Reading Time: 3 minutes

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചാനലുകളും പത്രങ്ങളും ഉണ്ടാവുക സ്വാഭാവികമാണ്. നടത്തുന്ന പാര്‍ട്ടികളുടെ താല്പര്യമനുസരിച്ച് പ്രവര്‍ത്തിക്കുക എന്നത് ആ മാധ്യമങ്ങളുടെ ചുമതലയാണ്. സി.പി.എമ്മിന്റെ നിയന്ത്രണത്തിലുള്ള ദേശാഭിമാനിയും കൈരളിയും കോണ്‍ഗ്രസ്സിന്റെ നിയന്ത്രണത്തിലുള്ള വീക്ഷണവും ജയ് ഹിന്ദും ബി.ജെ.പിയുടെ നിയന്ത്രണത്തിലുള്ള ജന്മഭൂമിയുമെല്ലാം ഇതിനുദാഹരണം. ഈ മാധ്യമങ്ങളിലെയെല്ലാം മാധ്യമപ്രവര്‍ത്തകര്‍ സ്ഥാപനത്തിന്റെ ആശയഗതിയുടെ പരിമിതികള്‍ക്കുള്ളിലും തൊഴിലിനോട് മാന്യത പുലര്‍ത്തുന്നു എന്നതു തന്നെയാണ് 21 വര്‍ഷം ദൈര്‍ഘ്യമുള്ള എന്റെ മാധ്യമപ്രവര്‍ത്തന ജീവിതത്തിലെ അനുഭവം.

സി.പി.എം. ഒഴികെ മറ്റു കക്ഷികള്‍ തങ്ങളുടെ ജീവനക്കാര്‍ പാര്‍ട്ടി ബന്ധമുള്ളവരാവണം എന്ന നിര്‍ബന്ധം കാര്യമായി പുലര്‍ത്തുന്നതായി തോന്നിയിട്ടില്ല. വയറ്റിപ്പിഴപ്പിനായി ജന്മഭൂമിയിലും വീക്ഷണത്തിലുമെല്ലാം ജോലി ചെയ്തിരുന്ന മുന്‍ എസ്.എഫ്.ഐക്കാരെ -ഇപ്പോഴവര്‍ വേറെ വലിയ സ്ഥാപനത്തിലേക്കു മാറി -എനിക്കറിയാം. കടുത്ത ഹിന്ദുത്വവാദികളായ 2 ക്യാമറാമാന്മാര്‍ ഇപ്പോള്‍ ജയ്ഹിന്ദിലെ നെടുംതൂണുകളായി പ്രവര്‍ത്തിക്കുന്നുണ്ട്. അവർ ഫേസ്ബുക്കിൽ ഞാനുമായി അടികൂടാറുമുണ്ട്. ഇതിലൊന്നും വലിയ കഥയില്ല. അനുഭവം തന്നെയാണ് എന്നെക്കൊണ്ട് ഇങ്ങനെ പറയിക്കുന്നത്.

രാഷ്ട്രീയ കൊലപാതകങ്ങളാല്‍ സംഘര്‍ഷഭരിതമായിരുന്ന 2001ലാണ് കണ്ണൂര്‍ മാതൃഭൂമിയില്‍ ഞാനെത്തുന്നത്. മനോജ് എബ്രഹാം കണ്ണൂര്‍ എസ്.പിയായി ചുമതലയേറ്റ സമയം. ഫുട്‌ബോള്‍ കളിയിലെ സ്‌കോര്‍ നില പോലെ സി.പി.എം. -ആര്‍.എസ്.എസ്. കൊലപാതകങ്ങള്‍ നടന്നിരുന്ന കാലം. ആരു കൊല്ലപ്പെട്ടാലും അതു റിപ്പോര്‍ട്ട് ചെയ്യാന്‍ ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ പോയേ മതിയാകൂ. സി.പി.എം. പ്രവര്‍ത്തകനാണ് പോകുന്നതെങ്കില്‍ എല്ലാ മാധ്യമപ്രവര്‍ത്തകരും സംഭവസ്ഥലത്തേക്കു പോകുന്നത് ദേശാഭിമാനിയുടെ വാഹനത്തിലാവും. ബി.ജെ.പി. -ആര്‍.എസ്.എസ്. പ്രവര്‍ത്തകനാണെങ്കില്‍ യാത്ര ജന്മഭൂമിയുടെ വാഹനത്തിലായിരിക്കും. ഇങ്ങനെ ദേശാഭിമാനിയുടെ വാഹനത്തില്‍ ജന്മഭൂമിക്കാരനും ജന്മഭൂമിയുടെ വാഹനത്തില്‍ ദേശാഭിമാനിക്കാരനും എത്രയോ തവണ പോയിരിക്കുന്നു. കാരണം മാധ്യമപ്രവര്‍ത്തനത്തില്‍ രാഷ്ട്രീയമില്ല -അത് പാര്‍ട്ടി പത്രത്തിലാണെങ്കില്‍ പോലും. ഇത്തരം യാത്രകളിലൊന്നും കലാപം സൃഷ്ടിക്കുന്ന തരത്തിലുള്ള ഇടപെടല്‍ ഒരു മാധ്യമപ്രവര്‍ത്തകന്റെയും ഭാഗത്തു നിന്നുണ്ടായിട്ടില്ല.

ഇതെല്ലാം പറയാന്‍ ഇപ്പോഴൊരു കാരണമുണ്ടായിരിക്കുന്നു. മുകളില്‍ പാര്‍ട്ടി മാധ്യമങ്ങളുടെ കാര്യം പറഞ്ഞപ്പോള്‍ ഞാന്‍ ബോധപൂര്‍വ്വം പറയാതിരുന്ന ഒരു പേരുണ്ട് -ജനം ടിവി. ആര്‍.എസ്.എസ്സിന്റെ നിയന്ത്രണത്തിലുള്ളതാണ് ഈ ചാനലെന്ന് അവിടെ പ്രവര്‍ത്തിക്കുന്നവര്‍ പറഞ്ഞുള്ള അറിവാണ്. ആര്‍.എസ്.എസ്സിനോട് ആഭിമുഖ്യമുള്ള വ്യവസായികളെ സംഘടിപ്പിച്ച് തുടങ്ങിയ ചാനല്‍ എന്നാണ് എന്റെ പൊതുധാരണ. സാധാരണ ഏതൊരു പാര്‍ട്ടി മാധ്യമവും പ്രവര്‍ത്തിക്കും പോലെയാകും ജനം ടിവിയും എന്നാണ് ആദ്യം ഞാനും ധരിച്ചിരുന്നത്. എന്നാല്‍, ജനം ടിവി നടത്തുന്നത് മാധ്യമപ്രവര്‍ത്തനമല്ല എന്ന് ഖേദപൂര്‍വ്വം പറയേണ്ടി വന്നിരിക്കുന്നു. പരസ്യമായി പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ യുവതിയുടെ ഇരുമുടിക്കെട്ടില്‍ സാനിറ്ററി നാപ്കിന്‍ കണ്ടെത്തി എന്നതു പോലുള്ള പച്ചക്കള്ളങ്ങള്‍ ജനം ടിവി പടച്ചുവിട്ടത് സമൂഹത്തില്‍ ചെറുതല്ലാത്ത വിധത്തില്‍ തന്നെ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. ശബരിമലയിലെ വിധി സ്റ്റേ ചെയ്തു എന്നു തെറ്റായ വാര്‍ത്ത നല്‍കി സുപ്രീം കോടതിയെ വരെ അവര്‍ വെല്ലുവിളിച്ചു. അതിനാല്‍ തന്നെ മാധ്യമപ്രവര്‍ത്തകര്‍ പോലും ജനം ടിവിക്കാരെ സംശയദൃഷ്ടിയോടെയാണ് വീക്ഷിക്കുന്നത്. ഇപ്പോള്‍ ആര്‍.എസ്.എസ്സും ബി.ജെ.പിയും ആസൂത്രണം ചെയ്യുന്ന കലാപത്തിന്റെ ഭാഗമായി ഈ ‘മാധ്യമപ്രവര്‍ത്തകര്‍’ നേരിട്ട് ഇടപെട്ട് പ്രവര്‍ത്തിക്കുന്നത് തെളിവ് സഹിതം പുറത്തുവന്നത് അങ്ങേയറ്റം ആശങ്കയുളവാക്കുന്നു.

വിനീഷ് ഭദ്ര

ശബരിമലയിലെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി നേരത്തേ തന്നെ പൊലീസ് നിരീക്ഷണത്തിലുള്ള ആര്‍.എസ്.എസ്. പ്രവര്‍ത്തകനും ശബരിമല ആചാര സംരക്ഷണ സമിതി ജനറല്‍ കണ്‍വീനറും പന്തളം ക്ഷേത്ര ഉപദേശക സമിതി അദ്ധ്യക്ഷനുമായ പൃഥ്വിപാലിനെ കസ്റ്റഡിയിലെടുത്തു. സംശയത്തിന്റെ പേരില്‍ ഇയാളെ കസ്റ്റഡിയിലെടുക്കുമ്പോള്‍ ജനം ടിവിയുടെ ട്രൈപോഡുമായി ക്യാമറ അസിസ്റ്റന്റിന്റെ വേഷത്തില്‍ സന്നിധാനത്തേക്ക് ഒളിച്ചു കടക്കാനുള്ള ശ്രമത്തിലായിരുന്നു. ജനം ടിവിക്കാരുടെ അറിവോടു കൂടി തന്നെയായിരുന്നു ഈ നാടകം.

പൊലീസ് പിടിയിലായി എന്നുറപ്പായതോടെ ജനത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് വിനീഷ് ഭദ്ര ആ ക്യാമറ ട്രൈപോഡ് വാങ്ങിക്കൊണ്ടു പോയി, പ്രത്യേകിച്ച് ഭാവഭേദമൊന്നുമില്ലാതെ തന്നെ. വിനീഷ് നേരിട്ടുവന്ന് പൃഥ്വിപാലിന്റെ കയ്യില്‍ നിന്ന് ട്രൈപോഡ് വാങ്ങിക്കൊണ്ടു പോകുന്ന ദൃശ്യം തന്നെയുണ്ട്. സംഘര്‍ഷങ്ങള്‍ ആസൂത്രണം ചെയ്ത് എത്തുന്നവരെ സഹായിക്കുന്ന ഇത്തരം ‘മാധ്യമപ്രവര്‍ത്തകരെ’ ഏതുതരത്തിലാണ് കാണേണ്ടത്?

പൃഥ്വിപാൽ

മാധ്യമപ്രവര്‍ത്തകരെയാകെ പ്രതിക്കൂട്ടിലാക്കുന്ന പ്രവര്‍ത്തനമാണ് ഇപ്പോള്‍ ജനം ടിവിയിലുള്ളവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. മാധ്യമപ്രവര്‍ത്തനത്തിന്റെ മറവില്‍ കലാപത്തിനുള്ള ആസൂത്രണമാണെങ്കില്‍ ഈ രാജ്യത്തെ നിയമവ്യവസ്ഥയനുസരിച്ച് അവരെ കൈകാര്യം ചെയ്യുക തന്നെ വേണം. ജനത്തില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരോട് ഒരു കാര്യമേ പറയാനുള്ളൂ -ജീവിതകാലം മുഴുവന്‍ ജനം ടിവിയില്‍ ജോലി ചെയ്‌തോളാം എന്നാണു ചിന്തയെങ്കില്‍ നിങ്ങള്‍ ഇപ്പോള്‍ നടത്തുന്ന കുത്സിതപ്രവര്‍ത്തനങ്ങള്‍ തുടരാം. അതിന്റെ ഭാഗമായുണ്ടാവുന്ന നിയമപരമായ നടപടികള്‍ നേരിടാം. കുറച്ചുകൂടി മാന്യമായ മറ്റേതെങ്കിലും സ്ഥാപനത്തിലേക്കുള്ള ചവിട്ടുപടിയായാണ് ജനത്തെ കാണുന്നതെങ്കില്‍ ഇത്തരം കുത്സിതങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കുക. ഇന്ത്യാവിഷനില്‍ ഒപ്പമുണ്ടായിരുന്ന സുബീഷ് അടക്കമുള്ള സുഹൃത്തുക്കളോടാണ് ഇതു പറയുന്നത്.

ഏതായാലും ജനം ടിവിയെ മറ്റു മാധ്യമപ്രവര്‍ത്തകര്‍ ഒറ്റപ്പെടുത്തുന്ന സ്ഥിതിയുണ്ടായിട്ടുണ്ട്. അതിനു കാരണം ജനം ടിവിയുടെ പ്രവര്‍ത്തികളുടെ ഉത്തരവാദിത്വം മറ്റുള്ളവര്‍ ചുമക്കേണ്ടതില്ല എന്ന തീരുമാനമാണ്. ഇത്തരത്തിലാണ് ജനം ടിവി മുന്നോട്ടു പോകുന്നതെങ്കില്‍ ഏതെങ്കിലും ഘട്ടത്തില്‍ കനത്ത തിരിച്ചടി -നിയമപരമായിത്തന്നെ- നേരിടേണ്ടി വന്നേക്കും. ആ ഘട്ടത്തില്‍ നിങ്ങള്‍ക്കു വേണ്ടി സംസാരിക്കാന്‍ ഒരാള്‍ പോലുമുണ്ടാവില്ല, ജാഗ്രതൈ.

ജനം ടിവിക്കാര്‍ മാധ്യമപ്രവര്‍ത്തകരാവുക, കലാപകാരികളാവരുത്.

Previous articleWe, the PEOPLE
Next articleരവിയേട്ടന്‍ വിരമിക്കുന്നില്ല…
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here