HomeJOURNALISMകളവ് എന്ന മഹാ...

കളവ് എന്ന മഹാമാരി

-

Reading Time: 8 minutes

ലോകത്ത് കളവ് എന്നത് പുതിയൊരു വെല്ലുവിളിയായി മാറിയിരിക്കുന്നു. കളവിന്റെ മതില്‍ നമുക്കുചുറ്റും അനുദിനം കൂടുതല്‍ ഉയരത്തിലും വണ്ണത്തിലും നിര്‍മ്മിക്കപ്പെടുന്നു. ഈ വന്മതില്‍ ഭേദിക്കുക അത്ര എളുപ്പമല്ല. വാട്ട്സാപ്പ് സര്‍വ്വകലാശാല വഴി പല തരത്തിലുള്ള കള്ളങ്ങള്‍ നമുക്കു മുന്നിലെത്തിക്കൊണ്ടേയിരിക്കുന്നു. ആ കള്ളങ്ങള്‍ പലരും വിശ്വസിക്കുകയും ചെയ്യുന്നു. ജാതി, മതം, രാഷ്ട്രം, വ്യക്തി, പദ്ധതി, ഇതിഹാസം എന്നിങ്ങനെ എല്ലാത്തിനെയുംപറ്റി കളവിന്റെ പുതിയ അദ്ധ്യായങ്ങള്‍ എഴുതിച്ചേര്‍ത്തുകൊണ്ടിരിക്കുന്നു.

ലോകത്ത് ഏതെങ്കിലും രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കളവിന്റെ പുഷ്കലകാലമാണ്. കളവ് പിടിക്കാനും പൊളിക്കാനും മാധ്യമപ്രവര്‍ത്തകരും സാധാരണജനങ്ങളും പ്രത്യേക ശ്രദ്ധ പുലര്‍ത്താറുമുണ്ട്. പക്ഷേ, അതിനെല്ലാം ഒരു പരിധിയുണ്ട് എന്നതാണ് സത്യം. രാഷ്ട്രീയ പാര്‍ട്ടികള്‍ കളവ് പ്രചരിപ്പിക്കാനുള്ള തന്ത്രങ്ങള്‍ വളരെയേറെ ശക്തിപ്പെടുത്തിയിരിക്കുന്നു. ഇത്തരം കളവുകള്‍ തുറന്നുകാണിക്കാനുള്ള ആര്‍ജ്ജവം മുഖ്യധാരാ മാധ്യമങ്ങള്‍ പ്രകടിപ്പിക്കുക എന്നതു മാത്രമാണ് ഈ പ്രശ്നത്തിനുള്ള പോംവഴി. പക്ഷേ, ഇന്ത്യയിലെ മാധ്യമങ്ങള്‍ക്ക് എന്തുകൊണ്ടോ അതു സാധിക്കുന്നില്ല. അതിനു പകരം കളവിന്റെ രാഷ്ട്രീയതന്ത്രം വിജയിപ്പിക്കുന്നതിന് അവരും കൂട്ടുനില്‍ക്കുകയാണ്.

കളവിന്റെ ഈ വ്യാപനം വായനക്കാരന്റെയും പ്രേക്ഷകന്റെയും ചുമതലകള്‍ മാറ്റിമറിച്ചിരിക്കുന്നു. വാര്‍ത്ത വായിക്കുന്നതു കൊണ്ട് വായനക്കാരനും കാണുന്നതു കൊണ്ട് പ്രേക്ഷകനും ആവില്ല. ചിന്തിക്കുകയും വിലയിരുത്തുകയും കൂടി ചെയ്താലേ വായനക്കാരനോ പ്രേക്ഷകനോ ഒക്കെ ആവാനാവുകയുള്ളൂ എന്നാണ് ഇന്നത്തെ സ്ഥിതി. ലോകത്ത് നാലു ചുറ്റും കളവിന്റെ കൂടാരം തീര്‍ത്ത് അതില്‍ ചുവടുറപ്പിച്ച ചില പുതിയ നേതാക്കള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍, വളരെയധികം ശക്തരായ അവരെ വിമര്‍ശിക്കാന്‍ മുതിരുന്നത് സ്വയം കുഴിയില്‍ ചാടുന്നതിനു തുല്യമാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടു ട്വീറ്റുകളില്‍ തെറ്റായ വിവരങ്ങളാണുള്ളത് എന്നു പറഞ്ഞ ട്വിറ്ററിനുണ്ടായ അനുഭവം തന്നെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം. അമേരിക്കയില്‍ സമൂഹമാധ്യമങ്ങള്‍ക്കാകെ നിയന്ത്രണമേര്‍പ്പെടുത്തുന്ന പുതിയ നിയമത്തില്‍ ഒപ്പുവെച്ചുകൊണ്ടാണ് ട്രംപ് തിരിച്ചടിച്ചത്. ഇന്ത്യയിലും ഇത്തരം ഉദാഹരണങ്ങള്‍ നമുക്ക് കാണാം. ഗുജറാത്തില്‍ കോവിഡ് പ്രതിരോധം പാളിയതിന്റെ പേരില്‍ ഭരണനേതൃത്വത്തില്‍ മാറ്റം പ്രവചിച്ചതിന് ‘ഫേസ് ഓഫ് നേഷന്‍’ എന്ന ന്യൂസ്പോര്‍ട്ടലിന്റെ എഡിറ്ററ്‍ ധവല്‍ പട്ടേലിന് രാജ്യദ്രോഹക്കുറ്റം നേരിടേണ്ടി വന്നത് ദിവസങ്ങള്‍ക്കു മുമ്പു മാത്രമാണല്ലോ!!

ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങള്‍ കളവിനോടു പുലര്‍ത്തുന്ന നിസ്സംഗത എത്രമാത്രം ഭീകരമാണെന്ന് മറ്റു ജനാധിപത്യ രാഷ്ട്രങ്ങളിലെ മാധ്യമങ്ങളുടെ പ്രവര്‍ത്തനശൈലിയുമായി താരതമ്യം ചെയ്യുമ്പോഴാണ് വ്യക്തമാവുക. ഡൊണാള്‍ഡ് ട്രംപ് എത്ര കള്ളം പറയുന്നുവെന്ന കണക്ക് തന്നെ വാഷിങ്ടണ്‍ പോസ്റ്റ് കൃത്യമായി സൂക്ഷിക്കുകയും നിശ്ചിത ഇടവേളകളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. കഴിഞ്ഞ ഏപ്രില്‍ 14ന് വാഷിങ്ടണ്‍ പോസ്റ്റ് പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് ഏപ്രില്‍ 3 വരെ, അതായത് അധികാരത്തിലേറി 1,170 ദിവസം തികഞ്ഞപ്പോഴേക്കും 18,000 കള്ളങ്ങള്‍ ട്രംപ് പറഞ്ഞു. ഒരു ദിവസം ശരാശരി 15 കള്ളങ്ങള്‍ അമേരിക്കയുടെ ഇപ്പോഴത്തെ പ്രസിഡന്റ് പറയുന്നുവെന്ന്!! ഇന്ത്യയിലും ഇത്തരം കണക്കെടുപ്പ് സാദ്ധ്യമാണെങ്കിലും എണ്ണാന്‍ ഒരുങ്ങിയിറങ്ങുന്നവന്റെ ദിനങ്ങള്‍ എണ്ണപ്പെടുമെന്നു മാത്രം. അതിനാല്‍ത്തന്നെ ഇത്തരം കടുത്ത ദൗത്യങ്ങള്‍ക്കൊന്നും ഇന്ത്യയിലെ ‘വീരശൂര പരാക്രമികളായ’ മുഖ്യധാരാ മാധ്യമങ്ങള്‍ മുതിരാറില്ല.

കോവിഡ് 19 എന്ന മഹാമാരിയെ എങ്ങനെയും നേരിടാം. പക്ഷേ, അതിനെക്കാള്‍ വലിയ മാരിയാണ് വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്. ഏതൊരു സര്‍ക്കാരിന്റെയും പ്രയത്നങ്ങളെ പാഴാക്കുകയും അവരുടെ ആത്മവിശ്വാസം ഇല്ലാതാക്കുകയും ചെയ്യുന്നതില്‍ വ്യാജവാര്‍ത്തകള്‍ക്കു വലിയ പങ്കുണ്ട്. വളരെ കഷ്ടപ്പെട്ട് ദിവസങ്ങളുടെ പരിശ്രമത്തിനു ശേഷം ഉയര്‍ത്തിക്കൊണ്ടു വരുന്ന ഒരു പദ്ധതി നിമിഷാര്‍ദ്ധത്തില്‍ സൃഷ്ടിക്കപ്പെടുന്ന വ്യാജവാര്‍ത്ത തകര്‍ത്തെറിയും. അത്തരം എത്രയോ ഉദാഹരണങ്ങള്‍ നമുക്കു മുന്നിലുണ്ട്. വാര്‍ത്തയേത് വ്യാജവാര്‍ത്തയേത് എന്നു ജനങ്ങള്‍ക്കു തിരിച്ചറിയാനാവാത്ത അവസ്ഥയിലായി കാര്യങ്ങള്‍ എന്നതാണ് കോവിഡ് കാല മാധ്യമപ്രവര്‍ത്തനത്തിന്റെ ബാക്കിപത്രം. സമൂഹമാധ്യമങ്ങളില്‍ മാത്രമല്ല, മുഖ്യധാരാ മാധ്യമങ്ങളിലും വ്യാജവാര്‍ത്തകള്‍ സ്ഥാനം പിടിക്കുന്നു എന്നത് ഈ കാലത്തിന്‍റെ ദുരന്തമാണ്. ഒരു വാര്‍ത്ത അടിപടലം പൊളിഞ്ഞു വീഴുമ്പോഴാണ് അതൊരു വ്യാജവാര്‍ത്തയായിരുന്നു എന്നു മനസ്സിലാവുക തന്നെ. എന്നാലും, ആദ്യം വാര്‍ത്ത വന്നപ്പോള്‍ അതു സ്വീകരിച്ചവരുടെ 10 ശതമാനത്തിലേക്കു പോലും അതിന്റെ യഥാര്‍ത്ഥ സത്യം എത്തുന്നില്ല എന്നതാണ് വസ്തുത. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവരുടെ വലിയ ബലം ഇതാണ്. സത്യം ചെരുപ്പിടുമ്പോഴേക്കും കള്ളം ലോകത്തിനു നാലു വലതും വെച്ചിട്ടുണ്ടാവും എന്നാണല്ലോ പ്രമാണം.

വാട്ട്സാപ്പാണ് വ്യാജവാര്‍ത്തകളുടെ പ്രധാന പ്രഭവകേന്ദ്രം. ഒരാളുടെ പേരിലല്ലാതെ അജ്ഞാതനായി നിന്നുകൊണ്ടു തന്നെ കള്ളങ്ങള്‍ അനായാസം സമൂഹത്തില്‍ പടര്‍ത്തിവിടാനാവും എന്നതു തന്നെയാണ് മെച്ചം. ഇത്തരം വ്യാജവാര്‍ത്തകളുടെ ഉത്ഭവകേന്ദ്രം എന്ന നിലയിലാണ് വാട്ട്സാപ്പ് സര്‍വ്വകലാശാല എന്നൊരു പ്രയോഗം തന്നെ ഭാഷയില്‍ ഉടലെടുത്തത്. പ്രമുഖര്‍ തന്നെ വാട്ട്സാപ്പിലെ പോള്‍ ഹേലിമാരുടെ കുറിപ്പുകള്‍ക്ക് പ്രചാരം നല്‍കുന്ന സ്ഥിതിയുള്ളപ്പോള്‍ സാധാരണക്കാരുടെ കാര്യം പറയേണ്ടതില്ലല്ലോ! കോവിഡ് 19ന് പ്രതിരോധ മരുന്നോ വ്യക്തമായ ചികിത്സാരീതിയോ ശാസ്ത്രലോകം കണ്ടെത്തിയിട്ടില്ലെങ്കിലും വാട്ട്സാപ്പിലും ഫേസ്ബുക്കിലുമൊക്കെ മരുന്നുണ്ട്, ചികിത്സയുണ്ട്, രോഗശാന്തിയുമുണ്ട്.

പല തരത്തിലുള്ള പ്രചാരണങ്ങള്‍ കോവിഡുമായി ബന്ധപ്പെട്ട് കണ്ടു. കഞ്ചാവ് ഉപയോഗിച്ചാല്‍ കോവിഡിനെ അകറ്റി നിര്‍ത്താം എന്ന പ്രചാരം ആഗോളതലത്തില്‍ തന്നെ വളരെ ശ്രദ്ധേയമായ ഒന്നാണ്. ശ്രീലങ്കയില്‍ നിന്നു പ്രചാരണം തുടങ്ങിയ ഈ വിവരം ശരിയല്ല എന്നു ബോദ്ധ്യപ്പെടുത്താന്‍ ലോകാരോഗ്യ സംഘടന ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ക്ക് നന്നായി കഷ്ടപ്പെടേണ്ടി വന്നു. ഇന്ത്യയിലാദ്യത്തെ കോവിഡ് രോഗിയെ ജനുവരി 30ന് കേരളത്തില്‍ തിരിച്ചറിഞ്ഞതിനു പിന്നാലെ തന്നെ രാജ്യത്തെ സമൂഹമാധ്യമ ഇടം രോഗപ്രതിരോധ സംവിധാനങ്ങള്‍ കൊണ്ടു നിറഞ്ഞു. വിറ്റമിന്‍ -സി കൊറോണയെ തുരത്തുമെന്നതായിരുന്നു പ്രചരിപ്പിക്കപ്പെട്ട വ്യാജസന്ദേശങ്ങളിലൊന്ന്. ചൂടുവെള്ളത്തില്‍ നാരങ്ങ പിഴിഞ്ഞു കുടിക്കുന്നത് നല്ല പ്രതിരോധമാര്‍ഗ്ഗമാണെന്ന വ്യാജസന്ദേശം ഉണ്ടാക്കി പ്രചരിപ്പിച്ചത് പ്രശസ്ത ഡോക്ടറായ ദേവി ഷെട്ടിയുടെ പേരിലാണ്. ഉപ്പുവെള്ളം തൊണ്ടയില്‍ കൊള്ളുക, ആവിപിടിക്കുക, ഇഞ്ചി ചേര്‍ത്ത നാരങ്ങ വെള്ളം കുടിക്കുക എന്നിവയെല്ലാം കോവിഡ് പ്രതിരോധമായി ഫേസ്ബുക്കില്‍ അവതരിപ്പിക്കപ്പെടുകയും ധാരാളം ആളുകള്‍ ഇതു വിശ്വസിച്ച് പരീക്ഷണം നടത്തുകയും ചെയ്തു.

ഗോമൂത്രത്തിന് കൊറോണയെ പ്രതിരോധിക്കാനുള്ള സവിശേഷ കഴിവുണ്ടെന്ന് ചിലര്‍ പ്രചരിപ്പിച്ചതാണ് ഈ ഗണത്തില്‍ ഏറ്റവും ആസൂത്രിതമായത്. ചില കേന്ദ്രങ്ങളില്‍ ഗോമൂത്രപാന സദസ്സുകളും സംഘടിപ്പിക്കപ്പെട്ടു. ഇതിന്റെ അപകടം എത്ര വലുതാണെന്നു തിരിച്ചറിഞ്ഞ ഐ.സി.എം.ആര്‍. തന്നെ ഇത്തരം വ്യാജപ്രചാരണങ്ങള്‍ തള്ളിക്കളയാന്‍ തയ്യാറാവണമെന്ന ആഹ്വാനവുമായി രംഗത്തുവന്നു. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് അപകടങ്ങള്‍ വരുത്തിവെയ്ക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രശ്നം. ദാതുര എന്ന ചെടിയുടെ വിഷക്കായയ്ക്ക് കോവിഡിനെ പ്രതിരോധിക്കാന്‍ ശേഷിയുണ്ടെന്ന വാര്‍ത്ത പ്രചരിച്ചത് ടിക്ക് ടോക്കിലാണ്. ഈ വിഷക്കായ കഴിച്ച 12 പേര്‍ ആന്ധ്ര പ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ ആശുപത്രിയിലായി. 5 ജി മൊബൈല്‍ ടവറുകളാണ് കൊറോണ വൈറസ് വ്യാപിപ്പിക്കുന്നതെന്ന് സമൂഹമാധ്യമങ്ങളിലുണ്ടായ വ്യാജ പ്രചാരണം കണ്ടു ഭയന്ന ബ്രിട്ടനിലെ ജനങ്ങള്‍ ടെലികമ്മ്യൂണിക്കേഷന്‍ ടവറുകള്‍ അഗ്നിക്കിരയാക്കി. ഫേസ്ബുക്ക്, യു ട്യൂബ് എന്നിവ വഴിയാണ് ഈ വാര്‍ത്ത പ്രചരിപ്പിച്ചത്. ഇതിന്റെ ഫലമായി ബര്‍മിങ്ങാം, ലിവര്‍പൂള്‍, മെല്ലിങ്, മെര്‍സിസൈഡ് എന്നിവിടങ്ങളിലെ ടവറുകള്‍ തീയിട്ടത് ഈ മേഖലയിലെ അവശ്യസര്‍വ്വീസുകളും കോവിഡ് പ്രതിരോധവും താറുമാറാകുന്നതിനു കാരണമായി.

ലോക്ക്ഡൗണ്‍ നീട്ടുന്നതും പിന്‍വലിക്കുന്നതും സംബന്ധിച്ചു വന്ന വ്യാജവാര്‍ത്തകള്‍ക്ക് കൈയും കണക്കുമില്ല. ഒക്ടോബര്‍ 15 വരെ ലോക്ക്ഡൗണ്‍ നീട്ടുമെന്നൊക്കെ സന്ദേശങ്ങള്‍ ചിലര്‍ പ്രചരിപ്പി ച്ചു. സത്യാവസ്ഥയറിയാന്‍ പരിഭ്രാന്തരായി മാധ്യമസ്ഥാപനങ്ങളിലേക്ക് ഫോണ്‍വിളിയുടെ ബഹളമായിരുന്നു. കൊറോണയ്ക്ക് ഹോമിയോ മരുന്ന് കണ്ടുപിടിച്ചു, തൊണ്ട നനച്ചുകൊണ്ടിരുന്നാല്‍ കൊറോണ വരില്ല, മദ്യപിച്ചാല്‍ കൊറോണ വൈറസ് നശിക്കും എന്നിവയെല്ലാം ഹിറ്റായ കൊറോണ സന്ദേശങ്ങളാണ്. കോവിഡ് പ്രതിരോധിക്കാന്‍ ചുക്ക് കാപ്പി കുടിക്കാനും ആവി പിടിക്കാനും ആഹ്വാനം ചെയ്ത് കോഴിക്കോട് ജില്ലാ കളക്ടര്‍ സാംബശിവ റാവുവിന്റെ പേരില്‍ പടച്ചുവിട്ട വ്യാജസന്ദേശത്തിനെതിരെ ഒടുവില്‍ അദ്ദേഹത്തിനു തന്നെ പൊലീസില്‍ പരാതി നല്‍കേണ്ടിവന്നു.

വന്‍ സാമ്പത്തികനഷ്ടം വരുത്തി വെച്ച കുപ്രചാരണങ്ങളുമുണ്ട്. കോഴിയിറച്ചി തിന്നുന്നത് കോവിഡിനു കാരണമാകുമെന്ന പ്രചാരണമായിരുന്നു ഇതിലേറ്റവും വലുത്. ആളുകള്‍ കോഴിയിറച്ചി തിന്നാതായതോടെ വ്യവസായം തകര്‍ന്നു. രോഗം ഭയന്ന് കോഴി കര്‍ഷകര്‍ തങ്ങളുടെ പക്കലുണ്ടായിരുന്ന കോഴികളെ കൂട്ടത്തോടെ കൊന്നൊടുക്കി. ചിലര്‍ കോഴികളെ സ്വതന്ത്രരായി തുറന്നുവിട്ടു. പ്രാഥമിക കണക്കുകള്‍ പ്രകാരം ഈ കള്ളക്കഥ പോള്‍ട്രി വ്യവസായത്തിനു വരുത്തിവെച്ച നഷ്ടം 2,000 കോടി രൂപയുടേതാണ്.

കിട്ടുന്ന വിവരങ്ങള്‍ ശരിയാണോ എന്നു വിലയിരുത്തുന്നതു പോയിട്ട് അങ്ങനെ ചിന്തിക്കാന്‍ പോലും തയ്യാറാവാതെ അപ്പോള്‍ത്തന്നെ ആളുകള്‍ വാട്ട്സാപ്പിലും ഫേസ്ബുക്കിലും ട്വിറ്ററിലുമെല്ലാം ഫോര്‍വേഡ് ചെയ്യുകയാണ്. വര്‍ഗ്ഗീയമായ ചേരിതിരിവുകള്‍ സൃഷ്ടിക്കാനും ഈ രോഗാവസ്ഥ വാര്‍ത്താ രൂപത്തില്‍ ഉപയോഗപ്പെടുത്തിയത് നമ്മള്‍ കണ്ടു. ഡല്‍ഹിയിലെ തബ് ലീഗ് സമ്മേളമാണ് ഇന്ത്യയില്‍ കോവിഡ് വിതച്ചത് എന്നായിരുന്നു ഒരു ഘട്ടത്തിലെ പ്രചാരണം. പിന്നീട് തബ് ലീഗുകാര്‍ ചികിത്സയുമായി സഹകരിക്കുന്നില്ലെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്കു നേരെ തുപ്പിയും തുമ്മിയുമെല്ലാം രോഗാണു പരത്തുന്നുവെന്നുമൊക്കെ വാര്‍ത്തകള്‍ വന്നു. ഈ വീഡിയോകളെല്ലാം സമൂഹത്തില്‍ ചേരിതിരിവ് സൃഷ്ടിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഒരു രാഷ്ട്രീയകക്ഷി പടച്ചുവിട്ടതാണെന്നു പിന്നീട് തെളിഞ്ഞു. തബ് ലീഗുകാരുടെ ആചാരങ്ങള്‍ എന്നു പറഞ്ഞു പ്രചരിപ്പിക്കപ്പെട്ട ജുഗുപ്സാവഹമായ വീഡിയോകള്‍ക്ക് കൈയുംകണക്കുമുണ്ടായിരുന്നില്ല. കോവിഡ് പരത്താന്‍ പാത്രങ്ങള്‍ നക്കുന്നുവെന്നു പറഞ്ഞു തബ് ലീഗുകാരുടെ പേരില്‍ പ്രചരിപ്പിച്ച വീഡിയോ അതല്ലെന്നും ആഹാരം പാഴാക്കില്ലെന്ന ദാവൂദി ബോറ സമുദായത്തിന്റെ നിഷ്ഠ പ്രകടമാക്കുന്നതാണെന്നും മനസ്സിലാക്കിയവര്‍ വളരെ ചുരുക്കം മാത്രം. ഒടുവില്‍ ഇത്തരം പ്രചാരണങ്ങളെല്ലാം തെറ്റാണെന്നു പറയാനും വാര്‍ത്ത തന്നെ വേണ്ടി വന്നു. പക്ഷേ, തബ് ലീഗിനെ പ്രതിസ്ഥാനത്തു നിര്‍ത്തിയ വാര്‍ത്തകള്‍ കണ്ട എത്ര പേര്‍ സത്യാവസ്ഥ പുറത്തുകൊണ്ടുവന്ന മറുവാര്‍ത്ത കണ്ടിട്ടുണ്ട് എന്ന ചോദ്യം അവശേഷിക്കുന്നു.

ജനങ്ങളെ ലക്ഷ്യമിട്ടു മാത്രമല്ല വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടുന്നത്, സര്‍ക്കാരുകളെ ലക്ഷ്യമിട്ടുമുണ്ട്. രാഷ്ട്രീയലാഭമുണ്ടാക്കാന്‍ കോവിഡ് കാലത്തെ പ്രവര്‍ത്തനങ്ങള്‍ ഉപയോഗിക്കപ്പെട്ടു എന്ന സത്യത്തെ അതിന്റെ വികൃതരൂപത്തില്‍ സ്വീകരിക്കാന്‍ നമ്മള്‍ നിര്‍ബന്ധിതരായിരിക്കുന്നു. ശാസ്ത്രീയമായ ഒരു അടിത്തറയുമില്ലാത്ത കാര്യങ്ങള്‍ ജനങ്ങളെ പറഞ്ഞുവിശ്വസിപ്പിച്ച് സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്നത് ഒരു പക്ഷേ ഇന്ത്യയില്‍ തന്നെ ആദ്യം കണ്ടത് കേരളത്തിലാണ്. ചൂടില്‍ കൊറോണ വൈറസ് നശിച്ചുപോകും എന്ന് ശാസ്ത്രജ്ഞനായ പോള്‍ ഹേലി പറഞ്ഞിട്ടുണ്ട് എന്ന വാദമായിരുന്നു ഇതില്‍ ആദ്യത്തേത്. ആറ്റുകാല്‍ പൊങ്കാലയ്ക്കായി ഒത്തുചേരുന്ന ജനക്കൂട്ടത്തെ ന്യായീകരിക്കാനുണ്ടാക്കിയ ഈ വാദം പിന്നീട് പലരും ഏറ്റുപിടിച്ചു. 30 ഡിഗ്രിക്കു മുകളില്‍ ചൂടുള്ളിടത്ത് കൊറോണ നിലനില്‍ക്കില്ലെന്നും മാലിന്യക്കൂമ്പാരത്തില്‍ ജീവിക്കുന്ന ഇന്ത്യയിലെ ജനതയ്ക്ക് കൊറോണയെ പ്രതിരോധിക്കാന്‍ ശേഷിയുണ്ടെന്നും പറഞ്ഞ് സര്‍ക്കാരിന്റെ കൊറോണ പ്രതിരോധത്തെ അമിതാവേശമെന്നു വിമര്‍ശിച്ചത് കേരള പ്രതിപക്ഷ നിരയിലെ സമുന്നതരായ രണ്ടു നേതാക്കളാണ്.

കോവിഡ് കാലത്തെ വ്യാജവാര്‍ത്തകള്‍ കൈവരിച്ച രാഷ്ട്രീയമാനം കേരളത്തെ സംബന്ധിച്ചിടത്തോളം അത്ഭുതകരമല്ല. സ്പ്രിങ്ക്ളര്‍ എന്ന വാക്കുമായി ചേര്‍ത്തായിരുന്നു വ്യാജവാര്‍ത്തകളിലേറെയും. ഇതില്‍ പലതും പ്രധാന മാധ്യമങ്ങള്‍ തന്നെ സൃഷ്ടിച്ചുവിട്ടതാണ്. ഒരു പത്രം അച്ചടിക്കുന്ന വ്യാജ വാര്‍ത്ത അടിസ്ഥാനമാക്കി ഒരു പത്രസമ്മേളനം നടക്കുന്നു. ആ പത്രസമ്മേളനം അടിസ്ഥാനമാക്കി പുതിയൊരു വാര്‍ത്ത പത്രത്തില്‍ വരികയും ചാനലുകളില്‍ ചര്‍ച്ച നടക്കുകയും ചെയ്യുന്നു. ഇതനുസരിച്ചു വരുന്ന വ്യാജവിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നു. പത്രവും ചാനലും സമൂഹമാധ്യമങ്ങളും കാണുന്ന വ്യക്തി ഇതെല്ലായിടവും ഉള്ളതിനാല്‍ വിശ്വസിക്കാം എന്നു തീരുമാനിക്കുന്നു. അങ്ങനെ വ്യാജവാര്‍ത്ത സത്യവാര്‍ത്തയാവുന്ന സ്ഥിതിയായി. 87 ലക്ഷം റേഷന്‍ കാര്‍ഡുകളുടെ വിവരങ്ങള്‍ സ്പ്രിങ്ക്ളറിനു കൈമാറി എന്ന വാര്‍ത്ത തന്നെയാണ് ഏറ്റവും വലിയ ഉദാഹരണം. ആ വാര്‍ത്ത പൊളിഞ്ഞടുങ്ങിയതും ആരും ഉത്തരവാദിത്വം ഏല്ക്കാനില്ലാതെ അത് കുഴിച്ചുമൂടപ്പെട്ടതും നമ്മള്‍ കണ്ടു.

ഡാറ്റ മോഷണം, ഡാറ്റ വില്പന, ഫൈസറിന്റെ മരുന്നുപരീക്ഷണം, 200 കോടിയുടെ അഴിമതി, മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായി ബന്ധം -സ്പ്രിങ്ക്ളറുമായി ബന്ധപ്പെട്ട് വന്നതും വന്ന പോലെ പോയതുമായ വാര്‍ത്തകള്‍ക്ക് കൈയും കണക്കുമില്ല. ആരോപണങ്ങളുടെ ഫലമായി സ്പ്രിങ്ക്ളര്‍ കോടതിയും കയറി. എന്നാല്‍, പുറത്തുന്നയിക്കപ്പെട്ട ആരോപണങ്ങളൊന്നും എന്തുകൊണ്ടോ കോടതിയുടെ മുന്നില്‍ ആവര്‍ത്തിക്കാന്‍ ഉന്നയിച്ചവര്‍ തയ്യാറായില്ല. സ്പ്രിങ്ക്ളര്‍ കഴിഞ്ഞപ്പോള്‍ ഓട്ടോറിക്ഷക്കാരന്‍ ടെലിമെഡിസിന്‍ കമ്പനി നടത്തുന്നുവെന്നും അത് സ്പ്രിങ്ക്ളറിന്റെ ബിനാമിയാണെന്നുമായി വാര്‍ത്തയും ആരോപണവും. സര്‍ക്കാരുമായി സഹകരിക്കുന്ന ക്വിക്ക് ഡോക്ടര്‍ എന്ന ടെലിമെഡിസിന്‍ കമ്പനി ഉടമ ഒരു ഓട്ടോറിക്ഷ ക്കാരന്റെ മകനായിപ്പോയത് തെറ്റാണോ എന്ന ചോദ്യമുയര്‍ന്നതോടെ അതും പൊളിഞ്ഞു.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഓരോന്നായി പിന്‍വലിച്ചതോടെ വ്യാജവാര്‍ത്തകളുടെ പ്രചാരണം ശക്തിപ്പെട്ടു. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളികളെ കേരളത്തില്‍ എത്തിക്കുന്നതിന് ആര് മുന്‍കൈയെടുക്കണം എന്ന വിവാദമായിരുന്നു ഇതില്‍ ഏറ്റവും വലുത്. ഏതു സംസ്ഥാനത്തു നിന്നാണോ ട്രെയിന്‍ പുറപ്പെടുന്നത് ആ സംസ്ഥാനം മുന്‍കൈയെടുക്കണം എന്നാണ് റെയില്‍വേയുടെ സര്‍ക്കുലര്‍ പറയുന്നതെങ്കിലും മലയാളികളെ എത്തിക്കാന്‍ കേരളം മുന്‍കൈയെടുത്തില്ല എന്ന ആരോപണവുമായി എം.പിമാര്‍ അടക്കമുള്ളവര്‍ പത്രസമ്മേളനവുമായി രംഗത്തിറങ്ങി. അവരുടെ വാക്കുകള്‍ മുഖവിലയ്ക്കെടുത്ത ചില മാധ്യമപ്രവര്‍ത്തകര്‍ അതനുസരിച്ച് വാര്‍ത്തകളെഴുതി, രേഖകളോ വസ്തുതകളോ വിലയിരുത്താതെ തന്നെ. ഒടുവില്‍ സമൂഹമാധ്യമങ്ങളിലൂടെ രേഖകളും സത്യങ്ങളും പുറത്തുവന്നപ്പോഴാണ് ഈ കുപ്രചാരണത്തിന് അല്പമെങ്കിലും ശമനം വന്നത്. ട്രെയിന്‍ പുറപ്പെടുന്ന സംസ്ഥാനം മുന്‍കൈയെടുക്കണം എന്ന വ്യവസ്ഥയനുസരിച്ചു പ്രവര്‍ത്തിച്ച കേരളം ഇവിടെ നിന്ന് ഒരു ലക്ഷത്തിലധികം അതിഥി തൊഴിലാളികളെയാണ് വിവിധ സംസ്ഥാനങ്ങളിലേക്ക് യാത്രയാക്കിയത്. ഝാർഖണ്ഡ്, ബിഹാർ, ഒഡീഷ, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാൾ, ഛത്തീസ്ഗഢ്, ഉത്തരഘണ്ഡ്, രാജസ്ഥാൻ, മധ്യപ്രദേശ്, മണിപുർ, അരുണാചൽ പ്രദേശ്, സിക്കിം, മിസോറം, ജമ്മു കശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കെല്ലാം കേരളത്തില്‍ നിന്ന് അതിഥി തൊഴിലാളികള്‍ യാത്രയായി.

പ്രവാസികള്‍ എത്തുമ്പോള്‍ പ്രവേശനത്തിന് ഏര്‍പ്പെടുത്തിയ പാസ് സംബന്ധിച്ചും ബിവറേജസ് കോര്‍പ്പറേഷന്റെ ആപ്പ് സംബന്ധിച്ചുമെല്ലാം ഇത്തരം ആരോപണങ്ങള്‍ വന്നു, പിന്നീട് പൊളിഞ്ഞുവീണവ. കേരളത്തിന്റെ കോവിഡ് ടെസ്റ്റുകളും കേരള മോഡലുമെല്ലാം രാഷ്ട്രീയത്തിന്റെ പേരില്‍ ചോദ്യചിഹ്നങ്ങളാക്കി മാറ്റി. കോവിഡ് പ്രതിരോധത്തിന്റെ വിജയകഥ ‘കേരള മോഡല്‍’ എന്ന പേരില്‍ ലോകമാധ്യമങ്ങള്‍ പ്രശംസിച്ചപ്പോള്‍ അതു പബ്ലിക് റിലേഷന്‍സ് ആക്കി പുച്ഛിച്ചു തള്ളുന്നതും കേരള സമൂഹം കണ്ടു. ഏതാനും ചില മലയാളികളൊഴികെ ലോകത്തെല്ലാവരും കേരളത്തെ പ്രശംസിക്കുന്ന അവസ്ഥ തന്നെ വന്നു. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതു പോലെ തന്നെ വ്യാജവാര്‍ത്തകള്‍ പൊളിക്കുന്നതിലും നിര്‍ണ്ണായക പങ്കുവഹിക്കുന്നത് സമൂഹമാധ്യമങ്ങളാണ് എന്നതാണ് കേരളത്തിന്റെ സവിശേഷത. ചില മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് മുന്‍കൈയെടുത്തപ്പോള്‍ മറുഭാഗത്ത് ചില മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകള്‍ തുറന്നുകാണിക്കുന്നതിന് പ്രത്യേക വിഭാഗം തന്നെ ഏര്‍പ്പെടുത്തി. 24 ന്യൂസ്, ന്യൂസ് 18 കേരളം എന്നിവ ഈ ഗണത്തില്‍ ശ്രദ്ധിക്കപ്പെട്ട ഉദാഹരണങ്ങളാണ്.

പത്രങ്ങളിലൂടെ കോവിഡ് പകരും എന്നത് കേരളത്തില്‍ കാറ്റുപിടിച്ച ഏറ്റവും വലിയ വ്യാജപ്രചാരണങ്ങളിലൊന്നാണ്. പത്രവ്യവസായത്തെ വളരെ ദോഷകരമായി ബാധിക്കുന്ന തലത്തിലേക്ക് ആ പ്രചാരണം വളര്‍ന്നപ്പോള്‍ തങ്ങള്‍ പത്രം അച്ചടിക്കുന്നതും വിതരണത്തിനു തയ്യാറാക്കുന്നതും എത്ര സുരക്ഷിതമായാണെന്നു തെളിയിക്കുന്ന വീഡിയോകളും പരസ്യങ്ങളുമായി പ്രമുഖ പത്രസ്ഥാപനങ്ങള്‍ക്കു തന്നെ രംഗത്തുവരേണ്ടി വന്നു. എന്നിട്ടും ചില ഫ്ലാറ്റ് സമുച്ചയങ്ങളും റെസിഡന്‍റ്സ് അസോസിയേഷനുകളും പത്രങ്ങള്‍ക്കുള്ള വിലക്ക് അടുത്തകാലം വരെ തുടര്‍ന്നു. കൊറോണ എന്നൊരു വൈറസ് തന്നെയില്ലെന്നും അതു വെറും സങ്കല്പമാണെന്നും പറ‍ഞ്ഞു രംഗത്തു വന്ന പാരമ്പര്യവൈദ്യന്മാരെ കണ്ടതും കേരളത്തില്‍ തന്നെ.

വ്യാജവാര്‍ത്തകളുടെ പ്രചാരം നിയന്ത്രിക്കേണ്ടത് കോവിഡ് പ്രതിരോധത്തില്‍ വളരെ പ്രധാനപ്പെട്ടതാണെന്ന വസ്തുത കേന്ദ്രത്തിലായാലും സംസ്ഥാനത്തിലായാലും സര്‍ക്കാരുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കേരളത്തില്‍ കോവിഡ് 19 സംബന്ധിച്ച വ്യാജവാര്‍ത്തകള്‍ നിരീക്ഷിക്കാന്‍ പ്രത്യേകിച്ചൊരു വിഭാഗത്തിനു തന്നെ സര്‍ക്കാര്‍ രൂപം നല്‍കി. ഇന്‍ഫര്‍മേഷന്‍ -പബ്ലിക് റിലേഷന്‍സ് വകുപ്പിനു കീഴില്‍ ആന്റി-ഫേക്ക്ന്യൂസ് ഡിവിഷന്‍ ഏപ്രില്‍ 6നാണ് നിലവില്‍ വന്നത്. സമൂഹമാധ്യമങ്ങളിലും മറ്റും നടക്കുന്ന വ്യാജപ്രചാരണങ്ങള്‍ കണ്ടെത്തി കേരള പൊലീസിന്‍റെ സൈബര്‍ ഡോമിനു കൈമാറി നടപടിയെടുപ്പിക്കുക എന്നതാണ് ആന്റി-ഫേക്ക്ന്യൂസ് ഡിവിഷന്റെ ചുമതല. വ്യാജവാര്‍ത്തകള്‍ സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കാനുള്ള സംവിധാനവുമുണ്ടാക്കി. മാധ്യമങ്ങളെയും രാഷ്ട്രീയക്കാരെയും നിയന്ത്രിക്കാനാവില്ലെങ്കിലും വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ കുടുങ്ങുമെന്ന ധാരണ സാധരണക്കാരിലുണര്‍ത്താന്‍ ഈ സംവിധാനത്തിനു സാധിച്ചു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം സമൂഹമാധ്യമങ്ങളിലെ വ്യാജവാര്‍ത്ത പ്രചാരണം വളരെ ഗൗരവമേറിയതാണ്. ഇന്ത്യയില്‍ അതിവേഗം വളരുന്നതാണ് സമൂഹമാധ്യമ ശൃംഖല. എന്നാല്‍, ഇതിനെ നിയന്ത്രിക്കാന്‍ ഉചിതമായ നിയമങ്ങള്‍ ഇവിടില്ലതാനും. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വ്യാജവാര്‍ത്തകളുടെ പിടിയില്‍ ഇന്ത്യക്കാര്‍ പെടാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. കൃത്രിമമായി സൃഷ്ടിക്കപ്പെട്ട വീഡിയോകളും വ്യാജസന്ദേശങ്ങളും വാട്ട്സാപ്പിലും ടിക്ടോക്കിലുമെല്ലാം പ്രചരിക്കുന്നത് ചിലപ്പോഴെങ്കിലും വര്‍ഗ്ഗീയമായ ചേരിതിരിവിനു വരെ കാണമാവുന്നുണ്ട്. വിവിധ സമൂഹമാധ്യമ സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന 37.6 കോടി ജനങ്ങളുള്ള ഇന്ത്യ സമൂഹമാധ്യമ കമ്പനികളുടെ വലിയൊരു പരീക്ഷണശാലയാണ്.

സമൂഹമാധ്യമങ്ങളുടെ ഏകോപനത്തിലൂടെ വ്യാജപ്രചാരണങ്ങള്‍ നിയന്ത്രിക്കുക എന്ന രീതിയാണ് കേന്ദ്ര സര്‍ക്കാര്‍ അവലംബിച്ചിരിക്കുന്നത്. കോവിഡുമായി ബന്ധപ്പെട്ട കിംവദന്തികളെല്ലാം ഫേസ്ബുക്ക്, ടിക്ടോക്ക് എന്നിവയുമായി ചേര്‍ന്നു നീക്കാനുള്ള നടപടി ഉറപ്പാക്കി. ഇത്തരം പോസ്റ്റുകള്‍ ഇടുന്നവരെ നിരീക്ഷിക്കാനും ആവശ്യമെങ്കില്‍ അവരെ നിയമത്തിനു മുന്നിലെത്തിക്കാനും സംവിധാനമുണ്ടാക്കി. കോവിഡിന് ചികിത്സയുണ്ടെന്ന് അവകാശപ്പെടുന്ന എല്ലാ പരസ്യങ്ങളും ഫേസ്ബുക്ക് നിരോധിച്ചിട്ടുണ്ട്. വിലക്കയറ്റം ഒഴിവാക്കുന്നതിന് ഹാന്‍ഡ് സാനിറ്റൈസറുകള്‍, ഫേസ് മാസ്ക്കുകള്‍ എന്നിവയുടെ പരസ്യവും ഫേസ്ബുക്ക് ഒഴിവാക്കി. ഇതിനുപുറമെ ഇന്റര്‍നാഷണല്‍ ഫാക്ട് ചെക്കിങ് നെറ്റ്വര്‍ക്കുമായി സഹകരിച്ച് പോസ്റ്റുകളുടെ നിജസ്ഥിതി പരിശോധിക്കാനും വാട്ട്സാപ്പില്‍ പ്രാദേശികമായ സത്യപരിശോധനാ പിന്തുണ ലഭ്യമാക്കാന്‍ ചാറ്റ്ബോട്ട് ഏര്‍പ്പെടുത്താനും ഫേസ്ബുക്ക് തയ്യാറായി. ഒരു സന്ദേശം ഫോര്‍വേര്‍ഡ് ചെയ്യുന്നതിന് പുതിയ നിയന്ത്രണങ്ങളുമായാണ് വാട്ട്സാപ്പ് ഈ മഹാമാരിയെ നേരിടുന്നത്. ഫോര്‍വേഡ് ചെയ്യുന്ന സന്ദേശങ്ങളില്‍ അങ്ങനെ രേഖപ്പെടുത്താനും ഫോര്‍വേഡ് ചെയ്യാവുന്ന ആളുകളുടെ എണ്ണത്തിനു നിയന്ത്രണമേര്‍പ്പെടുത്താനും വാട്ട്സാപ്പ് തയ്യാറായി. ഏറ്റവുമധികം വിനാശകാരിയായ ബ്രോഡ്കാസ്റ്റില്‍ ഫോര്‍വേഡ് നിരോധിച്ചു എന്നതാണ് വാട്ട്സാപ്പ് വരുത്തിയ തന്ത്രപ്രധാന നിയന്ത്രണം.

കോവിഡ് എന്ന മഹാമാരി ജനങ്ങളില്‍ ആകുലതയും നിരാശയും പടര്‍ത്തിയിരിക്കുന്നു. ആ ആകുലതയും നിരാശയും വര്‍ദ്ധിക്കുന്ന രീതിയിലാണ് കളവുകള്‍ പ്രചരിക്കുന്നത്. കോവിഡിനൊപ്പം കളവിനും മരുന്നുകണ്ടെത്തേണ്ട അവസ്ഥയിലാണ് സമകാലികലോകം. അതിനു സാധിച്ചെങ്കില്‍ മാത്രമേ കോവിഡിനെ പിടിച്ചുകെട്ടാന്‍ സാധിക്കുകയുള്ളൂ.

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights