ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജനറല്‍ റിപ്പോര്‍ട്ടിങ് പഠിപ്പിച്ചത് കേരള കൗമുദിയിലെ പി.ഫസലുദ്ദീന്‍ സാറാണ്. അദ്ദേഹം പിന്നീട് വിവരാവകാശ കമ്മീഷണറായി. ഒരു ക്ലാസില്‍ ക്രൈം റിപ്പോര്‍ട്ടിങ് പരാമര്‍ശിക്കുമ്പോള്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു -പൊലീസിനെ ഒരു കാരണവശാലും വിശ്വസിക്കരുത്. അടുത്ത ശ്വാസത്തില്‍ തന്നെ അദ്ദേഹം ഇതും പറഞ്ഞു -പൊലീസിനെ ഒരു കാരണവശാലും അവിശ്വസിക്കരുത്.
ശ്ശെടാ.. ആകെ കണ്‍ഫ്യൂഷനായല്ല്!! കിളി പോയത് ഞങ്ങള്‍ക്കോ അതോ സാറിനോ? താന്‍ പറഞ്ഞതിന്റെ പൊരുള്‍ പിന്നീട് അദ്ദേഹം വിശദീകരിച്ചു. അപ്പോള്‍ മനസ്സിലായി കിളി പോയ കാര്യം കളിയല്ലെന്ന്. ക്രൈം റിപ്പോര്‍ട്ടിങ് വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടതാണ്. ക്രൈം റിപ്പോര്‍ട്ടര്‍മാരില്‍ പലരും പൊലീസിന്റെ വെറും പി.ആര്‍.ഒമാരായി മാറുന്ന അവസ്ഥയുണ്ട്. തങ്ങള്‍ക്കു ഗുണകരമാവും വിധം പൊലീസുകാര്‍ പറഞ്ഞുകൊടുക്കുന്ന വാര്‍ത്തകര്‍ പകര്‍ത്തിവെയ്ക്കുന്ന സ്റ്റെനോഗ്രാഫര്‍മാര്‍ ആയിപ്പോകുന്നു അവര്‍ ചിലപ്പോഴെങ്കിലും. മറുഭാഗത്ത് വേറൊരു വിഭാഗമുണ്ട്. അവര്‍ക്ക് പൊലീസ് എന്തു ചെയ്താലും തെറ്റാണ്. പൊലീസിനെ വിമര്‍ശിക്കുന്നത് മാത്രമാണ് വാര്‍ത്ത എന്നവര്‍ വിശ്വസിക്കുന്നു. പൊലീസിനെതിരെ ആര് എന്തു പറഞ്ഞാലും അവര്‍ പൊലിപ്പിക്കും. ക്രൈം റിപ്പോര്‍ട്ടിങ് എന്നു പറഞ്ഞാല്‍ ഇത്തരക്കാര്‍ക്ക് പുച്ഛമാണ്.
ഈ രണ്ടു നിലപാടുകളും ശരിയല്ല. പൊലീസിനെ വിശ്വസിക്കരുത്, അവിശ്വസിക്കയുമരുത് എന്നു പറയുമ്പോള്‍ സത്യം ഇതിനു രണ്ടിനുമിടയ്ക്ക് എവിടെയോ ആണ് എന്നു മനസ്സിലാക്കണം. അത് അന്വേഷിച്ചു കണ്ടെത്തുക എന്നതാണ് പത്രപ്രവര്‍ത്തകന്റെ ജോലി. വിശദീകരണം കേട്ടുകഴിഞ്ഞപ്പോള്‍ ഫസലുദ്ദീന്‍ സാര്‍ ഉദ്ദേശിച്ചത് എന്താണെന്നു മനസ്സിലായി. പിന്നീട് വര്‍ഷങ്ങളോളം പൊലീസ് വാര്‍ത്ത കൈകാര്യം ചെയ്യേണ്ടി വന്നപ്പോള്‍ സാര്‍ അന്നു പഠിപ്പിച്ചതായിരുന്നു ആപ്തവാക്യം. പ്രത്യേക ശ്രദ്ധ പതിപ്പിച്ചതിനാല്‍ എഴുതിയ പൊലീസ് വാര്‍ത്തകളൊന്നും തെറ്റിയ അനുഭവമില്ല.
മലയാള മനോരമ തിരുവനന്തപുരം എഡിഷന്‍ പേജ് 4ല്‍ മാര്‍ച്ച് 28ന് വന്ന ഒരു വാര്‍ത്ത കണ്ടു -പിതാവിനെ അറസ്റ്റ് ചെയ്തു; മകളുടെ നിശ്ചയം മുടങ്ങി, കുടുംബം അര്‍ധരാത്രി വരെ സ്റ്റേഷനില്‍. ഇന്ന് മാര്‍ച്ച് 30ലെ മലയാള മനോരമ തിരുവനന്തപുരം എഡിഷന്‍ പേജ് 1ലും സമാനമായ വേറൊരു വാര്‍ത്ത കണ്ടു -വാന്‍ കുറുകെയിട്ട് ബസ് തടഞ്ഞ് ഡ്രൈവറെ തല്ലിച്ചതച്ചു. മാര്‍ച്ച് 28ലെ വാര്‍ത്ത തിരുവനന്തപുരത്തു നിന്ന്, 30ലെ വാര്‍ത്ത പാലക്കാട്ടെ മുണ്ടൂരില്‍ നിന്ന്. മുണ്ടൂരിലുണ്ടായ സംഭവത്തിനു സമാനമായി തിരുവനന്തപുരത്തെ പാങ്ങോട്ടുണ്ടായ സംഭവത്തിന്റെ അനുബന്ധമാണ് പിതാവിനെ അറസ്റ്റു ചെയ്തതിന്റെ ഫലമായി മകളുടെ നിശ്ചയം മുടങ്ങി എന്ന വാര്‍ത്ത. ഒരു കെ.എസ്.ആര്‍.ടി.സി. ഡ്രൈവറെ പഞ്ഞിക്കിട്ട കേസിലെ പ്രതിയാണ് ഈ ‘പിതാവ്’.
ഒന്നും പിടികിട്ടിയില്ല എന്നു മനസ്സിലായി. വാര്‍ത്താവിഭാഗം മേധാവിക്കുമേല്‍ അല്പം സ്വാധീനമുണ്ടെങ്കില്‍ തങ്ങള്‍ക്കു താല്പര്യമുള്ള വിധത്തില്‍ വാര്‍ത്തകള്‍ വരുത്താന്‍ ആര്‍ക്കും സാധിക്കും. മേലധികാരി നിര്‍ദ്ദേശിക്കും വിധത്തിലുള്ള സ്വാധീന വാര്‍ത്ത എഴുതാന്‍ തയ്യാറല്ലെങ്കില്‍ ആ ലേഖകന് സ്ഥാപനത്തില്‍ നിന്നു തന്നെ പുറത്തേക്കുള്ള വഴി തുറക്കും, അല്ലെങ്കില്‍ തുറപ്പിക്കും. അനുഭവത്തില്‍ നിന്നു തന്നെയാണ് ഇതു പറയുന്നത്. ഇത്തരമൊരു സ്വാധീന വാര്‍ത്തയാണ് ‘പിതാവിനെ അറസ്റ്റ് ചെയ്തു; മകളുടെ നിശ്ചയം മുടങ്ങി, കുടുംബം അര്‍ധരാത്രി വരെ സ്റ്റേഷനില്‍’ എന്ന തലക്കെട്ടില്‍ അവതരിച്ചത്. പൊലീസിനെ അടിമുടി വിമര്‍ശിക്കുന്ന വാര്‍ത്ത. മനോരമയ്ക്കത് ഫലത്തില്‍ സര്‍ക്കാരിനെയും ആഭ്യന്തരം കൈയാളുന്ന മുഖ്യമന്ത്രി പിണറായി വിജയനെയും അടിക്കാനുള്ള വടിയാണ്. പക്ഷേ, ഈ വാര്‍ത്തയില്‍ പറഞ്ഞതാണോ സത്യം?
ഇക്കഴിഞ്ഞ മാര്‍ച്ച് 16ന് തിരുവനന്തപുരത്തിനടുത്തെ പാങ്ങോട് പുലിപ്പാറ എന്ന സ്ഥലത്ത് ഒരു കെ.എസ്.ആര്‍.ടി.സി. ബസ്സും ടൂറിസ്റ്റ് ബസ്സും തമ്മിലൊന്നുരസി. കെ.എസ്.ആര്‍.ടി.സി. ബസ് പാലോട് ഡിപ്പോയിലേത്. ടൂറിസ്റ്റ് ബസ് പൂന്തുറയില്‍ നിന്നു വന്നത്. ഹക്കീം ബദറുദ്ദീന്‍ എന്നയാളുടെ മകളുടെ വിവാഹനിശ്ചയത്തിനു പോകുന്നവരാണ് ടൂറിസ്റ്റ് ബസ്സിലുണ്ടായിരുന്നത്. ഇരു ബസ്സുകളും തമ്മിലുണ്ടായ ഉരസലില്‍ രണ്ടിന്റെയും വശത്തുള്ള റിയര്‍ വ്യൂ മിറര്‍ -പിന്‍നോട്ട കണ്ണാടി -പൊട്ടി. സ്വാഭാവികമായും ഇരു കൂട്ടരും തമ്മില്‍ തര്‍ക്കമായി. ഭാഷ മാന്യതയുടെ സീമകളെല്ലാം ലംഘിച്ചു. തുടര്‍ന്നു നടന്നത് മുണ്ടൂര്‍ വാര്‍ത്തയിലെ സംഭവം തന്നെ. ഹക്കീം ബദറുദ്ദീന്റെ നേതൃത്വത്തില്‍ 5 പേര്‍ ടൂറിസ്റ്റ് ബസ്സില്‍ നിന്നു ചാടിയിറങ്ങി കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ ബിജുമോന്റെ കുത്തിനുപിടിച്ചു. കാര്യമായി തന്നെ മര്‍ദ്ദിച്ചു.
അന്ന് ഈ സംഭവം ഒന്നാം പേജ് വാര്‍ത്തയൊന്നുമായില്ല. പ്രാദേശിക പേജില്‍ വന്നോ എന്നറിയില്ല. ഞാന്‍ താമസിക്കുന്ന തിരുവനന്തപുരം നഗരത്തിലെ മനോരമ പത്രത്തില്‍ കണ്ടില്ല. പക്ഷേ, ഇതിന് അനുബന്ധമായി പിതാവിനെ അറസ്റ്റു ചെയ്തതും മകളുടെ നിശ്ചയം മുടങ്ങിയതും കുടുംബം അര്‍ദ്ധരാത്രി വരെ സ്റ്റേഷനില്‍ കഴിയേണ്ടി വന്നതുമെല്ലാം മാര്‍ച്ച് 28ന് അച്ചുനിരത്തി. ഈ വാര്‍ത്ത കണ്ടാണ് എന്റെ സുഹൃത്തായ ഒരു അദ്ധ്യാപിക വിളിക്കുന്നത്. അവര്‍ ഈ അപകടത്തില്‍പ്പെട്ട കെ.എസ്.ആര്‍.ടി.സി. ബസ്സിലെ യാത്രക്കാരി ആയിരുന്നു. അവര്‍ പറഞ്ഞ കാര്യങ്ങള്‍ മനോരമ വാര്‍ത്തയിലുള്ളതിന് നേര്‍ വിപരീതം.
ബിജുമോനെ തല്ലുന്നതു കണ്ട് ആ ബസ്സിലെ സ്ഥിരം യാത്രക്കാരായ അദ്ധ്യാപകരും ആസ്പത്രി ജീവനക്കാരും അടക്കമുള്ളവര്‍ തടയാന്‍ ശ്രമിച്ചു. എന്നാല്‍ വിജയിച്ചില്ല. ഇതേത്തുടര്‍ന്ന് യാത്രക്കാരും സംഭവം കണ്ടുനിന്ന ചിലരും ചേര്‍ന്ന് പൊലീസിനെ വിളിച്ചു. പൊലീസ് ഉടനെ സ്ഥലത്തെത്തി. തന്റെ മര്‍ദ്ദിച്ചതായി ബിജുമോന്‍ ചൂണ്ടിക്കാട്ടിയ 5 പേരെ കസ്റ്റഡിയിലെടുത്തു. ഇതില്‍ കല്യാണനിശ്ചയം നടക്കുന്ന പെണ്‍കുട്ടിയുടെ അച്ഛനായ ഹക്കീം ബദറുദ്ദീനും ഉള്‍പ്പെടുന്നു. മനോരമ എഴുതിയ പോലെ വെറുതെയല്ല കസ്റ്റഡിയിലെടുത്തത്, അടിയും ഇടിയുമേറ്റ് അവശനായ ബിജുമോന്‍ ചൂണ്ടിക്കാട്ടിയിട്ട്.
ഹക്കീമിന്റെ താല്പര്യത്തിനനുസരിച്ച് വാര്‍ത്തയെഴുതിയ മനോരമ ലേഖകന്‍ വരുത്തിയ നിര്‍ണ്ണായക പിഴവുകളുണ്ട്. പാങ്ങോട് പൊലീസ് സ്റ്റേഷനില്‍ വിവരം തിരക്കിയില്ല. പാലോട് കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലും അന്വേഷിച്ചില്ല. സ്വാഭാവികമായും ഒരു ലേഖകന്‍ ചെയ്യേണ്ട കാര്യങ്ങളാണിവ. ബിജുമോന് മര്‍ദ്ദനമേറ്റത് സംബന്ധിച്ച് കെ.എസ്.ആര്‍.ടി.സി. പാലോട് ഡിപ്പോ ഇന്‍സ്‌പെക്ടര്‍ രേഖാമൂലം നല്‍കിയ പരാതിയുണ്ട്. അതിക്രമം കാരണം ട്രിപ്പ് മുടങ്ങി കോര്‍പ്പറേഷന് നഷ്ടം സംഭവിച്ചതായും പരാതിയുണ്ട്. കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിയുന്നതായി പൊലീസ് സ്റ്റേഷനില്‍ ലഭിച്ച അറിയിപ്പുണ്ട്. ഇതു പ്രകാരം പാലോട് ആസ്പത്രിയിലെത്തി ബിജുമോന്റെ മൊഴിയെടുത്തിട്ടുണ്ട്. അതിനു ശേഷമാണ് ‘പ്രതികളായ’ 5 പേര്‍ക്കെതിരെ പ്രഥമ വിവര റിപ്പോര്‍ട്ട് എന്ന എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്.
കസ്റ്റഡിയിലായ ഹക്കീം ഉള്‍പ്പെടെയുള്ള 5 പേരുടെയും അറസ്റ്റ് നിയമപ്രകാരം രേഖപ്പെടുത്തപ്പെട്ടതാണ്. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അവിടെ കുറ്റം ബോദ്ധ്യപ്പെട്ടതിനെ തുടര്‍ന്നാണ് റിമാന്‍ഡ് ചെയ്തത്. കെ.എസ്.ആര്‍.ടി.സി. ഡ്രൈവറെ ഡ്യൂട്ടിക്കിടയില്‍ മര്‍ദ്ദിച്ചതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 332-ാം വകുപ്പ് ബാധകമാണ്. അങ്ങനെ വരുമ്പോള്‍ പൊലീസ് നടപടി ശരിയാണ്. കേസില്‍ നിന്ന് ഊരാന്‍ മറ്റു മാര്‍ഗ്ഗമില്ലാതെ വന്നപ്പോള്‍ ഏതോ വക്കീല്‍ പറഞ്ഞുകൊടുത്ത കുരുട്ടു ബുദ്ധിയുടെ ബലത്തില്‍ സൃഷ്ടിക്കപ്പെട്ടതാണ് വിവാഹനിശ്ചയ മുടക്ക വാര്‍ത്ത. ഹക്കീം ബദറുദ്ദീനും മകള്‍ ഡോ.ഹര്‍ഷിതയും മകന്‍ മുഹമ്മദ് ഹാഷിമും മനോരമ ഓഫീസിലെത്തി കൊടുത്തത്. മൂവരുടെയും ചിത്രവും വാര്‍ത്തയ്‌ക്കൊപ്പമുണ്ട്!!
ഈ വാര്‍ത്ത ശരിയാണെങ്കില്‍ മലയാള മനോരമ ഒരു കാര്യം കൂടി ചെയ്യണം. ഏറ്റവും ഒടുവില്‍ ഒന്നാം പേജില്‍ കൊടുത്ത മുണ്ടൂര്‍ അക്രമ വാര്‍ത്ത പിന്‍വലിക്കണം. അവിടെ ഡ്രൈവറായ അബൂബക്കറിനെ മര്‍ദ്ദിച്ച ദിലീപ്, അനീഷ്‌കുമാര്‍, ദിനേശ് എന്നിവര്‍ക്ക് അനുകൂലമായി കൂടി വാര്‍ത്തയെഴുതണം. അവിടെയും കെ.എസ്.ആര്‍.ടി.സി. ബസ്സിടിച്ചത് വിവാഹ പാര്‍ട്ടിയുടെ വാഹനത്തിലാണല്ലോ!! അങ്ങനെ പാവം കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍മാരെ തല്ലി കൈത്തരിപ്പ് തീര്‍ക്കാന്‍ താല്പര്യമുള്ളവര്‍ക്ക് കേരളം മുഴുവന്‍ അതിനുള്ള അവസരമൊരുക്കണം.
ഇതിന്റെ മറുവശം കൂടി പരിശോധിക്കണം. പാങ്ങോട് സംഭവത്തില്‍ മനോരമ വാര്‍ത്ത കള്ളവും പൊലീസുകാരുടെ നടപടി ശരിയുമാണ്. എന്നാല്‍, പൊലീസിനെതിരായ വാര്‍ത്തകള്‍ക്ക് -അതു കള്ളമാണെങ്കില്‍ പോലും -എന്തുകൊണ്ട് ഇത്രമാത്രം സ്വീകാര്യത അല്ലെങ്കില്‍ വിശ്വാസ്യത കിട്ടുന്നു എന്നത് പൊലീസുകാര്‍ കൂടി ആലോചിക്കണം. പൊലീസുകാരുടെ തന്നെ കുഴപ്പമാണിത്. കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് ശ്രദ്ധയില്‍പ്പെടുത്തിയ സംഭവം പറയാം. ഫേസ്ബുക്കിലെ ഒരു കമന്റിന്റെ പേരിലുണ്ടായ പൊലീസ് ‘നടപടി’. പൊലീസില്‍ ചിലരുടെ പോക്ക് എത്രമാത്രം അപകടകരമാണെന്ന് ഈ സംഭവം വ്യക്തമാക്കും.
പൊലീസ് മര്‍ദ്ദനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ വന്ന ഒരു വീഡിയോയ്ക്കു താഴെ ആലുവയിലെ ഓട്ടോറിക്ഷാ ഡ്രൈവറായ ഹാഷിം സലിം അല്പം കാര്യമായൊന്നു പ്രതികരിച്ചു. പ്രതികരണം അല്പം സഭ്യേതരമായിരുന്നു. അത് പിന്നീട് അദ്ദേഹം നീക്കി എങ്കിലും കൈവിട്ടുപോയി. ഹാഷിമിന്റെ കമന്റിനെ പറ്റി ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ അത് രേഖാമൂലം ഫയല്‍ ചെയ്ത് നടപടിയെടുപ്പിക്കണം. എന്നാല്‍, പൊലീസിലെ ചില ഏമാന്മാര്‍ ചെയ്തത് എന്താണെന്നറിയാമോ? ഫേസ്ബുക്കില്‍ നിന്ന് ഹാഷിമിന്റെ മൊബൈല്‍ നമ്പറെടുത്തു. എന്നിട്ട്, സൈബര്‍ സെല്ലിലൂടെ ആ നമ്പറിന്റെ ഉടമയുടെ ജാതകമെടുത്തു. പൊലീസുകാരുടെ സ്വകാര്യ വാട്ട്‌സാപ്പ് ഗ്രൂപ്പിലൂടെ സിം വിവരങ്ങളുടെ സ്‌ക്രീന്‍ഷോട്ട് കൈമാറി. എന്നിട്ട് തലങ്ങും വിലങ്ങും ഹാഷിമിന്റെ ഫോണിലേക്കു വിളിച്ച് ഭീഷണി തുടങ്ങി. ഭീഷണി ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു.
ഹാഷിമിന്റെ ഫോണില്‍ കോള്‍ റെക്കോര്‍ഡര്‍ ഉള്ളതിനാല്‍ ഭീഷണി വിളികളുടെ തെളിവ് ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. അദ്ദേഹത്തെ ഇതിനകം പൊലീസുകാര്‍ ഏതെങ്കിലും കള്ളക്കേസില്‍ കുടുക്കിയിട്ടുണ്ടാവുമോ എന്നു പോലും ഞാന്‍ സംശയിക്കുന്നു. സൈബര്‍ സെല്‍ പോലുള്ള സംവിധാനങ്ങള്‍ നിയമവാഴ്ച ഉറപ്പുവരുത്താനുള്ളതാണ്. എന്നാല്‍, നിയമപാലകര്‍ അവരുടെ താല്പര്യാര്‍ത്ഥം നിയമലംഘനത്തിനായി ഇത്തരം സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുമ്പോള്‍ അപകടത്തിലാവുന്നത് നിയമവാഴ്ചയല്ല, ജനങ്ങളുടെ സൈ്വരജീവിതമാണ്. നായയ്ക്കല്ല, ചങ്ങലയ്ക്ക് പേയ് പിടിക്കുന്ന അവസ്ഥ. സഭ്യേതരമല്ലാത്ത കമന്റിട്ടതിന്റെ പേരില്‍ ഒരാള്‍ക്കെതിരെ കേസെടുക്കുന്നതാണ് പൊലീസ് നടപടി. അയാളെ വിളിച്ച് ഭീഷണിപ്പെടുത്തുകയും മറ്റെന്തെങ്കിലും രീതിയില്‍ ദ്രോഹിക്കുകയും ചെയ്യുന്നയാള്‍ പൊലീസല്ല, ഗുണ്ടയാണ്.
സമൂഹത്തില്‍ എല്ലാ വിഭാഗങ്ങളും നന്മ ചെയ്യാറുണ്ട്. എന്നാല്‍, പൊലീസുകാര്‍ ചെയ്യുന്ന നന്മ മാത്രം വാര്‍ത്താപ്രാധാന്യം നേടുന്നത് എന്തുകൊണ്ടാണെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പൊലീസുകാര്‍ പൊതുവേ നന്മയുള്ളവരല്ല എന്ന ചിന്താബോധം ജനങ്ങള്‍ക്കിടയില്‍ വേരുറച്ചതിനാലാണ് ഇതു സംഭവിക്കുന്നത്. ഈ ജനങ്ങള്‍ എന്നു പറയുന്നവരില്‍ പൊലീസുകാരുടെ കുടുംബക്കാരും പെടുന്നു. ഇതെന്തുകൊണ്ട് സംഭവിക്കുന്നു എന്ന് പൊലീസുകാര്‍ തിരിച്ചറിയുന്നിടത്തേ അവര്‍ക്ക് മോചനമുള്ളൂ.
എന്തായാലും പാങ്ങോട് സംഭവത്തില്‍ പൊലീസിനൊപ്പം. സ്ഥാപിത താല്പര്യങ്ങള്‍ക്കനുസരിച്ച് വാര്‍ത്തകള്‍ പടയ്ക്കുന്നവരോട് അങ്ങേയറ്റത്തെ പുച്ഛം. അന്നും ഇന്നും എന്നും…