HomeLIFEകണ്ണന്‍റെ ആദ്...

കണ്ണന്‍റെ ആദ്യ വിഷു…

-

Reading Time: 2 minutes

പൊലിക പൊലിക ദൈവമേ
താന്‍ നെല്‍ പൊലിക,
പൊലികണ്ണന്‍ തന്റേതൊരു
വയലകത്ത്
ഏറോടെയെതിര്‍ക്കുന്നൊരെരുതും വാഴ്ക
ഉഴമയലേയാ എരിഷികളെ നെല്‍പ്പൊലിക
മുരുന്ന ചെറുമനുഷ്യര്‍ പലരും വാഴ്ക
മുതിക്കും മേലാളിതാനും വാഴ്ക!

വീണ്ടുമൊരു വിഷു. ഇക്കുറി ഞങ്ങളുടെ വിഷു വളരെ സവിശേഷമാണ്. കണ്ണന്റെ ആദ്യ വിഷു.

വിഷുക്കണി ഒരുക്കണം. അതിനു കൃത്യമായ ചിട്ടകളുണ്ട്. പുതിയ തലമുറയില്‍പ്പെട്ടവര്‍ക്ക് അത് അറിയുമോ എന്നത് സംശയമാണ്. പാതയോരത്ത് ‘വിഷു’ കച്ചവടക്കാര്‍ നീട്ടിപ്പിടിച്ചു നില്‍ക്കുന്ന ‘കണി’ 50 രൂപ കൊടുത്ത് വാങ്ങി വീട്ടിലെത്തിച്ച് ഒരു പാത്രത്തില്‍ വെയ്ക്കുന്നതാണല്ലോ ഇപ്പോഴത്തെ കണി!

ഓരോ വസ്തുവിനും ഗുണങ്ങളുണ്ടെന്ന് വിശ്വാസം -സത്വ, രജോ, തമോ എന്നിങ്ങനെ. സത്വ ഗുണമുള്ളവയേ കണിയൊരുക്കാന്‍ പരിഗണിക്കാവൂ എന്ന് ശാസ്ത്രം. തേച്ചുവൃത്തിയാക്കിയ നിലവിളക്ക് വേണം. കണിയൊരുക്കുന്ന ഓട്ടുരുളിയും തേച്ചുവൃത്തിയാക്കണം. ഉരുളിയില്‍ ഉണക്കലരിയും നെല്ലും ചേര്‍ത്തു പകുതിയോളം നിറയ്ക്കണം. ഇതില്‍ നാളികേരമുറി വയ്ക്കണം. നാളികേരമുറിയില്‍ എണ്ണനിറച്ച് തിരിയിട്ടു കത്തിക്കാം.

സ്വര്‍ണനിറമുള്ള കൊന്നപ്പൂവും, കണിവെള്ളരിയും ഇതിനൊപ്പമാണ് വെയ്ക്കുക. ചക്ക, മാങ്ങ, കദളിപ്പഴം എന്നിവയാണ് പിന്നീട് നിരത്തേണ്ടത്. ചക്ക ഗണപതിയുടെ ഇഷ്ടഭക്ഷണമാണെന്നു വിശ്വാസം. മാങ്ങ സുബ്രഹ്മണ്യനും കദളിപ്പഴം ശ്രീകൃഷ്ണനും പ്രിയമാണ്. ഇതിനുശേഷം വാല്‍ക്കണ്ണാടി. ഭഗവതിയുടെ സ്ഥാനമാണു വാല്‍ക്കണ്ണാടിക്ക്. കണിക്കൊപ്പം സ്വന്തം മുഖവും കണ്ടുണരാന്‍ കൂടിയാണിത്. ദെവത്തിനൊപ്പം സ്വത്വവും അറിയുക. എല്ലാത്തിലുമുള്ള ദൈവം നമ്മിലുമുണ്ട് എന്ന് ശാസ്ത്രം.

ഉരുളി തയ്യാറായിക്കഴിഞ്ഞാല്‍ കൃഷ്ണവിഗ്രഹം അല്ലെങ്കില്‍ ചിത്രം. കൃഷ്ണ വിഗ്രഹമോ ചിത്രമോ വെയ്ക്കുമ്പോള്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം -ദീപപ്രഭമൂലമുള്ള ഒരു നിഴലും അതില്‍ പതിക്കരുത്. കൃഷ്ണനും ഉരുളിക്കുമടുത്ത് താലത്തില്‍ കോടിമുണ്ട്, പുസ്തകം, സ്വര്‍ണം എന്നിവ വെയ്ക്കണം. നാണയത്തുട്ടുകള്‍ വെറ്റിലയ്ക്കും പാക്കിനുമൊപ്പം വെയ്ക്കണം.കുങ്കുമച്ചെപ്പും കണ്മഷിക്കൂട്ടും വേണമെങ്കില്‍ വെയ്ക്കാം.

സമ്പത്തിന്റെ ദേവതയായ ലക്ഷ്മിയുടെ പ്രതീകമാണു സ്വര്‍ണവും നാണയങ്ങളും. പുസ്തകം സരസ്വതിയെ കുറിക്കുന്നു. മുമ്പ് പച്ചക്കറി വിത്തുകളും കണി വെച്ചിരുന്നു. കണി കണ്ട ശേഷം ഈ വിത്തുകള്‍ വിതയ്ക്കുന്ന പതിവുണ്ടായിരുന്നു. ഓട്ടുകിണ്ടിയില്‍ വെള്ളം വെയ്ക്കണമെന്നത് പ്രത്യേകം പറയേണ്ടതില്ല. ജീവന്റെയും പ്രപഞ്ചത്തിന്റെയും ആധാരമായ ജലം കണ്ണില്‍ത്തൊട്ട ശേഷമാണ് കണികാണേണ്ടത്.

ഇത്രയുമാണ് കണിയുടെ തിരുവനന്തപുരം രീതി. മറ്റിടങ്ങളില്‍ ഇങ്ങനെ ആവണമെന്നില്ല. പ്രാദേശികമായി രീതികള്‍ക്ക് വേര്‍തിരുവുകള്‍ ഉണ്ടാവാം. ഹൈന്ദവമായ ആചാരമാണ് വിഷുക്കണി. എന്നാല്‍, കണി കണ്ട ശേഷമുള്ള കൈനീട്ടത്തിന് മതമില്ല തന്നെ!!

എല്ലാവര്‍ക്കും ഹാര്‍ദ്ദമായ വിഷു ആശംസകള്‍!!!

വീട്ടുമുറ്റത്തെ കണിക്കൊന്ന വര്‍ഷങ്ങള്‍ക്കു ശേഷം പൂത്തു,
വരാനിരിക്കുന്ന നല്ല കാലത്തിന്റെ സൂചന പോലെ..
കണ്ണനു വേണ്ടി ആയിരിക്കാം ഒരു പക്ഷേ, പ്രകൃതി ഈ പൂക്കണി ഒരുക്കിയത്..

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights