള്‍ അന്ന് എഴുതിക്കളിച്ചു. സുകുമാറിനെപ്പോലുള്ള പ്രഗത്ഭരുടെ നാടകങ്ങളും അവതരിപ്പിച്ചു.

സ്‌കൂള്‍ വിട്ട് വി.എച്ച്.എസ്.ഇ. പൂര്‍ത്തിയാക്കി യൂണിവേഴ്‌സിറ്റി കോളേജില്‍ 9 മാസത്തെ ബി.എ. മലയാളം പഠനം. അത് പാതിവഴിക്കുപേക്ഷിച്ച് സ്‌കൂള്‍ ഓഫ് ഡ്രാമയിലേക്ക്. അവിടെ പഠനം പൂര്‍ത്തിയാക്കാനായില്ല, സ്വതസിദ്ധമായ രീതിയില്‍ സത്യം പറഞ്ഞതിന്റെ പേരില്‍ പുറത്തായി. പക്ഷേ, വെറുമൊരു സര്‍ട്ടിഫിക്കറ്റുകാരനാവാതെ താന്‍ യഥാര്‍ത്ഥത്തില്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് പ്രശാന്ത് പിന്നീട് പലപ്പോഴും പറഞ്ഞിട്ടുണ്ട്. മകരധ്വജന്‍, കറ, വജ്രമുഖന്‍, മണികര്‍ണ്ണിക, ജനാലയ്ക്കപ്പുറം, നഷ്ടപ്പെടുന്ന മുഖം, ദൂതഘടോത്ഘജം, ഊരുഭംഗം, ദശഗ്രീവാങ്കം, ഹാംലറ്റ്, പോസ്റ്റ് ഓഫീസ് എന്നിവയെല്ലാം വ്യത്യസ്തമായ രീതിയില്‍ വേദിയില്‍ ആവിഷ്‌കരിച്ച ഒരു സംവിധായകന്‍ എന്ന നിലയില്‍ മലയാള നാടകവേദിയില്‍ അദ്ദേഹത്തിന് സ്ഥിരപ്രതിഷ്ഠയുണ്ട്.

അടുത്തിടെ എം.ടി.വാസുദേവന്‍ നായരെ ആദരിക്കാന്‍ ‘ദേശാഭിമാനി’ സംഘടിപ്പിച്ച സാംസ്‌ക്കാരികോത്സവത്തില്‍ എം.ടിയുടെ രചനകളെയും കഥാപാത്രങ്ങളെയും ആധാരമാക്കി ‘മഹാസാഗരം’ എന്ന നാടകം ഒരുക്കിയതും പ്രശാന്താണ്. ഇപ്പോള്‍ പ്രഭാവര്‍മ്മയുടെ ‘ശ്യാമമാധവം’ നാടകരൂപത്തില്‍ അരങ്ങിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതന്‍. നാടകം എഴുതിയിട്ടില്ല. ക്യാമ്പില്‍ നാടകം സ്വയം തെളിഞ്ഞുവരുമ്പോള്‍ അതെഴുതും എന്ന് അദ്ദേഹത്തിന്റെ പക്ഷം. അസാമാന്യ ആത്മവിശ്വാസമുള്ള ഒരു കലാകാരന്റെ ലക്ഷണം!!

പ്രശാന്ത് പെട്ടെന്ന് ഓര്‍മ്മയിലേക്ക് കയറിവന്നതല്ല. ഏറെക്കാലത്തിനു ശേഷം കക്ഷി ഈയടുത്ത ദിവസം അടിയനു മുന്നില്‍ പ്രത്യക്ഷനായി. തിരുവനന്തപുരത്ത് ദേശീയ നാടകോത്സവം നടക്കുന്ന സാഹചര്യത്തില്‍ നാടകക്കാരെല്ലാം തലസ്ഥാനത്തുണ്ട്. പ്രശാന്ത് തിരുവനന്തപുരത്തുകാരന്‍ തന്നെയാണല്ലോ. എന്റെ പിടിയിലായ അടുത്ത ദിവസം തന്നെ അദ്ദേഹത്തിനൊരു ക്വട്ടേഷനും കൊടുത്തു -ഭാര്യ ജോലി ചെയ്യുന്ന തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ കലോത്സവം ഉദ്ഘാടിക്കുക. നിറഞ്ഞ മനസ്സോടെ സസന്തോഷം അദ്ദേഹം ആ അഭ്യര്‍ത്ഥന സ്വീകരിച്ചു, നടപ്പാക്കി. പ്രശാന്തിനെ കണ്ടപാടെ ഞാന്‍ ചോദിച്ചിരുന്നു ‘നാടകോത്സവത്തില്‍ നിങ്ങളുടെ നാടകമുണ്ടോ?’ മറുപടി ഉടനെ വന്നു -‘ഉണ്ടല്ലോ. സ്വപ്‌നവാസവദത്ത’. ഞാന്‍ അന്തംവിട്ടു നിന്നു. നാടകരംഗത്തെക്കുറിച്ച് എനിക്ക് വലിയ വിവരമൊന്നുമില്ല. ഉള്ള പരിമിതമായ അറിവുവെച്ചു നോക്കുകയാണെങ്കില്‍ നാടകോത്സവത്തിന്റെ ഭാഗമായി മാര്‍ച്ച് 22ന് തിരുവനന്തപുരം ടാഗോര്‍ ശതാബ്ദി തിയേറ്ററില്‍ അവതരിപ്പിക്കപ്പെടുന്ന ‘സ്വപ്‌നവാസവദത്ത’ കന്നഡ നാടകമാണ്. സംഭവം ശരിയാണ്, പ്രശാന്ത് മലയാള നാടകവേദിയുടെ അതിര്‍ത്തിക്കു പുറത്തേക്കു പോയിരിക്കുന്നു. അദ്ദേഹം സംവിധാനം ചെയ്ത 58-ാമത്തെ നാടകം കന്നഡയിലാണ്.
അവതരണത്തിനു വേഗം വഴങ്ങാത്ത കനപ്പെട്ട നാടകമാണ് ഭാസന്റെ ‘സ്വപ്നവാസവദത്തം’ എന്നാണ് പൊതുവെ കരുതപ്പെടുന്നത്. അതുകൊണ്ടുതന്നെ അത് അരങ്ങിലെത്തിയിട്ട് എത്രയോ കാലമായി. കര്‍ണാടകത്തിലെ ഏറ്റവും പ്രധാന നാടകസംഘമായ രംഗായനയാണ് ‘സ്വപ്‌നവാസവദത്ത’യെ വേദിയിലെത്തിക്കുന്നത്. ആ നാടകത്തിനു രംഗാവിഷ്‌ക്കാരം നല്‍കാന്‍ അവര്‍ കണ്ടെത്തിയ നാടകക്കാരന്‍ പ്രശാന്താണെന്നു മനസ്സിലാക്കിയപ്പോള്‍ ഞാന്‍ ആ കൈകളില്‍ ഒന്നു കൂടി മുറുകെപ്പിടിച്ചു -‘ഒരിക്കല്‍കൂടി ഒന്നു തൊട്ടോട്ടെ’ എന്ന രീതിയില്‍. ‘ഇങ്ങളൊരു വന്‍ സംഭവാണ് ട്ടാ’ എന്നു മനസ്സില്‍ പറഞ്ഞു. നേരിട്ടു പറഞ്ഞാല്‍ മോശമായാലോ എന്ന ശങ്കയില്‍ വാക്കുകള്‍ വിഴുങ്ങി! കൂടിയാട്ടം രൂപത്തില്‍ 41 ദിവസം കൊണ്ട് അവതരിപ്പിക്കുന്ന ‘സ്വപ്നവാസവദത്തം’ ഒന്നേമുക്കാല്‍ മണിക്കൂറിലേക്കു ചുരുക്കുക എന്ന വന്‍ വെല്ലുവിളിയാണ് പ്രശാന്ത് നാരായണന്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നത്. അത് ചെറിയൊരു നേട്ടമല്ല. ഭാസനാടകങ്ങളെല്ലാം ചേര്‍ത്തു വിദ്വാന്മാര്‍ തീയിലിട്ടതില്‍ ‘സ്വപ്നവാസവദത്തം’ മാത്രം ദഹിച്ചില്ല എന്ന് ഭാസനാടകങ്ങളെ കുറിച്ചു തന്നെയുള്ള വിഖ്യാതമായ ഒരു ശ്ലോകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ഇതിനെ നമുക്ക് രണ്ടു തലത്തില്‍ ഉള്‍ക്കൊള്ളാനാവാം ഒന്ന് ‘സ്വപ്നവാസവദത്തം’ എന്ന കൃതിയുടെ മാഹാത്മ്യം. രണ്ട് ലാവണകത്തിലെ അഗ്‌നിബാധയിലും അപായപ്പെടാതിരുന്ന വാസവദത്തയുടെ മാഹാത്മ്യം. ഭാസന്റെ ഈ മഹത്തായ സംസ്‌കൃത നാടകത്തെ സമകാലിക വേദിക്കനുയോജ്യമാവും വിധത്തില്‍ പ്രശാന്ത് ചുരുക്കിയത് പിന്നീട് കന്നഡത്തിലേക്ക് മൊഴിമാറ്റുകയായിരുന്നു. അതു വിജയമാണെന്ന് കര്‍ണ്ണാടകത്തില്‍ നിന്നുള്ള പ്രതികരണം വ്യക്തമാക്കുന്നുണ്ട്. അവിടെ നാടകം സൂപ്പര്‍ ഹിറ്റാണ്.

‘സ്വപ്നവാസവദത്തം’ മലയാള പുനരാഖ്യാനം കുട്ടിയായിരുന്നപ്പോള്‍ വായിച്ചിട്ടുണ്ട്. അമര്‍ചിത്ര കഥയായി വന്നപ്പോഴും ആവേശത്തോടെ വായിച്ചു. ആ കഥയും കഥാപാത്രങ്ങളും ഇന്നും മനസ്സില്‍ പച്ചപിടിച്ചുനില്‍ക്കുന്നു. വത്സ രാജ്യത്തെ രാജാവായ ഉദയനനാണ് കഥയിലെ നായകന്‍. വാസവദത്തയും പദ്മാവതിയും അദ്ദേഹത്തിന്റെ ഭാര്യമാരാണ്. പാണ്ഡവവംശ പരമ്പരയില്‍പ്പെട്ടയാളാണ് ഉദയന രാജാവ്. അതിസുന്ദരനും സംഗീതാദി ലളിതകലകളില്‍ അത്യാസക്തനുമായിരുന്ന അദ്ദേഹത്തിന്റെ പ്രധാന ഭ്രമം ഘോഷവതി എന്ന തന്റെ വീണയിലും അതിന്റെ വാദനത്തിലും മാത്രം. നായാട്ടില്‍ അതീവ തല്പരനും സ്ത്രീസക്തനുമായിരുന്നു എന്നത് പറയേണ്ടതില്ലല്ലോ. രാജാവിനു വേണ്ടി വത്സ രാജ്യം ഭരിച്ചിരുന്നത് മഹാമന്ത്രിയായ യൗഗന്ധരായണനും സേനാനായകനായ രുമന്വനും ചേര്‍ന്നാണ്. ഇരുവരും വിശ്വസ്തരായിരുന്നതിനാല്‍ ഉദയനന് വലിയ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല എന്നു മാത്രം.

രാജ്യകാര്യങ്ങളില്‍ താല്പര്യമില്ലാതിരുന്ന രാജാവിനെ സുരക്ഷിതനാക്കാന്‍ അദ്ദേഹത്തിന് കരുത്തരായ ബന്ധുക്കളെ സൃഷ്ടിക്കുക എന്ന തന്ത്രമാണ് മന്ത്രിയും സേനാപതിയും ചേര്‍ന്ന് നടപ്പാക്കുന്നത്. അതിനായി ഉജ്ജയിനിയിലെ മഹാസേന രാജാവിന്റെ പുത്രി വാസവദത്തയെക്കൊണ്ട് ഉദയനനെ വിവാഹം കഴിപ്പിക്കുന്നു. പിന്നീട് മഗധ രാജാവായ ദര്‍ശകനെ കൂടി ഉദയനന്റെ ബന്ധുവാക്കണമെന്ന് യൗഗന്ധരായണനും രുമന്വനും നിശ്ചയിക്കുകയാണ്. ദര്‍ശകന്റെ സഹോദരി പദ്മാവതിയെ ഉദയനന്റെ വധുവാക്കുക എന്നതായിരുന്നു മാര്‍ഗ്ഗം. അതിനായി വാസവദത്തയെ അകറ്റാനും പദ്മാവതിയെയും ഉദയനനെയും ഒരുമിപ്പിക്കാനും മന്ത്രിയും സേനാപതിയും ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയാണ് നാടകത്തിന്റെ കേന്ദ്രബിന്ദു. ഇതിനായി വാസവദത്ത തീയില്‍പ്പെട്ടു മരിച്ചു എന്ന കള്ളക്കഥ അവര്‍ പ്രചരിപ്പിക്കുന്നു. വാസവദത്തയ്ക്കും പദ്മാവതിക്കുമൊപ്പം ഉദയനന്‍ സസുഖം വാഴുന്നിടത്ത് നാടകം ശുഭപര്യവസായിയാണ്.

‘പ്രേക്ഷകന് താദാമ്യം പ്രാപിക്കാവുന്ന ഒരു അനുഭവമാകണം എന്റെ നാടകം’ -തന്റെ നാടകസങ്കല്പം പ്രശാന്ത് എല്ലായ്‌പ്പോഴും വിശദീകരിക്കുന്നത് ഇങ്ങനെയാണ്. അതിനാല്‍ത്തന്നെയാണ് പ്രേക്ഷകനെക്കൂടി പങ്കാളിയാക്കിയാണ് നാടകത്തിന്റെയും ആഖ്യാനം. വിഖ്യാതമായ ഉദയനകഥയെ അവതരിപ്പിക്കുമ്പോള്‍ത്തന്നെ സ്വപ്നവും മനുഷ്യനും തമ്മിലുള്ള ബന്ധവും മനഃശാസ്ത്രപരമായ പഠനവും ഈ സ്വപ്നനാടകം മുന്നോട്ടുവയ്ക്കുന്നു. നാടകത്തിലുടനീളം സ്വപ്നസമാനതകളെ അന്വേഷിക്കുന്ന പ്രേക്ഷകനെ സ്വപ്നത്തിലേക്കു തന്നെ ആനയിക്കുന്നു. സ്വപ്നത്തില്‍പ്പെടുത്താന്‍ ശ്രമിക്കുന്നു. ഇതിലെ കഥാപാത്രങ്ങളെല്ലാം പലവിധ സ്വപ്നങ്ങളുടെ പരിലാളകരാണ്. അവര്‍ സ്വപ്നക്കൂട്ടില്‍പ്പെട്ടു പോയിരിക്കുന്നു. അത് രാജാവാകട്ടെ, മന്ത്രിയാകട്ടെ, ഭൃത്യയാകട്ടെ -സകലരുടെയും അവസ്ഥ ഒന്നു തന്നെ. മനുഷ്യന്റെ സഹജഭ്രമങ്ങിലൂടെയാണ് സ്വപ്നം സംഭവിക്കുന്നത്. രാജ്യം ഭരിയ്ക്കുന്നയാള്‍ സ്വപ്നത്തില്‍പ്പെട്ടു പോകുമ്പോള്‍ രാജ്യമപ്പാടെ സ്വപ്നത്തില്‍പ്പെട്ടു പോകുന്നു. നാടകമിവിടെ കഥയായി സ്വപ്നമായി വളരുകയാണ്. സ്വപ്നമയമാണീ നാടകം.

രംഗാവതരണത്തിലെ ഭാരതീയതയ്ക്കും കഥാകഥനത്തിനുമപ്പുറം ചില അന്വേഷണങ്ങള്‍ ഈ രംഗസംരംഭത്തിലൂടെ പ്രശാന്ത് ശ്രമിച്ചിട്ടുണ്ട്. ഓരോരുത്തരുടെയും സ്വപ്‌നം അവരുടേതു മാത്രമാണ്, സ്വകാര്യമാണ്. ആ സ്വകാര്യ ഭ്രാന്തുകളെ പങ്കുവെയ്ക്കാന്‍ സാധിക്കുമോ എന്ന ചോദ്യം നാടകമുയര്‍ത്തുന്നു. സ്വപ്നത്തിനെ നിരീക്ഷിക്കുകയും വിവക്ഷിക്കുകയും ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ എത്തിച്ചേരുന്ന യാഥാര്‍ത്ഥ്യങ്ങള്‍ അരങ്ങില്‍ തെളിയുന്നു. സ്വപ്നത്തിലൂടെ യാഥാര്‍ത്ഥ്യത്തിലേക്കുള്ള സഞ്ചാരമാണ് ‘സ്വപ്നവാസവദത്ത’. സ്വപ്‌നലോകത്ത് ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ധൈര്യമായി ഈ നാടകവേദിയിലേക്ക് കടന്നുവരാം, ആസ്വദിക്കാം. ഈ നാടകത്തില്‍ എനിക്കേറ്റവും പ്രിയപ്പെട്ട കഥാപാത്രം ബുദ്ധിരാക്ഷസനും രസികനുമായ യൗഗന്ധരായണനാണ്. അദ്ദേഹത്തെയും ലോകസുന്ദരിയായ വാസവദത്തയെയും നിഷ്‌കളങ്കയായ പദ്മാവതിയെയുമെല്ലാം കാണാന്‍ കാത്തിരിക്കുന്നു. കലയ്ക്ക് ഭാഷ തടസ്സമല്ല എന്ന പരമമായ സത്യമാണ് ഈ കാത്തിരിപ്പിന് അടിസ്ഥാനം.
നാടകമേളയില്‍ ഞാനും സജീവമായതിനാല്‍ പ്രശാന്ത് ഒപ്പമുണ്ട്. പ്രശാന്തിനൊപ്പം ഞാനും കൂടി എന്നു പറയുന്നതാണ് ശരി. ഈ മനുഷ്യന്‍ ഒരു ഒറ്റയാനാണ്. സ്വന്തമായ നിലപാടുകളുള്ള, ആശയങ്ങളുള്ള വേറിട്ട വ്യക്തിത്വം. അതിനാല്‍ത്തന്നെ പാരകളുടെ രൂപത്തില്‍ അസൂയക്കാര്‍ കറങ്ങി നടപ്പുണ്ട്. പ്രശാന്ത് അതൊന്നും കാര്യമാക്കുന്നില്ല. അദ്ദേഹത്തിന്റെ ആസ്വാദനക്ഷമത പോലും വേറിട്ട തലത്തിലാണ്. നാടകത്തെക്കുറിച്ച് പുതിയ പാഠങ്ങള്‍ ഞാന്‍ പഠിക്കുകയാണ്. പഠനം ഒരിക്കലും അവസാനിക്കുന്നില്ല.
പ്രശാന്ത് നാരായണന്‍ രചിച്ച നാടകങ്ങള്‍
-ഛായാമുഖി
-മകരദ്ധ്വജന്‍
-കറ
-വജ്രമുഖന്‍
-മണികര്‍ണ്ണിക
-ജനാലയ്ക്കപ്പുറം
-ബലൂണുകള്‍
-ഉജ്ജയിനി
-ചിത്രലേഖ
-ദേവായനം
-കാശി
-കുഞ്ഞനി ഭ്രാന്താണ്
-തൊപ്പിക്കാരന്‍
-അരചചരിതം
-കാമനീയകം
-ഭൈരവിക്കോലം
-ഭഗത്
-പ്രാവുകള്‍
-കാഞ്ചനക്കൂട്
-സൂര്യരാശിപുരം
-മദര്‍ബോര്‍ഡ്
-ഒട്ടും ശരിയല്ല
-സായിപ്പിന്റെ പൂച്ച
-തവള -താ വഴി ‘ള’ കാരം
-പെണ്ണ് പൂക്കുന്ന മരം
-ചൊവ്വാദോഷം
-പെന്‍സില്‍
-ഭാരതാന്തം എന്ന കഥകളിയും രചിച്ചിട്ടുണ്ട്