“ഇടതു സര്‍ക്കാര്‍ പണക്കാരുടെ മാത്രം സര്‍ക്കാരാണ്. സ്വന്തമായി വാഹനമുള്ളവര്‍ മാത്രം കേരളത്തിലേക്കു വന്നാല്‍ മതിയെന്നാണ് ഇരട്ടച്ചങ്കന്‍ പറയുന്നത്. സ്വന്തമായി കാറു വാങ്ങാന്‍ ഗതിയില്ലാത്തവര്‍ ഇങ്ങോട്ടു വരണ്ട. അവര്‍ എവിടെയെങ്കിലും കിടന്ന് ചത്തോട്ടേന്ന്.”
യു.ഡി.എഫ്. നേതാക്കളുടെ ആക്രോശമാണ്. സമൂഹമാധ്യമങ്ങളിലും ചാനല്‍ സ്റ്റുഡിയോകളിലുമെല്ലാം അവര്‍ തുടര്‍ച്ചയായി ഇതു പറയുന്നു. ഇതരസംസ്ഥാനങ്ങളിലുള്ള മലയാളികളെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഭരണപരമായ ഒരു നടപടിയും സ്വീകരിക്കുന്നില്ല എന്ന് യു.ഡി.എഫ്. എം.എല്‍.എമാര്‍ ആരോപണശരങ്ങള്‍ ഉയര്‍ത്തുന്നു. ചാനലുകളില്‍ ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പല വിധത്തില്‍ വരുന്നു. ആരോപണങ്ങള്‍ തുടര്‍ച്ചയായി ഉയരുമ്പോഴും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനത്തിലാണ്. കാര്യമായ പ്രതികരണമോ വിശദീകരണമോ ഇല്ല.
എന്തുകൊണ്ടായിരിക്കും മുഖ്യമന്ത്രി പ്രതികരിക്കാത്തത്? പ്രതിപക്ഷത്തിന്റെ ആരോപണത്തില്‍ കഴമ്പുണ്ടോ? മറുനാട്ടിലുള്ളവര്‍ക്ക് നാട്ടിലേക്കു വരാന്‍ എല്ലാ അവകാശവുമുണ്ടെന്നു പറയുന്ന മുഖ്യമന്ത്രി അവരെ നാട്ടിലേക്ക് എത്തിക്കാന്‍ ഒരു ചെറുവിരല്‍ പോലും അനക്കുന്നില്ലേ? സത്യാവസ്ഥ കണ്ടെത്തിയേ പറ്റൂ. മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അതിന് തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റില്‍ രേഖയുണ്ടാവും. ശ്രമം നടത്തിയിട്ടില്ലെങ്കില്‍ സ്വാഭാവികമായും ആ രേഖയുമില്ല.
പഞ്ചാബില്‍ നിന്ന് മലയാളികളെ എത്തിക്കാന്‍ വന്ന കത്തിന് കേരളം മറുപടി നല്‍കിയില്ല എന്ന വാര്‍ത്ത ഒരു ദിവസം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ഈ അന്വേഷണത്തിനു മുതിര്‍ന്നത്. വാര്‍ത്ത വന്ന ദിവസം വൈകുന്നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണമുണ്ടാവും എന്നു പ്രതീക്ഷിച്ചു. പക്ഷേ, അതുണ്ടായില്ല. വാര്‍ത്ത ചെയ്ത് ചര്‍ച്ച നടത്തിയ ചാനലുകളുടെ പ്രതിനിധികളാരും അതു ചോദിച്ചുമില്ല. അതങ്ങനെ പോയി.
സെക്രട്ടേറിയറ്റില്‍ അന്വേഷിച്ചതില്‍ നിന്ന് കാര്യങ്ങള്‍ വ്യക്തമായി. എല്ലാത്തിനും രേഖകളുണ്ട്. മലയാളികളെ നാട്ടിലെത്തിക്കാന്‍ നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും വിവിധ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും വിവധ ഘട്ടങ്ങളില്‍ കേരള മുഖ്യമന്ത്രി കത്തയച്ചിട്ടുണ്ട്. പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രിയെയും വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരെയുമെല്ലാം അദ്ദേഹം ഫോണില്‍ വിളിച്ചു സംസാരിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സിലും മറുനാടുകളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ കാര്യം പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി ഫോണ്‍ വിളിക്കുന്നതൊക്കെ ഞാന്‍ നേരിട്ടു കണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല തന്നെ. പക്ഷേ, അദ്ദേഹം എന്തൊക്കെ ചെയ്തുവെന്നും അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം എന്തൊക്കെ നടപടികളുണ്ടായെന്നും ഇതുമായി ബന്ധപ്പെട്ട ഫയലുകളിലുണ്ട്.
പക്ഷേ, എല്ലാത്തിനും തെളിവും വേണം. തെളിവില്ലാതെ ആര്‍ക്കും ഒന്നും ബോദ്ധ്യപ്പെടില്ല. തെളിവെന്ന പേരില്‍ രഹസ്യസ്വഭാവമുള്ള ഫയലുകള്‍ മുഴുവന്‍ വാരിവലിച്ച് പുറത്തിടാനാവില്ല. അതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് കാലത്ത് അയച്ച ചില കത്തുകള്‍ കൈയിലെടുത്തു. അത് പുറത്തുവിടുന്നതില്‍ കുഴപ്പമില്ല. ഇതില്‍ ചില കത്തുകള്‍ ആദ്യമായല്ല പുറത്തുവരുന്നത്. ഇത് ഇവിടെ പല മാധ്യമപ്രവര്‍ത്തകരുടെയും കൈയിലുണ്ട്. പക്ഷേ, മുഖ്യമന്ത്രിയുടെ കെടുകാര്യസ്ഥത സംബന്ധിച്ച വാര്‍ത്ത ചെയ്യാനുള്ള തിടുക്കത്തില്‍ അവര്‍ ഈ കത്തുകള്‍ കാണാതെ പോകുന്നു. അല്ലെങ്കില്‍ കണ്ടില്ലെന്നു നടിക്കുന്നു.

കത്തുകള്‍ ഒരുപാടുണ്ട്. പക്ഷേ, ഏറ്റവും പുതിയത് എന്നു തോന്നിച്ച ചില കത്തുകള്‍ മാത്രം എടുത്തു. ഇതില്‍ മെയ് 4ന് പ്രധാനമന്ത്രിക്കയച്ച കത്ത് വളരെ പ്രധാനപ്പെട്ടതാണ്. മറുനാടുകളില്‍ കുടുങ്ങിയ മലയാളികളെ കേരളത്തിലെത്തുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച അഭ്യര്‍ത്ഥന മാത്രമാണ് ഈ കത്തിലുള്ളത്. ഈ കത്തു മാത്രം മതി മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളുടെ മുനയൊടിക്കാന്‍. പക്ഷേ, അദ്ദേഹം തന്നെ പറഞ്ഞതു പോലെ ഇപ്പോള്‍ ഇത്തരം കാര്യങ്ങള്‍ക്ക് സമയമില്ലായിരിക്കാം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്ന മലയാളികളെ കണ്ടെത്തി നാട്ടിലെത്തിച്ച് സുരക്ഷ ഉറപ്പാക്കാന്‍ കേരള സര്‍ക്കാര്‍ ഒരു പോര്‍ട്ടല്‍ തുറന്ന് രജിസ്ട്രേഷന്‍ ആരംഭിച്ച കാര്യം മുഖ്യമന്ത്രി ഈ കത്തില്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയാണ്. അന്നേദിവസം വരെ രജിസ്റ്റര്‍ ചെയ്ത 1,66,263 പേരില്‍ 20 ശതമാനം സ്വന്തം വാഹനത്തിലോ വാടക വാഹനത്തിലോ നാട്ടിലെത്താന്‍ ശേഷിയുള്ളവരാണ്. വിദൂരപ്രദേശങ്ങളില്‍ ഉള്ളവരടക്കമുള്ള ബാക്കി 80 ശതമാനത്തിനും ഇതിനു ശേഷിയില്ല. നിലവിലുള്ള സ്ഥലങ്ങളില്‍ തന്നെ തുടരേണ്ടി വരുന്നത് അവരുടെ ദുരിതങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന ആശങ്ക മുഖ്യമന്ത്രി രേഖപ്പെടുത്തി.
അതിഥി തൊഴിലാളികളെ കേരളത്തില്‍ നിന്നു കൊണ്ടു പോകാന്‍ ഏര്‍പ്പെടുത്തുന്ന നോണ്‍-സ്റ്റോപ് ശ്രമിക് എക്സ്പ്രസ്സുകള്‍ തിരികെയെത്തുമ്പോള്‍ അതില്‍ മലയാളികളെ കൊണ്ടുവരാനുള്ള നടപടി സ്വീകരിക്കണമെന്ന് പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഇതിനായി സംസ്ഥാനം തിരിച്ചുള്ള മലയാളികളുടെ പട്ടികയും അദ്ദേഹം കത്തിനൊപ്പം കൈമാറി. ജന്മനാട്ടിലെത്താനാവാതെ ദുരിതവും മാനസികസമ്മര്‍ദ്ദവും അനുഭവിക്കുന്ന മലയാളികള്‍ക്ക് സാമൂഹിക അകലം ഉറപ്പാക്കിയുള്ള യാത്രയ്ക്ക് അവസരമൊരുക്കുന്ന നോണ്‍ സ്റ്റോപ്പ് ട്രെയിനുകള്‍ അനുവദിക്കണം എന്ന് അഭ്യര്‍ത്ഥിച്ചാണ് പ്രധാനമന്ത്രിക്കുള്ള കത്ത് മുഖ്യമന്ത്രി അവസാനിപ്പിക്കുന്നത്.

മെയ് 5ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പിണറായി വിജയന്‍ അയച്ച കത്തിനും പ്രാധാന്യമേറെയാണ്. വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലായി കുടുങ്ങിക്കിടക്കുന്ന 1,177 മലയാളി വിദ്യാര്‍ത്ഥികളെ ഡല്‍ഹിയിലെത്തിച്ച ശേഷം അവിടെ നിന്ന് പ്രത്യേക ട്രെയിനില്‍ കേരളത്തിലെത്തിക്കാനുള്ള ശ്രമമാണ് ഇതില്‍ നടത്തുന്നത്. പ്രത്യേക ട്രെയിനിന് ആവശ്യമുന്നയിക്കേണ്ടത് യാത്ര ആരംഭിക്കുന്ന സംസ്ഥാനമാണ് എന്നതിനാലാണ് ഇതു സംബന്ധിച്ച് കെജ്രിവാളിനോടുള്ള പിണറായിയുടെ അഭ്യര്‍ത്ഥന ഉണ്ടായത്.

ഡല്‍ഹിയില്‍ 723, പഞ്ചാബില്‍ 348, ഹരിയാണയില്‍ 89, ഹിമാചല്‍ പ്രദേശില്‍ 17 എന്നിങ്ങനെയാണ് കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാര്‍ത്ഥികളുടെ കണക്ക്. ഇതില്‍ പഞ്ചാബ്, ഹരിയാണ, ഹിമാചല്‍ എന്നിവിടങ്ങളില്‍ കുടുങ്ങിയ കുട്ടികളെ റോഡ് മാര്‍ഗ്ഗം ഡല്‍ഹിയിലെത്തിക്കാനായിരുന്നു പരിപാടി. ഈ കുട്ടികള്‍ക്കു കൂടി ഡല്‍ഹിയിലെത്തി യാത്ര ആരംഭിക്കാവുന്ന വിധത്തില്‍ ട്രെയിനിന്റെ തീയതി നിശ്ചയിക്കണമെന്നും പിണറായി അഭ്യര്‍ത്ഥിച്ചു.

മലയാളി വിദ്യാര്‍ത്ഥികളുടെ യാത്ര സംബന്ധിച്ച് പഞ്ചാബ്, ഹരിയാണ, ഹിമാചല്‍ മുഖ്യമന്ത്രിമാര്‍ക്കും താന്‍ കത്തയയ്ക്കുന്നുണ്ടെന്ന് കെജ്രിവാളിനുള്ള കത്തില്‍ പിണറായി അറിയിച്ചിട്ടുണ്ട്. റെയില്‍വേ മന്ത്രാലയവുമായി ബന്ധപ്പെട്ട് ട്രെയിന്‍ ഏര്‍പ്പെടുത്തിയ ശേഷം തീയതി പെട്ടെന്നു തന്നെ അറിയിച്ചാല്‍ പഞ്ചാബ്, ഹരിയാണ, ഹിമാചല്‍ സര്‍ക്കാരുകളുമായി ഏകോപനം എളുപ്പമായിരിക്കുമെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു.

ഇതിന്റെ തുടര്‍ച്ചയായി മെയ് 5നു തന്നെ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്, ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂര്‍ എന്നിവര്‍ക്കും പിണറായി വിജയന്‍ കത്തയച്ചു. കെജ്രിവാളടക്കം എല്ലാ മുഖ്യമന്ത്രിമാരെയും നേരിട്ട് ഫോണില്‍ വിളിച്ചു സംസാരിക്കുകയും ചെയ്തുവെന്ന് ഇതു സംബന്ധിച്ച് സെക്രട്ടേറിയറ്റിലുള്ള തുടര്‍ഫയലില്‍ “as per the conversation with..” എന്നു രേഖപ്പെടുത്തയിരിക്കുന്നതില്‍ നിന്നു മനസ്സിലാക്കാം. മുഖ്യമന്ത്രിയുടെ സന്ദേശത്തിന്റെ തുടര്‍നടപടികള്‍ സ്വീകരിച്ചിരിക്കുന്നത് കോവിഡ് കണ്‍ട്രോള്‍ റൂമില്‍ ഇന്റര്‍ സ്റ്റേറ്റ് ട്രാന്‍സിറ്റിന്റെ മേല്‍നോട്ടച്ചുമതല വഹിക്കുന്ന നോഡല്‍ ഓഫീസറും പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ബിശ്വനാഥ് സിന്‍ഹയാണ്.
മുഖ്യമന്ത്രി സംസാരിക്കുകയും കത്തയയ്ക്കുകയും ചെയ്തതിന്റെ തുടര്‍ച്ചയായുള്ള നടപടികള്‍ ഫയലില്‍ മാത്രമല്ല നീങ്ങുന്നത്. ഫോണ്‍ സംഭാഷണം മുഖേനയും വാട്ട്സാപ്പ് സന്ദേശം മുഖേനയുമെല്ലാം ഈ കോവിഡ് കാലത്ത് ഭരണനടപടികള്‍ മുന്നോട്ടുനീങ്ങുന്നുണ്ട്. ഇതു മനസ്സിലാക്കാതെയാണ് ചില ഫയലുകള്‍ പൊക്കിപ്പിടിച്ച് ചില കേന്ദ്രങ്ങള്‍ വാര്‍ത്തകള്‍ “സൃഷ്ടിക്കുന്നത്”. സ്ഥാപിത താല്പര്യക്കാര്‍ ഇത്തരത്തില്‍ “സൃഷ്ടിക്കുന്ന” വാര്‍ത്തകള്‍ ചില മാധ്യമങ്ങള്‍ അവരുടേതാക്കി മാറ്റി ചര്‍ച്ചകളും വിവാദങ്ങളും സൃഷ്ടിക്കുന്നു. ഇത്തരമൊരു വിവാദമാണ് പഞ്ചാബില്‍ നിന്നുള്ള കത്തിന് മറുപടി നല്‍കിയില്ല എന്നതിലും ഉണ്ടായത്. മനോരമ തുടങ്ങി വെച്ചത് പിന്നീട് പലരും ഏറ്റെടുത്തു.
മെയ് 5ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അങ്ങോട്ടയച്ച കത്തിന്റെ തുടര്‍ച്ചയായാണ് മെയ് 7ന് പഞ്ചാബ് ഇങ്ങോട്ടൊരു മറുപടി അയയ്ക്കുന്ന സാഹചര്യമുണ്ടായത്. ഫോണിലൂടെയും വാട്ട്സാപ്പിലൂടെയുമെല്ലാം നടക്കുന്ന ചര്‍ച്ചയ്ക്കിടെയാണ് ഇത്തരമൊരു കത്തു വരുന്നത്. ഈ കത്തില്‍ മെയ് 12ന് ട്രെയിന്‍ അയയ്ക്കാന്‍ ശ്രമിക്കുന്നു എന്നു പറഞ്ഞിട്ടുണ്ടെങ്കിലും ഇന്ന് മെയ് 18 ആയിട്ടും പഞ്ചാബിന് അതില്‍ തീരുമാനമുണ്ടാക്കാനായിട്ടില്ല എന്നതാണ് രസം. ഇത്തരത്തില്‍ തീരുമാനമാവാത്ത ട്രെയിന്‍ കേരളത്തിലേക്കു വരാന്‍ അനുമതി കൊടുത്തില്ല എന്നായിരുന്നു മെയ് 14ന് വാര്‍ത്താപ്രളയം.

പഞ്ചാബില്‍ കുടുങ്ങിയവരെ ബസ് മാര്‍ഗ്ഗം ഡല്‍ഹിയിലെത്തിച്ച് അവിടെ നിന്നുള്ള പ്രത്യേക ട്രെയിനില്‍ കൊണ്ടുവരാമെന്ന നിര്‍ദ്ദേശമാണ് പഞ്ചാബ് മുഖ്യമന്ത്രിക്കയച്ച കത്തില്‍ കേരള മുഖ്യമന്ത്രി മുന്നോട്ടു വെച്ചിരുന്നത്. എന്നാല്‍, ജലന്ധറില്‍ നിന്ന് കൊച്ചിയിലേക്ക് നേരിട്ട് പ്രത്യേക ട്രെയിനോടിക്കാന്‍ ശ്രമിക്കണമെന്നായിരുന്നു പഞ്ചാബിന്റെ അഭിപ്രായം. കാരണം തങ്ങളുടെ അധികാരപരിധിക്കുള്ളിലെ പൗരന്മാരുടെ സുരക്ഷിത യാത്ര ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം പഞ്ചാബിനാണല്ലോ. മാത്രമല്ല ട്രെയിന്‍ തിരിച്ചു പോകുമ്പോള്‍ കേരളത്തിലും കര്‍ണ്ണാടകയിലും കുടുങ്ങിയ പഞ്ചാബികളെ നാട്ടിലെത്തിക്കാമെന്നും അവര്‍ കണക്കുകൂട്ടി.
ഒടുവില്‍ ജലന്ധറില്‍ നിന്ന് കൊച്ചിയിലേക്ക് ട്രെയിന്‍ എന്നു തന്നെ ചര്‍ച്ചകളില്‍ ധാരണയായി. എന്നാല്‍, തീയതി സംബന്ധിച്ച് അന്തിമ തീരുമാനമായില്ല. Tentative Train Itinerary അഥവാ ട്രെയിന്‍ യാത്രയ്ക്കുള്ള സാദ്ധ്യതാ തീയതി എന്നു പറഞ്ഞാണ് മെയ് 12ന് ജലന്ധറില്‍ നിന്ന് ബംഗളൂരു വഴി കൊച്ചിയില്‍ മെയ് 14ന് എത്തും എന്ന് പഞ്ചാബിന്റെ കത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, ചാനലുകളില്‍ വാര്‍ത്ത വന്നപ്പോള്‍ മെയ് 12ന് ഉറപ്പായും പുറപ്പെടാനിരുന്ന ട്രെയിന്‍ കേരളം അനുവദിക്കാത്തതു നിമിത്തം വന്നില്ല എന്നായി!! Tentative എന്നാല്‍ not certain or fixed എന്നാണ് അര്‍ത്ഥമെന്ന് ഓക്സ്ഫഡ് ഡിക്ഷണറി പറയുന്നു. മലയാളത്തില്‍ താല്‍ക്കാലികം അഥവാ അന്തിമമല്ലാത്ത എന്നര്‍ത്ഥം. എന്നാല്‍ Tentative എന്ന വാക്കിനെ ഇത്രമാത്രം ഉറപ്പിക്കാമെന്ന് അന്നാണ് മനസ്സിലായത്.

വാര്‍ത്ത വിവാദമായപ്പോള്‍ തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റില്‍ നിന്ന് ചണ്ഡിഗഢിലെ പഞ്ചാബ് സെക്രട്ടേറിയറ്റിലേക്ക് വിളി പോയി. ട്രെയിനിന്റെ തീയതി അന്തിമ തീരുമാനമായിട്ടില്ല എന്നു തന്നെയായിരുന്നു അപ്പോഴും അവിടെ നിന്നുള്ള മറുപടി. കത്തു തന്നില്ല എന്നു പറഞ്ഞ് കേരളത്തില്‍ വിവാദമായിരിക്കുകയാണെന്നും ട്രെയിന്‍ വരുന്നതിന് സമ്മതമറിയിച്ചുകൊണ്ട് കത്തു തരാന്‍ തീരുമാനിച്ചുവെന്നും കേരളം അങ്ങോട്ട് അറിയിച്ചു. പഞ്ചാബിനെ അമ്പരപ്പിച്ചുകൊണ്ട് അന്നു തന്നെ കത്തയ്ക്കുകയും ചെയ്തു. അനുവദിക്കാത്ത ട്രെയിന്‍ താമസിയാതെ അനുവദിക്കപ്പെടും എന്ന സങ്കല്പത്തില്‍ കേരളം പഞ്ചാബിന് “അനുമതി” കൊടുത്തു. വിവാദമുണ്ടാക്കിയവര്‍ ബോധപൂര്‍വ്വം മറച്ചുവെച്ച കാര്യമുണ്ട് -പഞ്ചാബ് ഇങ്ങോട്ട് കത്തയച്ചതല്ല, അങ്ങോട്ടയച്ച കത്തിന് മറുപടി തന്നതാണ്.
മെയ് 13ന് കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അയച്ച കത്തിനെ വളച്ചൊടിച്ച് മാതൃഭൂമി ചെയ്ത വാര്‍ത്തയെ അവസാനം മുഖ്യമന്ത്രിക്കു തന്നെ പരാമര്‍ശിക്കേണ്ടി വന്നു. കോവിഡ് കാലത്ത് സൂക്ഷിക്കുന്ന മിതത്വത്തിന്റെ ഭാഗമായി ചാനലിന്റെ പേരു പറയാനോ വിമര്‍ശിക്കാനോ തയ്യാറാവാതെ തെറ്റായ വാര്‍ത്ത നല്‍കരുത് എന്ന് അഭ്യര്‍ത്ഥിക്കുക മാത്രമാണ് പിണറായി ചെയ്തത്. ലോക്ക്ഡൗണില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മാത്രമായി പ്രത്യേക തീവണ്ടി വേണ്ടെന്ന് കേരളം പറഞ്ഞുവെന്നായിരുന്നു ചാനല്‍ വാര്‍ത്ത. എന്നാല്‍, പീയുഷ് ഗോയലിനയച്ച കത്തില്‍ അത്തരമൊരു പരാമര്‍ശം ഭൂതക്കണ്ണാടി വെച്ചു നോക്കിയിട്ടും കണ്ടെത്താനായില്ല.

പീയുഷ് ഗോയലിനയച്ച ഈ കത്ത് ഇതരസംസ്ഥാനങ്ങളിലെ മലയാളികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. 1,200 യാത്രക്കാര്‍ തികഞ്ഞാല്‍ മാത്രമേ റെയില്‍വേ സ്പെഷല്‍ ട്രെയിന്‍ ഓടിക്കാന്‍ തയ്യാറാവുകയുള്ളൂ. ഇത്തരത്തില്‍ ട്രെയിനുകള്‍ ഓടിക്കുന്നതിന് കേരളം caution deposit അഥവാ നിരതദ്രവ്യം കെട്ടിവെയ്ക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഈ കത്തിലൂടെ അറിയിച്ചു. മാത്രമല്ല, ട്രെയിനില്‍ യാത്രക്കാര്‍ 1,200ല്‍ കുറവാണെങ്കില്‍ ഒഴിഞ്ഞുകിടക്കുന്ന ബെര്‍ത്തുകളുടെ നിരക്ക് കേരളത്തിന്റെ നിരതദ്രവ്യത്തില്‍ നിന്നെടുത്തു നഷ്ടം നികത്തിക്കൊള്ളാനും റെയില്‍വേയോട് പറഞ്ഞിരുന്നു. അതാണ് വിദ്യാര്‍ത്ഥികള്‍ക്കു മാത്രമായി പ്രത്യേക വണ്ടി വേണ്ട എന്നായി ചാനല്‍ വാര്‍ത്തയില്‍ മാറിയത്.
കത്തുകളും ഫയലുകളുമെല്ലാം നോക്കിക്കഴിയുമ്പോള്‍ മനസ്സിലുണര്‍ന്ന ചിന്ത ഈ വസ്തുതകളൊക്കെ എന്തുകൊണ്ട് ജനങ്ങളുടെ മുന്നില്‍ പറയുന്നില്ല എന്നതാണ്. ഭഗവദ് ഗീതയില്‍ പറഞ്ഞിട്ടുള്ളത് ഇപ്പോള്‍ പിണറായി വിജയന്‍ പ്രാവര്‍ത്തികമാക്കുകയാണ് എന്നു തോന്നുന്നു. ‘കര്‍മ്മണ്യേ വാധികാരസ്തേ, മാ ഫലേഷു കദാചനാ’ – പ്രതിഫലം ഇച്ഛിക്കാതെ കര്‍മ്മം ചെയ്യുക. കര്‍മ്മം ആണ് പ്രധാനം. അതിനു ലഭിക്കേണ്ട ഫലം എന്ത് തന്നെ ആയാലും അത് നമ്മളെ തേടി വരും. അതെ, പിണറായി വിജയന് അതു വ്യക്തമായറിയാം.