കേരളത്തിലെ ആദ്യത്തെ കലാലയം 150 വര്‍ഷം തികയ്ക്കുന്നു -തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്. രാജ്യത്തെ തന്നെ ആദ്യ കലാലയം എന്ന അവകാശവാദമുയര്‍ത്തി കോട്ടയത്തുള്ള ഒരു കൂട്ടര്‍ 200-ാം വാര്‍ഷികാഘോഷവുമായി രംഗത്തെത്തിയിട്ടുണ്ട് എന്നത് ശരി തന്നെ. പക്ഷേ, ആ വ്യാജ അവകാശവാദത്തിന് ചരിത്രത്തിന്റെ പിന്‍ബലമില്ല. ആര്‍ക്കു വേണമെങ്കിലും പരിശോധിക്കാം. ബോദ്ധ്യപ്പെടാം.
ചരിത്രം വളച്ചൊടിക്കുന്നവര്‍ ചെന്നു പെടുന്ന ഒരു കുരുക്കുണ്ട്. അവര്‍ക്ക് ചരിത്രം എന്നു കേള്‍ക്കുന്നതു തന്നെ ചതുര്‍ത്ഥിയാകും. ചരിത്രവുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചകള്‍ക്കും അവര്‍ നിന്നു തരില്ല. അവകാശവാദം പരമാവധി ഉച്ചത്തില്‍ ഉയര്‍ത്താനായിരിക്കും അവരുടെ ശ്രമം. എന്നാല്‍, ചരിത്രത്തിന്റെ ശരിയായ അടയാളപ്പെടുത്തലുകള്‍ക്ക് ഉടമയായവരുടെ നിലപാട് നേര്‍വിപരീതമായിരിക്കും. അവര്‍ ചരിത്രം ഉയര്‍ത്തിപ്പിടിക്കും. ഇതുവരെയുണ്ടായ നേട്ടങ്ങളും കോട്ടങ്ങളും ചൂണ്ടിക്കാട്ടും.
യൂണിവേഴ്‌സിറ്റി കോളേജിന് ചരിത്രത്തെ പേടിയില്ല. കാരണം ഇത് വ്യാജ അവകാശവാദമല്ല. കോളേജ് 100, 125 വാര്‍ഷികങ്ങള്‍ ആഘോഷിച്ചപ്പോള്‍ അതില്‍ സക്രിയസാന്നിദ്ധ്യമായിരുന്ന പലരും ഇന്നു ജീവിച്ചിരിപ്പുണ്ട്. മറ്റു ചിലരെപ്പോലെ, ഒറ്റയടിക്ക് ഈ വര്‍ഷം 150-ാം വാര്‍ഷികം എന്നു പ്രഖ്യാപിച്ച് ആഘോഷം നടത്തുന്നതല്ല എന്നര്‍ത്ഥം. യൂണിവേഴ്‌സിറ്റി കോളേജിന്റെ ആ ചരിത്രത്തിന് പുസ്തകരൂപം കൈവരികയാണ്. ചരിത്രരേഖകള്‍ ആധാരമാക്കി പുസ്തകരൂപം നല്‍കിയത് കോളേജിലെ ഇപ്പോഴത്തെ ചരിത്രവിഭാഗം മേധാവി ഡോ.പി.എഫ്.ഗോപകുമാര്‍. ദക്ഷിണ കേരളത്തിന്റെ വൈജ്ഞാനിക ഭൂപടത്തില്‍ കലാലയ മുത്തശ്ശിയുടെ കൈയൊപ്പിന്റെ അടയാളപ്പെടുത്തല്‍. 1834ലെ സ്വകാര്യ ഇംഗ്ലീഷ് സ്‌കൂളില്‍ തുടങ്ങി 1836ലെ രാജാസ് ഫ്രീ സ്‌കൂള്‍ വഴി 1866ലെ മഹാരാജാസ് കോളേജും പിന്നീട് യൂണിവേഴ്‌സിറ്റി കോളേജുമായി രൂപാന്തരം പ്രാപിച്ച ചരിത്രം ഡോ.ഗോപകുമാര്‍ ആലേഖനം ചെയ്തിരിക്കുന്നു.
‘അറിവിന്റെ നിറവില്‍ യൂണിവേഴ്‌സിറ്റി കോളേജ്’ എന്നാണ് ഈ ചരിത്രഗ്രന്ഥത്തിന്റെ പേര്. 216 പേജുകളിലായി 8 അദ്ധ്യായങ്ങള്‍. സ്‌കൂളിന്റെ തുടക്കം, വികാസം, സ്‌കൂളില്‍ നിന്നു കോളേജിലേക്കുള്ള വളര്‍ച്ച, ദേശീയ സ്വാതന്ത്ര്യ സമരത്തില്‍ ഇവിടത്തെ വിദ്യാര്‍ത്ഥികള്‍ വഹിച്ച പങ്ക്, അയിത്തത്തിനും മറ്റു സാമൂഹികതിന്മകള്‍ക്കുമെതിരെ ഇവിടത്തെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ മുതല്‍ സമീപകാല ചരിത്രം വരെ എല്ലാം ഉള്‍പ്പെടുത്തിയിരിക്കുന്നു. നിലവില്‍ കോളേജിലുള്ള 22 പഠനവിഭാഗങ്ങളുടെ ആവിര്‍ഭാവവും വളര്‍ച്ചയും വേറെ രേഖപ്പെടുത്തിയിട്ടുണ്ട്.
പുസ്തകത്തിന്റെ അനുബന്ധവും അക്കാദമിക് സ്വഭാവമുള്ളതാണ്. കോളേജുമായി ബന്ധപ്പെട്ട് മഹാരാജാക്കന്മാര്‍ പുറപ്പെടുവിച്ച നീട്ടുകള്‍, 1925 മാര്‍ച്ച് 13ന് കോളേജിലെത്തിയ മഹാത്മാഗാന്ധിയുടെ പ്രസംഗം, 100-ാം വാര്‍ഷികാഘോഷ വേളയില്‍ അന്നത്തെ രാഷ്ട്രപതി ഡോ.എസ്.രാധാകൃഷ്ണന്റെ പ്രസംഗം എന്നിവയെല്ലാം പൂര്‍ണ്ണരൂപത്തില്‍ ഇതില്‍ കാണാം. 150 വര്‍ഷത്തിനിടെ യൂണിവേഴ്‌സിറ്റി കോളേജിന്റെ അമരത്തുണ്ടായിരുന്നത് 82 പ്രിന്‍സിപ്പല്‍മാരാണ്. അവരുടെ പൂര്‍ണ്ണ പട്ടിക പുസ്തകത്തിലുണ്ട്. പ്രമുഖരായ 200 പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ വിവരങ്ങളും ഇതില്‍ കാണാം.
മാര്‍ച്ച് 30 ബുധനാഴ്ച രാവിലെ 10.30ന് പ്രശസ്ത ചരിത്രകാരനായ പ്രൊഫ.കെ.എന്‍.പണിക്കര്‍ ഈ ചരിത്രഗ്രന്ഥം പ്രകാശനം ചെയ്യും. യൂണിവേഴ്‌സിറ്റി കോളേജിന്റെ സമ്പന്നമായ ചരിത്രത്തെക്കുറിച്ച് ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ ഈ പുസ്തകം വായിച്ചാല്‍ അത് ദൂരീകരിക്കാനാവും. ചരിത്രം തിരുത്തണമെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഈ ഗ്രന്ഥം മറിച്ചുനോക്കാവുന്നതാണ്. എവിടെയൊക്കെ എങ്ങനെയൊക്കെ തിരുത്തണമെന്ന് കണ്ടെത്താനും അതിനു വേണ്ടി ശ്രമിക്കാനും സാധിക്കുമല്ലോ! പക്ഷേ, അതു വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ‘അസാദ്ധ്യമായി ഒന്നുമില്ല’ എന്ന് നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് പറഞ്ഞിട്ടുണ്ട്. പക്ഷേ, ഈ ചരിത്രത്തിലെ തിരുത്തല്‍ അസാദ്ധ്യമാണ്. കാരണം ഈ ചരിത്രത്തിന് കരുത്തരായ അവകാശികളുണ്ട്, കാവല്‍ക്കാരുണ്ട്.