HomeACADEMICSചങ്ങലയ്ക്ക് ഭ...

ചങ്ങലയ്ക്ക് ഭ്രാന്ത് പിടിക്കുമ്പോള്‍…

-

Reading Time: 5 minutes

മുല്ലപ്പെരിയാറില്‍ ബേബി ഡാമിനു സമീപത്തെ 15 മരങ്ങള്‍ മുറിക്കാന്‍ തമിഴ്നാടിന് അനുമതി നല്‍കി കേരള വനം വകുപ്പ് ഇറക്കിയ ഉത്തരവ് കേരള മന്ത്രിസഭ റദ്ദാക്കി. സര്‍ക്കാര്‍ അറിയാതെ ഉദ്യോഗസ്ഥ തലത്തില്‍ ഇറക്കിയ ഉത്തരവ് എന്ന പേരിലാണ് മന്ത്രിസഭ അത് റദ്ദാക്കിയത്. എന്നാല്‍, മന്ത്രിസഭ അറിയാതെ ഉദ്യോഗസ്ഥര്‍ ഉത്തരവിറക്കുകയാണെങ്കില്‍ അത് സര്‍ക്കാരിന്റെ തന്നെ പിടിപ്പുകേടാണെന്ന് പ്രതിപക്ഷം പറയുന്നു. പക്ഷേ, പ്രതിപക്ഷത്തുള്ളവര്‍ക്കും വ്യക്തമായി അറിയാം, ഉദ്യോഗസ്ഥരാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന്. ആരു ഭരിച്ചാലും അത് അങ്ങനെ തന്നെയാണ്.

നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുക എന്ന കര്‍ത്തവ്യമാണ് മന്ത്രിസഭ നിര്‍വ്വഹിക്കുന്നത്. ഇതെല്ലാം നടപ്പാക്കാനുള്ള ചുമതല ഉദ്യോഗസ്ഥര്‍ക്കാണ്. ഉദ്യോഗസ്ഥര്‍ തന്നെയാണ് ഭരിക്കുന്നത് എന്നര്‍ത്ഥം. ഉദ്യോഗസ്ഥരെ കൃത്യമായി നിയന്ത്രിക്കാനാവുക എന്നതിലാണ് സര്‍ക്കാരിന്റെ വിജയം. അത് എപ്പോഴും നടന്നുകൊള്ളണമെന്നില്ല. വനം വകുപ്പില്‍ സംഭവിച്ചത് ഇതാണ്. മറ്റു വകുപ്പുകളിലും സംഭവിക്കുന്നത് അതു തന്നെ. സമാനരീതിയില്‍ ഉദ്യോഗസ്ഥരുടെ കാര്‍മ്മികത്വത്തില്‍ പല നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ഇവിടെ അരങ്ങേറുന്നുണ്ട്. ഭരിക്കുന്ന സര്‍ക്കാരോ അതിലെ മന്ത്രിമാരോ ഇതറിയുന്നില്ല. പലപ്പോഴും തങ്ങള്‍ ചെയ്യുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശരിയാണെന്ന് മന്ത്രിമാരെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ വിജയിക്കുന്നുമുണ്ട്. ഇത്തരം നടപടികള്‍ക്ക് എത്ര ഉദാഹരണം വേണമെങ്കിലും ചൂണ്ടിക്കാണിക്കാനാവും. ഇത്തരത്തില്‍ എളുപ്പത്തില്‍ പറയാവുന്ന ഒരിടമാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്.

ക്രമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കൂത്തരങ്ങാണ് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ്. അര്‍ഹതയില്ലാത്ത ശമ്പളം എഴുതിയെടുക്കുന്ന വകയില്‍ മാത്രം ഇവിടെ മറിയുന്നത് കോടികളാണ്. ഇല്ലാത്ത യോഗ്യത ഉണ്ടെന്നു വരുത്തി സ്ഥാനക്കയറ്റവും ശമ്പളവും തരപ്പെടുത്തുന്ന സാങ്കേതിക അദ്ധ്യാപകര്‍ക്ക് ഇവിടത്തെ ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുന്നു. സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജ് അദ്ധ്യാപകരുടെ സ്ഥാനക്കയറ്റം റദ്ദാക്കിക്കൊണ്ട് വകുപ്പിന് അടുത്തിടെ ഉത്തരവിറക്കേണ്ടി വന്നത് അസംഖ്യം ക്രമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഒരെണ്ണം ക്രമത്തിലായതാണ്. കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ രംഗത്തിന്റെ കുത്തഴിഞ്ഞ അവസ്ഥയെപ്പറ്റി പ്രമാദമായ പല കണ്ടെത്തലുകളും പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറല്‍ നടത്തിയിട്ടുണ്ട്. എന്നാല്‍, സര്‍ക്കാരിലെ ചില ഉദ്യോഗസ്ഥര്‍ ആ റിപ്പോര്‍ട്ട് മുഖവിലയ്ക്കെടുത്തില്ല. എ.ജി. നിര്‍ദ്ദേശിച്ചതിനു തീര്‍ത്തും വിരുദ്ധമായ നടപടികളും സ്വീകരിച്ചു. അത് ഇപ്പോഴും നിര്‍ബാധം തുടരുന്നു. എ.ജിയെ മറികടന്ന തട്ടിപ്പിലൂടെ ശമ്പളമെന്ന പേരില്‍ ചിലര്‍ എഴുതിയെടുത്ത തുക ആകെ കണക്കാക്കിയാല്‍ കോടികള്‍ വരും എന്നു പറഞ്ഞാല്‍ അത്ഭുതപ്പെടരുത്!!

സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ കാര്യങ്ങളെല്ലാം ഓള്‍ ഇന്ത്യാ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജുക്കേഷന്‍ എന്ന എ.ഐ.സി.ടി.ഇ. നിര്‍ദ്ദേശങ്ങളും ചട്ടങ്ങളും പ്രകാരം നടക്കുന്നു എന്നാണ് വെയ്പ്. എന്നാല്‍, എ.ഐ.സി.ടി.ഇ. പറയുന്ന കാര്യങ്ങള്‍ വളച്ചൊടിക്കുകയും ദുര്‍വ്യാഖ്യാനം ചെയ്യുകയുമാണ് ഇവിടെയെന്ന് എ.ജി. കണ്ടെത്തിയിരിക്കുന്നു, വിശേഷിച്ചും പോളിടെക്നിക്കുകളില്‍. പോളിടെക്നിക്ക് അദ്ധ്യാപകരുടെ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ഒന്നാം ക്ലാസ് ബി.ടെക് ബിരുദമാണ്. ഇവര്‍ക്ക് ഉയര്‍ന്ന ശമ്പള സ്കെയില്‍ കിട്ടണമെങ്കിലോ വകുപ്പ് മേധാവിയായോ പ്രിന്‍സിപ്പലായോ സ്ഥാനക്കയറ്റം കിട്ടണമെങ്കിലോ എം.ടെക് കൂടി വേണം. ഈ എം.ടെക് ബിരുദം പേരിനൊപ്പം ചേര്‍ക്കാന്‍ നടക്കുന്ന തട്ടിപ്പുകളാണ് ക്രമക്കേടുകളില്‍ ഏറ്റവും പ്രധാനം. ഈ തട്ടിപ്പിന് ‘സര്‍ക്കാര്‍’ തന്നെ ഒത്താശ ചെയ്യുന്നു എന്നത് അതിലേറെ പ്രധാനം.

ഒരുദാഹരണം പറയാം. എ.ഐ.സി.ടി.ഇ. അംഗീകാരമില്ലാത്ത എം.ടെക് കോഴ്സിനു ചേരാന്‍ അദ്ധ്യാപകര്‍ക്ക് സര്‍ക്കാര്‍ തന്നെ അനുമതി നല്‍കിയത് എ.ജി. പിടിച്ചു. ഒരു കോഴ്സിന് എ.ഐ.സി.ടി.ഇ. അംഗീകാരം കൊടുക്കുന്നത് ആ കോഴ്സ് നടത്തുന്ന രീതി, പ്രവേശിപ്പിക്കാവുന്ന കുട്ടികള്‍ എന്നിവയെല്ലാം കൃത്യമായി പറഞ്ഞിട്ടായിരിക്കും. അതായത് റെഗുലര്‍ കോഴ്സാണോ, പാര്‍ട്ട് ടൈമാണോ, ഈവനിങ് കോഴ്സാണോ എന്നൊക്കെ വ്യക്തമായി പറഞ്ഞിട്ടുണ്ടാവും. രാവിലെ 8നും വൈകുന്നേരം 5നും ഇടയില്‍ നടക്കുന്ന റെഗുലര്‍ കോഴ്സും വൈകുന്നേരം 5.30നും രാത്രി 9.30നും ഇടയില്‍ ആറു ദിവസമായി നടക്കുന്ന പാര്‍ട്ട് ടൈം കോഴ്സും തീര്‍ത്തും വ്യത്യസ്തമാണെന്ന് എ.ഐ.സി.ടി.ഇ. വ്യക്തമാക്കിയിട്ടുണ്ട്. ഒന്നില്‍ നിന്നു മറ്റൊന്നിലേക്കു സമയക്രമം മാറ്റുന്നത് കോഴ്സ് തന്നെ മാറ്റുന്നതിനു തുല്യമായതിനാല്‍ എ.ഐ.സി.ടി.ഇ. അംഗീകാരം വേണമെന്നും നിര്‍ബന്ധിച്ചിട്ടുണ്ട്. എന്നാല്‍, രണ്ടു കോളേജുകളിലെ റെഗുലര്‍ കോഴ്സ് മാറ്റി ഈവനിങ് കോഴ്സാക്കാന്‍ ഇല്ലാത്ത അധികാരമുപയോഗിച്ച് സര്‍ക്കാര്‍ അനുമതി നല്‍കി. സര്‍ക്കാര്‍ പോളിടെക്നിക്കുകളിലെ അദ്ധ്യാപകര്‍ അവിടെ എം.ടെക്കിനു പഠിച്ചോട്ടെ എന്ന് ഉത്തരവുമിറക്കി. എ.ഐ.സി.ടി.ഇ. വെറും നോക്കുകുത്തി!!

പെരുമ്പാവൂരുള്ള കെ.എം.പി. കോളേജ് ഓഫ് എന്‍ജിനീയറിങ്, പത്തനംതിട്ടയിലെ മുസലിയാര്‍ കോളേജ് ഓഫ് എന്‍ജിനീയറിങ് എന്നീ സ്വാശ്രയ കോളേജുകള്‍ക്ക് റെഗുലര്‍ ഷിഫ്റ്റില്‍ എം.ടെക് നടത്തുന്നതിനാണ് എ.ഐ.സി.ടി.ഇ. അനുമതി നല്കിയത്. എന്നാല്‍, ഈ എം.ടെക് കോഴ്സുകള്‍ ഈവനിങ് ബാച്ചാക്കി മാറ്റാന്‍ ഇല്ലാത്ത അധികാരമുപയോഗിച്ച് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അനുമതി നല്‍കി. എന്നിട്ട് സര്‍ക്കാര്‍ പോളിടെക്നിക്കുകളിലെ അദ്ധ്യാപകര്‍ക്ക് അവരുടെ ക്ലാസ്സുകള്‍ തടസ്സപ്പെടാതെ ഈ പാര്‍ട്ട് ടൈം ഈവനിങ് കോഴ്സുകളില്‍ ചേര്‍ന്നു പഠിക്കാമെന്ന് 2014 നവംബറിലും ഡിസംബറിലും രണ്ട് ഉത്തരവുകളിറക്കി. നയപരമായ കാര്യമായിരുന്നതിനാല്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബിന്റെ അറിവോടെ തന്നെയാണ് ഇതെല്ലാം നടന്നത്. സര്‍ക്കാര്‍ പോളിടെക്നിക്കുകളിലെ അദ്ധ്യാപകര്‍ക്ക് മാത്രമായിരുന്നു അനുമതിയെങ്കിലും എഞ്ജിനീയറിങ് കോളേജുകാര്‍ എയ്ഡഡ് പോളിടെക്നിക്കുകളിലെ അദ്ധ്യാപകര്‍ക്കും പ്രവേശനം നല്‍കി. അങ്ങനെ സര്‍ക്കാര്‍ പോളികളിലെ 27 അദ്ധ്യാപകരും എയ്ഡഡ് പോളികളിലെ 6 അദ്ധ്യാപകരും 2014-16 കാലയളവില്‍ ഈ രണ്ടു കോളേജുകളില്‍ ‘പഠിച്ച്’ അംഗീകാരമില്ലാത്ത എം.ടെക് സ്വന്തമാക്കി. ഇതനുസരിച്ചുള്ള സ്ഥാനക്കയറ്റവും ശമ്പളവര്‍ദ്ധനയും തരപ്പെടുത്തി. ഏറ്റവും രസകരം പെരുമ്പാവൂരിലും പത്തനംതിട്ടയിലും കോളേജുകളില്‍ എല്ലാ ദിവസവും എത്തി ഈവനിങ് ബാച്ചില്‍ എം.ടെക് ‘പഠിച്ച’വരില്‍ കോഴിക്കോട്ടും കണ്ണൂരുമൊക്കെ ജോലി ചെയ്തിരുന്ന അദ്ധ്യാപകരും ഉള്‍പ്പെടുന്നു എന്നതാണ്!! കുമ്പിടിയാ… കുമ്പിടി!!

2010 നവംബര്‍ 16ന് ഗസറ്റില്‍ വിജ്ഞാപനം ചെയ്ത കേരള ടെക്നിക്കല്‍ എജുക്കേഷന്‍ സര്‍വ്വീസ് സ്പെഷല്‍ റൂള്‍സ് പ്രകാരം എല്ലാ അദ്ധ്യാപക തസ്തികകളിലേക്കുമുള്ള യോഗ്യതകള്‍ റെഗുലര്‍ കോഴ്സിലൂടെ തന്നെ നേടിയതായിരിക്കണം. ഇതിനു മുന്നോടിയായി 2010 മാര്‍ച്ചില്‍ ഡിപ്ലോമാ തലത്തില്‍ പഠനം നടക്കുന്ന സ്ഥാപനങ്ങളിലെ അദ്ധ്യാപകരുടെ ശമ്പള സ്കെയിലുകള്‍, സേവന വ്യവസ്ഥകള്‍, ആവശ്യമായ യോഗ്യതകള്‍ എന്നിവ സംബന്ധിച്ച ചട്ടങ്ങള്‍ എ.ഐ.സി.ടി.ഇയും പുറപ്പെടുവിച്ചിരുന്നു. 2014 ഫെബ്രുവരിയിലാണ് പോളിടെക്നിക്കുകളില്‍ എ.ഐ.സി.ടി.ഇ. പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എ.ഐ.സി.ടി.ഇ. മാനദണ്ഡമനുസരിച്ചുള്ള യോഗ്യതയുള്ള അദ്ധ്യാപകര്‍ക്ക് 2013 ജൂലൈ 1 മുതല്‍ മുന്‍കാല പ്രാബല്യം നല്‍കി. പോളിടെക്നിക്കുകളില്‍ അന്നുവരെയുണ്ടായിരുന്ന സെക്ഷന്‍ മേധാവിയെ എം.ടെക് അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ച് വകുപ്പു മേധാവിയാക്കി മാറ്റി. തിരുനെല്‍വേലി എം.എസ്. സര്‍വ്വകലാശാലയില്‍ നിന്ന് ‘വാരാന്ത്യ’ എം.ടെക് പാസായ 14 സെക്ഷന്‍ മേധാവികള്‍ക്ക് ഈ സമയത്ത് വകുപ്പു മേധാവികളായി സ്ഥാനക്കയറ്റം നല്‍കി. ഉയര്‍ന്ന നിരക്കില്‍ 37400-67000 ശമ്പള സ്കെയിലും 9000 രൂപ അക്കാദമിക് ഗ്രേഡ് പേയും അനുവദിച്ചു. ഇത്തരം ‘വാരാന്ത്യ’ എം.ടെക് പരിപാടിക്ക് അംഗീകാരം നല്‍കാറില്ലെന്ന് 2015 ജൂലൈയില്‍ എ.ഐ.സി.ടി.ഇ. വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍ നിശ്ചിത യോഗ്യതയില്ലാത്ത ഈ 14 പേരും അനധികൃതമായി സ്ഥാനക്കയറ്റം നേടി ഉയര്‍ന്ന ശമ്പളം സര്‍ക്കാരിനെ പറ്റിച്ച് വാങ്ങിക്കൊണ്ടിരിക്കുന്നു. എ.ജി. വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ ഈ ക്രമക്കേട് കണ്ടെത്തിയെങ്കിലും സെക്രട്ടേറിയറ്റിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഈ അദ്ധ്യാപകര്‍ അര്‍ഹതയില്ലാത്ത ഉയര്‍ന്ന ശമ്പളം വാങ്ങുന്നത് ഇന്നും തുടരുന്നു.

‘ജോലി’ ചെയ്തുകൊണ്ടു തന്നെ റെഗുലര്‍ കോഴ്സില്‍ എം.ടെക് പഠനം പൂര്‍ത്തീകരിച്ച വിരുതന്മാരുണ്ട്. ഈ തട്ടിപ്പുകളെല്ലാം എ.ജി. കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. പക്ഷേ, അതിനുമേല്‍ നടപടിയെടുക്കേണ്ടത് സര്‍ക്കാര്‍ തലത്തിലാണ്. സെക്രട്ടേറിയറ്റില്‍ ഈ ഫയലുകള്‍ മുങ്ങിപ്പോകും. കാണേണ്ടവരെ വേണ്ട രീതിയില്‍ കണ്ടാല്‍ മതി. തട്ടിപ്പു ഡിഗ്രിയുമായി വന്നവര്‍ മുകളിലുള്ള സ്ഥാനങ്ങള്‍ കൈയടക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ഈ സ്ഥാനങ്ങള്‍ക്ക് അര്‍ഹരായ, ശരിയായ യോഗ്യതയുള്ളവര്‍ പുറത്താണ്. അവരില്‍ ചിലരൊക്കെ കോടതികളെ അഭയം പ്രാപിച്ചിട്ടുണ്ട്. പക്ഷേ, കേസ് വിളിക്കുമ്പോള്‍ കൃത്യമായ മറുപടി നല്‍കാതെ സര്‍ക്കാര്‍ പക്ഷം ഉഴപ്പുമ്പോള്‍ കേസ് നീളും. നീതി പിന്നെയും അകലെയാവും. ഇതിനിടെ പലരും വിരമിച്ചു.

കോടതി ന്യായമായ വിധി പുറപ്പെടുവിച്ചാല്‍ അതു നടപ്പാക്കാത്ത സ്ഥിതിയുമുണ്ട്. കോടതിയലക്ഷ്യ നടപടിയുണ്ടാവുമ്പോള്‍ ഈ ഉദ്യോഗസ്ഥനു വേണ്ടി ഏതെങ്കിലും ഗവ. പ്ലീഡര്‍ ഹാജരാവും. ഇത്തരമൊരു കേസിലാണ് കോടതിയലക്ഷ്യ നടപടികള്‍ നേരിടുന്ന ഉദ്യോഗസ്ഥര്‍ സ്വന്തം ചെലവില്‍ അഭിഭാഷകനെ വെച്ച് കേസ് വാദിക്കണമെന്ന് അടുത്തിടെ ഹൈക്കോടതി പറഞ്ഞത്. കോടതിയലക്ഷ്യത്തില്‍ നിന്നു രക്ഷിക്കാന്‍ ജനങ്ങളുടെ നികുതിപ്പണം ശമ്പളമായി വാങ്ങുന്ന സര്‍ക്കാര്‍ അഭിഭാഷകനെ വിളിക്കണ്ടാന്ന്.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തു നടന്ന ക്രമക്കേടുകളെക്കുറിച്ചുള്ള എ.ജി. റിപ്പോര്‍ട്ട് വന്നത് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ്. പക്ഷേ, മേല്‍നടപടികള്‍ സ്വീകരിക്കാതെ ആ ഫയല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സെക്രട്ടേറിയറ്റില്‍ മുക്കുകയോ ചവിട്ടിപ്പിടിക്കുകയോ ചെയ്തു. സര്‍ക്കാരിന്റെ മുകള്‍ തട്ടിലേക്ക് അറിയിച്ചില്ല. ചട്ടവിരുദ്ധമായ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ തന്നെയാണ് എ.ജി. റിപ്പോര്‍ട്ടും കൈകാര്യം ചെയ്യുന്നത്. അര്‍ഹരായവരുടെ സ്ഥാനക്കയറ്റം മനഃപൂര്‍വ്വം തടഞ്ഞുവെയ്ക്കുന്ന കലാപരിപാടിയും ഇവിടെ അരങ്ങേറുന്നു.

എന്തായാലും കോടതിയിലെ ചില കേസുകള്‍ അവസാന ഘട്ടത്തിലായിട്ടുണ്ട്. എന്‍ജിനീയറിങ് കോളേജുകളില്‍ സമാനമായ രീതിയില്‍ നടന്ന തട്ടിപ്പ് സ്ഥാനക്കയറ്റം കോടതി പിടിച്ചതിനെത്തുടര്‍ന്ന് ചിലരെ താഴേക്ക് തിരിച്ചിറക്കി ഉത്തരവ് പുറപ്പെടുവിക്കേണ്ടി വന്നത് അങ്ങനെയാണ്. ഇത്തരത്തില്‍ താഴേക്കിറങ്ങയവരുടെ കൂട്ടത്തില്‍ ഉന്നതപദവികള്‍ വഹിക്കുന്ന പ്രമുഖരും ഉള്‍പ്പെടുന്നു. പോളിടെക്നിക്കുകളുടെ കാര്യത്തിലും സമാനമായ ഉത്തരവിറക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാവുന്ന സാഹചര്യമുണ്ട്. ഒരു പക്ഷേ, എന്‍ജിനീയറിങ് കോളേജുകളില്‍ ഉണ്ടായതിനെക്കാള്‍ ദൂരവ്യാപകമായ ഫലങ്ങള്‍ പോളിടെക്നിക്കുകളില്‍ ഉണ്ടാവും എന്നു തന്നെയാണ് സൂചന.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ നടക്കുന്ന ക്രമക്കേടുകളെക്കുറിച്ച് മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും ഒട്ടേറെ പരാതികള്‍ പലരും നല്‍കിയിട്ടുണ്ട്. അതൊക്കെ മേല്‍നടപടികള്‍ക്കായി മുഖ്യമന്ത്രിയും വകുപ്പു മന്ത്രിയും ബന്ധപ്പെട്ടവര്‍ക്ക് കൃത്യമായി കൈമാറിയിട്ടുമുണ്ട്. പരാതി നടപടിക്കായി കൈമാറിയതായുള്ള മറുപടി പരാതിക്കാര്‍ക്ക് ലഭിക്കുകയും ചെയ്തു. പക്ഷേ, രസകരമായ കാര്യം ഈ പരാതികളെല്ലാം ഒടുവില്‍ എത്തിച്ചേരുന്നത് ക്രമക്കേടുകള്‍ക്കെല്ലാം ചുക്കാന്‍ പിടിക്കുന്ന അതേ ഉദ്യോഗസ്ഥന്റെ മേശപ്പുറത്താണ് എന്നതാണ്. സര്‍ക്കാര്‍ ഇതു തിരിച്ചറിയാത്തിടത്തോളം പരാതിക്കാര്‍ക്കും സര്‍ക്കാരിനും ഒരുപോലെ വിനയാണ്. ന്യായമായ പരാതികള്‍ പരിഹരിക്കപ്പെടാതെ പോകുന്നു എന്നതാണ് പരാതിക്കാരുടെ ദുര്യോഗം. അനാവശ്യമായി കോടതികളില്‍ പ്രതിക്കൂട്ടിലാവുന്നു എന്നതാണ് സര്‍ക്കാരിന്റെ ദുര്യോഗം. ചങ്ങലയ്ക്കു തന്നെ ഭ്രാന്തു പിടിക്കുന്ന അവസ്ഥ വന്നാല്‍ പിന്നെ രക്ഷയുണ്ടോ?

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights