Reading Time: 3 minutes

ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്കു വേണ്ടി മാത്രമാണ് ഞാന്‍ വോട്ട് അഭ്യര്‍ത്ഥിച്ചിട്ടുള്ളത്. ആ സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യാന്‍ എനിക്കാവില്ല. കാരണം, ഞാന്‍ ആ മണ്ഡലത്തിലുള്ളയാളല്ല. പക്ഷേ, ഈ സ്ഥാനാര്‍ത്ഥി ജയിക്കണമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.

ഈ സ്ഥാനാര്‍ത്ഥിയോട് എനിക്ക് പ്രത്യേകിച്ചെന്തെങ്കിലും അടുപ്പമുണ്ടെന്ന് ആരെങ്കിലും കരുതിയാല്‍ തെറ്റി. ഞാന്‍ രണ്ടു തവണ മാത്രമാണ് ഈ മനുഷ്യനെ നേരില്‍ കണ്ടിട്ടുള്ളത്. സംസാരിച്ചത് ഒരു തവണ മാത്രം. എന്നിട്ടും അദ്ദേഹം ജയിക്കണമെന്ന് ആഗ്രഹിക്കുന്നു.

Kalpatta 1

കല്പറ്റയിലാണ് എന്റെ സ്ഥാനാര്‍ത്ഥി മത്സരിക്കുന്നത്. പേര് സി.കെ.ശശീന്ദ്രന്‍. പാര്‍ട്ടി സി.പി.എം. ചിഹ്നം അരിവാള്‍ ചുറ്റിക നക്ഷത്രം. എന്റെ പിന്തുണ ആ രാഷ്ട്രീയത്തിനല്ല, വ്യക്തിക്കാണ്. ലാളിത്യത്തിന്റെയും നന്മയുടെയും പ്രതീകമാണ് ഈ മനുഷ്യന്‍. നഗ്നപാദനായി നിലത്ത് കാലുറപ്പിച്ചു നടക്കുന്ന തൊഴിലാളി. ദിവസവും പശുവിനെ കറന്ന്, സൊസൈറ്റിയില്‍ പാല്‍ അളന്നു ജീവിക്കുന്ന സാധു. ശരിക്കും സാധാരണക്കാരനായ ഒരു ജനപ്രതിനിധി, ഒരു ജനകീയ നേതാവ്. നിയമസഭയ്ക്ക് ഇദ്ദേഹം അലങ്കാരമാവും.

2122_01

സമൂഹമാധ്യമങ്ങളില്‍ ഏറ്റവുമധികം വോട്ടഭ്യര്‍ത്ഥിക്കപ്പെടുന്ന സ്ഥാനാര്‍ത്ഥികളിലൊരാള്‍ ഈ മനുഷ്യനാണ്. അതു ചെയ്യുന്നവരില്‍ മഹാഭൂരിപക്ഷവും കല്പറ്റക്കാരല്ല, എന്നെപ്പോലെ. ശശീന്ദ്രനെ കണ്ടിട്ടുപോലുമുള്ളവരല്ല. സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമെന്ന നിലയില്‍ അവര്‍ ശശീന്ദ്രനെ പിന്തുണയ്ക്കുന്നു. കല്പറ്റക്കാര്‍ കൂടി ഒപ്പം ചേര്‍ന്നാല്‍ ശശിയേട്ടന്റെ ജയം എന്ന ആഗ്രഹം സഫലമാകും.

saseendran 1

കല്പറ്റയില്‍ എന്തു സംഭവിക്കും? ഏവരും ഉറ്റുനോക്കുന്ന മണ്ഡലമാക്കി കല്പറ്റയെ മാറ്റിയത് ശശീന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം തന്നെ. രണ്ടു രാഷ്ട്രീയ പാരമ്പര്യങ്ങളുടെ മാറ്റുരയ്ക്കലാണ് സിറ്റിങ് എം.എല്‍.എ. എം.വി.ശ്രേയാംസ് കുമാറുമായുള്ള ശശീന്ദ്രന്റെ പോരാട്ടം. തോട്ടം തൊഴിലാളികളുടെയും ആദിവാസികളുടെയും അവകാശപ്പോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയായ ശശീന്ദ്രനും വികസനത്തിന്റെ പുത്തന്‍ തലമുറ രാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നു പറയപ്പെടുന്ന ശ്രേയാംസ് കുമാറും തീര്‍ത്തും വ്യത്യസ്ത ധ്രുവങ്ങളില്‍പ്പെട്ടവര്‍.

രാഷ്ട്രീയ വോട്ടുകളുടെ കാര്യത്തില്‍ യു.ഡി.എഫിന് മേല്‍ക്കൈയുള്ള മണ്ഡലത്തില്‍ ജനകീയ ബന്ധങ്ങളുടെ അടിത്തറയില്‍ നിന്ന് രാഷ്ട്രീയത്തിനതീതമായി ശശീന്ദ്രന്‍ നടത്തിയ കടന്നുകയറ്റം ശ്രേയാംസിനെ ആശങ്കയിലാക്കിയിരിക്കുന്നു. അതിന്റെ തെളിവ് ഞാന്‍ തരാം. എന്റെ പഴയ സ്ഥാപനമായ മാതൃഭൂമിയില്‍ നടന്ന പിരിവ് തന്നെ.

sreyu

സാമൂഹികമായും സാമ്പത്തികമായും തീര്‍ത്തും വ്യത്യസ്ത തലങ്ങളില്‍ നില്‍ക്കുന്നവരാണ് ശശീന്ദ്രനും ശ്രേയാംസും. അന്നന്നത്തെ അന്നത്തിന് അദ്ധ്വാനം മാത്രം കൈമുതലാക്കിയ സാധാരണ തൊഴിലാളി ശശീന്ദ്രന്‍ ഒരു ഭാഗത്ത്. വായില്‍ വജ്രക്കരണ്ടിയുമായി -അതോ പ്ലാറ്റിനക്കരണ്ടിയോ -ജനിച്ച ശതകോടീശ്വരനായ മുതലാളി ശ്രേയാംസ് മറുഭാഗത്ത്. പണക്കൊഴുപ്പ് പ്രകടമാക്കുന്ന പ്രചാരണം ശ്രേയാംസ് അഴിച്ചുവിടുമ്പോള്‍ പരമാവധി ജനങ്ങളെ നേരിട്ടുകണ്ട് വോട്ടു തേടുകയാണ് ശശീന്ദ്രന്‍.

കല്പറ്റക്കാര്‍ പറയുന്നത് അവിടെ നടക്കുന്നത് ജന്മി -കുടിയാന്‍ പോരാട്ടമാണെന്നാണ്. ഇതിനപ്പുറമൊരു വിലയിരുത്തലില്ല. പക്ഷേ, തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഈ അവസാന ഘട്ടത്തിലും ശ്രേയാംസിന് പണത്തിന് പഞ്ഞം നേരിടുന്നു. അദ്ദേഹത്തിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ ബജറ്റ് എസ്‌കലേഷന്‍. മാതൃഭൂമിയിലെ ശിങ്കിടികള്‍ ഉടനെ രംഗത്തിറങ്ങി, പിരിവുമായി.

രണ്ടായിരത്തോളം ജീവനക്കാരാണ് മാതൃഭൂമിയിലുള്ളത്. പത്രപ്രവര്‍ത്തകര്‍ മുഴുവന്‍ മാതൃഭൂമി ജേര്‍ണലിസ്റ്റ്‌സ് യൂണിയനിലും അല്ലാത്തവര്‍ മാതൃഭൂമി നോണ്‍ ജേര്‍ണലിസ്റ്റ്‌സ് യൂണിയനിലും അണിനിരക്കുന്നു. ഈ രണ്ടു സംഘടനകളും ചേര്‍ന്നായിരുന്നു പിരിവ്. ഒരു തരം നിര്‍ബന്ധ പിരിവ് തന്നെ. മുതലാളിക്കുവേണ്ടി പണം ചോദിക്കുമ്പോള്‍ എതിര്‍ക്കാന്‍ ആരെങ്കിലുമുണ്ടാവുമോ?

കുറഞ്ഞത് 250 രൂപ എന്നാണ് സംഭാവനത്തുക നിശ്ചയിച്ചത്. ചില ഭക്തന്മാര്‍ 500 രൂപയും 1,000 രൂപയുമൊക്കെ എഴുതി. ഭക്തിക്കു കാരണമുണ്ട്, പിരിവിന്റെ പട്ടികയും പണത്തോടൊപ്പം മുതലാളിക്കു കൈമാറും. അതു പണ്ടേയുള്ള പതിവാണ്. മുമ്പ് എം.പി.വീരേന്ദ്ര കുമാര്‍ ലോക്‌സഭയിലേക്കു മത്സരിച്ചപ്പോള്‍ എനിക്കും പിരിവു കൊടുക്കേണ്ടി വന്നിട്ടുണ്ട്, ശപിച്ചുകൊണ്ടാണെങ്കിലും. ഇത്തവണ കൊടുത്തവരില്‍ മഹാഭൂരിപക്ഷവും സംഭാവനത്തുക തലയില്‍ച്ചുറ്റി കളഞ്ഞതാണ്, തോറ്റു പോകട്ടെ എന്നു ശപിച്ചുകൊണ്ട്.

Kalpatta

എത്ര വലിയ തുക എഴുതിയാലും പിരിവു കൊടുത്തവര്‍ക്ക് ഗുണമൊന്നുമുണ്ടാകില്ല. പക്ഷേ, പിരിക്കാനിറങ്ങിയ നേതാക്കന്മാര്‍ക്ക് ഗുണമുണ്ട്. അതങ്ങനെ ആകാനല്ലേ തരമുള്ളൂ. പിരിവുകാര്‍ക്ക് അഭിമാനത്തോടെ പിരിക്കാം, മാതൃഭൂമിയിലെ ബോണസ് നിര്‍ത്തലാക്കിയതിന്റെ പേരില്‍. വര്‍ഷങ്ങളായി തുടരുന്ന ബോണസ് വിതരണം ഈ വര്‍ഷമാണ് നിര്‍ത്തിയത്. 675 കോടി രൂപയുടെ വരുമാനമാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം കമ്പനി നേടിയത്. തുടര്‍ച്ചയായി മൂന്നു വര്‍ഷം 500 കോടിയിലേറെ വരുമാനമുണ്ടാക്കിയതിന്റെ പേരില്‍ പത്രത്തിന്റെ ക്ലാസ് മൂന്നില്‍ നിന്ന് രണ്ടിലേക്കുയരുകയും ചെയ്തു.

ലാഭവിഹിതം ചോദിക്കാനെത്തിയ തൊഴിലാളി യൂണിയന്‍ നേതാക്കളോട് ശ്രേയാംസ് ആക്രോശിച്ചത് പോയി ബക്കറ്റ് പിരിവ് നടത്തൂ എന്നാണ്. നേതാക്കള്‍ അനുസരിച്ചു, പിരിച്ചു. മുതലാളിയുടെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്കായിരുന്നു പിരിവ് എന്നു മാത്രം.

എന്തായാലും ശശിയേട്ടാ നിങ്ങള്‍ പുലിയാണ്. പണത്തിന്റെ ഹുങ്ക് എല്ലായിടത്തും പ്രകടിപ്പിക്കുന്ന, പണത്തിനു മീതെ പരുന്തും പറക്കില്ലെന്ന് ഉറച്ചുവിശ്വസിക്കുന്ന ശ്രേയാംസിനെ നിങ്ങള്‍ വെറും പിരിവുകാരനാക്കി. ഈ പിരിവിന് തോല്‍വിയുടെ മണമുണ്ട്.

Previous article140 @ 14
Next articleവി.എസ്സിനെ മുന്നിൽ നിർത്തിയാൽ…
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

2 COMMENTS

    • ഇത്തവണ കൊടുത്തവരില്‍ മഹാഭൂരിപക്ഷവും സംഭാവനത്തുക തലയില്‍ച്ചുറ്റി കളഞ്ഞതാണ്, തോറ്റു പോകട്ടെ എന്നു ശപിച്ചുകൊണ്ട്.
      ********

Leave a Reply to Madhu G Cancel reply

Please enter your comment!
Please enter your name here