ആര്‍.എസ്.വിമല്‍ വീണ്ടും യാത്രയാരംഭിച്ചിരിക്കുന്നു. ഇക്കുറി ഇതിഹാസകാവ്യമായ മഹാഭാരതം പിറന്ന വഴിയിലൂടെയാണ് യാത്ര.
ആറു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതുപോലെ വിമല്‍ തിരുവനന്തപുരത്ത് നിന്ന് ഞങ്ങള്‍ സുഹൃത്തുക്കളോട് ബൈ പറഞ്ഞ് യാത്ര തിരിച്ചതാണ് -കോഴിക്കോടിന്റെ പ്രാന്തപ്രദേശമായ മുക്കത്തേക്ക്. അവിടെ നിന്ന് അവന്‍ തിരികെയെത്തിയത് മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുമായാണ്. മൊയ്തീന്റെ മനസ്സുമായി വിമലിന്റെ ശരീരം ആറു വര്‍ഷം ജീവിച്ചതിന്റെ ഫലം.
‘എന്നു നിന്റെ മൊയ്തീന്‍’ തിയേറ്ററുകളില്‍ 100 ദിവസം പിന്നിടുമ്പോള്‍ സംവിധായകന്‍ പരകായപ്രവേശത്തിനുള്ള ഒരുക്കത്തിലാണ്. ഏതെങ്കിലും ഇതിഹാസ കഥാപാത്രത്തിന്റെ രൂപഭാവങ്ങളുമായിട്ടായിരിക്കുമോ അവന്‍ ഇനി തിരിച്ചെത്തുക? മഹാഭാരതത്തില്‍ ഇതിഹാസ കഥാപാത്രങ്ങള്‍ക്ക് പഞ്ഞമില്ലല്ലോ. ശ്രീകൃഷ്ണന്‍ മുതല്‍ ഭീഷ്മ ദ്രോണ ധൃതരാഷ്ട്ര യുധിഷ്ഠിര ഭീമ അര്‍ജ്ജുന കര്‍ണ്ണ ദുര്യോധന ശകുനിമാര്‍ വരെ. ഇതിനു പുറമെ ഗംഗ മുതല്‍ സത്യവതി ഗാന്ധാരി കുന്തി ദ്രൗപദി ഉത്തരമാര്‍ വരെയുള്ള നാരീരത്‌നങ്ങളുമുണ്ട്. ഇവരില്‍ ആരെയാണാവോ അവന്‍ കുടത്തില്‍ ആവാഹിച്ചു കൊണ്ടുവരിക?
മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റിന്റെ സംവിധായകന്‍ എന്ന നിലയില്‍ വിമലിനുമേല്‍ പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷകള്‍ ഏറെയാണ്. അതെക്കുറിച്ച് മറ്റാരെക്കാളും ബോദ്ധ്യമുള്ളത് വിമലിനു തന്നെ. പ്രതീക്ഷ ഏല്‍പ്പിക്കുന്ന ഭാരം കനത്തതാണ്. കൈമാറുന്ന ഉത്തരവാദിത്വത്തിന്റെ വലിപ്പവും അങ്ങനെ തന്നെ. എല്ലാവര്‍ക്കുമൊപ്പം ഞാനും പ്രതീക്ഷയോടെ കാത്തിരിക്കുന്നു, നീ പറയുന്ന മഹാഭാരത കഥ കേള്‍ക്കാന്‍…