പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ വിദ്യാഭ്യാസ മേഖലയില്‍ സ്വീകരിച്ച ഒരു പ്രധാന നടപടി വലിയ ചര്‍ച്ചാവിഷയമായിരുന്നു. ലാഭകരമല്ല എന്ന പേരില്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് അടച്ചുപൂട്ടാന്‍ ശ്രമിച്ച നാല് എയ്ഡഡ് സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. കോഴിക്കോട് ജില്ലയിലെ മലാപ്പറമ്പ് എ.യു.പി.എസ്., തിരുവണ്ണൂര്‍ പാലാട്ട് നഗര്‍ എ.യു.പി.എസ്., തൃശ്ശൂര്‍ ജില്ലയിലെ കിരാലൂര്‍ പരുശുരാമ സ്മാരക എല്‍.പി.എസ്., മലപ്പുറം ജില്ലയിലെ മങ്ങാട്ടുമുറി എ.എം.എല്‍.പി.എസ്. എന്നീ സ്കൂളുകളാണ് ഏറ്റെടുത്തത്. പൊതുവിദ്യാഭ്യാസ മേഖലയില്‍ നഷ്ടത്തിന്റെ പേരില്‍ സ്കൂളുകള്‍ അടച്ചു പൂട്ടുന്ന പ്രവണതയ്ക്ക് പൂര്‍ണ്ണമായും കടിഞ്ഞാണിടുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു.
അതു വെറും പ്രഖ്യാപനമായിരുന്നില്ല. സര്‍ക്കാരിന്റെ അവസാന കാലത്തും സ്കൂളുകള്‍ ഏറ്റെടുക്കാന്‍ തീരുമാനമുണ്ടാവുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം ഇത്തരത്തിലുള്ള 10 സ്കൂളുകള്‍ ഏറ്റെടുക്കാനാണ് തീരുമാനിച്ചത്. ഇതില്‍ ഒരെണ്ണത്തിന്റെ ഏറ്റെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. തൃശ്ശൂര്‍ ജില്ലയിലെ പുലിയന്നൂര്‍ സെന്റ് തോമസ് യു.പി.എസ്. ഏറ്റെടുക്കാനുള്ള നടപടികളാണ് പൂര്‍ത്തിയായത്.
സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ച 10 എയ്ഡഡ് സ്കൂളുകള്‍ ഇവയാണ്.
- സെന്റ് തോമസ് യു.പി.എസ്. പുലിയന്നൂര്‍, തൃശ്ശൂര്‍
- ആര്‍.വി.എല്‍.പി.എസ്. കരുവിലശ്ശേരി, തൃശ്ശൂര്‍
- എ.എല്‍.പി.എസ്. മുളവുകാട്, എറണാകുളം
- എം.ജി.യു.പി.എസ്. പെരുമ്പിള്ളി, മുളന്തുരുത്തി, എറണാകുളം
- എല്‍.പി.എസ്. കഞ്ഞിപ്പാടം, ആലപ്പുഴ
- എന്‍.എന്‍.എസ്.യു.പി.എസ്. ആലക്കാട്, കണ്ണൂര്‍
- എസ്.എം.എല്‍.പി.എസ്. ചൂലിശ്ശേരി, തൃശ്ശൂര്‍
- ടി.ഐ.യു.പി.എസ്. പൊന്നാനി, മലപ്പുറം
- ശ്രീ വാസുദേവാശ്രമം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നടുവത്തൂര്‍, കോഴിക്കോട്
- സര്‍വ്വജന ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പുതുക്കോട്, പാലക്കാട്
ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയായ പുലിയന്നൂര്‍ സെന്റ് തോമസ് സ്കൂള്‍ തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളം മണ്ഡലത്തിലാണ്. 1923 ജൂണ്‍ 1ന് സ്ഥാപിക്കപ്പെട്ടതാണ് ഈ വിദ്യാലയം. ഇപ്പോള്‍ അദ്ധ്യാപക മാനേജ്മെന്റ് ഉടമസ്ഥതയിലുള്ള തുടര്‍ന്നു നടത്തിക്കൊണ്ടു പോകുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് സര്‍ക്കാരിനു കൈമാറാന്‍ സന്നദ്ധത അറിയിച്ചു. ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കുന്നംകുളം മണ്ഡലത്തില്‍ ഏറ്റെടുക്കുന്ന രണ്ടാമത്തെ സ്കൂളാണിത്. ലാഭകരമല്ല എന്ന പേരില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അടച്ചുപൂട്ടാന്‍ തീരുമാനിച്ച കിരാലൂര്‍ പരശുരാമ സ്മാരക എല്‍.പി.എസ്സും കുന്നംകുളത്താണ്.
പുലിയന്നൂര്‍ സ്കൂളിന്റെ അതേ രീതിയില്‍ തന്നെയാണ് മറ്റ് 9 സ്കൂളുകളുടെയും മാനേജ്മെന്റുകള്‍ സര്‍ക്കാരിനെ സമീപിച്ചത്. അതിനാല്‍ത്തന്നെ ഈ സ്കൂളുകള്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നഷ്ടപരിഹാരമൊന്നും സര്‍ക്കാരിനു നല്‍കേണ്ടി വന്നില്ല. സ്ഥാവരജംഗമ വസ്തുക്കള്‍ ഉള്‍പ്പെടെ സ്കൂളിന്റെ സ്വത്തുക്കള്‍ മുഴുവന്‍ സൗജന്യമായി സര്‍ക്കാരിനു നല്‍കാമെന്ന് മാനേജ്മെന്റ് സന്നദ്ധത അറിയിച്ചത് കാര്യങ്ങള്‍ വേഗത്തിലാക്കി. ഇതോടെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള വികസനപ്രവര്‍ത്തനങ്ങള്‍ ഈ സ്കൂളുകളിലും വേഗത്തില്‍ നടപ്പാക്കാന്‍ സര്‍ക്കാരിനു സാധിക്കും.
എന്തുകൊണ്ടാണ് മാനേജ്മെന്റുകള്‍ തങ്ങളുടെ സ്കൂളുകള്‍ സര്‍ക്കാരിനെ ഏല്പിക്കാന്‍ തയ്യാറാവുന്നത്? സ്കൂള്‍ നന്നായി നടക്കണമെന്ന ആഗ്രഹം തന്നെ. തങ്ങളുടെ സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് നന്നായി നടത്തുമെന്ന വിശ്വാസം തന്നെ. ആ വിശ്വാസം മാനേജ്മെന്റുകളിലും ജനങ്ങളിലും ഉറപ്പിക്കാനായി എന്നതാണ് സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ടുണ്ടാക്കിയ മികവ്.